10 January 2025, Friday
KSFE Galaxy Chits Banner 2

ആസാദി കാ അമൃത് മഹോത്സവം സമാപിക്കുമ്പോൾ

ഡി രാജ
August 21, 2023 4:37 am

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വർഷം നീണ്ട ആഘോഷങ്ങൾ ഈ ഓഗസ്റ്റ് 15ന് സമാപിച്ചിരിക്കുന്നു. നൂറ്റാണ്ടിലധികം നീണ്ട പോരാട്ടത്തിലൂടെയാണ് കോളനി വാഴ്ചയിൽ നിന്നുള്ള വിമോചനം ഇന്ത്യയിൽ സാധ്യമായത്. പക്ഷേ സ്വാതന്ത്ര്യം നേടുന്നതിനുള്ള ജനകീയ പോരാട്ടങ്ങൾക്കിടയാക്കിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് വീണ്ടും സംജാതമായിരിക്കുന്നത്. വംശീയ കലാപങ്ങളുടെ വേദിയായി ഇപ്പോഴും തുടരുന്ന മണിപ്പൂരും ഹരിയാനയും രാജ്യത്തെ പല പ്രദേശങ്ങളും അതിന്റെ പ്രതിഫലനങ്ങളാണ്. അതിലേക്ക് കടക്കുന്നതിന് മുമ്പ് നമ്മുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് രാജിനെതിരായി ആയിരങ്ങൾ സ്വയംസമർപ്പിച്ചു. ആ സമർപ്പണത്തിലൂടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യം സഫലമായത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്തിമസമരം വരെ കമ്മ്യൂണിസ്റ്റുകാർ അതിന്റേതായ പങ്ക് വഹിച്ചു. ആർഐഎൻ കലാപമുൾപ്പെടെയുള്ള അത്തരം സമരങ്ങളാണ് ബ്രിട്ടീഷ് വിട്ടുപോക്കിനെ അനിവാര്യമാക്കിയത്. നാം സ്വാതന്ത്ര്യം നേടിയതിനൊപ്പം ഇന്ത്യാ ഉപഭൂഖണ്ഡം പാകിസ്ഥാൻ‑ഇന്ത്യ എന്നിങ്ങനെ വിഭജിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന്റെയും വിഭജനത്തിന്റെയും ദൂഷ്യവശങ്ങൾ സമുദായങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെ ബാധിച്ചു. ചിലയിടങ്ങൾ അക്രമം, തീവയ്പ്, കൊലപാതകങ്ങൾ, ശത്രുത എന്നിവയാൽ കലുഷിതമായി. അതേസമയത്തുതന്നെ ജവഹർലാൽ നെഹ്രു രാജ്യത്തെ അതിന്റെ ഭാഗധേയത്വത്തിലേക്ക് നയിക്കുവാനും സർദാർ പട്ടേൽ നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഏകോപിപ്പിക്കുവാനും കഠിനമായി പരിശ്രമിക്കുകയായിരുന്നു. നാട്ടുരാജ്യങ്ങളുടെ സ്വതന്ത്ര പദവിയെ എതിർത്ത കമ്മ്യൂണിസ്റ്റുകാർ തെലങ്കാനയിൽ നൈസാമിനെതിരായി നടത്തിയ മഹത്തായ പ്രക്ഷോഭം പ്രത്യേകം എടുത്തുപറയേണ്ടതാണ്.


ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


അതേസമയം നിയമപുസ്തകങ്ങൾക്കു നടുവിലിരുന്ന് അംബേദ്കർ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് കരട് തയ്യാറാക്കുന്നതിൽ വ്യാപൃതനുമായിരുന്നു. 1947 ഓഗസ്റ്റ് 15ലെ വിധിനിർണായകമായ ആ ദിനത്തിൽ പക്ഷേ, നമ്മുടെ വിമോചന സമരത്തിന്റെ മുൻനിര നേതാവ് അപ്പോൾ കൽക്കത്തയിലായിരുന്നു. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലെ രക്തച്ചൊരിച്ചിൽ കണ്ട അദ്ദേഹം, വർഗീയതയുടെ മുറിവുണക്കുവാനും ശൈശവത്തിലുള്ള സ്വതന്ത്രരാജ്യത്തെ ജനങ്ങളെ ആശ്വസിപ്പിക്കുവാനും അവരോടൊപ്പമായിരുന്നു. അക്രമവും കലാപവും അതിന്റെ മൂർധന്യത്തിലായിരുന്ന നവഖാലി (ഇപ്പോൾ ബംഗ്ലാദേശിൽ)യിലേക്കും ഗാന്ധി പോയി. കിഴക്കൻ പാകിസ്ഥാൻ സൃഷ്ടിച്ചതിൽ രോഷാകുലരായ ജനങ്ങളിൽ നിന്ന് അവിടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾക്കൊപ്പവും മൃതദേഹങ്ങൾക്കിടയിലും അദ്ദേഹമുണ്ടായിരുന്നു. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന ഫലിക്കുകയും വർഗീയമായി വിഭജിക്കപ്പെട്ട ജനക്കൂട്ടത്തെക്കാൾ രാജ്യത്താകെയുള്ള ജനങ്ങളുടെ ഐക്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ വിജയിക്കുകയും ചെയ്തു. ഗാന്ധിയുടെ ഉപവാസസമരം ജനങ്ങളിൽ സ്വാധീനം ചെലുത്തി. സമാധാനം നിലനിർത്തുവാനും ഇതര സമുദായങ്ങളിലുള്ളവരെ സംരക്ഷിക്കുവാനുമുള്ള സഹായങ്ങൾ ഇരുസമുദായങ്ങളിലെ നേതാക്കളും അനുയായികളും അദ്ദേഹത്തിന് വാഗ്ദാനം നല്കി. ഗാന്ധിജിയുടെ ധീരതയും ബോധ്യവും ജനങ്ങൾക്കിടയിൽ മതേതരത്തത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാലമായി പരിണമിച്ചു. അതിലൂടെയാണ് വൈവിധ്യമാർന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റെ ആദ്യ ചുവടുകൾ വച്ചുതുടങ്ങിയത്. താമസിയാതെതന്നെ അദ്ദേഹം മറ്റൊരു യാത്ര ആരംഭിച്ചു. അത് വടക്കു-പടിഞ്ഞാറ് ഭാഗത്തേക്കായിരുന്നു. ആ യാത്രയിലൂടെ അവിടെയുള്ള ജനങ്ങളെ കൂടുതൽ യോജിപ്പിക്കുവാനും ഐക്യം സ്ഥാപിക്കുവാനും സാധ്യമായി. ഇപ്പോൾ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മേവത് മേഖലയിലായിരുന്നു കലാപത്തിന്റെ തീപ്പൊരികളുണ്ടായത്. സംഘർഷം ഭയന്ന് നൂറുകണക്കിന് മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക് പലായനം ചെയ്യാൻ തയ്യാറായി നിൽക്കുകയായിരുന്നു. ആൽവാറിലും ഭരത്പൂരിലുമൊക്കെ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ അവരുടെ ഉത്ക്കണ്ഠ വർധിപ്പിച്ചു. മിയോ നേതാവ് ഡൗധരി യാസിൻ ഖാന്റെ നിർദേശപ്രകാരം ഗാന്ധിജി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാൻ തീരുമാനിച്ചു.


ഇത് കൂടി വായിക്കൂ:ഒരു ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല | JANAYUGOM EDITORIAL


