പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടന്ന അസാധാരണമാംവിധം ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയും അതിന്റെ ഭാഗമായി നടന്ന തീവ്ര രാഷ്ട്രീയസംവാദവും അന്തരീക്ഷത്തിൽ ഉയർത്തിയ പൊടിപടലങ്ങൾ പെട്ടെന്നൊന്നും കെട്ടടങ്ങിയേക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രസർക്കാരും അവർ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയവും അവഗണിച്ചതും ഒഴിവാക്കാൻ ശ്രമിച്ചതുമായ, രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ജീവിതവുമായി ബന്ധപ്പെട്ട മൗലികപ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് സംവാദങ്ങളിൽ ഉയർന്നുവന്നത്. വ്യത്യസ്ത നരവംശങ്ങളെ പ്രതിനിധാനംചെയ്യുന്ന, വിഭിന്നമതങ്ങളും സംസ്കാരങ്ങളും പിന്തുടരുന്ന, വിവിധ ഭൂപ്രദേശങ്ങളിൽ അപൂർവമായ ഭാഷാവൈവിധ്യവും ജീവിതരീതിയും അവലംബിക്കുന്ന ലോകത്തെ ഏറ്റവുംവലിയ ജനസഞ്ചയത്തിന്റെ ദേശീയ ഐക്യത്തിനും അഖണ്ഡതക്കും നേരെ ഉയരുന്ന വെല്ലുവിളികൾ തന്നെയാണ് അവയിൽ പ്രഥമവും പ്രധാനവും. 140 കോടിയിലധികംവരുന്ന ജനതയുടെ ഭൗതിക നിലനില്പിനുനേരെ രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥ ഉയർത്തുന്ന വെല്ലുവിളികളാണ് പ്രശ്നത്തിന്റെ മറുവശം. തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും ആ വെല്ലുവിളികളെ നേരിടുകയും പരിഹരിക്കുകയും ചെയ്യാതെ ജനങ്ങളുടെ സമാധാനപൂർണമായ ജീവിതവും രാഷ്ട്രത്തിന്റെ അതിജീവനവും സുഗമമായിരിക്കില്ല. ആരുതന്നെ അധികാരത്തിൽ വന്നാലും ഈ മൗലികപ്രശ്നങ്ങൾ ഭരണകൂടത്തിന്റെ മുൻഗണനാ വിഷയങ്ങളായി ഉയർത്തിക്കൊണ്ടുവരികയെന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാർട്ടികളുടെയും വർഗസംഘടനകളുടെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമായി മാറണം. തീവ്രദേശീയ, വലതുപക്ഷ വിചാരധാരകൾക്കും നവഉദാരീകരണ ആശയങ്ങൾക്കും അടിയറവുപറഞ്ഞ രാഷ്ട്രീയത്തെ ചോദ്യംചെയ്യാതെയും തിരുത്തിക്കാതെയും ആ ദൗത്യം നിറവേറ്റുക ദുഷ്കരമായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രതിപക്ഷ ഇന്ത്യ മുന്നണിയും ജനങ്ങളും ഉന്നയിച്ച അതിജീവനത്തിന്റെ മുഖ്യപ്രശ്നമാണ് അഭൂതപൂർവമായ തൊഴിലില്ലായ്മ. സ്ഥിതിവിവരക്കണക്കുകളുടെ ആവർത്തനം കൂടാതെതന്നെ ജനങ്ങൾക്കാകെ സ്വജീവിതാനുഭവത്തിലൂടെ ബോധ്യമുള്ള വിഷയമാണത്. നിലവിലുള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങളുടെ പരിണിതഫലമാണത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ സർക്കാർ സേവനങ്ങളിൽ അവശ്യം ആവശ്യമായ നിയമനങ്ങൾക്കുപോലും അപ്രഖ്യാപിത നിരോധനമാണ് നിലനിൽക്കുന്നത്. അതുമൂലം യുവതലമുറയ്ക്ക് 30ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾപോലും വെളിപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായമടക്കം സംരംഭങ്ങളും വ്യാപകമായി സ്വകാര്യവല്‍ക്കരിക്കുകയും വിറ്റുതുലയ്ക്കുകയുമാണ് ഉദാരീകരണ കാലത്തെ സർക്കാരുകളുടെ ദൗത്യം. വിനാശകരമായ ഈ പ്രവണതയ്ക്ക് അറുതിവരുത്താതെ തൊഴിലില്ലായ്മയ്ക്കെതിരായ പോരാട്ടം കേവലം നിഴൽയുദ്ധമായി മാറും. കൊട്ടിഘോഷിക്കപ്പെടുന്ന സംവരണം തന്നെ അർത്ഥശൂന്യമാവും. ചുവരില്ലാതെ ചിത്രരചന അസാധ്യമാണ്. കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ് ഉദാരീകരണ രാഷ്ട്രീയ, സാമ്പത്തിക കടന്നാക്രമണത്തിന്റെ ആദ്യഇരകൾ. അവർ ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കരിനിയമങ്ങളാണ് ഉദാരീകരണത്തിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അടിച്ചേല്പിക്കപ്പെടുന്നത്. അതിനെതിരായ ചെറുത്തുനില്പുകളെ അപ്പാടെ അവഗണിച്ചും അടിച്ചമർത്തിയും മുന്നോട്ടുപോകാൻ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് മർദകഭരണകൂടങ്ങളെ ബോധ്യപ്പെടുത്താതെ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനാവില്ലെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. തൊഴിലില്ലായ്മയ്ക്കും തൊഴിലെടുത്ത് മാന്യമായി ജീവിക്കാനുമുള്ള പോരാട്ടങ്ങൾക്കും കരുത്തുപകരാതെ ഒരു ജനത എന്നനിലയ്ക്ക് രാജ്യത്തിന് നിലനില്പില്ലെന്ന് വന്നിരിക്കുന്നു.
തൊഴിലില്ലായ്മയും തൊഴിലെടുത്ത് ജീവിക്കാനുള്ള വിശാലജനവിഭാഗങ്ങളുടെ അവകാശനിഷേധവുമടക്കം രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക അനീതികളാണ് തീവ്രവർഗീയതയടക്കം ജനങ്ങളുടെ ഐക്യവും സമാധാനജീവിതവും തകർക്കുന്ന വിധ്വംസക പ്രവണതകളുടെ വിളനിലം. മൂലധനശക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് അത്തരം പ്രവണതകളുടെയും അതിന്റെ സംരക്ഷകരുടെയും പ്രയോക്താക്കളുടെയും ആത്യന്തികലക്ഷ്യം. മൂലധന ശക്തികൾക്ക് ‘സമ്പത്തുല്പാദകർ’ എന്ന വിശേഷാവകാശം അവർ കല്പിച്ചുനൽകി. ഭരണകൂടദൗത്യം ഈ വരേണ്യവർഗത്തിന്റെ താല്പര്യസംരക്ഷണമാണെന്ന് നിർലജ്ജം പ്രഖ്യാപിക്കാനും അവർക്ക് മടിയില്ല. അതിനുവേണ്ടിയുള്ള അധികാരത്തുടർച്ചയാണ് തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ടതും. അധികാരത്തെപ്പറ്റി ആഴത്തിൽ വേരോട്ടമുണ്ടാക്കിയ ഈ നിഷേധാത്മക വീക്ഷണത്തിനും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനുമെതിരായ സമരമായി മാറുകയാണ് ജനാധിപത്യത്തിന് വേണ്ടിയുള്ള ഇന്ത്യൻജനതയുടെ പോരാട്ടം. തെരഞ്ഞെടുപ്പുഫലം എന്തുതന്നെ ആയാലും, ആരുതന്നെ അധികാരത്തിൽ വന്നാലും ഇനിയുമേറെക്കാലം ഈ പോരാട്ടം തുടരുകയെന്നതും പ്രസക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.