19 December 2024, Thursday
KSFE Galaxy Chits Banner 2

ചരിത്രത്തിനൊപ്പം നടന്ന് ചരിത്രമായി മാറിയ തോപ്പിൽ ഭാസി

ജയൻ മഠത്തിൽ
April 7, 2024 3:45 am

”ഞാനൊരു വൈദ്യനാകാൻ ശ്രമിച്ചു. ഞാനൊരു വിപ്ലവകാരിയായി.… ഒരു കോഴിയെ കൊല്ലുന്നത് കണ്ടാൽ കണ്ണടച്ചുകളയുന്ന ഞാൻ കൊല്ലാനു ചാകാനും കഠാരയും കൊണ്ട് നടന്നു… ഇടതു കയ്യിൽ കഠാരവച്ചുകൊണ്ട് ഞാൻ കഥയും നാടകവുമെഴുതി. ഞാൻ പോലും വിചാരിച്ചില്ല ഞാൻ എഴുതുമെന്ന്.”
( ഒളിവിലെ ഓർമ്മകൾ)

ചിലർ അങ്ങനെയാണ്. കാലത്തിനും മുന്നേ നടന്ന് കാലത്തോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ചരിത്രമായി മാറും. അവർ പുതിയ കാലത്തിന്റെ പതാകവാഹകരാണ്. ഏറ്റവും സങ്കീർണമായ സാമൂഹ്യാന്തരീക്ഷത്തിൽ അപകടകരമായി ജീവിച്ച്, അന്ധവിശ്വാസങ്ങൾക്കും അസമത്വത്തിനും എതിരെ ചിന്തിച്ച്, അതിനെതിരെ കലയിലൂടെ അതിശക്തമായി പോരാടി, സ്ത്രീകൾ അനുഭവിക്കുന്ന സ്വത്വസംഘർഷങ്ങളെ കലയിലൂടെ ആവിഷ്കരിച്ച്, സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി ആശയപ്രചരണം നടത്തി, അസംഘടിതരായ തൊഴിലാളി നിസ്വവർഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടി അവരുടെ മുന്നണി പോരാളിയായി നിന്ന് ചരിത്രത്തിലിടപെട്ട് ചരിത്രമായി മാറിയ വിപ്ളവകാരിയുടെ പേരാണ് തോപ്പിൽ ഭാസി. ഏപ്രിൽ എട്ട് തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയാണ്.

നവോത്ഥാനത്തിന്റെ പതാകവാഹകൻ

ഏകശിലാബദ്ധമായ ഒരു ആശയമായിരുന്നില്ല നമ്മുടെ നവോത്ഥാനം. അതിന് അനേകം കൈവഴികൾ ഉണ്ടായിരുന്നു. അതിൽ ഒരു കൈവഴിയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചരണവും. വീണ്ടും മനുഷ്യനെയും ലോകത്തെയും കണ്ടെത്തിയതാണ് നവോത്ഥാനം എന്ന് പ്രസിദ്ധ ചിത്രകാരനായ മിഷ് ലൈറ്റ് പറയുന്നുണ്ട്. നവോത്ഥാന കാലത്ത് ഹ്യൂമനിസം എന്ന ആശയം പുരോഗമനവാദികളായ എല്ലാ എഴുത്തുകാരെയും ലഹരിപിടിപ്പിച്ചു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ശബ്ദം സംഗീതം പോലെ കേൾക്കുന്ന കാലത്തെ അവർ സ്വപ്നം കണ്ടു. പ്രപഞ്ചത്തിന്റെ കേന്ദ്രമായി അവർ മനുഷ്യനെ സ്ഥാപിച്ചു. പ്രകൃതി ശക്തികളെ അവഗണിച്ചുകൊണ്ട് മനുഷ്യനിലേക്ക് കൂടുതൽ അടുക്കുന്ന മാർക്സിയൻ പ്രത്യയശാസ്ത്രം നമ്മുടെ എഴുത്തുകാരെ വല്ലാതെ സ്വാധീനിച്ചു. പേന കൈയിലെടുക്കുക എന്നാൽ പോരിനിറങ്ങുകയാണ് എന്ന് വോൾട്ടയറെപോലെ കരുതിയ നമ്മുടെ എഴുത്തുകാർ അവരവരുടെ മാധ്യമങ്ങളെ പോരാട്ട വീര്യമുള്ള ആയുധങ്ങളായി രൂപപ്പെടുത്തി. ഇത്തരത്തിൽ എഴുതപ്പെട്ട സാഹിത്യകൃതികളും കലാസൃഷ്ടികളും നമ്മുടെ നവോത്ഥാനത്തിന്റെ പ്രധാന കൈവഴികളിലൊന്നായിരുന്നു. താൻ ജീവിച്ച കാലഘട്ടത്തിലെ സാമൂഹ്യ ജീവിതത്തിൽ നിന്നും തോറ്റിയെടുത്ത കണ്ണീരുപ്പു കലർന്ന ജീവിതത്തെ കലാസൃഷ്ടികളിൽ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ഭാസി കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകനായത്. നവോത്ഥാന മൂല്യങ്ങളുടെ അടിസ്ഥാന ശിലകളെല്ലാം ഭാസിയുടെ കലാസൃഷ്ടികളിൽ നിറഞ്ഞുനിന്നു. സ്വന്തം ജീവിതം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിക്കുകയും അതിനിടയിലുള്ള ജീവിതത്തെ സർഗാത്മകമായി അടയാളപ്പെടുത്തുകയും ചെയ്ത അപൂർവ കമ്മ്യൂണിസ്റ്റാണ് തോപ്പിൽ ഭാസി. അസംഘടിതരും അടിച്ചമർത്തപ്പെട്ടവരുമായ തൊഴിലാളികൾക്ക് പുതിയൊരു ആകാശവും പുതിയൊരു ജീവിതവുമാണ് ഭാസിയുടെ ദൃശ്യരൂപങ്ങൾ വാഗ്ദാനം ചെയ്തത്. ഭാസിയുടെ കലാസൃഷ്ടികളുടെ ചിറകിലേറി കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനത മുന്നോട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

