18 May 2024, Saturday

ജോർദാനിൽ വിസ്മയം തീർത്ത കേരള സഹകരണ നേട്ടങ്ങൾ

വി എന്‍ വാസവന്‍
(തുറമുഖ സഹകരണ വകുപ്പ് മന്ത്രി)
May 5, 2024 4:34 am

ഏഷ്യ‑പസഫിക് മേഖലയിലെ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ഐസിഎ) ജോർദാനിൽ സംഘടിപ്പിച്ച 11-ാമത് ഏഷ്യാ- പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടി ലോക സഹകരണമേഖലയ്ക്ക് മുന്നിൽ കേരളത്തിന്റെ യശസ് ഉയർത്തുന്ന വേദിയായി. 29 രാജ്യങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഐസിഎ ഭാരവാഹികളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഒരു സംസ്ഥാനത്തെ പ്രതിനിധീകരിക്കുവാൻ ക്ഷണം ലഭിച്ചത് കേരളത്തിനു മാത്രമായിരുന്നു. ഏഷ്യാ-പസഫിക് മേഖലയിലെ ജനസംഖ്യയിൽ 60 ശതമാനവും സഹകരണ സംഘങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരോ ഗുണഭോക്താക്കളോ ആണ്. അതിലാണ് നാം മുൻ നിരയിലുള്ളത്. ഈ രംഗത്ത് നമ്മുടെ നാട് അന്തർദേശീയ തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് സമ്മേളനത്തിൽ നമുക്ക് ലഭിച്ച അംഗീകാരം തെളിയിക്കുന്നത്. പ്രളയം, കോവിഡ് കാലങ്ങളിൽ കേരളത്തിലെ സഹകരണ മേഖല സർക്കാരിനും ജനജീവിതത്തിനും നൽകിയ വലിയ കൈത്താങ്ങ്, കേരള ബാങ്കിന്റെ രൂപീകരണത്തിലൂടെ നാടിനു ലഭ്യമായ വലിയ സഹകരണ ധനകാര്യ സ്ഥാപനത്തിന്റെ മാത്യക, വൈവിധ്യവൽക്കരണത്തിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നേടിയെടുത്ത പ്രൊഫഷണൽ മികവ്, കൺസ്യൂമർ, മാർക്കറ്റിങ് രംഗങ്ങളിലെ പ്രവർത്തനമികവ്, കാർഷിക സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഇടപെടലുകൾ എന്നിവ അംഗ രാഷ്ട്രങ്ങൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തു.
സഹകരണ പ്രസ്ഥാനങ്ങൾ എങ്ങനെ മികച്ച വാണിജ്യ മാതൃകകളാക്കി പരിവർത്തനപ്പെടുത്തിക്കൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കാം എന്ന വിഷയത്തെക്കുറിച്ചുള്ള രണ്ടാം ദിനത്തിലെ ചർച്ചയിൽ പ്രബന്ധം അവതരിപ്പിച്ചപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയുടെയും കേരള ബാങ്കിന്റെയും വിജയഗാഥകൾ ഏഷ്യൻ മേഖലയിലെ വിജയകരമായ മാതൃകകളാണെന്നും, കേരളത്തിന്റെ സാമ്പത്തിക, കാർഷിക, വിദ്യാഭ്യാസ, വ്യാവസായിക, ആരോഗ്യ, ഭവനനിർമ്മാണ, തൊഴിൽ, സ്ത്രീ-യുവജനശാക്തീകരണ മേഖലകളിൽ സഹകരണ മേഖല വഹിച്ച പങ്കും ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിച്ചപ്പോൾ ലേഖകന്‍ സൂചിപ്പിച്ചിരുന്നു.
2025 അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനനുസൃതമായ പദ്ധതികൾ കേരളം ആവിഷ്കരിക്കും. സഹകരണ പ്രസ്ഥാനങ്ങളും സര്‍ക്കാരും തമ്മിൽ സുസ്ഥിര വികസനത്തിനും ഏവരെയും വികസന, ക്ഷേമപ്രവർത്തനങ്ങളിൽ ചേർത്തു നിർത്തുന്നതിനും വളർത്തിയെടുക്കേണ്ട പങ്കാളിത്തമായിരുന്നു പ്രതിപാദ്യവിഷയം. അതിന്റെ അടിസ്ഥാനത്തില്‍ സർക്കാരും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം, സഹകരണ അതിജീവനശേഷി, സുസ്ഥിര വികസനം, പ്രതിരോധശേഷി, വളർച്ചയുടെ പരിപാലനം എന്നിവ മന്ത്രിതല ഉച്ചകോടിയിൽ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഹകരണ സംഘങ്ങൾ നൂതനവും നേതൃത്വപരവുമായ പങ്ക് വഹിക്കണമെന്നാണ് ഉച്ചകോടി നിർദേശിച്ചത്. പൊതു, സ്വകാര്യമേഖലകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം എന്നിവയിൽ അഭ്യസ്തവിദ്യരായ യുവതി, യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾക്ക് ഇടപെടാൻ കഴിയും. അതിലേക്കാണ് കൂടുതൽ ശ്രദ്ധചെലുത്തേണ്ടത്. അതോടൊപ്പം പ്രാദേശിക, ദേശീയ തലങ്ങളിൽ ദേശീയ — പ്രാദേശിക സഹകരണ പ്രസ്ഥാനങ്ങള്‍ തമ്മിൽ മികച്ച ബന്ധം ഉറപ്പാക്കേണ്ടതുണ്ടെന്ന നിർദേശവും മുന്നോട്ടുവച്ചു.

