4 July 2024, Thursday
KSFE Galaxy Chits

നൃത്തം ജീവനം

സബിന പത്മന്‍
June 30, 2024 5:16 pm

നൃത്തം ജീവശ്വാസമായി മാറുമ്പോൾ നൃത്തം ജീവിതമായി മാറും. ഓരോ അണുവിലും വിസ്മയിപ്പിക്കുന്ന വിധം നാട്യവേഗങ്ങൾ മിന്നിമറിയും. ജീവിതത്തിന്റെ താളവും വേഗവുമെല്ലാം ഭാവരാഗത്തിലലിയും. കണ്ണൂർ ബാലകൃഷ്ണൻ എന്ന നർത്തകന്റെ ജീവിതം അങ്ങനെയാണ്. ഉണർന്നിരിക്കുന്നത് നൃത്തത്തിന് വേണ്ടിയാണ്, ഉറങ്ങുന്നത് പുതിയ നാട്യ രീതികളെ സ്വപ്നം കാണാനാണ്.
നൃത്തത്തിന് വേണ്ടി ആത്മസമര്‍പ്പണം നടത്തിയ കലാകാരന്‍,നൂപുരം അക്കാദമി ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിന്റെ ഡയറക്ടർ, ലാളിത്യമാര്‍ന്ന വ്യക്തിത്വം അതിനെല്ലാമുപരി ഒരു നല്ല കമ്മ്യുണിസ്റ്റുകാരന്‍ കണ്ണൂര്‍ ബാലകൃഷ്ണനെ പരിചയപ്പെടുന്നവര്‍ക്കെല്ലാം ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ലെന്നത് നിസംശയമാണ്. കൊറ്റാളിയിലെ ചക്കപ്പൊയ്യന്‍ രോഹിണിയുടെയും ടി കണ്ണന്റെയും ഇളയമകനായ സി ബാലകൃഷ്ണനെന്ന കണ്ണൂര്‍ ബാലകൃഷ്ണന്‍ ഇന്ന് ക്ലാസിക്കല്‍ നൃത്തരംഗത്തെ ഒഴിച്ചുകൂടാനാവാത്ത പേരാണ്. കലാരംഗത്തെ ഉന്നത സ്ഥാനത്തെത്താന്‍ അദ്ദേഹം താണ്ടിയ വഴികളും അദ്ദേഹം നല്‍കിയ സംഭാവനകളും വെറും വാക്കുകളിൽ ഒതുക്കാവുന്നതല്ല. നൃത്തത്തില്‍ സമര്‍പ്പിതമായ അദ്ദേഹത്തിന് ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ കേരളത്തിലെ സീനിയര്‍ നൃത്താധ്യാപകനുള്ള കലാദര്‍പണത്തിന്റെ പുരസ്കാരം, 2022ല്‍ സി കെ പണിക്കര്‍ സ്മാരക ട്രസ്റ്റ്, വൈഖരി സംഗീത വിദ്യാലയം നല്‍കി വരുന്ന സി കെ പണിക്കര്‍ സ്മാരക പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി കലാപ്രതിഭകള്‍ക്കുള്ള 2023 ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും ബാലകൃഷ്ണൻ മാസ്റ്ററെ തേടിയെത്തി. തന്റെ കലാ ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു…

 

കലാജീവിതം
*************
1954 മുതൽ പന്ത്രണ്ടാമത്തെ വയസിലാണ് നൃത്തപഠനം ആരംഭിച്ചത്. കൊറ്റാളിയിലെ യുവജന കലാസമിതിയില്‍ നിന്നാണ് ആദ്യമായി നൃത്തം അഭ്യസിച്ചത്. നടനകലാനിധി കൃഷ്ണദാസ് ആണ് ആദ്യ ഗുരു. അദ്ദേഹത്തിന്റെ കീഴിൽ ഒരു വർഷം പഠനം നടത്തിയ ശേഷം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തന്നെ തളിപ്പറമ്പിൽ തുടർവിദ്യാഭ്യാസം നടത്തി. പിന്നീട് കോഴിക്കോട് ബാലകൃഷ്ണൻ നായരുടെ ശിഷ്യത്വം സ്വീകരിച്ചു. നൃത്ത അധ്യാപകനായിരിക്കെ മംഗലാപുരത്ത് രാജൻ ഐയ്യർ ‑ലക്ഷ്മി പ്രഭ എന്നിവരുടെ കീഴിലും പഠനം നടത്തി.

