9 January 2025, Thursday
KSFE Galaxy Chits Banner 2

യോജിച്ച പോരാട്ടങ്ങളാണ് പ്രതിവിധി

ഡി രാജ
October 23, 2023 4:30 am

അഞ്ച് നിയമസഭകളിലേക്കും അടുത്ത വർഷം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ രാജ്യം ഗുരുതരവും സങ്കീർണവുമായ സാഹചര്യത്തിലാണ്. ഹിന്ദു രാഷ്ട്രവാദത്തിന്റെ ആധിപത്യക്രമത്തിലേക്ക് സാമൂഹ്യമായും രാഷ്ട്രീയമായും രാജ്യത്തെ മാറ്റിയെടുക്കുന്നതിനുള്ള കൃത്യവും ദുഷിച്ചതുമായ പദ്ധതികൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷ മതവാദം, മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കൽ, സ്വകാര്യ‑കോർപറേറ്റ് താല്പര്യങ്ങൾക്ക് ഇളവ് നൽകുകയും പൊതുമേഖലയെ നശിപ്പിക്കുകയും ചെയ്യൽ, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ, കൂടിക്കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധ സമീപനങ്ങൾ എന്നിവ തകർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്രിയയു‍ടെ ലക്ഷണങ്ങളാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ ഭാവി സങ്കല്പത്തിലെ ആണിക്കല്ലായി കരുതുന്ന നീതി, സമത്വം, ജനാധിപത്യം എന്നിവയെല്ലാം കൊല ചെയ്യപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ അനുഭവങ്ങളും പാഠങ്ങളും ഉൾക്കൊണ്ടാണ് ഒരു ആധുനിക പരമാധികാര മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ രൂപപ്പെടുത്തിയത്. ഭരണഘടനയുടെ അടിസ്ഥാനശിലയായ ആമുഖത്തിൽ ഇക്കാര്യം സുവ്യക്തമായി പറയുന്നുണ്ട്. ഈ സംജ്ഞകളോരോന്നും കോളനിവാഴ്ചയ്ക്കെതിരായ നമ്മുടെ മഹത്തായ പോരാട്ടത്തിൽനിന്ന് പഠിച്ച പാഠങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആ പാഠങ്ങൾ എങ്ങനെയാണ് ബഹുസ്വരവും ഫെഡറലും സമത്വവുമായ ഇന്ത്യയുടെ അടിത്തറയായി മാറിയതെന്നും വ്യക്തമാക്കുന്നു. ഈ പാഠങ്ങൾ ബഹുമുഖമുള്ളതായിരുന്നുവെങ്കിലും ദീർഘമായ കൂടിയാലോചനകളിലൂടെയും സംവാദങ്ങളിലൂടെയും പരസ്പരബന്ധിതമായി മാറ്റുകയായിരുന്നു. ഇന്ന് ഭരണഘടനാസംവിധാനം അസാധാരണമായ സമ്മർദങ്ങളെയും ഇന്ത്യ എന്ന ആശയം തന്നെ ഭീഷണിയും നേരിടുമ്പോൾ ആ കാലത്തിലേക്ക് തിരിഞ്ഞുനോക്കുകയും അതിന്റെ പ്രചോദനമുൾക്കൊള്ളുകയും ചെയ്യുക എന്നത് സ്വേച്ഛാധിപത്യത്തിന്റെ കൈകളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. നമ്മുടെ രാഷ്ട്രീയഘടന ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ, ഭരണഘടനയെ അവഹേളിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന, വിഭാഗീയ പാരമ്പര്യം പിന്തുടരുന്ന സംഘ്പരിവാറിന്റെ സൃഷ്ടിയാണ്. വിശ്വാസ്യതയുടെയും സുതാര്യതയുടെയും പൂർണമായ അഭാവമാണ് ഭരണതലത്തിൽ പ്രതിഫലിക്കുന്നത്. സംഘർഷം സൃഷ്ടിക്കുകയും അത് പടർത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് സാധാരണമായിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ; അധിനിവേശത്തിന്റെ കൊടും ക്രൂരതകൾ


നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനം ഒരിക്കലും നേർരേഖാപരമോ ഏകജാതീയമോ ആയിരുന്നില്ല. വൈദേശിക ഭരണത്തിന്റെ വേര് പിഴുതെറിയുക, സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽരീതി ചോദ്യം ചെയ്യുക എന്നതിനൊപ്പംതന്നെ ഭൂപ്രഭുത്വം, ജന്മിവാഴ്ച, ജാതിവിവേചനം എന്നിവയ്ക്കെതിരെയും വിവിധ ഘട്ടങ്ങളിൽ വിവിധ നേതാക്കളുടെ പ്രവർത്തനങ്ങളുണ്ടായിരുന്നു. ഈ വൈജാത്യങ്ങളാണ് സമത്വം, നീതി, സ്വാതന്ത്ര്യം എന്നീ തത്വങ്ങളിൽ കേന്ദ്രീകരിച്ച്, ചലനാത്മകമായി തുടരേണ്ട പ്രക്രിയയാണ് രാഷ്ട്രനിർമ്മാണം എന്ന അടിയുറച്ച ധാരണയോടെ ആധുനിക റിപ്പബ്ലിക്കിന്റെ നിർമ്മാണത്തിൽ കലാശിച്ചത്. സമ്പന്നമായ ഈ ചരിത്രത്തിന്റെ ഭാഗമായിരുന്നില്ല ഒരിക്കലും ആർഎസ്എസും ഹിന്ദുമഹാസഭയും. എന്നുമാത്രമല്ല ആ ചരിത്രവസ്തുതകളെ നിരാകരിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ അവർ ചരിത്രത്തിൽ തെറ്റായ വഴികൾ തേടുകയും അതിലൂടെ സഞ്ചരിക്കുകയുമായിരുന്നു ചെയ്തത്, അതിപ്പോള്‍ തുടരുന്നു.
എല്ലാ ഭാഗത്തുനിന്നുമുള്ള ഈ കടന്നാക്രമണത്തിൽ നിന്ന് എന്താണ് സംരക്ഷിക്കേണ്ടതെന്ന് നാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ച നാവിക കലാപത്തെയും തുടർന്ന് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ വിജയവും ബ്രിട്ടീഷുകാരുടെ വിട്ടുപോക്കും അനിവാര്യമായ ഘട്ടത്തിൽ ചെറിയൊരു വിഭാഗം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന സങ്കുചിതമായ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ആവശ്യം ഭരണഘടനാ അസംബ്ലിയിലും എത്തി, ഡോ. ഭീംറാവു അംബേദ്കർ വളരെ ശക്തമായി അത് നിരസിച്ചു. “ഹിന്ദുരാജ് ഒരു വസ്തുതയായി മാറുകയാണെങ്കിൽ, അത് രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കുമെന്നതിൽ സംശയമില്ല. ഏതുവിധേനയും ഹിന്ദുരാജ് തടയണം” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പൗരോഹിത്യപരവും സ്വേച്ഛാപരവുമായ രീതി തിരഞ്ഞെടുക്കുന്നതിനുപകരം, ഭരണഘടനാ നിർമ്മാതാക്കൾ ജനാധിപത്യ‑മതേതര തത്വങ്ങളെ അടിസ്ഥാനമാക്കി എല്ലാവരുടെയും തുല്യപൗരത്വത്തിന് വലിയ പ്രാധാന്യം നൽകിയത് അങ്ങനെയാണ്. അതിലൂടെ, ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തിയാണ് നമ്മുടെ രാജ്യം സമാധാനത്തിനും പുരോഗതിക്കും വേണ്ടി എല്ലാതലങ്ങളിലുമുള്ള പൗരന്മാർ കൈകോർത്തുപിടിച്ചുള്ള യാത്ര ആരംഭിച്ചത്. ഭഗത്‌സിങ്, അഷ്‌ഫഖുള്ള ഖാൻ, മഖ്ദൂം മൊഹിയുദ്ദീൻ, അരുണ ആസഫലി, സുഭാഷ്ചന്ദ്ര ബോസ്, അബ്ദുൾ ഗാഫർ ഖാൻ, മഹാത്മാ ഗാന്ധി തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളുടെ മതേതരത്വത്തോടുള്ള പ്രതിജ്ഞാബദ്ധതയായിരുന്നു വിഭജനത്തിന്റെ ഭീകരതയുണ്ടായിട്ടുപോലും ഇന്ത്യക്കാരുടെ അനിവാര്യമായ ഐക്യം യാഥാർത്ഥ്യമാക്കിയത്. ഇപ്പോൾ ഇതര മതസ്ഥരോട് വിവേചനം കാട്ടുകയും ഒരു മതത്തിന് മത പദവി നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ പൂർവകാല നേതാക്കളുടെ വിശ്വാസത്തെ തകർക്കുകയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കാഴ്ചപ്പാട് ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ; ദേശീയ വിഭവ വിതരണവും ജനപ്രാതിനിധ്യവും ചര്‍ച്ചയാവണം


