30 April 2024, Tuesday

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മുന്നണികളും

സി ആർ ജോസ്‌പ്രകാശ്
April 12, 2024 4:15 am

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രകടനപത്രിക പ്രസിദ്ധീകരിക്കുക എന്ന രീതി ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും നിലവിലുള്ളതാണ്. സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ ഇന്ത്യയിലും ഈ രീതി നിലവിലുണ്ട്. മാനിഫെസ്റ്റോയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ പാര്‍ട്ടികള്‍ പൊതുവെ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല എന്ന് കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെ ആയിരുന്നില്ല. 1957 ഏപ്രില്‍ അഞ്ചിന് അധികാരമേറ്റ ഉടന്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് പ്രഖ്യാപിച്ചത് ‘കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ട് നടപ്പിലാക്കാത്ത കാര്യങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കും’ എന്നായിരുന്നു. അധികാരത്തില്‍ വന്ന് ആറാമത്തെ ദിവസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ‘കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം’ പാസാക്കുന്നത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാനുള്ളതാണെന്ന് ഇന്ത്യ തിരിച്ചറിയുന്നത് അന്നാണ്. ആ വഴിയെ തന്നെയാണ് ഇടതുപക്ഷം കേരളത്തില്‍ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 2016ല്‍ വാഗ്ദാനം ചെയ്തിരുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കി. അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടാണ് 2021ല്‍ എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തിയാണ് ജനങ്ങള്‍ അന്ന് എല്‍ഡിഎഫിന് കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത്. 2021ല്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളില്‍, ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയവയെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നടക്കും എന്ന കാര്യം ഉറപ്പാണ്. എല്‍ഡിഎഫ് തന്നെ അതിന് മുന്‍കെെ എടുക്കുന്നുമുണ്ട്.
കഴിഞ്ഞ 10 വര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി മുന്നണി നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ്, അത് നടപ്പിലാക്കിയതിന്റെ പുരോഗതി എങ്ങനെയാണ് എന്നീ കാര്യങ്ങളിലാണ് രാജ്യത്ത് ചര്‍ച്ചയാകേണ്ടത്. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച വളര്‍ന്നുവരുന്നതില്‍ ബിജെപിക്ക് ഒട്ടും താല്പര്യമില്ല. അത് തങ്ങള്‍ക്ക് ഒട്ടും ഗുണകരമാകില്ല എന്നവര്‍ക്കറിയാം. അതിനാല്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പൗരത്വത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള ചര്‍ച്ച വളര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. രാജ്യത്തെ അന്വേഷണ ഏജന്‍സികളെ മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അതിന് നേതൃത്വം നല്‍കുന്നു.


