20 November 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമകാലികാവസ്ഥ

ഡോ. സുബ്രഹ്മണ്യൻ സ്വാമി
February 14, 2024 4:39 am

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമകാലികാവസ്ഥയും അതിന്റെ സാധ്യതകളും ഗണിതത്തെയും സ്ഥിതിവിവരക്കണക്കിനെയും അടിസ്ഥാനമാക്കി പരിശോധിക്കേണ്ടതുണ്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പ്രസിദ്ധീകരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ ഉയർന്നുവരുന്ന മൂന്ന് നിഗമനങ്ങൾ പരിശോധിച്ചാല്‍ സാമ്പത്തിക വളർച്ചാനിരക്കിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. പാർലമെന്റിൽ വെളിപ്പെടുത്തിയതും പിന്നീട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതുമായ മോഡി സർക്കാരിന്റെ സാമ്പത്തിക പ്രകടനം വിശകലനം ചെയ്യാൻ ഇത് നമ്മെ സഹായിക്കും. ഒന്നാമതായി, രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് 2016–17 മുതൽ പ്രതിവർഷം കുറയുകയും 2019–20 നാലാം പാദത്തിൽ 3.5 ശതമാനത്തിൽ താഴെയാകുകയും ചെയ്തു. ഏഴ് ശതമാനത്തില്‍ നിന്ന് 3.5 ശതമാനത്തിലേക്കുള്ള തുടർച്ചയായ നാലുവർഷത്തെ ഇടിവ് സർക്കാർ അംഗീകരിച്ചിട്ടില്ല. രണ്ടാമതായി, 2020 മുതൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാപകമായി പ്രചരിപ്പിച്ച ‘വികാസ്’ അഥവാ വികസന മാതൃക, യഥാർത്ഥത്തിൽ ജിഡിപിയിൽ 1950–77കാലത്തെ ‘ഹിന്ദു വളർച്ചാനിരക്ക്’ എന്ന് വിളിക്കപ്പെടുന്ന നേട്ടം മാത്രമാണ് കൈവരിച്ചതെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മൂന്നാമത്, പി വി നരസിംഹ റാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും കാലത്ത്, ഇന്ത്യ സോഷ്യലിസ്റ്റ് പാതയിൽ നിന്ന് മാറിയതോടെ ജിഡിപി വളർച്ചാനിരക്ക് ആദ്യമായി പ്രതിവർഷം 6–8 ശതമാനമായി ഉയർന്നു. 1991–96നും 2004–14നും ഇടയിലെ 15 വര്‍ഷക്കാലം ചാക്രിക ഉയർച്ചതാഴ്ചകളോടെ ഈ വളര്‍ച്ചയുണ്ടായി. അതായത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മനസിലാക്കാനും പരിഷ്കരിക്കാനും സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കാനും മൂലധനത്തിനും തൊഴിൽദാതാക്കൾക്കും പ്രോത്സാഹനം വർധിപ്പിക്കുന്നതിനും ഉയർന്നതും വേഗത്തിലുള്ളതുമായ വളർച്ചാനിരക്ക് കൈവരിക്കാനും റാവുവിനും ഡോ. സിങ്ങിനും സാധിച്ചു.

 