അടിയാനും കുടിയാനും അരങ്ങിലെത്തുന്നു

ഏറ്റവും പ്രധാനപ്പെട്ട വിപ്ലവം ശാസ്ത്രജ്ഞന്റെ പരീക്ഷണശാലയിലും കലാകാരന്റെ ശില്പശാലയിലുമാണ് നടക്കുന്നത് എന്ന് പറഞ്ഞത് എഴുത്തുകാരനും നാടക പ്രവർത്തകനുമായ യൊനെസ്കോയാണ്. ശരിയായ നിരീക്ഷണത്തിന്റെ തിളക്കമുള്ള ശോഭ ആ നിരീക്ഷണത്തിലുണ്ടായിരുന്നു. നിലവിലുള്ള നാടക സങ്കല്പങ്ങളെ തകർത്തെറിയുന്ന നാടകമായിരുന്നു ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. ‘1948ൽ ആരംഭിച്ച് അമ്പതുകളുടെ പകുതിവരെ നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് വേട്ടയുടെയും ജന്മിത്ത ചൂഷണത്തിന്റെയും പശ്ചാത്തലത്തിൽ മധ്യതിരുവിതാംകൂറിൽ ഉടലെടുത്ത കർഷകത്തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും ചരിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. അടിയാനും കുടിയാനും അരങ്ങിലെത്തി സംസാരിക്കുന്ന നാടകം അന്നൊരു പുതുമയായിരുന്നു. 1952 ഡിസംബർ എട്ടിനാണ് കൊല്ലത്തെ ചവറ തട്ടാശേരിയിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആദ്യമായി അരങ്ങേറിയത്. ആദ്യ അരങ്ങേറ്റത്തെപ്പറ്റി ഒ മാധവൻ പിന്നീട് എഴുതി:
“പുതിയ സംഗീതം. പുതിയ കഥ. പുതിയ നടീനടന്മാർ. ജനം എങ്ങനെ സ്വീകരിക്കും? ഏതായാലും ധൈര്യമായി ഞങ്ങൾ നാടകം അരങ്ങേറ്റി. കെ എസ് ജോർജിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ ‘ദീപങ്ങൾ മങ്ങി…’ എന്നു തുടങ്ങുന്ന ഗാനം മുഴങ്ങി. കർട്ടൻ ഉയർന്നു. നായകനടൻ രംഗത്തെത്തി. കിന്നരി തലപ്പാവണിഞ്ഞ് സർവാഭരണ വിഭൂഷിതനായി, കാതടപ്പിക്കുന്ന കർണാടക സംഗീത കഷ്ണവുമായി രംഗത്തേക്ക് ചാടി വീഴുന്ന യുവകോമളനായ പ്രഭുകുമാരന് പകരം എല്ലുന്തിയ അർധ നഗ്നനായ ഒരു വയസൻ ഉണങ്ങിവീണ ഓലമടലുമായി ലോകത്തെ മുഴുവൻ തന്റെ പിറുപിറുപ്പിൽ പഴിച്ചുകൊണ്ട് രംഗത്തേക്ക് വന്നു.” നിലവിലുണ്ടായിരുന്ന നായക സങ്കല്പത്തെ തകർത്തുകൊണ്ടാണ് ഭാസിയുടെ നായകൻ ജനങ്ങളുടെ മനസിലേക്കും ചരിത്രത്തിലേക്കും നടന്നുകയറിയത്.