1947 ഡിസംബറിലെ കോച്ചുന്ന തണുപ്പിൽ അദ്ദേഹം ഗുഡ്ഗാവിനടുത്തുള്ള ഘസേര ഗ്രാമത്തിലെത്തുകയും ചെയ്തു. ധോത്തി ധാരിയായ ഗാന്ധിജി അവിടെയുള്ള ജനങ്ങളെ അഭിസംബോധന ചെയ്യുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവുകളെ സംബന്ധിച്ച് അവരിൽ ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്തു. എനിക്ക് അധികാരമുണ്ടെങ്കിൽ ഒരു മുസ്ലിമും പാകിസ്ഥാനിലേക്ക് കുടിയേറേണ്ടിവരില്ലെന്നും ഒരു ഹിന്ദുവോ സിഖുകാരനോ പാകിസ്ഥാനിലെ ഭവനമുപേക്ഷിച്ച് ഇന്ത്യൻ യൂണിയനിലേക്ക് അഭയം തേടേണ്ടി വരികയില്ലെന്നും വികാരഭരിതനായാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യ നിങ്ങളുടേതും നിങ്ങൾ ഇന്ത്യയുടേതുമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാനായ ശാന്തിദൂതൻ അത് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ആവർത്തിച്ച് ശ്രമിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങൾ പാകിസ്ഥാനിലേക്ക് പോകുന്നതിന് പകരം മതേതര-ജനാധിപത്യ ഇന്ത്യയിൽ തുടരുന്നതിന് തീരുമാനിച്ചു. ഇതിന് സമാനമായ സാഹചര്യമാണ് ആസാദി കാ അമൃത് മഹോത്സവ് സമാപിക്കുമ്പോൾ രാജ്യത്ത് സംജാതമായിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള മണിപ്പൂർ അത്തരമൊരു വംശീയ കലാപത്തിന്റെ ഇരയാണ്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങൾ സംസ്ഥാനത്താകെ വ്യാപിച്ചു. നൂറുകണക്കിന് പേരുടെ ജീവൻ കവർന്നു. പതിനായിരങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. സംസ്ഥാനമാകെ ദുരിതാശ്വാസ ക്യാമ്പുകൾ നിറഞ്ഞു. സഹാനുഭൂതിയും അനുകമ്പയും ഭരണാധികാരത്തിന്റെ അടയാളങ്ങളാണ്. എന്നാൽ ഇപ്പോൾ അധികാരത്തിലിരിക്കുന്നവരിൽ അത് തീരെ കാണാനാകുന്നില്ല. ഐക്യത്തിനുവേണ്ടി ഗാന്ധിജി പുലർത്തിയ ഉത്കണ്ഠയും കാട്ടിയ ധീരതയും ഇപ്പോഴത്തെ ഭരണാധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല, കാരണം സ്പർധയും വിഭാഗീയതയും സൃഷ്ടിച്ചാണ് ബിജെപി വളരുന്നത്. മണിപ്പൂരിൽ നടന്ന സംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് പ്രതികരിക്കുവാൻ രാജ്യത്തെയാകെ നാണംകെടുത്തിയ, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോ പുറത്തുവരേണ്ടിവന്നു. മണിപ്പൂരിലെ തീയിൽ എണ്ണയൊഴിച്ചത്, ഹൈക്കോടതി ഉത്തരവായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞു. അതിനർത്ഥം അവിടെ നേരത്തെ തന്നെ തീയുണ്ടെന്ന് സമ്മതിക്കലാണ്.


