18 December 2024, Wednesday
KSFE Galaxy Chits Banner 2

കൊളംബിയയിലെ ഇടതുപക്ഷ ഭരണത്തിന്റെ ഒരുവര്‍ഷം

ലാറ കപോട്ടെ
August 14, 2023 4:15 am

കൊളംബിയയിലെ പുരോഗമന സർക്കാര്‍ മാറ്റങ്ങളുടെ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു. റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ 34-ാമത്തെ പ്രസിഡന്റായി ഗുസ്താവോ പെട്രോ, 2022 ഓഗസ്റ്റ് ഏഴിനാണ് അധികാരമേറ്റെടുത്തത്. ജനകീയ വിഷയങ്ങളിലുള്ള സമയബന്ധിതമായ ഇടപെടലുകളിലൂടെ ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ ബോധ്യപ്പെടുത്തിയിരിക്കുന്നു. ദേശീയ വികസന പദ്ധതികള്‍ അംഗീകരിച്ച്, സമഗ്രമായ മാറ്റത്തിനുള്ള ഭരണകൂട താല്പര്യങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് കൊളംബിയൻ ജനതയും മറുമൊഴി നല്‍കിയിരിക്കുന്നു. ഗുസ്താവോ പെട്രോയുടെ രാജ്യം ‘ജീവന്റെ ലോകശക്തി’ എന്ന മുദ്രാവാക്യം ജനങ്ങള്‍ നെഞ്ചേറ്റി.
ആഭ്യന്തര, പ്രാദേശിക, അന്തർദേശീയ ഘടകങ്ങൾ സർക്കാരിന്റെ 12 മാസ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നു. ഇതോടൊപ്പം, വരുന്ന മൂന്ന് വർഷങ്ങളില്‍ സാധ്യമാക്കേണ്ട വികസനം രൂപപ്പെടുത്തുകയും ചെയ്യുന്നു. പെട്രോ ഭരണകൂടത്തിന്റെ പരിഷ്കാരങ്ങളില്‍ കർഷകരും തദ്ദേശീയരും ദരിദ്രരുമായ ജനത പ്രഥമഗണനീയരായി. തങ്ങള്‍ പ്രതിനിധീകരിക്കുന്ന സാമ്പത്തിക മേഖലകളുടെ ആഗ്രഹപൂരണം മാത്രം ലക്ഷ്യമിട്ടിരുന്ന പ്രതിപക്ഷനയങ്ങള്‍ക്ക് കടകവിരുദ്ധമാണ് വര്‍ത്തമാന ഭരണം ഉയര്‍ത്തുന്ന സാമൂഹ്യനീതിയുടെ മുദ്രാവാക്യം. ആരോഗ്യം, തൊഴിൽ, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളില്‍ ചില തിരിച്ചടികൾ നേരിട്ടെങ്കിലും നിയമനിര്‍മ്മാണ സഭയില്‍ അംഗീകാരം നേടുമെന്നാണ് കരുതുന്നത്.