ഇതുകൂടി വായിക്കൂ: സൈനിക് സ്കൂളുകളുടെ കാവിവല്‍ക്കരണം


പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങളെ സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവരുന്നത് മുന്‍കാല ചെയ്തികളുടെ ഫലമായി തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന് കോണ്‍ഗ്രസും ഇതില്‍ താല്പര്യം കാട്ടുന്നില്ല. മാത്രമല്ല സംസ്ഥാന‑കേന്ദ്രഭരണങ്ങളില്‍ ദീര്‍ഘകാലമായി പുറത്താണെന്നത് അവരില്‍ നിസംഗത സൃഷ്ടിച്ചിട്ടുമുണ്ട്. അതിന്റെ ഫലമായി കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ സംബന്ധിച്ച ചര്‍ച്ച വ്യാപകമായും ഗൗരവപൂര്‍വവും നടക്കുന്നില്ല എന്നതാണ് ദുഃഖകരമായ സംഗതി.
രാജ്യത്തെ മഹാഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളുടെയും നിയന്ത്രണം കോര്‍പറേറ്റുകളുടെ കയ്യിലായതിനാല്‍ ബിജെപി ആഗ്രഹിക്കാത്ത ഒന്നും അവര്‍ നടപ്പിലാക്കില്ല. ഭരണകൂടവും കോര്‍പറേറ്റ് ശക്തികളും ജാതി-മതശക്തികളും ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍, നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകുമെന്ന ചിന്ത, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരെയെല്ലാം നൊമ്പരപ്പെടുത്തുന്നുണ്ട്.
2014ലും 2019ലും ബിജെപി നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വരുംദിവസങ്ങളില്‍ ആകാവുന്നത്ര ഉച്ചത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകതന്നെ വേണം. രാജ്യത്ത് 55 ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ട്, അതെല്ലാം കണ്ടുകെട്ടും. കള്ളപ്പണക്കാരെ കാരാഗൃഹത്തിലടയ്ക്കും, കണ്ടുകെട്ടുന്ന തുക ഉപയോഗിച്ച് രാജ്യത്തെ സാധാരണക്കാരായ കുടുംബങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും എന്നായിരുന്നു ഒന്നാമത്തേത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കും, ഇനിയൊരു കര്‍ഷകന്‍ രാജ്യത്ത് ആത്മഹത്യ ചെയ്യില്ല എന്നും ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ ഇല്ലാതാക്കും, പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും- 50 ദിവസത്തിനുള്ളില്‍ ലിറ്ററിന് 50 രൂപയാക്കും, പാചകഗ്യാസിന്റെ വില വര്‍ധിപ്പിക്കില്ല എന്നും വാഗ്ദാനമുണ്ടായിരുന്നു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’- പെണ്‍കുട്ടികളെ സംരക്ഷിക്കുക, അവരെ പഠിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കും, ‘മേക്ക് ഇന്‍ ഇന്ത്യ’യിലൂടെ രാജ്യത്തിന് ആവശ്യമുള്ളതെല്ലാം ഇവിടെ ഉല്പാദിപ്പിക്കും, പൗരന്മാരുടെ ജീവനും സ്വത്തിനും ഉറപ്പ് നല്‍കും, വനിതാ സംവരണബില്‍ നടപ്പിലാക്കും, സ്ത്രീശക്തിയെ രാഷ്ട്രപുരോഗതിക്കായി ഉപയോഗപ്പെടുത്തും, ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കും, രാജ്യത്തിന്റെ വളര്‍ച്ച (ജിഡിപി) രണ്ടക്ക സംഖ്യയില്‍ എത്തിക്കും, രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തും, വിലക്കയറ്റം നിയന്ത്രിക്കും, ഫെഡറല്‍ സംവിധാനവും കേന്ദ്രാവിഷ്കൃത സംവിധാനവും ശക്തിപ്പെടുത്തും, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കും, കയറ്റുമതി ഇരട്ടിയാക്കും, ശാസ്ത്ര‑സാങ്കേതിക രംഗം ഭാവി രാഷ്ട്രം നിര്‍മ്മിക്കാന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും, എല്ലാ രാജ്യങ്ങളുമായുമുള്ള സൗഹൃദം ശക്തിപ്പെടുത്തും തുടങ്ങി 75 പ്രധാനപ്പെ‍ട്ട വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിലെ പുരോഗതി വിലയിരുത്തിയാല്‍ എത്ര കാപട്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് എന്ന് മനസിലാകും.
രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള യാതൊന്നും ചെയ്തില്ലെങ്കിലും ആര്‍എസ്എസിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കാര്യക്ഷമതയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ പദവി ഉപേക്ഷിക്കല്‍, മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തല്‍, ഹിന്ദി ഭാഷ അടിച്ചേല്പിക്കല്‍, ചരിത്രം തിരുത്തിയെഴുതല്‍, സിലബസുകള്‍ വികൃതമാക്കല്‍, മഹാത്മാഗാന്ധിയെയും നെഹ്രുവിനെയും കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളെയും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയല്‍, മതന്യൂനപക്ഷങ്ങളെ ഭരണത്തില്‍ നിന്നും മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തല്‍, ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുര്‍ബലമാക്കല്‍, അധികാരം കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കല്‍ തുടങ്ങിയ അജണ്ടകള്‍ ഒന്നൊന്നായി അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ വികസനം സാധ്യതകളും വെല്ലുവിളികളും