ഇത് കൂടി വായിക്കൂ:ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


തീയുണ്ടായപ്പോൾ സർക്കാർ ഉറങ്ങുകയായിരുന്നോ. ഇരട്ട എൻജിൻ സർക്കാരിന് മുന്നോട്ടുപോകണമെങ്കിൽ വിദ്വേഷത്തിൽ നിന്നുള്ള ഇന്ധനം ആവശ്യമായിരുന്നു. തന്ത്രപരമായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരുസംസ്ഥാനത്തെ ജനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഭിന്നിപ്പിക്കുകയായിരുന്നു അവർ. രാജ്യം മുഴുവൻ അതിന്റെ വില നല്‍കുകയാണിപ്പോൾ. സഹാനുഭൂതിയുടെ ഗാന്ധിയൻ സ്പർശം നഷ്ടമായിരിക്കുന്നു. അതിവൈകാരിക പ്രസംഗങ്ങളോ വാചാടോപങ്ങളോ കൊണ്ട് മുറിവുകൾ ഉണക്കുവാനാകില്ല. മണിപ്പൂരിനെ ഇരട്ട എൻജിൻ കലുഷിതമാക്കിയിരിക്കുന്നു. ഹരിയാനയിലേക്ക് വന്നാൽ, ആർഎസ്എസ് ആശയ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ മതത്തെ ആയുധമാക്കിയതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ് കാണാനാവുക. കുപ്രസിദ്ധനായ സ്വയംപ്രഖ്യാപിത ഗോസംരക്ഷകന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ ദൃശ്യങ്ങളിലൂടെ ആഹ്വാനം നല്‍കിയതനുസരിച്ച് വിശ്വഹിന്ദുപരിഷത്തിന്റെയും സംഘ്പരിവാറിന്റെയും നേതൃത്വത്തിൽ ജൂലൈ 31ന് നടന്ന മതഘോഷയാത്രയെ തുടർന്ന് ആറ് പേരാണ് കൊല്ലപ്പെട്ടത്. ബജറംഗ്‌ദളിന്റെ ഈ നേതാവ് രണ്ട് മുസ്ലിങ്ങളെ തട്ടിക്കൊണ്ടു പോയി കൊന്നതിന്റെ പേരിൽ പിടികിട്ടാനുള്ളയാളായിരുന്നു. രണ്ട് മുസ്ലിങ്ങളുടെയും മൃതദേഹങ്ങൾ കാറിൽ കത്തിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. അന്ന് മുതൽ പ്രദേശത്ത് സമാധാനമുണ്ടായിട്ടില്ല, സാധാരണ നില കൈവരിക്കാനുമായില്ല. കലാപകാരികൾ നിർബാധം സഞ്ചരിക്കുന്നു. തീവയ്പ്, ആക്രമണങ്ങൾ, കല്ലേറ് എന്നിവ സംബന്ധിച്ച വാർത്തകൾ എല്ലാ ദിവസവും പുറത്തുവരുന്നു. സമൂഹത്തിൽ വർധിച്ചുവരുന്ന ആ അകൽച്ചയ്ക്ക് പരിഹാരമായി ചർച്ചകളും വിശ്വാസമാർജിക്കുവാനുള്ള ശ്രമങ്ങളുമല്ല അധികാരികൾ നടത്തുന്നത്. പകരം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്. വളരെ സങ്കീർണമായ ഘട്ടത്തിലാണ് മേവത്തിലെ ജനങ്ങളുടെ മനസിൽ ഗാന്ധിജി സ്നേഹത്തിന്റെ പാലം പണിതത്. എന്നാൽ സമാധാനവും സൗഹാർദവും സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും തകർത്തുകൊണ്ട് ആർഎസ്എസ്-ബിജെപിയുടെ ബുൾഡോസറുകൾ ഇടിച്ചുകയറ്റുകയാണ് ഇപ്പോൾ അവിടെ സർക്കാർ ചെയ്യുന്നത്. ഒരിക്കൽകൂടി സഹാനുഭൂതിയുടെയും ഉത്കണ്ഠയുടെയും അഭാവമാണ് പ്രകടമാകുന്നത്. സ്വന്തം ജനതയെ ഭയപ്പെട്ടിരുന്നില്ല എന്ന കാരണത്താലാണ് ധോത്തിയിൽ പൊതിഞ്ഞ തന്റെ ശരീരവുമായി അക്കാലത്ത് കലാപബാധിതമായിരുന്ന ഈ പ്രദേശങ്ങളിൽ ഗാന്ധിജിക്ക് സഞ്ചരിക്കുവാൻ സാധിച്ചത്. ഇന്നിപ്പോൾ കവചിത വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഭരണാധികാരികൾക്ക് ആ ധൈര്യം ഇല്ല എന്നാണ് ബോധ്യപ്പെടുന്നത്. ശരിക്കും നമ്മുടെ രാജ്യവും നേതൃത്വവും ഒരു പരീക്ഷണ ഘട്ടത്തെ നേരിടുമ്പോഴായിരുന്നു ബ്രിട്ടീഷുകാരിൽ നിന്ന് നാം സ്വാതന്ത്ര്യം നേടിയത്. യൂണിയൻ ജാക്ക് പതാക വലിച്ചുതാഴ്ത്തി ത്രിവർണ പതാക വലിച്ചുയർത്തിയതോടെ നമ്മുടെ ചരിത്രം വലിയൊരു പരിണാമഘട്ടം ആരംഭിക്കുകയായിരുന്നു. ഗാന്ധിയോ നെഹ്രുവോ പട്ടേലോ അംബേദ്കറോ ജനങ്ങളോട് ആത്മാർത്ഥയും കരുതലുമുള്ള കമ്മ്യൂണിസ്റ്റ് നേതൃവ്യൂഹമോ ആകട്ടെ, നേതാക്കൾ അവസരത്തിനൊത്ത് ഉയർന്ന് നിലകൊള്ളുകയും വെല്ലുവിളികളെ ധീരമായി നേരിടുകയും ചെയ്തു. അങ്ങനെയാണ് നാമെല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യം രൂപപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളിൽ പോലും വർഗീയ കലാപം അരങ്ങേറിയ നമ്മുടേതുപോലൊരു രാജ്യത്ത് ജനാധിപത്യത്തിന്റെ നിലനില്പിനെക്കുറിച്ച് ലോകത്തിന് മുഴുവൻ സംശയമായിരുന്നു. എന്നിട്ടും മതേതര, ജനാധിപത്യ, ക്ഷേമ സങ്കല്പത്തിലധിഷ്ഠിതമായ റിപ്പബ്ലിക് സ്ഥാപിതമാകുന്നതിന് വേണ്ടി നമ്മുടെ നേതാക്കൾ അക്ഷീണം പ്രയത്നിക്കുകയും 1950 ജനുവരി 26ന് നമ്മുടെ റിപ്പബ്ലിക് ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യയുടെ അതിജീവനത്തെക്കുറിച്ച് സംശയമുണ്ടായിരുന്നത് പുറത്തുള്ളവർക്ക് മാത്രമായിരുന്നില്ല. ഇന്ത്യക്കകത്ത് ഗോൾവാൾക്കർ, സവർക്കർ എന്നിവരുടെ അനുയായികൾക്കും പ്രാതിനിധ്യ ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും ഹിന്ദു-മുസ്ലിം ഐക്യം സംരക്ഷിക്കുകയും ചെയ്തതിന് മഹാത്മാഗാന്ധിയുടെ ജീവൻ അപഹരിച്ചുകൊണ്ട് അവർ ശിക്ഷിച്ചു. ആ ദുരന്തത്തെയും നമ്മുടെ രാജ്യം ധീരമായി നേരിട്ടു. ഇന്ത്യയിലെ ജനങ്ങൾ അവരുടെ ഐക്യവും കാലം ആവശ്യപ്പെടുന്ന അത്യധ്വാനവും കൊണ്ട് എല്ലാ മേഖലകളിലും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിന്റെയും നമ്മുടെ ഭരണഘടനയുടെ ആശയങ്ങളുടെയും അടിത്തറയില്‍ പണിത സുസ്ഥിര ജനാധിപത്യത്തിന്റെ ഫലമാണ് 2014ൽ നരേന്ദ്രമോഡിയുടെ അധികാരലബ്ധി.