ഇതുകൂടി വായിക്കൂ; പോരാട്ടത്തില്‍ കേരളം ഒറ്റയ്ക്കല്ല


മോഡി അധികാരമേറ്റതുമുതല്‍ ജിഡിപി വളർച്ചാ നിരക്കിലെ ഗുരുതരവും തുടർച്ചയായതുമായ ഇടിവ് ഭയപ്പെടുത്തുന്നതാണ്. ഈ ഇടിവ് 2016 മുതല്‍ ഇന്നും തുടരുന്നു. രാജ്യത്തിന് അനുയോജ്യമായ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടു. 2014–23 കാലഘട്ടത്തിൽ വലിയ പൊരുത്തക്കേടാണ് നിലനിന്നിരുന്നത്. ഒരുപക്ഷേ ഭാവിയിലും അത് തുടരും. 2016 മുതൽ ജിഡിപി വളർച്ച കുറയുക മാത്രമല്ല, പൊലിമയുള്ള പ്രവചനങ്ങളുടെ ലജ്ജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിക്രൂരമായ അവകാശവാദങ്ങളാണ് മോഡി നടത്തുന്നത്. 2024ഓടെ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറും എന്നാണ് 2019ൽ നടത്തിയ അവകാശവാദം. ഇത് അഞ്ച് വർഷത്തിനുള്ളിൽ ജിഡിപി ഇരട്ടിയാകുമെന്നോ, ജിഡിപിയുടെ 15 ശതമാനം വാർഷിക വളർച്ചാനിരക്കിലെത്തുമെന്നോ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നയരൂപീകരണങ്ങളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല. പൊതുവേദികളിൽ ഇത് ചർച്ചചെയ്യാൻ സർക്കാരിൽ ആരും സന്നദ്ധത കാണിച്ചിട്ടുമില്ല.
കോവിഡ് 19നുശേഷം, ജിഡിപി വളർച്ചാനിരക്ക് പ്രതിവർഷം ആറ് ശതമാനത്തിലേറെയാണെന്ന് നാം മാധ്യമങ്ങളിലൂടെ കാണുകയും വായിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് മനഃപൂർവമുള്ള തെറ്റിദ്ധരിപ്പിക്കലാണ്. 2020–22 മുതൽ വളർച്ചാനിരക്കിൽ വീണ്ടെടുക്കലെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ 2019–20നും 2022–23നും ഇടയിലുള്ള രണ്ട് വർഷങ്ങളിലെ ജിഡിപി വളർച്ചാനിരക്ക് പ്രതിവർഷം നാല് ശതമാനത്തിൽ താഴെയാണെന്ന് കാണാം. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മോഡി സർക്കാരിന് വസ്തുതകൾ സുതാര്യമായി ജനങ്ങളോട് വെളിപ്പെടുത്താൻ ബാധ്യതയുണ്ട്.
കുറഞ്ഞ ആവശ്യകതയും താരതമ്യേന കൂടിയ വിതരണവും ഉള്ള കാലത്ത്, സര്‍ക്കാരിന്റെ വിഭവസമാഹരണം പരോക്ഷ നികുതികളിലൂടെയും സമ്പന്നരല്ലാത്ത പൗരന്മാരിൽ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് കറൻസി നോട്ടുകളുടെ ഉദാരമായ അച്ചടിയിലൂടെയും ആയിരിക്കണം. ഇടത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിശ്ചിതകാല സമ്പാദ്യത്തിന് നൽകുന്ന വാർഷിക പലിശ ഒമ്പത് ശതമാനമോ കൂടുതലാേ ആയിരിക്കണം. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പകളുടെ പലിശ ആറ് ശതമാനത്തില്‍ കൂടുകയുമരുത്. വിലക്കയറ്റമില്ലാതെ ഡിമാൻഡ് സൃഷ്ടിക്കുന്നതിന് ഈ അവശ്യ പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.
“മോഡിനോമിക്സ്” ഘടനാരഹിതമായ ഒരു പരാജയമാണ്. പ്രഖ്യാപിത മാക്രോ ഇക്കണോമിക് ലക്ഷ്യങ്ങളൊന്നും ഇതുവരെ സർക്കാർ നേടിയിട്ടില്ല. അതിനാൽ, ഇന്ത്യക്ക് അടിയന്തരമായി ഒരു പുതിയ സാമ്പത്തിക നയം ആവശ്യമാണ്. വ്യക്തവും ഘടനാപരമായതും ലക്ഷ്യങ്ങളും മുൻഗണനകളും നിശ്ചയമുള്ളതും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള തന്ത്രവും, സുതാര്യവുമായ വിഭവസമാഹരണ പദ്ധതിയുമുള്ള നയം. നിലവിൽ, ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഉത്തരവാദിത്തമില്ലാത്ത, പൊരുത്തക്കേടുകൾ നിറഞ്ഞ പൊതുപ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂ.

 


ഇതുകൂടി വായിക്കൂ; അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും


 

 

വിപണിസംവിധാനം ഒരിക്കലും എല്ലാവർക്കും സൗജന്യമായതോ താൽക്കാലികനടപടിയോ അല്ല. ഇടപാടുകള്‍ക്കുള്ള നിയമങ്ങളോടെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. സുതാര്യവും കുറഞ്ഞ നിയന്ത്രണവുമുള്ള വിപണിസമ്പ്രദായത്തില്‍ പ്രധാന നിയന്ത്രണം പ്രോത്സാഹനങ്ങളുടെയും ആഭ്യന്തര സമ്പാദ്യത്തിന്റെയുമായിരിക്കും. അതിന്റെ നവീകരണം ഉല്പാദനക്ഷമതയും അതുവഴി ജിഡിപി വളർച്ചാനിരക്കും ഉയർത്തും. ചൈന പോലുള്ള രാഷ്ട്രങ്ങള്‍ പോലും ഇത് മനസിലാക്കുകയും ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത്, രാഷ്ട്രീയ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്തു.
സ്ഥിരതയാര്‍ന്ന പ്രവർത്തനം, സാമൂഹിക സുരക്ഷ, സുരക്ഷാ മാനദണ്ഡങ്ങള്‍, ഉത്തരവാദിത്തം, ട്രസ്റ്റിഷിപ്പ് എന്നിവ സാമ്പത്തിക വ്യവസ്ഥയിലെ പാവപ്പെട്ടവരുടെ പങ്കാളിത്തത്തിന് അത്യന്താപേക്ഷിതമാണ്. സുതാര്യമായ വിപണി വ്യവസ്ഥയില്‍ ലാഭമുണ്ടാക്കുന്നത് നിയമാനുസൃതമാക്കണം. ത്വരിതഗതിയിലുള്ള നിയന്ത്രണങ്ങൾ മൂലമുണ്ടാകുന്ന പൊരുത്തക്കേടുകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ജനാധിപത്യ സ്ഥാപനങ്ങളെ അധികാരപ്പെടുത്തണം. 1991നുശേഷം റഷ്യ അരാജകത്വത്തിനും ദുരിതത്തിനും വിധേയമായത് ഒരു പാഠമാണ്. അവിടെ മനുഷ്യാവകാശങ്ങളും ജനാധിപത്യവും പരിമിതപ്പെട്ടു. സ്വേച്ഛാധിപത്യത്തിലേക്കുള്ള നിലവിലെ ഇന്ത്യയുടെ നീക്കം റഷ്യയുടെ അവസ്ഥയിലേക്കാണ് നയിക്കുക.
(അവലംബം: ദ ഹിന്ദു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.