നൃത്തത്തോടുള്ള താത്പര്യം
****************************
അച്ഛന്റെ തണൽ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയും മരിച്ചു. അമ്മാവൻമാരുടെ ആശ്രയത്തിലായിരുന്നു ഞാനും സഹോദരങ്ങളായ സി എച്ച് രാഘവനും ബാബു വാസുദേവനും ജീവിച്ചത്. കഠിന ശിക്ഷണ സമ്പ്രദായമായിരുന്നു അമ്മാവൻമാരുടേത്. നൃത്ത കല അഭ്യസിക്കുന്നതിൽ അവർ അങ്ങേയറ്റം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഐ നേതാവായിരുന്ന സി എച്ച് രാഘവേട്ടനും മുന്‍ നവയുഗം പത്രാധിപരായിരുന്ന ബാബു വാസുദേവേട്ടനുമാണ് നൃത്തകലയാണ് നിന്റെ മേഖലയെന്നും അതിൽ മുന്നോട്ട് പോകുകയെന്നുമുള്ള പ്രോത്സാഹനം തന്നത്. യുവജന കലാസമിതിയിൽ ആദ്യമായി നൃത്തം അഭ്യസിക്കാനുള്ള സൗകര്യമൊരുക്കിയത് രാഘവേട്ടനായിരുന്നു. ആദ്യം ഡാന്‍സര്‍ ബാലകൃഷ്ണന്‍ എന്നാണ് അറിഞ്ഞിരുന്നത്. വാസുദേവേട്ടനാണ് കണ്ണൂർ ബാലകൃഷ്ണൻ എന്ന് പേര് സ്വീകരിക്കാൻ നിർദ്ദേശിച്ചത്.

നൃത്തം ജീവിതോപാധി
**********************
നൃത്തം പഠിക്കുന്ന കാലത്ത് തന്നെ അക്കൗണ്ടൻസി പഠിച്ചിരുന്നു. കണ്ണൂരിൽ വിവിധ സ്ഥാപനങ്ങളിൽ കണക്കെഴുത്ത് നടത്തി. 1968ൽ മനോരമയുമായി വിവാഹം നടന്നു. അതിന് ശേഷം പൂർണമായും കലാരംഗത്ത് പ്രവേശിച്ചു. ആദ്യകാലത്ത് സ്കൂൾ, കോളജ്, കലാസമിതി എന്നിവിടങ്ങളിലെല്ലാം നൃത്ത അധ്യാപകനായി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജിലകളിലായി ഏകദേശം 207 ചെറുതും വലുതുമായ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിച്ചു. നൂറിനടുത്ത് കലാസാംസ്കാരിക രംഗത്തും പ്രവർത്തിച്ചു. കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമൊക്കെ അകന്ന് ക്ലാസിക്കൽ നൃത്തത്തിന് വേണ്ടി മാത്രമായി സമയം മാറ്റിവെച്ചു. ഇപ്പോള്‍ നൂപുരത്തിന്റെ ബ്രാഞ്ചുകളിലും പുറത്തെ കലാസമിതികളിലും ക്ലാസെടുക്കുന്നു.

കുടുംബം മുഴുവൻ നർത്തകര്‍
*************************
നൃത്തത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ഒരു കുടുംബം എന്നത് അപൂർവങ്ങളിൽ അപൂർവ്വമാണ്. നാട്യശ്രീ മനോരമയാണ് ഭാര്യ. കണ്ണൂരിൽ ആദ്യമായി ഭരതനാട്യത്തിന് അക്കാദമി അവാർഡ് വന്നെത്തുന്നത് മനോരമയിലൂടെയാണ്. നിരവധി പുരസ്കാരങ്ങള്‍ അവര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
മകൻ ഷീജിത്ത് കൃഷ്ണ ലോക പ്രശസ്ത നൃത്തസംവിധായകനും ചെന്നൈ സഹൃദയ ഫൗണ്ടേഷൻ ഡയറക്ടറുമാണ്. ഭാര്യ ജ്യോതിഷ്മതി ഷീജിത്ത് കർണാടിക് സംഗീത വിദുഷിയാണ്. മകൾ ഷീബ സൗന്ദർ രാജ് കുച്ചിപ്പുടിയിൽ സ്പെഷ്യലൈസ് ചെയ്തു. ഷീബയുടെ മകളും നൃത്തം അഭ്യസിച്ചിട്ടുണ്ട്.