15 ലക്ഷം സാധാരണക്കാരുടെ അക്കൗണ്ടില്‍ എത്തിക്കുമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് ജുംലയെന്ന് പിന്നീട് ബിജെപി നേതൃത്വം തന്നെ പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയായില്ലെന്നുമാത്രമല്ല, കര്‍ഷക സമൂഹത്തിന്റെ ജീവിതം കൂടുതല്‍ കഷ്ടപ്പാട് നിറഞ്ഞതായി മാറുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 11,226 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ബിജെപിയുടെ തൊഴില്‍ വാഗ്ദാനമനുസരിച്ച് 10 വര്‍ഷംകൊണ്ട് 20 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതാണ്. നിലവിലുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാക്കുകയാണ് ചെയ്തത്. ലോകത്തേറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള രാജ്യമാണ് ഇന്ത്യ. അതില്‍ 83 ശതമാനം ചെറുപ്പക്കാരാണ്. കേന്ദ്ര സര്‍വീസില്‍ 10.21 ലക്ഷം സ്ഥിരം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെ. ഈ സംസ്ഥാനങ്ങളില്‍ 23 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. രാജ്യത്ത് മണ്ഡല്‍ കമ്മിഷനും സംവരണ വ്യവസ്ഥയ്ക്കും യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു. അധികാര കേന്ദ്രങ്ങളില്‍ നിന്ന് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മറ്റ് പിന്നാക്ക സമുദായക്കാരുമെല്ലാം ഒഴിവാക്കപ്പെടുന്നു. ഇക്കാര്യത്തില്‍ രാജ്യത്ത് വ്യത്യസ്തമായി നില്‍ക്കുന്നത് കേരളവും തമിഴ്‌നാടും മാത്രമാണ്.
പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയ്ക്കുമെന്നതായിരുന്നു പ്രധാനപ്പെട്ട മറ്റൊരു വാഗ്ദാനം. 2014ല്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71 രൂപയായിരുന്നു. അത് 50 രൂപയായി കുറയ്ക്കുമെന്നായിരുന്നു പ്രകടനപത്രിക. എന്നാല്‍ വില കുറച്ചില്ലെന്നുമാത്രമല്ല ഇന്ധനനികുതിയും സെസും സര്‍ചാര്‍ജും നിരന്തരം വര്‍ധിപ്പിക്കുകയും ചെയ്തു. 2014ല്‍ പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ഒരു വര്‍ഷം കിട്ടിയ നികുതി 1.26 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍, 2023ല്‍ കിട്ടിയത് 5.13 ലക്ഷം കോടിയാണ്. ഇതിന്റെ ഫലമായി ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 106 രൂപ നല്‍കണം. ഈ കാലയളവില്‍ ലോകമാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുകയായിരുന്നു എന്നു കൂടി കാണണം. 2014ല്‍ ഒരു ബാരല്‍ ക്രൂഡ് വില 113 ഡോളര്‍ ആയിരുന്നത് 2023ല്‍ 83 ഡോളര്‍ ആയി കുറഞ്ഞു. പാചകഗ്യാസിന്റെ വില 2014ല്‍ 410 രൂപയായിരുന്നത് ഇന്ന് 1160 രൂപയായി. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഉള്‍പ്പെടെ രണ്ടുതവണയായി വിലകുറച്ച് 850 രൂപയിലെത്തിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സൈന്യത്തിലും മോഡിവൽക്കരണം


