തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗം രാജ്യത്തെയും ലോകത്തെയും രാഷ്ട്രീയ സംഭവങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് തയ്യാറാക്കി സമര്‍പ്പിച്ച കരട് രാഷ്ട്രീയ സ്ഥിതിഗതികള്‍ എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ഗഹനമായ ചര്‍ച്ചകള്‍ നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 370 അംഗങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയില്‍ പങ്കെടുത്തു. രാമകൃഷ്ണ പാണ്ഡ, കെ സാംബശിവറാവു, നിഷ സിന്ധു എന്നിവരടങ്ങിയ പ്രസീഡിയം യോഗങ്ങള്‍ നിയന്ത്രിച്ചു.
രാഷ്ട്രീയ സ്ഥിതിഗതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ഡി രാജ, ഇന്ത്യയും ലോകവും നേരിടുന്ന രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങള്‍ വിശദീകരിച്ചു. മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കുവാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കോര്‍പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാനായിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകാത്ത മോഡി സര്‍ക്കാര്‍ കോര്‍പറേറ്റ് ടാക്സ് 32 ശതമാനത്തില്‍ 27ശതമാനമായി വെട്ടിക്കുറച്ച് കുത്തകകളെ തലോടുകയായിരുന്നു. യുവാക്കളെയും സ്ത്രീകളെയും പാവങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ മോഡി, എന്താണ് അവര്‍ക്കുവേണ്ടി ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും പാവപ്പെട്ടവരുടെ ജീവിതവും ഗുരുതരാവസ്ഥയിലാണ്. രണ്ടു കോടി പുതിയ തൊഴില്‍ ഓരോ വര്‍ഷവും നല്‍കുമെന്ന് വാഗ്ദാനം നല്‍കി. വാഗ്ദാനപ്രകാരം 10 വര്‍ഷംകൊണ്ട് 20കോടി തൊഴിലവസരങ്ങള്‍ ലഭിക്കേണ്ടതാണ്. തൊഴില്‍രഹിതരായ യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു.
വനിതകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങള്‍ ഇല്ലാതാകുന്നു. രാജ്യത്തുടനീളം അതിക്രമങ്ങള്‍ നടക്കുന്നു. വനിതകള്‍ക്കും കുട്ടികള്‍ക്കും മോഡി സര്‍ക്കാരിനു കീഴില്‍ സുരക്ഷിതത്വമില്ല. കൃഷിക്കാരും ഗ്രാമീണ ഇന്ത്യയും ദുരവസ്ഥയിലാണ്. വരുമാനമില്ലാതെ ഗ്രാമീണ ജനങ്ങള്‍ നരകിക്കുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ജീവിതത്തില്‍ മാറ്റം വരുത്തിയിരുന്നു. അവര്‍ക്ക് മിനിമം വരുമാനം ഉണ്ടായി. ക്രയശേഷി ഉയര്‍ന്നു. അതോടെ ഗ്രാമീണ കമ്പോളം സജീവമായി. എന്നാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു നരേന്ദ്ര മോഡി പിറകോട്ടുപോയി. ഗ്രാമീണ ജനങ്ങളെ പാപ്പരാക്കുന്ന നിലപാടാണിത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നു പറഞ്ഞവര്‍, അവരുടെ ഉള്ള വരുമാനം പോലും ഇല്ലാതാക്കി. കര്‍ഷകര്‍ക്കും രാജ്യത്തിനും ദ്രോഹകരമായ കര്‍ഷകനയം പിന്‍വലിക്കുമ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ല.
കര്‍ഷകര്‍ ഇപ്പോള്‍ ദേശീയാടിസ്ഥാനത്തില്‍ പ്രക്ഷോഭം തുടരുകയാണ്. തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായി തൊഴിലാളികളും പ്രക്ഷോഭത്തിലാണ്. രാജ്യത്തുടനീളം കര്‍ഷകരുടെയും തൊഴിലാളികളുടെയും ഐക്യം ശക്തിപ്പെടുന്നുണ്ട്. ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകണമെന്ന് ജനറല്‍ സെക്രട്ടറി രാജ ആവശ്യപ്പെട്ടു.
സാര്‍വദേശീയ, ദേശീയ സംഭവവികാസങ്ങളെ കുറിച്ചും വളരെ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. രാജ്യത്ത് കോര്‍പറേറ്റ് ആധിപത്യം ശക്തിപ്പെട്ടുവരികയാണ്. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യം അനുദിനം വര്‍ധിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളെ കുറിച്ചും മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി വിവിധ വിഭാഗം ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ കുറിച്ചും ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
നരേന്ദ്ര മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ആ കടമ നിര്‍വഹിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിനു കാരണം അവരുടെ അധികാര ദാഹവും പാര്‍ട്ടിക്കുള്ളിലെ കിടമത്സരങ്ങളുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിക്ക് വിജയം നല്‍കിയത്. മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ അടിത്തറയുള്ള ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് കോണ്‍ഗ്രസ് തയ്യാറായില്ല. മുന്നണിയിലെ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. തെലങ്കാനയില്‍ സിപിഐ വലിയ വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് ഐക്യമുണ്ടായത്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും വിട്ടുനല്‍കാന്‍ തയ്യാറാകാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു. ഇന്ത്യ മുന്നണിക്ക് കിട്ടിയ വോട്ടുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സാഹചര്യം രൂപപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു.
