പൗരത്വ ഭേദഗതി നിയമം ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഹിന്ദുത്വ ഫാസിസ്റ്റുകളുടെ കൈവഴിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴ ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാർത്തികപ്പള്ളി പുളിക്കീഴിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഇന്ത്യയുടെ മൂല്യങ്ങൾ തകർത്ത് വൈവിധ്യങ്ങളുടെ കലവറയായ രാജ്യത്തെ ഒന്നിലേക്ക് ചുരുക്കനാണ് ആർഎസ്എസ് ശ്രമം. ആയുധവൽക്കരിക്കപ്പെട്ട ഭരണകൂടമാണ് അവരുടെ ആഗ്രഹം. എല്ലാത്തിനെയും തോക്കിൻകുഴലിൽ നിർത്തി ഭരിക്കുകയാണ് ലക്ഷ്യം. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് എതിര് നിന്നതിന്റെ പേരിലാണ് മഹാത്മഗാന്ധി രക്തസാക്ഷിയായത്.
എന്നാൽ ഇന്നത്തെ കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ ഭയമാണ്. 24 മണിക്കൂറും ബിജെപിക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് പ്രസംഗിക്കുന്ന മഹാൻ മത്സരിക്കാൻ എത്തിയത് വയനാട് എൽഡിഎഫിനെതിരെ ആണെന്ന് ഓർക്കണം. രാജ്യം മൂന്ന് കാര്യങ്ങളിൽ കോൺഗ്രസിൽനിന്ന് മറുപടി കാത്തിരുന്നു. പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക അധികാരം പിൻവലിച്ചത്, ഏകസിവിൽ കോഡ്. ഇക്കാര്യങ്ങളിൽ പ്രകടന പത്രികയിൽ മൗനം പാലിച്ച കോൺഗ്രസിന്റെ രാഷ്ട്രീയം അവസരവാദപരമാണ്. ഹിറ്റ്ലറുടെ വംശഹത്യയ്ക്ക് സമാനമായി ഇന്ത്യയിലും വംശശുദ്ധി ഉറപ്പാക്കണമെന്നാണ് സവർക്കർ വിചാരധാരയിൽ പറയുന്നത്. അതിന് എതിരായി ആർഎസ്എസ് കാണുന്ന മൂന്നുവിഭാഗം മനുഷ്യരും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെല്ലാം കാരണം അതാണ്. പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ മുടക്കിയത് കേന്ദ്രമാണ്. എന്നാൽ സംസ്ഥാന സർക്കാർ കടമെടുത്ത് പ്രതിബന്ധത നിറവേറ്റി. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞാൽ കേരളത്തിൽ ആദ്യം എൽഡിഎഫ് ജയിക്കുന്ന മണ്ഡലം വടകരയാകും. അതു തിരിച്ചറിഞ്ഞതോടെ മന്ത്രിയെന്ന നിലയിൽ ലോകശ്രദ്ധ നേടിയ കെ കെ ശൈലജക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നത്.
യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ വ്യാജ രേഖയുണ്ടാക്കിയവരുടെ സംഘം വടകരയിൽ ക്യാമ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ കോർത്തികേയൻ അധ്യക്ഷനായി. സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, അഡ്വ. ജി ഹരിശങ്കർ, എം സുരേന്ദ്രൻ, ടി കെ ദേവകുമാർ, എൻ സജീവൻ, സി ശ്രീകുമാർ ഉണ്ണിത്താൻ,വി കെ സഹദേവൻ, സി പ്രസാദ്, എസ് സുരേഷ് കുമാർ, സാദത്ത് എസ് ഹമീദ്, ഡി അനീഷ്, സാദിഖ് എം മാക്കിയിൽ, എൻ എസ് നായർ, നിസാമുദ്ദിൻ മൗലവി, അനിരാജ് ആർ മുട്ടം, മധു പള്ളിപ്പാട്, ബി രാജൻ, ഫിലിപ്പോസ് ചിങ്ങോലി എന്നിവർ പങ്കെടുത്തു.
English Summary: Citizenship Amendment Act: Pathway to Hindu Rashtra: MV Govindan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.