24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

എറണാകുളത്ത് നില കിട്ടാതെ ബിജെപി

ആർ ഗോപകുമാർ
കൊച്ചി
March 15, 2024 9:48 pm

എറണാകുളത്ത് എൽഡിഎഫും യുഡിഎഫും പ്രചാരണം തുടരുമ്പോഴും ബിജെപി കളത്തിനുപുറത്ത്. ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായില്ല. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ദേശീയതലത്തിൽ പ്രഖ്യാപിച്ചിട്ടും എറണാകുളം ഉൾപ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാല് സീറ്റുകളിലെയും സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
എറണാകുളം സീറ്റിലേക്ക് മുതിർന്ന നേതാക്കളുടെയടക്കം പേര് സംസ്ഥാന നേതൃത്വം കൊടുത്തെങ്കിലും പകരം മാധ്യമ രംഗത്തുള്ള വനിതയുടെ പേര് കേന്ദ്രനേതൃത്വം നിർദേശിച്ചു. ഈ പേര് ജില്ലാ കമ്മറ്റി ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു. ആരെ മത്സരിപ്പിക്കുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. സംവിധായകൻ മേജർ രവി അടക്കമുള്ളവർ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. 

എറണാകുളം കൂടാതെ കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മറ്റ് പാർട്ടികളിൽ നിന്ന് മറുകണ്ടം ചാടുന്നവരെ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഈ സീറ്റുകൾ ഒഴിച്ചിരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. കേരള കോൺഗ്രസിന്റെ ഉപവിഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കളിൽ ഒരാളെ പാർട്ടിയിലേക്ക് കൊണ്ടുവരാനും സ്ഥാനാർത്ഥിയാക്കാനുമുള്ള ചർച്ചകൾ സജീവമാണ്. ഈ നീക്കം പരാജയപ്പെട്ടാൽ ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഏതെങ്കിലും പ്രമുഖനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് ശ്രമം. കെഎസ് രാധാകൃഷ്ണന്റെ പേരും സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാൻ അദ്ദേഹം താല്പര്യം അറിയിച്ചില്ല. 

സ്ഥിരം സ്ഥാനാര്‍ത്ഥിയായ എ എൻ രാധാകൃഷ്ണനും പ്രതീക്ഷയിലാണ്. 2009, 14 വർഷങ്ങളിൽ രാധാകൃഷ്ണൻ ഇവിടെ മത്സരിച്ചിരുന്നു. വിജയസാധ്യത കുറഞ്ഞ മണ്ഡലമായിട്ടാണ് ബിജെപി നേതൃത്വം എറണാകുളത്തെ കാണുന്നത്. ഗ്രൂപ്പ് കളി കൊണ്ട് പൊറുതിമുട്ടുന്ന ജില്ലയിൽ ആരു വന്നാലും കാലുവാരൽ ഉറപ്പാണെന്ന് നേതാക്കളും അടക്കം പറയുന്നു. 

Eng­lish Sum­ma­ry: BJP failed to gain ground in Ernakulam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.