നൃത്തനാടകങ്ങള്‍, നൃത്ത ശില്പങ്ങള്‍
*********************************
നിരവധി നൃത്ത നാടകങ്ങളും നൃത്ത ശില്പങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നൃത്ത ശില്പങ്ങളാണ് ഏറെയും അവതരിപ്പിച്ചത്. ഭൂമി ഗീതം, പുനര്‍ജനി, വയലാര്‍, ഒഎന്‍വി, പി ഭാസ്കരന്‍, ചങ്ങമ്പുഴ എന്നിവരുടെ കൃതികള്‍ നൃത്താവിഷ്കാരം നടത്തിയിട്ടുണ്ട്. 20ഓളം പുരാണ നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

നൂപുരം അക്കാദമി
1973ല്‍ ചിറക്കല്‍ വളപട്ടണം പ്രദേശത്താണ് നൂപുരം ആദ്യം തുടക്കം കുറിച്ചത്. ആദ്യപേര് നൂപുരം നടനനികേതന്‍ എന്നായിരുന്നു. പിന്നീടുള്ള പ്രവര്‍ത്തനം കണ്ണൂരിലേക്ക് മാറ്റി. ഇപ്പോള്‍ നൂപുരം അക്കാദമി ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസ് എന്ന പേരില്‍ പ്രവര്‍ത്തനം തുടരുന്നു. കണ്ണൂരിലെ ആദ്യത്തെ ശാസ്ത്രീയ നൃത്തപാഠശാലയാണിത്. നാട്യശ്രീ മനോരമ ബാലകൃഷ്ണനാണ് സ്ഥാപനത്തിന്റെ പ്രധാന അധ്യാപിക. നാട്യ രത്നം ഷീബ സൗന്ദര്‍രാജും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയില്‍ ക്ലാസെടുക്കുന്നുണ്ട്. സമ്പൂര്‍ണ ഭരതനാട്യ കച്ചേരി, മോഹിനിയാട്ട കച്ചേരി, സമ്പൂര്‍ണ കുച്ചിപ്പുടി കച്ചേരി എന്നിവ കണ്ണൂരിന്റെ കലാസ്വാദക സമക്ഷം അവതരിപ്പിച്ച ആദ്യത്തെ സ്ഥാപനം എന്ന ഖ്യാതി നൂപുരത്തിന് സ്വന്തം. ഇന്ന് നൂറ് കണക്കിന് കുട്ടികളും മുതിര്‍ന്നവരും അമ്മമാരുമായി നൂപുരം പഠന രംഗത്തും കര്‍മ്മ രംഗത്തും സജീവമാണ്. നൂപുരത്തിന്റെ വളര്‍ച്ചയ്ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയത് കണ്ണൂര്‍ സംഗീത സഭയുടെ പ്രധാനി അന്തരിച്ച എം എന്‍ രാജന്‍ മാസ്റ്റരാണ്. ത്തുയര്‍ത്തിയത്. പ്രശസ്ത നാട്യാചാര്യ ഡോ. വസുന്ധര ദൊരൈസ്വാമിയായിരുന്നു ഉദ്ഘാടനകര്‍മ്മം നിരാജന്‍ മാസ്റ്റരുടെ വലംകൈയ്യായി പ്രവര്‍ത്തിച്ച കണ്ണൂരിന്റെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന ഇ വി ജി നമ്പ്യാര്‍ നൂപുരത്തിന്റെ വളര്‍ച്ചയ്ക്ക് പങ്ക് വഹിച്ച മറ്റൊരു വ്യക്തിയാണ്. നാട്യത്തിന്റെയും സംഗീതത്തിന്റെയും അമൂല്യ ഗ്രന്ഥശേഖരങ്ങളും കേരളത്തിലെയും വിശ്വസാഹിത്യകാരന്‍മാരുടെയും സൃഷ്ടികളുടെ സമാഹാരങ്ങള്‍ അടങ്ങിയ ലൈബ്രറിയും നൂപുരം നാട്യഗൃഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മത്സരത്തില്‍ മാത്രം ഒതുക്കരുത്
*******************************
കുട്ടികളെ സ്കൂള്‍ മത്സരത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നല്ല സന്ദേശങ്ങളടങ്ങിയ കലാരൂപങ്ങള്‍ അവരെക്കൊണ്ട് അവതരിപ്പിക്കണം. ജനമനസുകള്‍ ശുദ്ധീകരിക്കേണ്ടതായിരിക്കണം നൃത്തം. നൃത്തം സ്റ്റേജില്‍ അവതരിപ്പിക്കുക എന്നതിനേക്കാള്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ളതായിരിക്കണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.