30 June 2024, Sunday
KSFE Galaxy Chits

Related news

June 30, 2024
June 29, 2024
June 28, 2024
June 28, 2024
June 27, 2024
June 23, 2024
June 20, 2024
June 19, 2024
June 17, 2024
June 17, 2024

നീറ്റ് ക്രമക്കേടില്‍ ബിജെപി ബന്ധം; ആറ് റാങ്കുകാര്‍ ബിജെപി നേതാവിന്റെ കുടുംബസ്കൂളില്‍ നിന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2024 5:11 pm

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടില്‍ ബിജെപി ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. നീറ്റ്-യുജി പരീക്ഷയിലെ ആറ് റാങ്കുകാര്‍ പരീക്ഷ എഴുതിയത് ഹരിയാനയിലെ ബിജെപി നേതാവിന്റെ കുടുംബം നടത്തുന്ന ഹര്‍ദയാല്‍ പബ്ലിക് സ്കൂളിലാണെന്ന് വിവരം പുറത്തുവന്നു. ബഹാദുര്‍ഗ്രാഹ് സിറ്റി പൊലീസ് സ്റ്റേഷനടുത്താണ് ഹര്‍ദയാല്‍ പബ്ലിക് സ്കൂള്‍. ഈ വര്‍ഷം ആദ്യമായാണ് ഹര്‍ദയാല്‍ സ്കൂള്‍ പരീക്ഷാ കേന്ദ്രമാക്കിയത്. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത് ഈ സ്കൂളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അ‍ഞ്ഞൂറിലധികം പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. അതില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കായ 720ഉം മറ്റ് രണ്ട് പേര്‍ക്ക് 718, 719 മാര്‍ക്ക് വീതവും ലഭിച്ചതോടെയാണ് സംശയമുണ്ടായത്. എന്നാല്‍ സമയനഷ്ടം പരിഗണിച്ച് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ഗ്രേസ് മാര്‍ക്ക് റദ്ദാക്കി. 

ഹര്‍ദയാല്‍, വിജയ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സമയനഷ്ടമുണ്ടായതെന്ന് പറയുന്നു. അതേസമയം ഗ്രേസ്‌മാര്‍ക്ക് ലഭിച്ചത് ഹര്‍ദയാല്‍ സ്കൂളില്‍ എഴുതിയവര്‍ക്ക് മാത്രമാണ്. ഇതേ സ്കൂള്‍ സെന്ററാക്കിയ എല്ലാവര്‍ക്കും ആനുകൂല്യം ലഭിച്ചിട്ടുമില്ല. 1995ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. അനുരാധ യാദവാണ് സ്കൂള്‍ പ്രസിഡന്റ്. അനുരാധ യാദവിന്റെ അനന്തരിവൻ ശേഖർ യാദവ് യുവമോർച്ചയുടെ ജജ്ജാർ ജില്ലാ പ്രസിഡന്റാണ്. റോഹ്തക്കിൽ നിന്നുള്ള മുൻ ബിജെപി എംപി അരവിന്ദ് ശർമ്മയുമായി അടുപ്പമുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ കാണിക്കുന്നു. 

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം പാസാക്കിയിരുന്നു. എന്നാല്‍ നാല് മാസത്തിന് ശേഷം, വന്‍ ക്രമക്കേടുകള്‍ പുറത്തുവന്നപ്പോഴാണ് കഴിഞ്ഞ ദിവസം നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയത്. ക്രമക്കേടിന് വഴിയൊരുക്കാനായിരുന്നു നിയമം വെെകിപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശന പരീക്ഷാ വിവാദങ്ങളില്‍ കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. പ്രവേശന പരീക്ഷകള്‍ റദ്ദാക്കി മുഖം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെല്ലാം ഓരോ വെളിപ്പെടുത്തലുകളുടെയും മുന്നില്‍ വിഫലമാകുന്നു. ഇന്നലെയും കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്തെ ഇളക്കിമറിച്ച കുംഭകോണം നടന്നിട്ടും നടക്കാനിരുന്ന പരീക്ഷകള്‍ റദ്ദാക്കുകയല്ലാതെ ക്രമക്കേടുകള്‍ നടന്നതിനെതിരെ ത്വരിത നടപടികളൊന്നും കേന്ദ്രം എടുത്തിട്ടുമില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സിബിഐ അന്വേഷണ പ്രഖ്യാപനവും എന്‍ടിഎ ഡിജി സുബോധ് കുമാറിന്റെ പുറത്താക്കലുമുണ്ടായത്. പുറത്തുവന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

നീറ്റ് യുജി പരീക്ഷ മുതലാണ് വിവാദങ്ങള്‍ ആരംഭിച്ചത്. രണ്ടാമതായി യുജിസി-നെറ്റ് പരീക്ഷാ എന്‍ടിഎ റദ്ദാക്കി. പിന്നീട് സിഐഎസ്ആര്‍-നെറ്റ്, നീറ്റ് പിജി പരീക്ഷകളും മാറ്റിവച്ചു. എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും സുതാര്യത ഉറപ്പാക്കുവാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിൽ നടന്ന റവന്യൂ വകുപ്പ് ജീവനക്കാരുടെ നിയമന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴും ബിജെപി എംഎൽഎ നടത്തുന്ന കോളജിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഗുജറാത്തിലും വിവിധ പരീക്ഷാ ക്രമക്കേടുകളില്‍ ബിജെപി ബന്ധം വെളിപ്പെട്ടിരുന്നു. 

Eng­lish Summary:BJP link in NEET irreg­u­lar­i­ty; Six rankers are from BJP lead­er’s fam­i­ly school
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.