പെണ്‍കുട്ടികളുടെ സംരക്ഷണത്തിനോ പഠനത്തിനോ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയില്ലെന്നുമാത്രമല്ല, യുപി പോലുള്ള സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്ത്യക്കാവശ്യമായ എല്ലാ ഉല്പന്നങ്ങളും ഇവിടെത്തന്നെ ഉല്പാദിപ്പിക്കും എന്നത് മനോഹരമായ ഒരു പ്രഖ്യാപനമായിരുന്നു. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. ഓരോ വര്‍ഷവും ചെെന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ആനുപാതികമായിട്ടെങ്കിലും കയറ്റുമതി വര്‍ധിച്ചതുമില്ല. പൗരന്മാരുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവുമില്ല. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നു. ന്യൂനപക്ഷങ്ങള്‍ പ്രത്യേകമായിത്തന്നെ വേട്ടയാടപ്പെടുന്നു. വനിതാസംവരണം എന്നതിനെ ഒരു തമാശയാക്കി മാറ്റി. ഒമ്പതര വര്‍ഷം കഴിഞ്ഞ് ബില്‍ അവതരിപ്പിച്ച് അത് പാസാക്കി. എന്നിട്ട് പറഞ്ഞു ‘സെന്‍സസ് കഴിഞ്ഞ് നടപ്പിലാ‘ക്കാമെന്ന്. 2021ല്‍ സെന്‍സസ് നടക്കണമായിരുന്നു; നടത്തിയില്ല. ഇനി എന്ന് നടക്കുമെന്ന് പറഞ്ഞിട്ടില്ല. ഫലത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാലും വനിതാസംവരണ നിയമം നടപ്പില്‍ വരില്ല. ഒരു രാജ്യത്തെ മുഴുവന്‍ വനിതകളെയും എത്ര കൃത്യതയോടെയാണ് മോഡി സര്‍ക്കാര്‍ വിഡ്ഢികളാക്കാന്‍ ശ്രമിച്ചത്.


ഇതുകൂടി വായിക്കൂ: കോഴ നിയമവല്‍ക്കരിച്ച് കോടികള്‍ കൊയ്ത ബിജെപി


ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന വാഗ്ദാനത്തില്‍ ഒരു കഴമ്പുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണിപ്പോള്‍ ഇന്ത്യ, 144കോടി. ചെെനയില്‍ 143, അമേരിക്ക33, ജപ്പാന്‍ 12, ജര്‍മ്മനി എട്ട് കോടിയും ജനങ്ങളാണുള്ളത്. ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തി അമേരിക്കയാണ്. തുടര്‍ന്ന് ചെെന, ജപ്പാന്‍, ജര്‍മ്മനി, ഇന്ത്യ എന്നീ രാജ്യങ്ങളും വരുന്നു. എട്ട് കോടി ജനങ്ങള്‍ മാത്രമുള്ള ജര്‍മ്മനിയെ 144 കോടി ജനങ്ങളുള്ള ഇന്ത്യ, സാമ്പത്തികരംഗത്ത് മറികടക്കും എന്നുപറയുന്നതില്‍ ഒരു മഹത്വവുമില്ല. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചെെന ഒരു വര്‍ഷം 18,56,600 കോടി‍ ഡോളര്‍ സമ്പത്തുല്പാദിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് 4,11,200 കോടി ഡോളര്‍ മാത്രമാണ്. ഇന്ത്യയുടേതിനെക്കാള്‍ നാലിരട്ടിയിലധികം സമ്പത്ത് ചെെന ഉല്പാദിപ്പിക്കുന്നു. ഭക്ഷ്യസാധനങ്ങളുടെ ഉല്പാദനത്തിലും അതിന്റെ ഉപയോഗത്തിലുമെല്ലാം ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണ് ചെെന. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി വസ്തുതാപരമല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ച രണ്ടക്ക സംഖ്യയില്‍ എത്തിക്കുമെന്ന അവകാശവാദത്തിന്റെ സ്ഥിതിയും ഇതുതന്നെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും അങ്ങനെ സംഭവിച്ചിട്ടില്ല. എന്നുമാത്രമല്ല, ഒരു ഘട്ടത്തില്‍ അത് നാല് ശതമാനത്തിന് താഴെയായി മാറുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി വളര്‍ച്ചാനിരക്ക് 4.72 ശതമാനം മാത്രമാണ്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനായില്ല. 2014ല്‍ ഒരു അമേരിക്കന്‍ ഡോളറിന് 62 രൂപ നല്‍കണമായിരുന്നെങ്കില്‍, ഇന്ന് 84 രൂപ നല്‍കണം. വിലക്കയറ്റം നിയന്ത്രിച്ച് നിര്‍ത്തും എന്ന വാഗ്ദാനവും പാഴ്‌വാക്കായി. വിലക്കയറ്റം ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.