27 May 2024, Monday

പ്രതീക്ഷയാണ് പ്രതിപക്ഷ ഐക്യം

Janayugom Webdesk
July 14, 2023 5:00 am

രാജ്യത്ത് ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങൾ ഏതാനും മാസങ്ങളായി സജീവമായി നടക്കുകയാണ്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വിലപ്പെട്ട പാഠങ്ങളാണ് നൽകുന്നത്. ശക്തമായ ഇടപെടലുകൾ നടത്തിയാൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നത് തന്നെയാണ് അതിൽ പ്രധാനം. പ്രതിപക്ഷ പാർട്ടികള്‍ യോജിച്ചിരുന്നെങ്കിൽ നിലവിലുള്ളതിനെക്കാൾ ദയനീയമായി ബിജെപിയെ നിലംപരിശാക്കാമായിരുന്നു. ജനതാദൾ അടക്കമുള്ള മതേതരപാർട്ടികള്‍ ഒറ്റയ്ക്കാണ് അവിടെ മത്സരിച്ചത്. എന്നിട്ടും കോൺഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് വിജയം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് എല്ലാ നിലയിലും കരുത്തു പകരുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 23ന് പട്നയിൽ നിതീഷ് കുമാർ വിളിച്ചുചേർത്ത പ്രതിപക്ഷ യോഗം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമുള്ള ശക്തികളുടെ ആദ്യ സംഗമമായിരുന്നു. 17 പാർട്ടികളുടെ നേതാക്കളാണ് അന്നത്തെ യോഗത്തിൽ പങ്കെടുത്തത്. ഒരു തുടക്കമാണെന്ന വസ്‌തുത നിലനിൽക്കെത്തന്നെ ചില ന്യൂനതകളും വെളിവായതായിരുന്നു യോഗം. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ അടിത്തറയ്ക്കും അഖണ്ഡതയ്ക്കും ബിജെപി ഉയർത്തുന്ന ഭീഷണി അതേ ഗൗരവത്തിൽ തിരിച്ചറിഞ്ഞ്‌ നിലപാട്‌ സ്വീകരിക്കാൻ പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസിനടക്കം കഴിയുന്നില്ലെന്ന്‌ യോഗത്തിലെ ചർച്ചകളും തീരുമാനങ്ങളും സൂചിപ്പിച്ചു. ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ എതിർക്കുന്നതിൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായത്തോട്‌ യോജിക്കാൻ കോൺഗ്രസിന്‌ കഴിയാതിരുന്നത്‌ ഐക്യനിരയില്‍ ആശങ്കയുണ്ടാക്കി.


ഇതുകൂടി വായിക്കൂ: വിലക്കയറ്റത്തില്‍ പ്രതിപക്ഷം സമരം പ്രഖ്യാപിക്കുമ്പോള്‍


രണ്ടാംഘട്ടത്തിലെ നിർണായക യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ നടക്കാനിരിക്കുകയാണ്. ഈ യോഗത്തില്‍ 24 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം. ഐക്യ പ്രതിപക്ഷ മുന്നണി നീക്കങ്ങൾക്ക് എട്ട് പുതിയ പാർട്ടികൾ കൂടി പിന്തുണ നൽകിയിട്ടുണ്ട്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കു ദേശ മക്കൾ കച്ചി (കെഡിഎംകെ), വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്‌പി), ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ), കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി) എന്നീ രാഷ്ട്രീയ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ ഐക്യത്തിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്തവണത്തെ യോഗത്തിന് ആം ആദ്മി പാർട്ടി പങ്കെടുത്തേക്കുമെന്നാണ് അറിയിച്ചത്. ‘ബിജെപിയുടെ ഏകാധിപത്യത്തെ ചെറുത്തുതോല്പിക്കുമെന്ന ബിഹാർ പ്രഖ്യാപനം നടപ്പാക്കേണ്ടതും ചർച്ച തുടരേണ്ടതും പ്രതിപക്ഷത്തിനിടയിൽ ഏകീകരണം നിലനിർത്തേണ്ടതും പ്രധാനമാണെന്നും രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും’ പാര്‍ട്ടികള്‍ക്കുള്ള ക്ഷണക്കത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഘടനാപരമായ വ്യക്തതയുള്ള യോഗമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമിനിമം പരിപാടി സംബന്ധിച്ച വ്യക്തമായ ചര്‍ച്ച, യോഗത്തിൽ ഉണ്ടായേക്കും. ഇതിന് നേതൃപരമായ ചുമതല വഹിച്ചിരുന്ന എൻസിപി നേതാവ് ശരദ് പവാർ പാർട്ടിയിലെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ എത്രമാത്രം മുന്നോട്ടുപോയി എന്ന് വ്യക്തമല്ല. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്ക് യോഗം രൂപം നൽകുമെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ: മഹാരാഷ്ട്രയിലെ നാടകം പ്രതിപക്ഷ ഐക്യത്തിനെതിരെ


ഇടതുപാർട്ടികൾ ദേശീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് മുന്നണിക്ക് അനുകൂലമല്ലെങ്കിലും പ്രാദേശിക അടിസ്ഥാനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധമായിട്ടുണ്ട്. പ്രധാനമന്ത്രിയെയും ഐക്യമുന്നണി നേതൃത്വത്തെയുമെല്ലാം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിച്ചാൽ മതിയെന്ന് ഇതിനകം തന്നെ ബഹുഭൂരിപക്ഷം പ്രതിപക്ഷ നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് തങ്ങൾക്ക് പിടിവാശിയില്ലെന്നും നേതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ട് മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതരത്വത്തിനും ജനാധിപത്യത്തിനും ആത്യന്തികമായി നമ്മുടെ ഭരണഘടനയ്ക്കും എതിരെ നിലകൊള്ളുന്ന സംഘ്പരിവാര്‍ ഭരണകൂടത്തെ പുറന്തള്ളുക എന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെ മുഖ്യ കടമ. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രധാന എതിരാളി ബിജെപിയാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അവരെ ഒറ്റപ്പെടുത്താനും അധികാരത്തിൽ നിന്ന് പുറത്താക്കാനും എല്ലാ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനുള്ള വ്യാപകവും ശക്തവുമായ പ്രവർത്തനങ്ങളാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.