 

 

 

ജന്മിത്തത്തിനെതിരായി പോരാടിയ കമ്മ്യൂണിസ്റ്റുകാരെ ഭരണകൂടവും ജന്മിമാരുടെ ഗുണ്ടകളും ചോരയിൽ മുക്കിക്കൊല്ലാൻ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്ന കാലത്താണ് ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അരംഗത്ത് എത്തിയത്. നാടകത്തിനൊടുവിൽ ”ആ കൊടിയിങ്ങു താ മോളേ. ഇതെനിക്കൊന്നു പിടക്കണം. ഇതെനിക്കൊന്നു പൊക്കി പൊക്കി പിടിക്കണം” എന്നു പറഞ്ഞുകൊണ്ട് മാലയുടെ കയ്യിൽനിന്നും പരമുപിള്ള ചെങ്കൊടി ഉയർത്തിപ്പിടിച്ചപ്പോൾ ആ ചെങ്കൊടിക്ക് പിന്നിൽ കേരളജനത അണിനിരക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. ഇന്ത്യയിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ എത്തിച്ചതും അത് ഇന്ത്യയിലും പുറത്തും വലിയ അലയൊലികൾ ഉണ്ടാക്കിയതും കെപിഎസിയുടെ ബാനറിൽ പരമുപിള്ള ഉയർത്തിപ്പിടിച്ച ചെങ്കൊടിയാണ് എന്നത് ചരിത്രം. 1963ൽ അമേരിക്കൻ അടിമകളുടെ വിമോചനത്തിന് വഴിവച്ചത് നീഗ്രോ അടിമകളുടെ ദയനീയത വിവരിക്കുന്ന ‘അങ്കിൾ ടോംസ് കാബിൻ’ എഴുതിയ ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റോവാണ് എന്ന് എബ്രഹാം ലിങ്കൻ ഒരിക്കൽ പറഞ്ഞത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പശ്ചാത്തലത്തിൽ നാം ഓർത്തു പോകും. മഹാന്മാരായ കലാകാരന്മാർ യുഗസ്രഷ്ടാക്കളാണ്. അതോടൊപ്പം അവർ യുഗത്തിന്റെ സൃഷ്ടികളുമാണ്. തോപ്പിൽ ഭാസി ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയും സ്രഷ്ടാവുമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയ്ക്ക് മുമ്പും അതിന് ശേഷവും എന്ന് മലയാള നാടക വേദിയെ രണ്ടായി പകുത്തിടുകയായിരുന്നു ആ നാടകം.

രോഗി കുറ്റവാളിയാണോ?

ഓരോ രചനയ്ക്ക് പിന്നിലും ഭാസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള, മാനവീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച തോപ്പിൽ ഭാസി അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ ജീർണതകൾക്കും എതിരായിരുന്നു. ഭാസിയുടെ ഓരോ കലാസൃഷ്ടിയും സമൂഹ മനസിലെ ജീർണ വിശ്വാസങ്ങളെയും ചിന്താഗതികളെയും മാറ്റിമറിക്കുന്നവയായിരുന്നു. നവോത്ഥാന മൂല്യങ്ങളുടെ അസ്ഥിവാരത്തിലാണ് ഭാസി തന്റെ കലാസൃഷ്ടികൾ പടുത്തുയർത്തിയത്. കലയിലെ റിയലിസം ജീവിതത്തിന്റെ റിയലിസം മാത്രമല്ലെന്നും താൻ ജീവിക്കുന്ന കാലഘട്ടത്തിൽ നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയുടെ കലാപരമായ പ്രകാശനമാകണം തന്റെ കലാസൃഷ്ടികളെന്നും ഭാസിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. കുഷ്ഠരോഗം എന്ന മഹാവിപത്ത് സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന കാലത്താണ് ഭാസി അശ്വമേധം എഴുതുന്നത്. അന്ധവിശ്വാസങ്ങളിലും ശാസ്ത്രബോധമില്ലായ്മയുടെയും ചരടിൽ കുഷ്ഠരോഗത്തെ കെട്ടിയിടാനാണ് സമൂഹം ശ്രമിച്ചത്. ഇതിനെതിരെ മനുഷ്യകേന്ദ്രീകൃത ശക്തിയിലും ശാസ്ത്രത്തിലും വിശ്വസിച്ചിരുന്ന ഭാസിയുടെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു അശ്വമേധം. കുഷ്ഠരോഗം മാരകമായ പകർച്ചവ്യാധിയാണെന്നും രോഗം വന്നാൽ അതിൽ നിന്ന് മോചനം അസാധ്യമാണെന്നും സമൂഹം വിശ്വസിച്ചു. രോഗിയെ അവർ ആട്ടിയോടിച്ചു. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ഡോ. എ ആർ മേനോൻ കുഷ്ഠരോഗികളെ പൊതു നിരത്തിൽ കണ്ടാൽ സാനിറ്റോറിയത്തിലാക്കാനുള്ള ബില്ല് നിയമസഭയിൽ കൊണ്ടുവന്നു.