 

ക്ഷേമരാഷ്ട്രത്തിനും ഭരണകൂടം നയിക്കുന്ന സോഷ്യലിസത്തിനും വേണ്ടിയുള്ള അംബേദ്കറുടെ ശക്തമായ വാദമാണ് ഇതിന്റെ രണ്ടാമത്തെ ഭാഗം. ഇത്തരം നടപടികൾ കടുത്ത ദാരിദ്ര്യമുള്ള ഒരു രാജ്യത്തെ സാമ്പത്തികമായി ഉയർത്തുക മാത്രമല്ല, വർഗ, ജാതി ഘടനയിൽ ദൂരവ്യാപകമായ പ്രതിഫലനം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അംബേദ്കർ മനസിലാക്കി. ഘടനാപരമായ അസമത്വങ്ങളും വിഭജനങ്ങളും തകർക്കാൻ സജീവമായി മുൻകൈയെടുക്കേണ്ട ഒരു രാഷ്ട്രത്തിനുവേണ്ടിയാണ് അദ്ദേഹം വാദിച്ചത്. ഏത് തരത്തിലുള്ള അസമത്വവും അശാന്തിയുടെ മുന്നോടിയാണെന്നും രാജ്യം ജനാധിപത്യ യാത്ര ആരംഭിക്കണമെങ്കിൽ വർഗം, ജാതി, ലിംഗഭേദം, പ്രദേശം എന്നിവയിലെ അസമത്വങ്ങൾ പരിഹരിക്കപ്പെടണമെന്നും അംബേദ്കർ മനസിലാക്കി. അതിനായി, അദ്ദേഹം ക്ഷേമ രാഷ്ട്രമെന്നത് അത്യന്താപേക്ഷിതമായി കാണുകയും തൊഴിലവകാശം, പോഷകാഹാരം, മിനിമംവേതനം, കുടിവെള്ളം, പ്രസവാനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ ഊന്നണമെന്ന നിലപാടെടുക്കുകയും ചെയ്തു. ഭരണഘടനയുടെ നിർദേശക തത്വങ്ങളിലും ഈ ചിന്തകൾക്ക് സ്ഥാനം ലഭിച്ചു. എന്നാൽ ഇന്ന് അത് പൂർണമായും അപകടാവസ്ഥയിലാണ്. ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യമേഖല രാജ്യത്തെ ജനങ്ങൾക്കിടയില്‍, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. അലസരായി മാറുന്ന ഒരു വിഭാഗം വലതുപക്ഷ തീവ്രവാദത്തിന്റെ കെണിയിൽപ്പെടുന്നു. സാമൂഹ്യമേഖലയെ ദുർബലപ്പെടുത്തുകയും കോർപറേറ്റുകൾക്ക് അനർഹമായ പിന്തുണ നൽകുകയും ചെയ്യുന്നത് ഇത്തരം ഗൂഢലക്ഷ്യത്തോടെയാണ്. ലിംഗഭേദത്തിന്റെയും ജാതിയുടെയും ഘടനകളെ റദ്ദാക്കുന്നതിലൂടെ സാമൂഹിക ഘടനാപരമായ ശ്രേണികളെ ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നിലപാടാണ് ഭരണഘടനാ നിർമ്മാതാക്കൾ പ്രകടിപ്പിച്ചത്. ജാതി ഉന്മൂലനത്തെക്കുറിച്ചുള്ള ഡോ. അംബേദ്കറുടെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പോരാട്ടം വിഖ്യാതവും എഴുതപ്പെട്ടിട്ടുള്ളതുമാണ്. “സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ തോതുകൊണ്ടാണ് ഞാൻ ഒരു സമൂഹത്തിന്റെ പുരോഗതിയെ അളക്കുന്നത്” എന്ന ലിംഗനീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്യം പ്രത്യേക പരാമർശമർഹിക്കുന്നു.