ഇതുകൂടി വായിക്കൂ:  ഇടതുപക്ഷത്തിന് നിര്‍വഹിക്കുവാനുള്ളത് ചരിത്ര ദൗത്യം


നവലിബറൽ രൂപകല്പനയിൽ നിന്ന് ഘടനാപരമായ മാറ്റങ്ങളാണ് പരിഷ്കാരങ്ങളില്‍ നിര്‍ദേശിക്കുന്നത്. കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന മേഖലകളെ രാഷ്ട്രീയ ഇടപെടലിലൂടെ മുന്നോട്ടുകൊണ്ടുവരാനാണ് ശ്രമം. കാര്‍ഷിക മേഖല അവകാശങ്ങളോടെ അംഗീകരിക്കപ്പെട്ടത് ഉദാഹരണമാണ്. കാർഷിക‑ഗ്രാമീണ പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി 28,000 ഹെക്ടർ ഭൂമി വാങ്ങിയത് ഇടപെടലുകളുടെ തുടര്‍ച്ചയാണ്. സൗജന്യ ഉന്നതവിദ്യാഭ്യാസത്തിനുള്ള നിയമവും സ്വപ്നസാക്ഷാത്ക്കാരമായിരുന്നു. സര്‍വകലാശാലകളില്‍ പ്രവേശനം പോലും കിട്ടാതെ കടന്നുപോയ നിരവധി തലമുറകളുടെ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞത്. “സമ്പൂർണ സമാധാനം” പദ്ധതി ഏറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി മുന്നേറുന്നു. തീവ്ര ഇടതുപക്ഷ സംഘടനകളുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. സമാധാന ശ്രമങ്ങളില്‍ കൃത്യമായ മുന്നേറ്റം സാധ്യമാക്കാനുള്ള ദേശീയ പങ്കാളിത്ത കമ്മിഷന്റെ ഉദ്ഘാടനവും എടുത്തുപറയാവുന്നതാണ്.
സായുധ വിമത ഗ്രൂപ്പുകൾക്കിടയില്‍ ഉഭയകക്ഷി വെടിനിർത്തലും സമാധാനത്തിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങളും സമ്പൂർണ സമാധാനം പദ്ധതി വിജയവഴിയിലെന്ന് ബോധ്യപ്പെടുത്തി. എന്നാല്‍ യുദ്ധം തുടരണമെന്നും അശാന്തിയുടെ നാളുകള്‍ ഒടുങ്ങാന്‍ പാടില്ലെന്നും ആഗ്രഹവുമായി തുടരുന്ന പ്രതിപക്ഷം സമാധാന ശ്രമങ്ങളെ തമസ്കരിച്ചു. തീർച്ചയായും, ജനകീയ ഇച്ഛയ്ക്ക് വിരുദ്ധമായി അധികാര സ്ഥാനങ്ങൾ കയ്യടക്കി വളര്‍ന്ന വരേണ്യവർഗം ഘടനാപരമായ മാറ്റത്തിന്റെ പദ്ധതികളോട് മുഖംതിരിച്ചു. മേധാവിത്തം പുലര്‍ത്തുന്ന മാധ്യമങ്ങളും അവരുടെ താല്പര്യ സംരക്ഷകരും സാമ്പത്തികശക്തികളും അശാന്തിയുടെ പോര്‍മുഖം നിലനിര്‍ത്തിയിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ്


പെട്രോ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നിരവധി ശ്രമങ്ങൾ ഇതിന്റെ ഫലമായി തുടരുകയും ചെയ്യുന്നു. പ്രസിഡന്റിന്റെ മകൻ നിക്കോളാസ് പെട്രോക്കെതിരെ അനധികൃത ധനസമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങള്‍ ഉന്നയിക്കുകയും വിചാരണ ആഘോഷിക്കുകയും ചെയ്യുന്നു ഇവര്‍. സുതാര്യത വേണമെന്ന് പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ട ആരോപണങ്ങളാണിവ. ആരോപണങ്ങളെ പ്രസിഡന്റുമായി കൂട്ടിക്കെട്ടാനുള്ള പ്രതിപക്ഷ മാധ്യമങ്ങളുടെ കൊണ്ടുപിടിച്ച ശ്രമം വിജയിച്ചിട്ടുമില്ല.