ഇത് കൂടി വായിക്കൂ:ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


എന്നാൽ അദ്ദേഹത്തിന്റെ കഴിഞ്ഞ ഒമ്പത് ഭരണവർഷങ്ങളിൽ ആ കാഴ്ചപ്പാട് ചവിട്ടിമെതിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളെ ഇടിച്ച് നിരത്തുകയുമാണ്. നേരത്തെ പരാമർശിച്ച സഹാനുഭൂതിയും ധീരതയും എവിടെയും കാണാനില്ല. ആർഎസ്എസ്-ബിജെപി ശക്തികൾ അധികാരം നിലനിർത്താൻ ഇന്ത്യയെ ശിഥിലമാക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലം പിന്നിടുമ്പോൾ നാം നേരിടുന്ന വെല്ലുവിളി ഇതുതന്നെയാണ്. അതുകൊണ്ടാണ് ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യ എന്ന കൂട്ടായ്മയെയും അംഗീകരിക്കുവാൻ അവർ തയ്യാറാകാത്തത്. ബ്രിട്ടീഷ്‌രാജിനെ പരാജയപ്പെടുത്തുവാൻ എന്നതുപോലെയുള്ള ഐക്യമാണ് രൂപപ്പെടുന്നത്. ബ്രിട്ടീഷുകാരെയെന്നതുപോലെ ഇവിടെയും നമുക്ക് കീഴടക്കുവാൻ സാധിക്കും. ഗാന്ധി, നെഹ്രു, പട്ടേൽ, അംബേദ്കർ എന്നിവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യ, സഹാനുഭൂതിയും ധീരതയും ഉയർത്തിപ്പിടിച്ച് ഗോൾവാൾക്കറുടെയും സവർക്കറുടെയും വിദ്വേഷ പ്രത്യയശാസ്ത്രത്തെ തോല്പിച്ച് ശക്തമാണെന്ന് തെളിയിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.