 

 

ഈ കാലയളവിലാണ് ഭാസിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പി കാർത്തികേയനെ കുഷ്ഠരോഗം ബാധിച്ച് നൂറനാട് ലെപ്പർ കോളനിയിലാക്കിയത്. ഭാസി തന്റെ സുഹൃത്തിനെ കാണാൻ നൂറനാടെത്തി. കയ്യും മൂക്കും കാലുമില്ലാത്തവരുൾപ്പെടെ ആയിരങ്ങളുടെ നടുക്ക് തന്റെ ചങ്ങാതിയിരിക്കുന്നു. കോളനിയിലെ സൂപ്രണ്ട് ഡോ. നാരായണനുണ്ണിത്താൻ രോഗത്തെപ്പറ്റിയും സമൂഹത്തിന്റെ തെറ്റിധാരണയപ്പറ്റിയും ഭാസിയോട് സംസാരിച്ചു. ആരോഗ്യ മന്ത്രിയുടെ ബില്ലിൽ രോഷം പൂണ്ട ഡോക്ടർ ഭാസിയോട് ചോദിച്ചു; ”രോഗം ഒരു കുറ്റമാണോ?” പിന്നീട് ഈ ചോദ്യം നിയമസഭയിൽ മുഴക്കമുള്ള ശബ്ദത്തോടെ ഭാസി അവതരിപ്പിച്ചു: രോഗം ഒരു കുറ്റമാണോ? രോഗി കുറ്റവാളിയാണോ? ആ ചോദ്യത്തിന് മുന്നിൽ മന്ത്രിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. തുടർന്ന് ബില്ല് പിൻവലിച്ചു. ഈ അനുഭവ പശ്ചാത്തലത്തിലാണ് ഭാസി അശ്വമേധവും തുടർന്ന് ശരശയ്യയും എഴുതിയത്. നാടകത്തിലെ പ്രധാന കഥാപാത്രമായ സരോജം ഡോ. തോമസിനോട് ചോദിക്കുന്നു: ”രോഗം ഒരു കുറ്റമാണോ ഡോക്ടർ?” മലയാളിയുടെ മനസാക്ഷിയിൽ കൂരമ്പു പോലെ തറച്ച ആ ചോദ്യം സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. “ശാസ്ത്രത്തിന് തോൽവിയില്ല സരോജം, എന്നാൽ അതിന് ഒട്ടേറെ രക്തസാക്ഷികൾ ഉണ്ടാകും” എന്ന ഡോ. തോമസിന്റെ വാക്കുകൾ ഇന്നും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

