23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഭരണവിരുദ്ധ വികാരം: സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നിഷേധിച്ച് ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 11:47 pm

രാജ്യത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും പ്രതിപക്ഷ ഇന്ത്യ സഖ്യവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്ക് ഭീഷണിയാകുന്നു. ആദ്യ രണ്ടുഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍, 21 ശതമാനം സിറ്റിങ് എംപിമാരെ ഒഴിവാക്കി. ആറ് മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ ഇറക്കി ഡൽഹിയിലാണ് ബിജെപി വൻ അഴിച്ചുപണി നടത്തിയത്. എഎപിയും കോണ്‍ഗ്രസും തമ്മില്‍ ഇത്തവണ ഇന്ത്യ സഖ്യമായിട്ടാണ് ഡല്‍ഹിയില്‍ മത്സരിക്കുന്നത്. ഇക്കാരണത്തില്‍ നിലവിലുള്ള എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ ബിജെപി നിര്‍ബന്ധിതരായി.

സീറ്റ് നിഷേധിക്കപ്പെട്ടവരില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, രമേശ് ബിധൂരി, പര്‍വേഷ് വര്‍മ, ഹന്‍സ് രാജ് ഹന്‍സ്, രാജ്യവര്‍ധന്‍ സിങ് റാതോഡ്, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഭോജ്പുരി നടനായ മനോജ് തിവാരി മാത്രമാണ് വീണ്ടും മത്സരരംഗത്തുള്ളത്.
ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 22 ശതമാനവും എഎപിക്ക് 18 ശതമാനവും വോട്ട് ലഭിച്ചിരുന്നു. ബിജെപിക്ക് 56 ശതമാനമായിരുന്നു വോട്ട്. ബിജെപി 46, എഎപി 33 ശതമാനം. കോണ്‍ഗ്രസിന് 15 ശതമാനം എന്നിങ്ങനെയാണ് 2014 ലെ വോട്ട് വിഹിതം.

ഭരണവിരുദ്ധവികാരം ഘടകമായാല്‍ ഡല്‍ഹിയില്‍ സ്ഥിതി മാറിമറിയുമെന്നാണ് ബിജെപിയുടെ ഭയം. സുഷമ സ്വരാജിന്റെ മകള്‍ ബൻസുരി സ്വരാജ്, യോഗേന്ദ്ര ചന്ദോളിയ, ഹർഷ് മൽഹോത്ര, ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി, വ്യവസായി പ്രവീൺ ഖണ്ഡേൽവാള്‍, കമൽജീത് സെഹ്‌രാവത്ത് എന്നിവരാണ് ഇത്തവണ ഡല്‍ഹിയിലെ ബിജെപിയുടെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍.

രണ്ടു ഘട്ടങ്ങളിലായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 267 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഇതില്‍ 140 സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് ലഭിച്ചു. ആദ്യഘട്ട പട്ടികയില്‍ 33 സിറ്റിങ് എംപിമാരെ ഒഴിവാക്കിയപ്പോള്‍ രണ്ടാം പട്ടികയില്‍ 30 പേരെ പരിഗണിച്ചില്ല. ഗുജറാത്തിലെ ഏഴ് സിറ്റിങ് എംപിമാരിൽ മൂന്നുപേർക്കു മാത്രമാണ് വീണ്ടും അവസരം നല്‍കിയിട്ടുള്ളത്. വിവാദ പ്രസ്താവന നടത്തിയവര്‍ പലര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല. പ്രഗ്യാ ഠാക്കൂര്‍, അനന്ദ് കുമാര്‍ ഹെഗ്ഡെ തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റ് പുകയാക്രമണക്കേസിലെ പ്രതികള്‍ക്ക് പാസ് നല്‍കിയ പ്രതാപ് സിംഹയ്ക്കും സീറ്റ് ലഭിച്ചില്ല. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ വിമത സ്ഥാനാര്‍ത്ഥികളായേക്കുമെന്ന സാഹചര്യവും ബിജെപി നേരിടുന്നുണ്ട്.

Eng­lish Summary:Anti-incumbency sen­ti­ment: BJP denied seats to sit­ting MPs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.