 


ഇതുകൂടി വായിക്കൂ: ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി


പ്രവർത്തിക്കാനുള്ള എളുപ്പം, ബിസിനസ് സുസ്ഥിരത, സാമൂഹ്യ പ്രതിബദ്ധത, ജനാധിപത്യ ഭരണവും ശാക്തീകരണവും, തുല്യത, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, വളർച്ച, എളുപ്പത്തിലുള്ള രൂപീകരണം, പരിമിതമായ ബാധ്യത എന്നിവയാണ് സഹകരണ സംഘങ്ങളുടെ പ്രധാന ശക്തി. അത് പുരോഗതിക്കുള്ള ശക്തിയായി രാജ്യങ്ങൾ ഉപയോഗപ്പെടുത്തണം. മേഖലയിലെ രാജ്യങ്ങളിൽ സഹകരണ സ്ഥാപനങ്ങളിലൂടെ, സാമൂഹിക സാമ്പത്തിക വികസനം സുഗമമാക്കുന്നതിന് ഐസിഎ, സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും അനുയോജ്യമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യും. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിയമനിർമ്മാണ പരിഷ്കാരങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. കേരളം സമഗ്രനിയമപരിഷ്കരണം നടപ്പിലാക്കിയത് ഉച്ചകോടിയിൽ ഉയർത്തിക്കാണിക്കാനായി. കേരളത്തിന്റെ സാമ്പത്തിക, കാർഷിക, വിദ്യാഭ്യാസ, വ്യവസായിക, ആരോഗ്യ, ഭവനനിർമ്മാണ, തൊഴിൽ, സ്ത്രീ-യുവജനശാക്തീകരണ മേഖലകളിലെല്ലാം ഉള്ള സഹകരണ ഇടപെടലും ചൂണ്ടിക്കാട്ടി. വൈവിധ്യവൽക്കരണത്തിലും ആധുനികവൽക്കരണത്തിലും ശ്രദ്ധയൂന്നി കേരളത്തിലെ സഹകരണ മേഖല പൂർവാധികം ശക്തമായി മുന്നോട്ടുപോകുന്നതിനുള്ള പദ്ധതികളും വ്യക്തമായി അവതരിപ്പിച്ചു. മാറുന്ന ലോക സാമ്പത്തിക സാഹചര്യത്തിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും, സുസ്ഥിരത ഉറപ്പാക്കുന്നതിലും രാജ്യത്തെ ഉപജീവനമാർഗങ്ങളെയും ഗ്രാമീണ സമൃദ്ധിയെയും പിന്തുണയ്ക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കാനാകും.
തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും നൈപുണ്യ വികസനം സഹായിക്കും. കൃഷി കാർഷിക ബിസിനസിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, സുസ്ഥിരമായ ഉപജീവന നടപടികൾ അനുവർത്തിക്കുന്നതിലും കാർഷിക മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ വിജയകരമായ പ്രവർത്തനങ്ങളുടെ ഇടപെടലുകൾ സഹായിക്കുമെന്ന് സമ്മേളനം വിലയിരുത്തി. അതിനുതകുന്ന നയങ്ങൾ രൂപീകരിച്ച് യോജിച്ച പ്രവർത്തനങ്ങൾ സാധ്യമാക്കും. ഉച്ചകൊടി മുന്നോട്ടുവച്ചിരിക്കുന്ന സഹകരണം പൂർണഅർത്ഥത്തിൽ സാധ്യമായാൽ ഹെൽത്ത് ടൂറിസം, ജിറിയാട്രിക്ക് കെയർ, ആയുർവേദം, ഭക്ഷ്യ ഉല്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി തുടങ്ങിയ രംഗത്ത് കേരളത്തിന് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. കയറ്റുമതി രംഗത്ത് ഈ സഹകരണത്തിലൂടെ വരുമാനവും തൊഴിൽ സാധ്യതയും വർദ്ധിക്കും. കൊച്ചിയിൽ നടന്നു വരുന്ന സഹകരണ എക്സ്പോ ഈ മേഖലയിലെ രാജ്യാന്തര എക്സിബിഷൻ വേദിയാക്കി ഉയർത്താൻ കഴിയും. ഈ വേദി രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനുള്ള വേദിയായി ഉയർത്തുകയാണ് ലക്ഷ്യം. ഈ മേഖലയിൽ ഒരു രാജ്യാന്തര സഹകരണ വിപണി ഒരുക്കുവാൻ ഇതിലൂടെ സാധ്യമാവും. കേന്ദ്ര സഹകരണ അ‍ഡീഷണൽ സെക്രട്ടറി പങ്കജ്കുമാർ ബെൻസാൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, ഐസിഎ ഇന്ത്യാ റീജനൽ ഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ, ഏഷ്യാ-പസഫിക് പ്രസിഡന്റ് ചന്ദ്രപാൽ സിങ് യാദവ് എന്നിവർ ഇന്ത്യയിൽ നിന്ന് പ്രതിനിധികളായി ഉച്ചകോടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.