ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ നേടിയത് ആകെ വോട്ട് ചെയ്തതിന്റെ 50.58 ശതമാനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും(എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും (എന്‍ഇഡബ്ല്യു) ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് 2019ലെ പൊതുതെരഞ്ഞെടുപ്പിനെക്കാള്‍ രണ്ട് ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ കേസുകളുള്ള എംപിമാരില്‍ 42 ശതമാനവും ആകെ വോട്ടുവിഹിതത്തിന്റെ പകുതിയോ അതിലധികമോ നേടിയാണ് വിജയിച്ചതെന്നും വിശകലനം പറയുന്നു. 279 എംപിമാര്‍ (51 ശതമാനം) അവരുടെ മണ്ഡലത്തില്‍ ആകെ വോട്ട് ചെയ്തതിന്റെ പകുതിയിലധികവും നേടി. 263 പേര്‍ (49 ശതമാനം) പേര്‍ക്ക് 50 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞില്ല.
ബിജെപിയുടെ 239 എംപിമാരില്‍ 75 പേര്‍ ആകെ വോട്ടിന്റെ പകുതി നേടുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ 99 എംപിമാരില്‍ 57 പേരും 50 ശതമാനത്തില്‍ താഴെമാത്രമാണ് നേടിയത്. പ്രാദേശിക പാര്‍ട്ടികളില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ 37 എംപിമാരില്‍ 32 പേരും ടിഎംസിയുടെ 29ല്‍ 21, ഡിഎംകെയുടെ 22ല്‍ 14 എംപിമാരും പകുതിയില്‍ താഴെ വോട്ട് നേടിയാണ് വിജയിച്ചത്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 251 എംപിമാരില്‍ 106 പേര്‍ 50 ശതമാനത്തിലധികം വോട്ടാണ് സ്വന്തമാക്കിയത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 291 എംപിമാരില്‍ 173 പേര്‍ (59 ശതമാനം) ആകെ വോട്ട് ചെയ്തതിന്റെ പകുതിയിലധികവും നേടി വിജയിച്ചു. കോടീശ്വരന്മാരായ 503 എംപിമാരില്‍ 262 പേര്‍ (52 ശതമാനം) പകുതിയിലധികം വോട്ട് സ്വന്തമാക്കി. കോടീശ്വരന്മാരല്ലാത്ത 39 എംപിമാരില്‍ 17 പേരും ഇതേ നേട്ടം സ്വന്തമാക്കി.
ആകെ വോട്ടര്‍മാരുടെ 33.44 ശതമാനത്തെയാണ് വിജയിച്ച എംപിമാര്‍ പ്രതിനിധീകരിക്കുന്നത്. 2019ല്‍ ഇത് 35.46 ആയിരുന്നു. യോഗ്യരായ വോട്ടർമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രാതിനിധ്യവിഹിതത്തില്‍ കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 ത്തില്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് അഞ്ച് എംപിമാരുടെ വിജയം. ഇത്തവണ 0.99 ശതമാനമാണ് നോട്ടയ്ക്ക് ലഭിച്ച വോട്ട്. 2019ല്‍ ഇത് 1.06 ശതമാനവും 2014ല്‍ 1.12 ശതമാനവുമായിരുന്നു. വോട്ടര്‍മാര്‍ നോട്ട തെരഞ്ഞെടുക്കുന്നത് കുറയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 66.12 ശതമാനം വോട്ടര്‍മാരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. 2019ല്‍ ഇത് 67.35 ശതമാനമായിരുന്നു.
English Summary:The winning MPs got 50.58 percent of the votes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.