അരങ്ങിലെത്തിയ സ്ത്രീകൾ

കേരളീയ നവോത്ഥാന ചരിത്രം സ്ത്രീമുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്. ഇത്തരം മുന്നേറ്റത്തിന് എഴുത്തിലൂടെ കരുത്തു പകർന്നവർ ധാരാളമുണ്ട്. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, എം പി ഭട്ടതിരിപ്പാടിന്റെ ഋതുമതി, എം ആർ ബിയുടെ മറകുടയ്ക്കുള്ളിലെ മഹാനരകം എന്നീ നാടകങ്ങൾ നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പാരതന്ത്ര്യത്തിന്റെയും സ്വത്വസംഘർഷത്തിന്റെയും യഥാതഥമായ ചിത്രീകരണമായിരുന്നു. ഈ നാടകങ്ങൾ വലിയ ചലനങ്ങളാണ് സമൂഹത്തിൽ വരുത്തിയത്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിൽ പുരുഷകേന്ദ്രീകൃതമായ നീതി വ്യവസ്ഥയെ വചോബലമുള്ള നാവുകൊണ്ട് ചോദ്യം ചെയ്യുന്ന സീതയെ നമ്മൾ കാണുന്നു. ഇതിന്റെയൊക്കെ തുടർച്ചയായി വേണം ഭാസിയുടെ നാടകങ്ങളിലെ സ്ത്രീ സങ്കല്പത്തെ നോക്കികാണാൻ. വർഗ-വർണ വ്യത്യാസങ്ങളെപോലെ സ്ത്രീ-പുരുഷ വ്യത്യാസവും പുരുഷകേന്ദ്രീകൃത മൂല്യവ്യവസ്ഥയും ഭാസിയുടെ പുരോഗമന കലാഹൃദയത്തെ സ്വാധീനിച്ചിരുന്നു. കേരളത്തിലെ ഗ്രാമീണാന്തരീക്ഷത്തിൽ നിന്നാണ് ഭാസി തന്റെ സ്ത്രീകഥാപാത്രങ്ങളെ കൈപിടിച്ച് അരങ്ങത്തേക്ക് കൊണ്ടുവന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ മാലയിലൂടെയാണ് മലയാളനാടകവേദിക്ക് ഒരു കീഴാള നായികയെ ആദ്യമായി ലഭിച്ചത്. സ്വത്വം നഷ്ടപ്പെട്ട് അടിമയെപോലെ ജീവിക്കാൻ അഭിമാനബോധം അവളെ അനുവദിക്കുന്നില്ല. സ്വന്തം വർഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടവീര്യം മാലയിൽ ഭാസി വേണ്ടുവോളം നിറച്ചു. ‘വിശക്കുന്ന കരിങ്കാലി‘യിലെ തങ്കമ്മയും ‘മുടിയനായ പുത്ര’നിലെ ചെല്ലമ്മയും മാലയിലെ വിപ്ലവ വീര്യം പകർന്നു കിട്ടിയവരാണ്. ‘അശ്വമേധ’ത്തിലെ സരോജം, ‘തുലഭാര’ത്തിലെ വിജയ, ‘മൂലധന’ത്തിലെ ശാരദ എന്നീ കഥാപത്രങ്ങൾ തിളച്ചുമറിയുന്ന ജീവിതച്ചൂടിൽ ഉരുകി തീരുമ്പോഴും സാമൂഹ്യ‑കുടുംബാന്തരീക്ഷത്തിലെ രക്തസാക്ഷികളായി, പ്രേക്ഷക മനസിൽ ഉണങ്ങാത്ത ഒരു മുറിവായി നിൽക്കുകയാണ്.
ഒളിവിൽ കഴിയുന്ന കമ്മ്യൂണിസ്റ്റായ രവിയുടെ ഭാര്യ ശാരദയാണ് മൂലധനത്തിലെ നായിക. തന്റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങള രക്ഷിക്കാൻ അവൾക്ക്, തന്നെ തന്നെ വിൽക്കേണ്ടിവന്നു. പുരുഷന്റെ സ്വാർത്ഥതയും ജീവിതത്തോടുള്ള ആർത്തിയും മൂലം ജീവിതം നഷ്ടപ്പെട്ടു പോയ ശ്യാമളയെ ‘കൂട്ടുകുടുംബ’ത്തിൽ നാം കാണുന്നു. കുഷ്ഠരോഗം മാറിയിട്ടും വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട സരോജം സാനിറ്റോറിയത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു. ഭാര്യ ഉപേക്ഷിച്ചു പോയ ഡോ. തോമസ് സരോജത്തെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. “കഴിയുമെങ്കിൽ അങ്ങ് എനിക്കൊരു നഴ്സിന്റെ വെള്ളവസ്ത്രം തരൂ” എന്നു പറഞ്ഞുകൊണ്ട് ആതുര സേവനത്തിനിറങ്ങുന്ന സരോജം സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. പീഡിതമായ സ്ത്രീകളെ അനുകമ്പയോടെ കണ്ടിരുന്ന ഭാസി അവസാന ഘട്ടത്തിൽ സ്ത്രീസ്വത്വവാദ പരമായ വഴികൾ അന്വേഷിച്ച് പുതിയൊരു പാതയിലേക്ക് കടക്കുന്നത് നമുക്ക് കാണാനാകും. മൃച്ഛകടികത്തിലും ശാകുന്തളത്തിലും പാഞ്ചാലിയിലും ഭാസി ഇത്തരമൊരു അന്വേഷണം നടത്തുന്നുണ്ട്. നവോത്ഥാന വഴികളിലെ സ്ത്രീവിമോചനത്തിന്റെ തിളക്കമുള്ള പാത വെട്ടിത്തെളിക്കുകയായിരുന്നു ഭാസി.

