27 May 2024, Monday

Related news

May 25, 2024
May 25, 2024
May 21, 2024
May 19, 2024
May 16, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024

തെരഞ്ഞെടുപ്പ് ആവേശം അന്യം; നിശബ്ദം മണിപ്പൂര്‍

Janayugom Webdesk
ഇംഫാല്‍
April 6, 2024 8:57 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും പ്രചരണ പരിപാടികളോ റാലികളോ ഇല്ലാതെ മണിപ്പൂര്‍ നിശബ്ദം. മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തരീക്ഷ താപനിലയേക്കാള്‍ ചൂടേറുമ്പോള്‍ മണിപ്പൂരില്‍ ഇത്തരം കാഴ്ചകള്‍ അന്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചരണങ്ങള്‍ക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും മന്ദഗതിയിലാണ്. വര്‍ഗീയ കലാപങ്ങള്‍ക്ക് ചെറിയ അറുതിയുണ്ടായെങ്കിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കരുതലോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞവര്‍ഷം മെയ് മൂന്നിന് ആരംഭിച്ച കുക്കി-മെയ്തി സംഘര്‍ഷത്തില്‍ ഇതുവരെ 220ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. പതിനായിരക്കണക്കിനാളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പലായനം ചെയ്ത ഒട്ടനേകം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കുക്കി-മെയ്തി മേഖലകളായി സംസ്ഥാനം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. 

സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഒന്നും തന്നെ ഒരിടത്തും കാണാനില്ല. വോട്ടവകാശത്തെ കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥാപിച്ച പരസ്യം മാത്രമാണ് തെരഞ്ഞെടുപ്പ് അടുത്തെത്തിയെന്ന് ഓര്‍മ്മിപ്പിക്കുന്നത്. മറ്റ് സംസഥാനങ്ങളില്‍ വന്‍ റാലികള്‍ സംഘടിപ്പിച്ചും താരപ്രചാരകരെ അണിനിരത്തിയും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ മണിപ്പൂരിലേക്ക് നോട്ടമെത്തുന്നില്ല. ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും രംഗപ്രവേശം ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രമുഖ നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കളത്തിലിറങ്ങി. എന്നാല്‍ ഇവരെല്ലാം മണിപ്പൂര്‍ സന്ദര്‍ശിച്ച് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കുന്ന പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് മിക്ക പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. 

തെരഞ്ഞെടുപ്പ് പ്രധാന വിഷയമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയതോതിലുള്ള പ്രചരണങ്ങള്‍ നടത്താന്‍ സാധിക്കുകയില്ലെന്ന് നേതാക്കള്‍ പറയുന്നു. കലാപങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളാരും സന്ദര്‍ശനം നടത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യം അറിയാമെന്നും അതിനാല്‍ അവര്‍ ആലോചിച്ച് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു. ഈ മാസം 19, 26 തീയതികളില്‍ രണ്ട് ഘട്ടമായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഒരു മണ്ഡലത്തിലെ തന്നെ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുവെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ചില കുക്കി സമുദായ സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Elec­tion excite­ment is dif­fer­ent; Silence Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.