സാമൂഹ്യനീതിയ്ക്കൊപ്പം പരിസ്ഥിതി നീതിയും സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളില്‍ എണ്ണപ്പെട്ടതാണ്. ഡീകാർബണൈസേഷൻ നിർദേശത്തിന്റെ ഫലമായും ശുദ്ധമായ ഊർജത്തിലേക്കുള്ള ‘ജസ്റ്റ് എനർജി ട്രാൻസിഷൻ പദ്ധതി’ യുടെ ഭാഗമായും ആമസോൺ മേഖലയിലെ വനനശീകരണം 76 ശതമാനം കുറയ്ക്കാൻ സർക്കാരിന് സാധിച്ചു. നൂതനമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സർക്കാരിനെ സഹായിച്ചു. കാലാവസ്ഥാ പ്രവർത്തനത്തിനായി മേഖലയിലെ രാജ്യങ്ങള്‍ക്ക് പണം കൈമാറുന്നതിനുള്ള നിർദേശം, ലെറ്റീഷ്യ ആമസോൺ ഉച്ചകോടിയുടെ ചട്ടക്കൂടില്‍ നിന്ന് ആമസോൺ ഉടമ്പടി നിർദേശങ്ങളുടെ പൂര്‍ത്തീകരണം എന്നിവയുടെ ആവശ്യം ശക്തമായി. പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കായുള്ള ഒരു ആമസോണിയൻ നീതിന്യായ കോടതി, ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രം എന്നിവയ്ക്കായും കഴിഞ്ഞ ആമസോണ്‍ ഉച്ചകോടിയില്‍ നിര്‍ദേശങ്ങളുയര്‍ന്നു. അതിർത്തികള്‍ വീണ്ടും തുറക്കുകയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കൊളംബിയന്‍ ഭരണകൂടം എടുത്തുകാട്ടി. കൊളംബിയ‑വെനിസ്വേല ബന്ധം ദൃഢീകരണത്തിനും മുന്‍കൈ എടുത്തു.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


പ്രാദേശിക സഹകരണം വളര്‍ത്തുന്നതില്‍ കൊളംബിയ നിർണായക പങ്ക് വഹിച്ചു. പരമാധികാരത്തിന്റെ ഒരു പുതിയ മാതൃകയായി പ്രാദേശിക സംയോജന പദ്ധതി മുന്നോട്ടു വച്ചു. ഇത് അമേരിക്കയ്ക്ക് വെല്ലുവിളിയായി തോന്നി. എന്നാല്‍ ‘മയക്കുമരുന്നിനെതിരായ യുദ്ധം’ എന്ന അവരുടെ മേനിപറച്ചിലിന്റെ പരാജയവും മേഖലയിൽ മയക്കുമരുന്ന് പ്രോത്സാഹിപ്പിച്ചതിന്റെ ദുരന്തവും വെളിച്ചത്തു വന്നു. ലാറ്റിനമേരിക്കയുടെയും കരീബിയയുടെയും പ്രതിരോധത്തിൽ നിര്‍ണായകമാണ് പ്രാദേശിക സഹകരണവും സൗഹൃദവും. നാറ്റോയുടെ ഭൗമരാഷ്ട്രീയ അടിച്ചേല്പിക്കലുകള്‍ക്ക് അതീതമായി സമാധാന മേഖലകള്‍ തുറക്കണമെന്നാണ് കൊളംബിയയുടെ ആഹ്വാനം. ഉക്രെയ്നിലെ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം സാധ്യമാകണം. ഒരു ദേശീയ കരാർ നിർമ്മിക്കാനുള്ള പെട്രോയുടെ ആഹ്വാനത്തിന് ഏറെ മാനങ്ങളുണ്ട്. ഭരണകൂട നേട്ടങ്ങള്‍ക്കല്ല, ജനാധിപത്യത്തിന്റെ ന്യായവും സുസ്ഥിരവുമായ അടിത്തറകൾ തീര്‍ക്കേണ്ടതിനാണിതെന്ന് പെട്രോ വിശദീകരിക്കുന്നുണ്ട്. വോട്ടെടുപ്പിൽ ആഗ്രഹിച്ച മാറ്റം നേടിയെടുക്കാൻ, സാധാരണക്കാരുടെ സാമൂഹിക ആവിഷ്കാരങ്ങൾ സാക്ഷാത്ക്കരിക്കാന്‍ അവരുടെ ലക്ഷ്യം ഭരണകൂടം തങ്ങളുടെ ലക്ഷ്യമായി എടുക്കണമെന്ന് പെട്രോ ഓര്‍മ്മിപ്പിക്കുന്നു.
(അവലംബം: മോണിങ് സ്റ്റാര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.