സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ചുകൊണ്ട് അവയെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പൊതു ഇടങ്ങളാക്കി പരിവർത്തനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷക്കാലമായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 5,000 കോടിയിൽപ്പരം രൂപയുടെ നിക്ഷേപമാണ് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യ വികസനത്തിനായി നടത്തിയത്. ഇത് പൊതുവിദ്യാലയങ്ങളുടെ മുഖംതന്നെ മാറ്റി. എല്ലാ ക്ലാസ്‌മുറികളെയും സാങ്കേതിക സൗഹൃദമാക്കി മാറ്റുന്നതിലൂടെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കി. ഏതൊരു വിദ്യാഭ്യാസ പരിഷ്കരണങ്ങളെയും ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ ക്ലാസ്‌മുറികളെ പരിവർത്തനം ചെയ്തു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിന് പിന്നാലെ പാഠ്യപദ്ധതിയും സമഗ്രമായി പരിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ നടത്തി. അതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ 173 ടൈറ്റിൽ പുതിയ പാഠപുസ്തകങ്ങൾ ജൂൺ മാസത്തിന് മുമ്പേ കുട്ടികളുടെ കൈകളിലെത്തും. ജനകീയമായ ചർച്ചകളും വിദ്യാർത്ഥി ചർച്ചകളും നടത്തി എല്ലാവിഭാഗം ആർക്കാരെയും ഉൾക്കൊണ്ട പരിഷ്കരണപ്രവർത്തനങ്ങളാണ് നടത്താൻ ശ്രമിച്ചിട്ടുള്ളത്. പുതിയ അധ്യയന വർഷത്തെ കുട്ടികൾ വരവേൽക്കുന്നത് പുതിയ പാഠപുസ്തകങ്ങളുമായിട്ടാണ്. ഇതിനായി അധ്യാപകരെ സജ്ജമാക്കുന്നതിന് വേണ്ടിയുള്ള അവധിക്കാല അധ്യാപക സംഗമങ്ങളും നടക്കുന്നു. നിർമ്മിതബുദ്ധിയിലും അധ്യാപകർക്ക് പരിശീലനവും നൽകി വരികയാണ്.
ഓരോ വിദ്യാലയത്തെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അതിനായി ഒട്ടേറെ മാറ്റങ്ങൾ സ്വീകരിച്ചേ മതിയാകൂ. അധ്യാപന രംഗത്ത് പ്രൊഫഷണൽ സമീപനം ഉണ്ടാകണം. മാറുന്ന കാലത്തോട് സംവദിക്കാൻ പ്രാപ്തിയുള്ള അധ്യാപകരെയാണ് നമുക്കാവശ്യം. വിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിയും കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ ക്ലാസിലും ഓരോ കുട്ടിയും ആർജിക്കേണ്ട ശേഷികൾ നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട കടമ അധ്യാപകർതന്നെ നിർവഹിക്കണം. ഈ കാര്യങ്ങൾ ഉറപ്പുവരുത്തുവാൻ വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായുള്ള പഠന പിന്തുണാപരിപാടിയും, പ്രൈമറി ക്ലാസുകളിൽ സമഗ്ര ഗുണമേന്മാപരിപാടിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ് വിലയിരുത്തൽ പ്രക്രിയ. പഠനാരംഭഘട്ടത്തിലും പഠനത്തോടൊപ്പവും നിരന്തരമായും സൂക്ഷ്മമായും നടത്തേണ്ട ഒന്നുകൂടിയാണിത്. നിലവിലുള്ള വിലയിരുത്തൽ പ്രക്രിയ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് 1997ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ്. വിലയിരുത്തൽ കേവലം യാന്ത്രികമായി നടക്കേണ്ട ഒന്നല്ലെന്നും, നിരന്തരവും സമഗ്രവുമായി ക്ലാസ് മുറികളിൽ നടക്കേണ്ട പ്രക്രിയയാണെന്നുമുള്ള പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ നാം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. മാർക്ക് മാത്രം നൽകി കുട്ടികളെ തരംതിരിക്കുന്നതിൽ നിന്നും ഗ്രേഡുകൾ നൽകി കുട്ടികളെ തട്ടുകളാക്കി തിരിച്ചു. ഈ രീതിശാസ്ത്രം ഇപ്പോൾ ഹയർസെക്കന്‍ഡറിതലം വരെ സ്വീകരിച്ചുപോരുന്നു.
മൂല്യനിർണയ പ്രക്രിയയിൽ പുരോഗമനപരമായ പരിഷ്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയെങ്കിലും പൂർണമായ അർത്ഥത്തിൽ വിജയിപ്പിക്കുന്നതിൽ പല കാരണങ്ങൾകൊണ്ട് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നൽകണമെന്നതിന്റെ ചുവടുപിടിച്ച്, കുട്ടികള്‍ അടിസ്ഥാനശേഷി നേടുന്നുണ്ടോ എന്ന കാര്യം വിസ്മരിക്കുകയോ ലളിതവൽക്കരിക്കുകയോ ചെയ്യുന്നുണ്ടോ എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. 2019ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കേരളം നടപ്പിലാക്കാത്തത് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും കുട്ടികളുടെ കൂടെയാണ് എന്നുള്ളതുകൊണ്ടാണ്. കുട്ടികളെ തോല്പിക്കുക എന്നത് സർക്കാർ നയമായി സ്വീകരിച്ചിട്ടില്ല മറിച്ച് ഓരോ ക്ലാസിലും കുട്ടി നേടേണ്ട ശേഷി നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട കടമ വിദ്യാലയം നിർവഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനും ഒരുക്കമല്ല.