കാലത്തിന്റെ കണ്ണാടി

തെരുവീഥിയിലൂടെ കൊണ്ടുനടക്കാവുന്ന കണ്ണാടിയാണ് നോവൽ എന്ന് റിയലിസത്തിന്റെ കാലത്ത് അനത്തൊളെ ഫ്രാൻസ് നോവലിനെ നിർവചിക്കുന്നുണ്ട്. താൻ ജീവിക്കുന്ന കാലത്തെ ജീവിതത്തെ കണ്ണാടിക്കാഴ്ചയായി അവതരിപ്പിക്കുകയായിരുന്നു ഭാസി. ഒരു സമൂഹ സൃഷ്ടിയാണ് കലാസൃഷ്ടി എന്ന് ഭാസി വിശ്വസിച്ചു. സാമൂഹ്യ പ്രതിബദ്ധതയും നിരീക്ഷണ പാടവവും ഭാസിയുടെ പ്രത്യേകതയായിരുന്നു. തീക്ഷ്ണമായ ജീവിതാനുഭങ്ങളുടെ മൂശയിലാണ് ഭാസിയുടെ നാടകങ്ങൾ പിറന്നത്. അപ്പോഴും താൻ വിശ്വസിക്കുന്ന ആദർശങ്ങളും തത്ത്വങ്ങളും അദ്ദേഹം മുറുകെ പിടിച്ചിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതൽ ഒളിവിലെ ഓർമ്മകൾ വരെയുള്ള ഏകാങ്കങ്ങൾ ഒഴികെയുള്ള പതിനെട്ടു നാടകങ്ങളിൽ മൃച്ഛകടികം, ശാകുന്തളം, പാഞ്ചാലി ഒഴികെയുള്ളവയിൽ താൻ ജനിച്ചു വളർന്ന ഓണാട്ടുകരയെ അടിസ്ഥാനമാക്കി കേരളീയ സമൂഹത്തെ അലട്ടിക്കൊണ്ടിരുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളുടെ കണ്ണാടിക്കാഴ്ചകളാണ് ഭാസി അവതരിപ്പിച്ചത്. താൻ സ്വപ്നംകണ്ട ആശയ ലോകം അവതരിപ്പിക്കാൻ സൃഷ്ടിച്ച കഥാപത്രങ്ങൾ പലതും ഭാസിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ പല കഥാപാത്രങ്ങളുടെ പ്രോട്ടോടൈപ്പുകളും ആ കാലത്ത് ജീവിച്ചിരുന്നവരായിരുന്നു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടുപോയവരുടെ ജീവിതവുമായി അടുത്തിടപഴകാൻ ഭാസിക്ക് ഒളിവു ജീവിതത്തിലും തെളിവുജീവിതത്തിലും ഒട്ടേറെ അവസരങ്ങൾ ഉണ്ടായി. കമ്മ്യൂണിസ്റ്റ് ആശയവും പ്രസ്ഥാനവുമാണ് അതിന് കാരണമായത്. അതുകൊണ്ടുതന്നെ അടിസ്ഥാന വർഗത്തിന്റെ ഭാഷയും ശൈലിയും ചേഷ്ടകളും വികാരങ്ങളും ഹൃദയസ്പർശിയായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓണാട്ടുകരയിലെ ഇടത്തരക്കാരുടെ വ്യവഹാര ഭാഷയാണ് ഭാസി തന്റെ കഥാപാത്രങ്ങളുടെ സ്വഭാവാവിഷ്കാരത്തിന് തിരഞ്ഞെടുത്തത്. അതാകട്ടെ, അകൃത്രിമവും ആകർഷകവും സരളവും അതിഭാവുകത്വരഹിതവുമായിരുന്നു. ഓണാട്ടുകര ഭാഷയുടെ സൗന്ദര്യം നാം അനുഭവച്ചറിഞ്ഞത് ഭാസിയുടെ നാടകങ്ങളിലൂടെയാണ്. ‘കൂട്ടു കുടുംബ’ത്തിന്റെ അവതാരികയിൽ എൻ കൃഷ്ണപിള്ള ഇത് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതി:
