27 April 2024, Saturday

Related news

April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024
April 3, 2024

അഗ്നി 5 ദിവ്യാസ്ത്ര ദൗത്യം വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2024 11:07 pm

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവപ്രഹരശേഷിയുള്ള അഗ്നി 5 മിസൈലിന്റെ ദിവ്യാസ്ത്ര ദൗത്യം വിജയം. മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്റലി ടാര്‍ജറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അഗ്നി 5 മിസൈല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ആണവായുധ രംഗത്ത് ഇന്ത്യക്ക് തന്ത്രപ്രധാന സ്ഥാനമുറപ്പിക്കുന്നതാണ് അഗ്നി 5 എംഐആര്‍വി മിസൈല്‍. പതിറ്റാണ്ടുകളായി ഡിആര്‍ഡിഒ നടത്തിവരുന്ന ശ്രമങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ദൗത്യത്തിന്റെ വിജയം. ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഏറ്റവും പ്രഹരശേഷി കൂടിയ അഗ്നി പരമ്പരയിലെ ഏറ്റവും പുതിയതാണ് അഗ്നി 5. 

5500 മുതല്‍ 5800 കിലോമീറ്റര്‍ ദൂരം മീസൈലിന് സഞ്ചരിക്കാന്‍ കഴിയും. അതായത് ചൈനയുടെ വടക്കന്‍ ഭാഗങ്ങളും യൂറോപ്പിന്റെ ചില പ്രദേശങ്ങളും ഉള്‍പ്പെടെ ഏഷ്യന്‍ ഭൂഖണ്ഡം മുഴുവനും മിസൈലിന്റെ പരിധിയില്‍ വരും. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള പത്തോളം വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു മിസൈലില്‍ നിന്ന് തന്നെ കൃത്യമായ വിക്ഷേപണം നടത്താന്‍ കഴിയുമെന്നതാണ് എംഐആര്‍വി സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഒരേസമയം കിഴക്ക്, പാശ്ചാത്യ രാജ്യങ്ങളെ മിസൈല്‍ പരിധിയില്‍ നിര്‍ത്താന്‍ ഇതിലൂടെ ഇന്ത്യക്ക് കഴിയും. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന രാജ്യങ്ങള്‍ മാത്രമാണ് എംഐആര്‍വി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. 

ഇസ്രയേലും പാകിസ്ഥാനും ഇത് വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപണം സാധ്യമാണ്. കര, സമുദ്രം, വ്യോമ മാര്‍ഗങ്ങളില്‍ നിന്ന് ആണവായുധം വിക്ഷേപിക്കാനുള്ള ശേഷി കൈവരിക്കാനുള്ള ഇന്ത്യയുടെ തീവ്ര ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയാണ് പുതിയ ദൗത്യം. 1990കളിലാണ് അഗ്നി മിസൈലുകളുടെ പരീക്ഷണം ഡിആര്‍ഡിഒ ആരംഭിച്ചത്. അഗ്നി ഒന്നു മുതല്‍ നാല് വരെയുള്ള മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സായുധശേഖരത്തിലുണ്ട്. 700 മുതല്‍ 3500 കിലോമീറ്റര്‍ വരെയാണ് ഇവയുടെ ദൂരപരിധി. അഗ്നി 5 എംഐആര്‍വി മിസൈല്‍ ദൗത്യത്തിന്റെ ‍ഡയറക്ടര്‍ ഒരു വനിതയാണെന്നാണ് വിവരം. ഇവരെ സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Eng­lish Summary:Agni 5 Divyas­tra mis­sion success

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.