സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ദേശീയ സാംസ്കാരിക ജാഥ ഇന്ത്യയിലുടനീളം പ്രയാണം തുടരുകയാണ്. ഇപ്റ്റയ്ക്ക് 80 വയസ് പൂർത്തിയാവുന്ന വേളയിലാണ് രാജ്യത്തെ മറ്റൊരു കലാസാംസ്കാരിക പ്രസ്ഥാനത്തിനും അസാധ്യമായ ജനകീയ സാംസ്കാരിക ദൗത്യം നിർവഹിക്കുന്നത്. കശ്മീരിന്റെയും മണിപ്പൂരിന്റെയും ഹരിയാനയുടെയുമടക്കം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ഒഴുകികൊണ്ടിരിക്കുന്ന ചോരയും കണ്ണീരും ഉൾക്കൊള്ളുന്ന സ്നേഹമെന്ന രണ്ടക്ഷരം — ധായ് ആഖിർ പ്രേം എന്നതാണ് ദേശീയ സാംസ്കാരിക ജാഥയുടെ സന്ദേശം. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വാർഷിക ദേശീയ സെമിനാറോടുകൂടിയാണ് സാംസ്കാരിക ജാഥയുടെ കേരളത്തിലെ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.
സെമിനാറിന് ഇപ്റ്റ തെരഞ്ഞെടുത്ത ദിവസത്തിനുമുണ്ട് ചരിത്ര പശ്ചാത്തലം. വൈക്കത്തിന്റെ ഒരറ്റത്തുനിന്ന് ഉത്ഭവിച്ച്, നഗരമധ്യത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ചേർന്നിരുന്ന അന്ധകാരത്തോടിന്റെ കരയിൽ റോഡരികിലാണ് ജാതിഭേദത്തിന്റെ അടയാളവും കുപ്രസിദ്ധവുമായിരുന്ന തീണ്ടൽപ്പലക നിലനിന്നിരുന്നത്. അത്തരം നാല് പലകകൾ ക്ഷേത്രത്തിന്റെ നാലു വീഥികളിലും സ്ഥാപിച്ചിരുന്നു. ‘ഇവിടം മുതൽ ക്ഷേത്രസ്ഥാനമാകയാൽ ഈഴവർ, പുലയർ മുതലായ തീണ്ടാ ജാതിക്കാർ പ്രവേശിക്കാൻ പാടില്ല’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സർക്കാർ വിളംബര പ്രകാരം ഈ വീഥികളിലെല്ലാം സർക്കാർ അധീനതയിലുള്ള ഉത്തരവുണ്ടായി.
പൗരാവകാശനിഷേധത്തിന്റെയും ഉച്ചനീചത്വത്തിന്റെയും പ്രതീകമായി നിലകൊണ്ട തീണ്ടൽപ്പലകകളെ ജനങ്ങളുടെ ഇച്ഛാശക്തി കൊണ്ട് കാലത്തിന്റെ ഇരുട്ടിലേക്ക് പിഴുതെറിഞ്ഞ്, വൈക്കം സത്യഗ്രഹത്തിന്റെ വിജയം പ്രഖ്യാപിച്ച നവംബർ 23ന്, ചരിത്ര സ്മരണകളിൽ നിറഞ്ഞുനില്‍ക്കുന്ന മഹാത്മജി ചർച്ചക്കെത്തിയ പഴയ ഇണ്ടംതുരുത്തി മനയിൽ നടക്കുന്ന ദേശീയ സെമിനാർ ഇപ്റ്റ ദേശീയ പ്രസിഡന്റ് ഡോ. പ്രസന്നയാണ് ഉദ്ഘാടനം ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി അഭിസംബോധന ചെയ്യും. നൂറ് സാംസ്കാരികപദയാത്രകളും ചരിത്രഭൂമികളിൽ കലാസാംസ്കാരിക സംഗമങ്ങളുമാണ് ഇപ്റ്റ കേരള ഘടകം തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കുക, ശാസ്ത്രീയ ചിന്തയും യുക്തിബോധവും പ്രചരിപ്പിക്കുക, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളെയും വർഗീയ ഫാസിസത്തെയും എതിർക്കുക, ജനങ്ങളിൽ പരിസ്ഥിതി അവബോധവും ലിംഗനീതിയും സൃഷ്ടിക്കുക, കൃഷിക്കാരുടെയും കർഷകരുടെയും പ്രതിസന്ധി തുറന്നു കാണിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് ജാഥ ഉയർത്തിപ്പിടിക്കുന്നത്.
സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്റെ ജന്മദിനമായ സെപ്തംബർ 29ന് രാജസ്ഥാനിലെ അൽഹാറിൽ നിന്ന് ആരംഭിച്ച് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനമായ 2024 ജനുവരി 30ന് ഡൽഹിയിലെ രാജ്ഘട്ടിൽ യാത്ര സമാപിക്കും.
രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡിഷ, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെ ജാഥ ഇതിനകം കടന്നുപോയി. കലാകാരൻമാർ, എഴുത്തുകാർ, ചിത്രകാരൻമാർ, ഗായകർ, സംഗീത സംവിധായകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തമാണ് ജാഥയിലുടനീളം.
കൈത്തറിയിൽ നെയ്തെടുത്ത ഷാളുകളും ടവ്വലുകളും വില്പന നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിൽ ജാഥയുടെ ചെലവിനുള്ള പണം കണ്ടെത്തുന്നത്. ജാഥാംഗങ്ങൾ ഗ്രാമങ്ങളിലും പട്ടികജാതി കോളനികളിലും ആദിവാസി ഊരുകളിലുമാണ് അന്തിയുറങ്ങുന്നത്. സാധാരണക്കാരോടൊപ്പം അവർ നല്‍കുന്ന ഭക്ഷണം കഴിക്കുന്നു. ഗ്രാമീണ ജനങ്ങളുടെ മനസിലൂടെയാണ് ജാഥ കടന്നുപോകുന്നത്.
‘ജനങ്ങളെ ഒരുമിപ്പിക്കണം. കായികാധ്വാനം ചെയ്യുന്നവരോടുള്ള അവഗണന മാറണം. പ്രവൃത്തി ആരാധനയാണ് എന്ന ബോധ്യം പൊതുസമൂഹത്തിന് ഉണ്ടാവണം. രാജ്യത്ത് നിലനില്‍ക്കുന്ന വെറുപ്പിന്റെയും സംശയത്തിന്റെയും അന്തരീക്ഷം പൂർണമായും മാറണം. രാജ്യം ഏക മനസോടെ ഒരുമിക്കണം’. അതാണ് ഇപ്റ്റയുടെ ആഹ്വാനമെന്ന് ഡോ. പ്രസന്ന വ്യക്തമാക്കുന്നു. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും സാംസ്കാരിക വൈവിധ്യവും സംരക്ഷിക്കാനും രാജ്യപുരോഗതിക്കും വേണ്ടിയുള്ള ഇപ്റ്റയുടെയും മറ്റു പുരോഗമനപ്രസ്ഥാനങ്ങളുടെയും പോരാട്ടത്തിൽ വർത്തമാനകാല ഇന്ത്യയിലെ മുഴുവൻ മനുഷ്യസ്നേഹികളും അണിചേരേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.