“ഓണാട്ടുകര മലയാളത്തിന്റെ വ്യംഗ്യഭംഗിയും ശൈലീവിശേഷങ്ങളും മലയാള സാഹിത്യത്തിന്റെ ഡർബാർ ഹാളിലേക്ക് ഒരു പക്ഷേ ആദ്യമായി പ്രവേശിച്ചത് ഭാസിയുടെ നാടകങ്ങളിലൂടെയാണ്.”
സ്വന്തം ജീവൻ ഉള്ളംകയ്യിൽ വച്ചു കൊണ്ടാണ് ഭാസി രാഷ്ട്രീയ പ്രവർത്തനവും കലാപ്രവർത്തനവും നടത്തിയത്. തലയ്ക്കു വിലപറഞ്ഞ ആ വിപ്ലവകാരിക്ക് പലപ്പോഴും ഒളിവിൽ പാർക്കേണ്ടി വന്നിട്ടുണ്ട്. സങ്കീർണമായ ആ ജീവിതത്തിന്റെ ചൂടും ചൂരും ഒട്ടും ചോർന്നുപോകാതെ ഭാസി തന്റെ കലാസൃഷ്ടികളിൽ പകർത്തിവച്ചു. ആദ്യ ഒളിവു ജീവിതത്തെ ഭാസി ആത്മകഥയിൽ ഇങ്ങനെ പകർത്തി:
“ഒറ്റമുറിയുള്ള ഒരു പുലയക്കുടിൽ. അച്ഛനും അമ്മയും പ്രായപൂർത്തിയായ മകളും. എല്ലാം ആ ഒറ്റമുറിയിൽ. ഒളിവിൽ അഭയം തേടിയെത്തിയ സഖാവിന് കിടക്കയൊരുക്കാൻ പകൽ ഭക്ഷണം പാചകം ചെയ്ത അടുപ്പുകല്ലുകൾ പിഴുതുമാറ്റി. തറ നിരപ്പാക്കി തണുത്ത വെള്ളം തളിച്ച് അടുപ്പിലെ ചൂടുമാറ്റി. അതിൻമേൽ പുട്ടില് വിരിച്ച് അവർ സഖാവിന് കിടക്കയൊരുക്കി. എല്ലാവരും ഉറങ്ങി. കിടക്കയ്ക്കിടയിലെ മണ്ണിൽ നിന്നുയർന്ന ചൂടുകൊണ്ട് ശരീരവും, ആ പാവപ്പെട്ട കർഷകത്തൊഴിലാളികളുടെ ആത്മാർത്ഥതയോർത്ത് മനസും ചുട്ടുപൊള്ളിയപ്പോൾ തീപ്പെട്ടി ഉരച്ച് മണ്ണെണ്ണ വിളക്ക് കൊളുത്തി കൈവശമുണ്ടായിരുന്ന പേപ്പറും പേനയും ഉപയോഗിച്ച് എഴുതാൻ തുടങ്ങി… ”
തിളച്ചുമറിഞ്ഞ ആ ജീവിതച്ചൂടിലും ചൂരിലും പിറന്നതാണ് ഭാസിയുടെ ആദ്യ കലാസൃഷ്ടിയായ ‘മുന്നേറ്റം.’ ഭാസിയുടെ എല്ലാ കലാസൃഷ്ടികൾക്കു പിന്നിലും ഇത്തരം പൊള്ളുന്ന അനുഭവങ്ങളുണ്ട്. മറ്റൊരർത്ഥത്തിൽ ഭാസി സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണ് ഓരോ സൃഷ്ടിയും. സ്വന്തം ജീവിതം പണയപ്പെടുത്തിയാണ് പാവപ്പെട്ട തൊഴിലാളികൾ തങ്ങളുടെ സഖാക്കളെ കാത്തു സൂക്ഷിച്ചത്. കാലത്തിന്റെ ഒരു കരുതിവയ്പ് അതിലുണ്ടായിരുന്നു. ഭാസി ജയിൽ മോചിതനായ ശേഷം നടന്ന സ്വീകരണ യോഗത്തിൽ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ സംസാരിച്ചു:
“സ്നേഹിതരെ, എന്റെ പേര് ജോർജ് എന്നാണ്. ശൂരനാട്ട് കമ്മ്യൂണിസ്റ്റുകാരുടെ കൈകൊണ്ട് മരണപ്പെട്ട ഡാനിയൽ എന്ന പൊലീസുകാരന്റെ അനുജനാണ് ഞാൻ. ആ സംഭവത്തിന് ശേഷമാണ് ഞാൻ ഒരു കമ്മ്യൂണിസ്റ്റായത്.”
ശരിയുടെ ഹൃദയ പക്ഷമാണ് തോപ്പിൽ ഭാസിയുൾപ്പെടെയുള്ളവർ നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് പക്ഷം എന്നതിന്റെ സത്യവാങ്മൂലമായിരുന്നു ആ വാക്കുകൾ.

