ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം നീളും. തുരങ്കത്തിലേക്ക് മലമുകളില്‍ നിന്നും ലംബമായി തുരക്കാൻ ആരംഭിച്ചു. നിലവിൽ 15 മീറ്ററോളം കുത്തനെ തുരന്നതായി എൻഎച്ച് ഐഡിസിഎൽ എംഡി മഹ്മൂദ് അഹമ്മദ് അറിയിച്ചു. കുത്തനെ തുരക്കുന്നതിനിടയിൽ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കിൽ നാല് ദിവസത്തിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മുകളിൽ നിന്ന് 86 മീറ്ററോളം തുരന്നാൽ മാത്രമേ രക്ഷാദൗത്യം ലക്ഷ്യത്തിലെത്തുകയുള്ളൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തുരങ്കത്തിന് സമാന്തരമായി തുരക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. അമേരിക്കൻ നിര്‍മ്മിത ഓഗര്‍ മെഷീൻ ഉപയോഗിച്ച് സ്റ്റീൽ ദണ്ഡുകൾ അറുത്തു മാറ്റി സമാന്തരമായി തുരക്കാനായിരുന്നു ഇതുവരെയും ശ്രമിച്ചിരുന്നത്. എന്നാൽ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങളിൽ കുടുങ്ങി തുരക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം നിരന്തരമായി തടസപ്പെട്ടതോടെ ആ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. തുടർന്നാണ് കുത്തനെ തുരക്കാൻ തീരുമാനിച്ചത്.
രക്ഷാദൗത്യം എന്ന് പൂര്‍ത്തീകരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമായി പറയാനാകില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ പറഞ്ഞു. തുരങ്കം തകർന്നതിനെത്തുടർന്ന് കഴിഞ്ഞ 15 ദിവസങ്ങളായി 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിന്റെ 60 മീറ്ററോളം ഭാഗമാണ് കല്ലും മണ്ണും ഇടിഞ്ഞ് അടഞ്ഞുപോയത്. വെളിച്ചം, ഓക്‌സിജൻ, ഭക്ഷണം, വെള്ളം, മരുന്നുകള്‍ എന്നിവ ലഭ്യമായതിനാല്‍ തൊഴിലാളികള്‍ സുരക്ഷിതരാണ്. നിലവില്‍ ഡ്രില്ലിങ് നടത്തിയ ഭാഗത്തേക്ക് ഓരോ തൊഴിലാളികളെ വീതം പ്രവേശിപ്പിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനവും രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ട്. കരസേനയുടെ എന്‍ജിനീയറിങ് കോറില്‍ ഉള്‍പ്പെടുന്ന മദ്രാസ് സാപ്പേഴ്‌സിന്റെ ഒരു യൂണിറ്റ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാൻ ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
English Summary:Tunnel accident in Uttarkashi; The rescue mission will be extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.