18 December 2024, Wednesday
KSFE Galaxy Chits Banner 2

തമിഴകം കാത്തിരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ സമ്പൂര്‍ണ മുന്നേറ്റം

ഡോ. ഗ്യാൻ പഥക് 
April 17, 2024 4:30 am

മിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനഘട്ടത്തിലാണ്. ഇന്ത്യ സഖ്യം സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളിലും തങ്ങളുടെ ആധിപത്യം സ്ഥാപിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എല്ലാ സീറ്റുകളിലും വളരെ പിന്നിലായ എൻഡിഎ ഒന്നില്‍ പോലും വിജയിക്കാന്‍ സാധ്യതകാണുന്നില്ല. ഈ മാസം 19ന് ആദ്യ ഘട്ടത്തിലാണ് 39 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുക.
മൂന്ന് രാഷ്ട്രീയ സഖ്യങ്ങളാണ് തമിഴകത്ത് തെരഞ്ഞെടുപ്പ് കളത്തിലുള്ളത് — ഇന്ത്യ, എഐഎഡിഎംകെ സഖ്യം, എൻഡിഎ. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ, സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ എന്നിവ ഉൾപ്പെടുന്നതാണ് ഇന്ത്യ സഖ്യം. 2019ലും ഈ പാർട്ടികള്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായിരുന്നു. ഐജെകെയും അന്ന് സഖ്യത്തിലുണ്ടായിരുന്നെങ്കിലും ഇത്തവണ അവര്‍ ബിജെപിയുമായി കൈകോർത്ത് എൻഡിഎയുടെ ഭാഗമായി. ഐജെകെ-ബിജെപി ബന്ധം ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ സാധ്യതകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് കരുതുന്നില്ല.
2019ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി സംസ്ഥാനത്ത് 38 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ 39 സീറ്റുകളിലും വിജയിച്ച് അതിന്റെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ സഖ്യം. ഡിഎംകെ 21 സീറ്റിലും കെഎംഡികെ ഒരു സീറ്റിലും ഡിഎംകെയുടെ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും സിപിഐ, സിപിഐ(എം), വിസികെ എന്നിവ രണ്ട് വീതവും ഐയുഎംഎൽ, എംഡിഎംകെ എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന എല്ലാ സീറ്റുകളും അതാത് പാര്‍ട്ടികള്‍ക്ക് മുൻതൂക്കമുള്ളവയാണ്.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മുന്നണികളും


കഴിഞ്ഞതവണ എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഒരു സീറ്റ് നേടിയിരുന്നു. എഐഎഡിഎംകെയാണ് വിജയിച്ചത്. ഇത്തവണ ബിജെപിയുമായി വേർപിരിഞ്ഞതിനാൽ എൻഡിഎയ്ക്ക് ഈ സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പാണ്. നിലവില്‍ എഐഎഡിഎംകെയോടൊപ്പം പിടി, എസ്ഡിപിഐ, ഡിഎംഡികെ എന്നിവയാണുള്ളത്. പിഎംകെ, ബിജെപി, പിഎൻകെ, ടിഎംസി (എം) എന്നിവ അകന്നതോടെ ഈ സഖ്യം തികച്ചും ദുര്‍ബലമാണ്. എസ്ഡിപിഐ മാത്രമാണ് ഇത്തവണ ഈ സഖ്യത്തിനൊപ്പം ചേർന്നത്. കഴിഞ്ഞ തവണ എഎംഎംകെ-എസ്ഡിപിഐ സഖ്യം മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. ഈ മുന്നണി ശിഥിലമായപ്പോഴാണ് എസ്ഡിപിഐ എഐഎഡിഎംകെയുമായി കൈകോർത്തത്. എഎംഎംകെ എൻഡിഎയിൽ ചേർന്നു.
എട്ട് രാഷ്ട്രീയ പാർട്ടികളുടെയും ഒരു സ്വതന്ത്രന്റെയും സഖ്യമാണ് തമിഴ്‌നാട്ടിലെ ബിജെപി സഖ്യം. ബിജെപി, ഐജെകെ, ഐഎംകെഎംകെ, പിഎൻകെ, ടിഎംഎംകെ, പിഎംകെ, ടിഎംസി (എം), എഎംഎംകെ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥി എന്നിവരടങ്ങുന്നതാണ് സംസ്ഥാനത്തെ എൻഡിഎ. എഐഎഡിഎംകെ സഖ്യത്തിൽ നിന്ന് എൻഡിഎയിലേക്ക് വന്ന കക്ഷികൾ സംസ്ഥാനത്ത് വലിയ പിന്തുണയില്ലാത്തവയായതിനാല്‍ എൻഡിഎയ്ക്ക് മികച്ച നേട്ടമൊന്നും ഉണ്ടാകാനിടയില്ല. ബിജെപി 19 സീറ്റുകളിലും ഐജെകെ, ഐഎംകെഎംകെ, പിഎൻകെ, ടിഎംഎംകെ എന്നിവ ഓരോ സീറ്റിലും ബിജെപി മത്സരിക്കുന്നു. ആകെ 23 സ്ഥാനാർത്ഥികളാണ് ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നത്. പിഎംകെ 10 സീറ്റിലും ടിഎംസി(എം) മൂന്ന്, എഎംഎംകെ രണ്ട്, സ്വതന്ത്രൻ ഒരു സീറ്റിലും മത്സരിക്കുന്നു. മൂന്ന് രാഷ്ട്രീയ സഖ്യങ്ങളിൽ ഒന്നിന്റെയും ഭാഗമല്ലാത്ത എൻടികെയും ബിഎസ്‌പിയുമാണ് മത്സരരംഗത്തുള്ള മറ്റ് രാഷ്ട്രീയ പാർട്ടികൾ. ഈ പാർട്ടികൾ എല്ലാ സീറ്റുകളിലും മത്സരിക്കുന്നു.
പ്രധാന മണ്ഡലങ്ങളിലൊന്നായ കോയമ്പത്തൂരില്‍ മുൻ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ അണ്ണാമലൈ ഡിഎംകെയുടെ ഗണപതി പി രാജ്കുമാറിനെ നേരിടുന്നു. കഴിഞ്ഞതവണ സിപിഐ(എം) സ്ഥാനാർത്ഥി പി ആര്‍ നടരാജന്‍ 1,79,143 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണിത്. വർഗീയമായി ഏറെ സെൻസിറ്റീവ് ആയ പ്രദേശമാണിത്. എഐഎഡിഎംകെയുടെ സിങ്കൈ ജി രാമചന്ദ്രനും എൻടികെയുടെ കലാമണി ജഗന്നാഥനുമാണ് മറ്റ് പ്രധാന മത്സരാർത്ഥികൾ. ബിജെപി വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഈ മണ്ഡലത്തിലെ ഫലം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി ഗതിയെ സ്വാധീനിക്കും.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് ആവേശം അന്യം; നിശബ്ദം മണിപ്പൂര്‍