ഭാസിയും കെ പി എസിയും

തോപ്പിൽ ഭാസിയുമായി ഇഴചേർന്നു കിടക്കുന്ന പ്രസ്ഥാനമാണ് കേരള പീപ്പിൾസ് ആട്സ് ക്ലബ് ( കെപിഎസി). കേരളത്തിലെ പുരോഗമന പ്രവർത്തനങ്ങളുടെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും അമരത്തു തന്നെയായിരുന്നു കെപിഎസി. 1950–51 കാലഘട്ടത്തിൽ എറണാകുളം ലോ കോളജിൽ പഠിച്ചിരുന്നവരും പുരോഗമന വീക്ഷണമുണ്ടായിരുന്നവരുമായ കുറച്ച് ചെറുപ്പക്കാരുടെ ചർച്ചയിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് കെപിഎസി. ഐസക് തോമസ്, എസ് പ്രഭാകരൻ നായർ, എൻ രാജഗോപാലൻ നായർ എന്നിവരായിരുന്നു അവർ. ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാർ അവതരിപ്പിക്കാനായിരുന്നു ഉദ്ദേശമെങ്കിലും അത് നടന്നില്ല. തുടർന്ന് അവർ ലോ കോളജ് ദിനത്തിൽ കൊറിയ എന്ന നിഴൽ നാടകം അവതരിപ്പിച്ചു. 1952 ലെ പൊതുതിരഞ്ഞെടുപ്പിൽ രാജഗോപാലൻ നായരും കാമ്പിശേരി കരുണാകരനും എം എൻ ഗോവിന്ദൻ നായരും ജയിച്ച് എംഎൽഎമാരായി. ജി ജനാർദ്ദനകുറുപ്പ്, അഡ്വ. കെ എസ് രാജാമണി, ശ്രീ നാരായണപിള്ള എന്നിവർ എംഎൽഎ മാരോടൊപ്പം തിരുവന്തപുരത്തെ സേവിയേഴ്സിൽ ഒത്തുകൂടി. കെപിഎസിയെ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. ‘എന്റെ മകനാണ് ശരി’ എന്നൊരു നാടകം രാജഗോപാലൻ നായർ, ജി നാരായണ കുറുപ്പ്, രാജാമണി തുടങ്ങിയവർ ചേർന്ന് എഴുതിയിരുന്നു. നാടകത്തിൽ സംഗീതം വേണം എന്ന നിർദ്ദേശം ഇതുമായി സഹകരിച്ച എം പി പോൾ മുന്നോട്ടു വച്ചു. പുനലൂർ ബാലൻ പാട്ടെഴുതി. കെ ജി ജോർജ് പാടാനെത്തി. തിരുവന്തപുരം വിജെടി ഹാളിൽ അരങ്ങേറിയ നാടകത്തിൽ ജനാർദ്ദനകുറുപ്പ്, രാജഗോപാലൻ നായർ, സുലോചന, ജാനകി, ടി എ മൈതീൻ കുഞ്ഞ്, എം വി കുട്ടപ്പൻ എന്നിവർ വേഷമിട്ടു. 12 വേദികളിൽ നാടകം അവതരിപ്പിച്ചെങ്കിലും തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതിനിടെ കാമ്പിശേരി കരുണാകരനും ഒ മാധവനും തോപ്പിൽ കൃഷ്ണപിള്ളയും പ്രസ്ഥാനവുമായി സഹകരിച്ചു. നാടകത്തിന്റെ പരാജയത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ചിന്തയിലാണ് തോപ്പിൽ ഭാസി സോമൻ എന്ന പേരിൽ എഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി രംഗത്ത് അവതരിപ്പിക്കാൻ കെപിഎസി തീരുമാനിച്ചത്. ഇതോടെ ഭാസിയും കെപിഎസിയുമായുള്ള ബന്ധം ആരംഭിച്ചു. പിന്നീട് കേരളത്തിന്റെ രാഷ്ട്രിയ‑സാംസ്കാരിക ചരിത്രത്തില്‍ കെപിഎസിയും തോപ്പിൽ ഭാസിയും നടത്തിയ അശ്വമേധം ചരിത്രത്തിന്റെ ഭാഗമാണ്.
കേരളീയ നവോത്ഥാന ചരിത്രത്തിൽ തോപ്പിൽ ഭാസിയോടൊപ്പം എഴുതിച്ചേർത്ത പേരാണ് കെപിഎസി. ആശയ പ്രചരണത്തിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് കെപിഎസിയും തോപ്പിൽ ഭാസിയും നടത്തിയത്. അതിനുതകുന്ന നാടകമാണ് അവർ തിരഞ്ഞെടുത്തത്. മുതലാളി-തൊഴിലാളി ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങൾ അവർ അവതരിപ്പിച്ചു. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, ശാസ്ത്രത്തിന് മുഖം തിരിഞ്ഞു നിൽക്കുന്ന പ്രതിലോമ ചിന്തകൾ, മറ്റ് സാമൂഹിക വിപത്തുകൾ, മനുഷ്യന്റെ നിലനിൽപ്പിനും സാംസ്കാരിക പ്രയാണത്തിനും വിഘാതമായി നിൽക്കുന്നതെന്തും മാർക്സിയൻ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് രൂക്ഷമായി വിമർശിച്ച് തിരുത്തൽ ശക്തിയായി ഭാസിയും കെപിഎസിയും കേരളീയ നവോത്ഥാന ചരിത്രത്തിൽ നിരന്തരം ഇടപ്പെട്ടു. ഇതൊക്കെ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തിളക്കമുള്ള ഓർമ്മകളാണ്. ഇത്തരം തുടിക്കുന്ന ആവേശോജ്വലമായ ഓർമ്മകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ഡൽഹിയിൽ കർഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളും രാജ്യത്ത് ഭരണകൂട ഭീകരതയും നിലനിൽക്കുമ്പോൾ, വീണ്ടുമൊരു നവോത്ഥാന വിപ്ളവത്തെപ്പറ്റി നാം ചിന്തിക്കുമ്പോൾ, തോപ്പിൽ ഭാസിയെ പോലുള്ളവരുടെ ജീവിതം നമുക്ക് കരുത്തുപകരും. അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം, മറവിക്കെതിരെയുള്ള ഓർമ്മകളുടെ നിരന്തരസമരമാണെന്നും അതാണ് ചരിത്രമെന്നും എഴുത്തുകാരൻ മിലൻ കുന്ദേര പറയുന്നുണ്ട്. അതുകൊണ്ട് ഓർമ്മകളാണ് നമുക്ക് ആവശ്യം. നമുക്ക് ഓര്‍മ്മകളെ തിരിച്ചു പിടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.