19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
June 5, 2024
May 20, 2024
January 4, 2024
January 3, 2024
October 30, 2023
October 18, 2023
October 4, 2023
August 9, 2023
August 7, 2023

സുസ്ഥിര വികസനത്തില്‍‌ കേരളം മാതൃക

Janayugom Webdesk
തിരുവനന്തപുരം
January 4, 2024 11:43 pm

സുസ്ഥിര വികസനത്തിന്റെ കേരള മോഡൽ ലോകമാകെ അംഗീകരിക്കപ്പെട്ടതും മാതൃകയാക്കുന്നതുമാണെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ സുമൻ കുമാർ ബെറി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനമാണ് കേരളമെന്നും യുവതലമുറയുടെയും വയോജനങ്ങളുടെയും ക്ഷേമം ഒരേപോലെ ഉറപ്പാക്കേണ്ട വെല്ലുവിളിയാണ് ഇപ്പോൾ സംസ്ഥാനം നിർവഹിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
സാമൂഹിക, പശ്ചാത്തല വികസന മേഖലകളിലെ ഇടപെടലുകളും നൂതന പദ്ധതികളും മാതൃകാപരമാണ്. കിഫ്ബിയുടെ പണസമാഹരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ നയപരമായ വിഷയങ്ങളാണ്. ഇക്കാര്യത്തിൽ നിതി ആയോഗിന്റെ തലത്തിൽ നടത്താൻ കഴിയുന്ന പരിശോധന നടത്തും. സാമ്പത്തിക, ആസൂത്രണ മേഖലയിൽ കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പതിനാറാം ധനകാര്യ കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ നികുതി, വരുമാനങ്ങളുടെ വിഭജനവും വിനിയോഗവും സംബന്ധിച്ച പരിഗണനാ വിഷയങ്ങളിന്മേലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഉന്നയി‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള സ്റ്റേറ്റ് സപ്പോർട്ട് മിഷൻ കേരളത്തിനുള്‍പ്പെടെ ഏറെ സഹായകമാകുമെന്ന് ഉപാധ്യക്ഷൻ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമേഷൻ സംവിധാനങ്ങൾ സ്ഥാപിക്കാന്‍ താല്പര്യമുള്ള സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകും. ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേകമായ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഇടപെടലുകളാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലും ലോകനിലവാരമുള്ള ഗതാഗത പദ്ധതികൾ നടപ്പാക്കുന്നതിലും വലിയ തോതിൽ മുന്നോട്ടു പോകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യം വച്ച് 2016 ൽ കിഫ്ബി മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുകയാണ്. ഇതിന്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവു വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇത് സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം ഏബ്രഹാം, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബിന്ദ്രകുമാർ അഗർവാൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവരും പങ്കെടുത്തു. 

Eng­lish Sum­ma­ry: Ker­ala is a mod­el for sus­tain­able development

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.