ദേശീയ‑സംസ്ഥാന രാഷ്ട്രീയത്തിന് ഈ മണ്ഡലത്തിൽ അവരുടെ സ്വതന്ത്ര സ്വത്വം നഷ്ടമായ അവസ്ഥയാണുള്ളത്. ദേശീയ സുരക്ഷ, ഹിന്ദുത്വം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളിലാണ് ബിജെപി ശക്തമായി പ്രചാരണം നടത്തുന്നത്. സ്ഥാനാർത്ഥി പുറത്തുള്ളയാളാണ് എന്ന പ്രചാരണം മറ്റ് പാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ട്. ഗണ്യമായ അളവില്‍ ഉത്തരേന്ത്യക്കാര്‍ മണ്ഡലത്തിലുണ്ട്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുയായികളാണെന്നാണ് ബിജെപി വിശ്വസിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്തുകഴിഞ്ഞു.
2019ൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 38 സീറ്റുകളും 53.15 ശതമാനം വോട്ടും നേടി. ഡിഎംകെ 24, കോണ്‍ഗ്രസ് എട്ട്, സിപിഐ രണ്ട്, സിപിഐ(എം) രണ്ട്, വിസികെ ഒന്ന്, ഐയുഎംഎൽ ഒന്ന് വീതം സീറ്റ് നേടി. ഡിഎംകെയുടെ വോട്ട് വിഹിതം 33.52 ശതമാനവും ഐഎൻസിയുടെ 12.72 ശതമാനവുമായിരുന്നു. അന്ന് ഒരു സീറ്റില്‍ വിജയിച്ച എൻഡിഎ 30.57 ശതമാനം വോട്ടാണ് നേടിയത്. എൻഡിഎയ്ക്കൊപ്പം എഐഎഡിഎംകെ ഇല്ലാത്തതിനാൽ വോട്ട് വിഹിതം കുത്തനെ കുറയും. അന്ന് എഐഎഡിഎംകെയുടെ വോട്ട് വിഹിതം 19.39 ശതമാനവും ബിജെപിയുടേത് 2.16 ശതമാനവുമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഭരണകക്ഷിയായ ഡിഎംകെ 20ൽ നിന്ന് 21 ആയും കോണ്‍ഗ്രസ് എട്ടില്‍ നിന്ന് ഒമ്പത് ആയും സീറ്റുകൾ വർധിപ്പിക്കാനാണ് സാധ്യത. ഏറ്റവും പുതിയ എബിപി-സിവോട്ടർ സർവേ തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഇന്ത്യ സഖ്യം തൂത്തുവാരുമെന്ന് പ്രവചിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് 50 സീറ്റുകൾ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ “മിഷൻ 50”ലേക്ക് തമിഴ്‌നാട്ടിൽ നിന്ന് ഒരു സീറ്റ് പോലും നേടാനാകിലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
(അവലംബം: എ‌െപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.