ഛത്തീസ്ഗഢില്‍ പ്രത്യേകിച്ച് ബസ്താര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് സിപിഐ. അവിടെ ഐക്യമുണ്ടായിരുന്നെങ്കില്‍ മേഖലയിലെ എല്ലാ സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും അനുഭവം അതുതന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി ഉള്‍ക്കൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കോണ്‍ഗ്രസാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങളെ പിന്തള്ളി മതം, ഗോത്രം, ഭാഷ, ജാതി വിഷയങ്ങളെ മുന്നില്‍ പ്രതിഷ്ഠിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അജണ്ടയാണ് ബിജെപിയും സംഘ്‌പരിവാര്‍ സംഘടനകളും രൂപപ്പെടുത്തിയത്. പൂര്‍ത്തിയാകാത്ത അയോധ്യയിലെ ക്ഷേത്രത്തില്‍ രാമവിഗ്രഹ പ്രതിഷ്ഠയും ഗ്യാന്‍വാപി പള്ളിയിലെ പൂജയും അതാണ് വ്യക്തമാക്കുന്നത്. മണിപ്പൂരിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാത്തതും അതിന്റെ തെളിവാണ്.
ആഗോള‑ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഈ നീക്കത്തില്‍ സര്‍വവിധ പിന്തുണയും നല്‍കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിശാലമായ കമ്പോളം കൈവശപ്പെടുത്തുക എന്നതാണ് കോര്‍പറേറ്റുകളുടെ പ്രധാന താല്പര്യം. അതിനായി എത്ര കോടി ഡോളറും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ അവര്‍ തയ്യാറാണ്. അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ എന്തിനും മടിക്കാത്ത സമീപനമാണ് അവര്‍ സ്വീകരിക്കുക എന്നത് ഉറപ്പാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തയ്യാറെടുപ്പുകളും ദേശീയ കൗണ്‍സിലില്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും തെരഞ്ഞെടുപ്പ് ഫണ്ട് ഉള്‍പ്പെടെ സംഭരിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും തീരുമാനിച്ചു.
ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടിനെ ദേശീയ കൗണ്‍സില്‍ അപലപിച്ചു. ഇത്തരം സര്‍ക്കാരുകളോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, ഝാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വാളെടുക്കുകയാണ്. ഇഡി, സിബിഐ, ഇന്‍കം ടാക്സ്, എസ്എഫ്ഐഒ എന്നീ ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷ പാര്‍ട്ടികളെ തളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ബിജെപി വിരുദ്ധ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സാമ്പത്തികമായ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വായ്പ എടുക്കാന്‍ പോലും അനുവദിക്കുന്നില്ല. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നില്ല.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കേരളത്തിന് നല്‍കേണ്ട വിഹിതങ്ങള്‍ കൃത്യമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും നടത്തുന്ന സമരത്തിന് ദേശീയ കൗണ്‍സില്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
ലോക സംഭവവികാസങ്ങളെ കുറിച്ചും വിശദമായി ചര്‍ച്ച നടന്നു. ലോക സമാധാന കൗണ്‍സില്‍ പ്രസിഡന്റും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ പല്ലബ് സെന്‍ഗുപ്ത വിശദമായ റിപ്പോര്‍ട്ടാണ് കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചത്. പലസ്തീനിലേക്കുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍, ഇസ്രയേല്‍-സിറിയ മിസൈല്‍ ആക്രമണങ്ങള്‍, സിറിയന്‍ ജോര്‍ദാന്‍ മേഖലയിലെ യുഎസ് സെെനികസാന്നിധ്യം, ഹിസ്ബുള്ള വിഭാഗം ഇസ്രയേലിലേക്ക് നടത്തുന്ന ആക്രമണം, ഹൂതി ഭീകരര്‍ ചരക്കു കപ്പലുകള്‍ക്ക് എതിരായി നടത്തുന്ന ആക്രമണം, അതിനെതിരായ യുഎസ്, യുകെ സഖ്യരാജ്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇവയെല്ലാം മേഖലയെ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്.
ചുവന്ന കടല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്കുകടത്ത് മേഖലയാണ്. യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കും കിഴക്കന്‍ ആഫ്രിക്കയിലേക്കും ചരക്കുകള്‍ നീങ്ങുന്നത് പ്രധാനമായും സൂയസ് കനാല്‍ വഴിയാണ്. ആ മേഖലയാകെ സംഘര്‍ഷത്തിലാണ്. ഇറാനും പാകിസ്ഥാനും തമ്മിലും മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റ്, ചുവപ്പുകടല്‍ മേഖലകളില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നു. ലോക മേധാവിത്തം അടിച്ചേല്‍പ്പിക്കാനുള്ള യുഎസ് സര്‍ക്കാരിന്റെയും സഖ്യശക്തികളുടെയും നീക്കമാണിതിനുപിന്നില്‍. ഉഗാണ്ടയില്‍ ചേര്‍ന്ന 19-ാം ചേരിചേരാ സമ്മേളനം, മാല ദ്വീപ്, ബംഗ്ലാദേശ്, പോളണ്ട്, സ്ലോവാക്യ, നെതര്‍ലാന്‍ഡ്, അര്‍ജന്റീന എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ വലതുപക്ഷ വ്യതിയാനം എന്നിവയിലും ദേശീയ കൗണ്‍സിലില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ദേശ് ബച്ചാവോ, ബിജെപി ഹഠാവോ’ എന്ന മുദ്രാവാക്യം സാക്ഷാത്ക്കരിക്കാനുള്ള പ്രതിജ്ഞയുമായാണ് ദേശീയ കൗണ്‍സില്‍ സമാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.