2005ൽ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേഡിങ് നടപ്പിലാക്കി. പരീക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായി പേപ്പർ മിനിമം എന്നതും എടുത്തുകളഞ്ഞു. നിരന്തര മൂല്യനിർണയത്തെ ഗൗരവമായ പഠനപ്രക്രിയയുടെ ഭാഗമായി കാണേണ്ടതിനു പകരം പലപ്പോഴും അത് യാന്ത്രികമായ ഒന്നായി മാറി. ഇത് മാറിയേ മതിയാകൂ. ലോകത്തെല്ലായിടത്തും ഇന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര സൂചികകളായി പരീക്ഷയെത്തന്നെയാണ് ആശ്രയിക്കുന്നത്. അതിൽ നിരന്തര മൂല്യനിർണയ പ്രക്രിയയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഓരോ ക്ലാസിലും ഓരോ വർഷവും ചുരുങ്ങിയത് മൂന്ന് പരീക്ഷകൾ വീതമെങ്കിലും നടത്താറുണ്ട്. പാദ, അർധ, വാർഷിക പരീക്ഷകൾ പൊതുപരീക്ഷകളുടെ ഗൗരവസ്വഭാവത്തോടുകൂടിയാണ് നടത്താറുള്ളത്. ചോദ്യപേപ്പർ നിർമ്മാണം മുതൽ അച്ചടിയും വിതരണവും പരീക്ഷാ നടത്തിപ്പുമെല്ലാം അതീവ ഗൗരവസ്വഭാവത്തോടെയുള്ളതാണ്. ഈ മൂല്യനിർണയപ്രക്രിയയുടെ തുടർപ്രവർത്തനങ്ങൾ പഠന പിന്തുണാപരിപാടിയായി ക്ലാസ്‌മുറികളിൽ നടക്കേണ്ടതുണ്ട്.
സാമ്പ്രദായികമായ എഴുത്തുപരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. വ്യത്യസ്തമായ കഴിവും അഭിരുചിയുമുള്ള കുട്ടികളെ പരിഗണിക്കുന്നത് കൂടിയാകണം പരീക്ഷകൾ. ഇങ്ങനെ നടത്തപ്പെടുന്ന പരീക്ഷകൾ കുട്ടികളിൽ ഉത്കണ്ഠ വളർത്തുന്നതുമാകരുത്. പരീക്ഷാഭയം അവരുടെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ ആധുനിക സമൂഹത്തിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കണമെങ്കിൽ അവരുടെ പ്രകടനമികവ് വളർത്തേണ്ടത് അത്യാവശ്യമാണ്.
നിലവിലെ എസ്എസ്എൽസി പരീക്ഷയിൽ മാറ്റങ്ങൾ ആലോചിക്കുന്നത് മേൽ സൂചിപ്പിച്ച വിവിധ ഘട്ടങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടാണ്. ഈ പരിഷ്കാരങ്ങൾ സമഗ്രമായി നടപ്പിലാക്കുന്നതിനായി പാഠ്യപദ്ധതി ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടുതന്നെ വിലയിരുത്തൽ ചട്ടക്കൂട് വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി മാറുകയും ചെയ്യും. ഓരോ വിദ്യാഭ്യാസ പരിഷ്കാരത്തെക്കുറിച്ച് ആലോചിക്കുമ്പോഴും കുട്ടികളുടെ മുഖമാണ് മനസിൽ തെളിയേണ്ടത്. മാറുന്ന ലോകക്രമത്തിനനുസരിച്ചുള്ള ശേഷികൾ എല്ലാവരും നേടേണ്ടതുണ്ട്. അതിനായി വലിയ പരിഷ്കാരത്തിന്റെ ചെറിയ ചുവടുവയ്പ് നടത്തുകയാണ്. രാജ്യത്തെ മറ്റെല്ലാ വിദ്യാഭ്യാസ പരീക്ഷാ ബോർഡുകളെപോലെ തന്നെ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. പരീക്ഷാ നിലവാരവും നടത്തിപ്പും നിരന്തരം പഠിക്കുകയും ലോക മാതൃകകൾ ഉണ്ടെങ്കിൽ നടപ്പിലാക്കുകയും വേണം. ചോദ്യപ്പേപ്പറുകളുടെ നിലവാരവും മൂല്യനിർണയത്തിലെ സൂക്ഷ്മതയും തുടരേണ്ടതുമാണ്. ഏതൊരു പരിഷ്കാരത്തിനും സംവാദത്തിന്റെ ഒരു തലം കൂടിയുണ്ട്. നമ്മുടെ നാട് ജനാധിപത്യമൂല്യങ്ങൾക്ക് വിലകല്പിക്കുന്ന ഇടമായതിനാൽ വിശാലമായ ജനാധിപത്യ ചർച്ചകൾക്കൊടുവിൽ പരിഷ്കരണങ്ങൾ ആവാം. ഒരു കുട്ടിയെയും തോല്പിക്കാനല്ല ഈ പരിഷ്കാരങ്ങൾ, അവരാരും ജീവിതത്തിൽ തോൽക്കാതിരിക്കാനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.