ഈ വീക്ഷണങ്ങൾ വിവേചനം നേരിടുന്ന വിഭാഗങ്ങൾക്ക് അനുകൂലമായ ഭരണനടപടികൾ ആവിഷ്കരിക്കുന്നതിന് പര്യാപ്തമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ആർഎസ്എസും ബിജെപിയും താഴേത്തട്ടിലും ഇടത്തരവുമായ ജാതികളെ ഹിന്ദുത്വത്തിലേക്ക് ആകർഷിക്കാൻ അതേ വേർതിരിവുകൾ ഉപയോഗിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അംബേദ്കർ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ച ജാതിവേർതിരിവും അതിൽ അന്തർലീനമായ അടിച്ചമർത്തൽ സ്വഭാവവും ഒരു മാറ്റവും വരുത്താതെയാണ് ഈ ശ്രമം നടത്തുന്നത്. ബിജെപിയും ആർഎസ്എസും തങ്ങളുടെ ബ്രാഹ്മണ്യ മനോഭാവവും മനുസ്മൃതിയോടുള്ള കൂറും നിലനിർത്തുമ്പോൾ തന്നെ, താഴേത്തട്ടിലുള്ള ജനങ്ങളെ ന്യൂനപക്ഷങ്ങൾക്കെതിരെ തിരിക്കുന്നു. സാമൂഹിക നീതിക്ക് വിരുദ്ധമായ രാഷ്ട്രീയമാണിത്. സാമൂഹ്യനീതിയും അവസരസമത്വവും ഉയർത്തിപ്പിടിക്കുന്നതിൽ പൊതുമേഖലയുടെ പങ്കാണ് ഈ വിഷയത്തിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു ഭാഗം. പൊതുമേഖലയുടെ നിലനില്പ് സാമൂഹ്യ‑സാമ്പത്തിക നീതി, വിമോചനം എന്നിവ കൈവരിക്കുന്നതിനുള്ള ഒരു വഴിയായിരുന്നു. പൊതുമേഖലയെ തങ്ങളുടെ കോർപ്പറേറ്റ് ചങ്ങാതിമാർക്ക് വിറ്റ് സാമൂഹ്യനീതി ഇല്ലാതാക്കുകയാണ് മോഡി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ശക്തമായ ഒരു ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അടിത്തറയിലാണ് ഇന്ത്യയിൽ മതേതരത്വവും സാമൂഹിക നീതിയും കെട്ടിപ്പടുത്തത് എന്ന കാര്യം ഓർമ്മിക്കേണ്ടതുണ്ട്. ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിഞ്ഞും നിലവിലെ ഭരണഘടന മാറ്റിസ്ഥാപിക്കണമെന്ന് തുറന്ന് പറഞ്ഞും ആർഎസ്എസും ബിജെപിയും ഒരു മതരാഷ്ട്രത്തിലേക്കാണ് ഇന്ത്യയെ നയിക്കുന്നത്. നമ്മുടെ റിപ്പബ്ലിക്കിന്റെ ഘടന സംരക്ഷിക്കാനുള്ള പോരാട്ടം ഈ ഗുരുതരമായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാവണം.
ചുരുക്കത്തിൽ, നമുക്കറിയാവുന്ന, നാം സ്നേഹിക്കുന്ന ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടം വർഗീയതയുടെയും ജാതീയതയുടെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും ശക്തികൾക്കെതിരെയുള്ള ബഹുമുഖ പോരാട്ടമാകണം. ബ്രിട്ടീഷുകാരെ രാഷ്ട്രീയമായി മാത്രമല്ല, സാമുദായികവിഭജന ശ്രമങ്ങള്‍ സൃഷ്ടിച്ച നിർബന്ധിത അധഃസ്ഥിതാവസ്ഥയും നിരാകരിച്ചാണ് നേരിട്ടത്. സമഗ്രമായ പോരാട്ടത്തിന്റെ ആ ദിശയിലേക്ക് മുന്നേറണമെന്നാണ് നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൈതൃകം നമ്മെ നിർബന്ധിക്കുന്നത്. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കുമൊപ്പം പട്ടിണി, തൊഴിലില്ലായ്മ, ചങ്ങാത്തമുതലാളിത്തം, അസമത്വങ്ങൾ, ദാരിദ്ര്യം എന്നിവയ്ക്കെതിരായ പോരാട്ടത്തിലൂടെ ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിനെ പരാജയപ്പെത്താൻ സാധിക്കും. നമ്മുടെ സമൂഹത്തിൽ ആർഎസ്എസും ബിജെപിയും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും പരത്താൻ ശ്രമിക്കുന്ന എല്ലാ രോഗങ്ങൾക്കുമുള്ള ഏറ്റവും നല്ല മറുമരുന്ന് അതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.