22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024
May 2, 2024

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ

Janayugom Webdesk
തിരുവനന്തപുരം
July 10, 2024 10:41 pm

കേരളത്തെ പിടിച്ചുകുലുക്കിയ ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചത് മുൻ സിഐ എസ് വിജയനാണെന്ന് സിബിഐ. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. മുൻ എസ്‌പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെ കെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റുദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു.
ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്. മറിയം റഷീദക്കെതിരെ എസ് വിജയൻ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഇന്റലിജന്‍സ് ബ്യൂറോ സംഘത്തെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ച് കസ്റ്റഡിയിൽ പീഡിപ്പിച്ചു. ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്നുപിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോൾ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നും സിബിഐ കണ്ടെത്തി.
വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു. സിബി മാത്യൂസിന് വേണ്ടിയായിരുന്നു ജോഷ്വ കൃത്രിമരേഖയുണ്ടാക്കിയത്. ഒരു തെളിവുമില്ലാതെയാണ്, ചാരവൃത്തി നടന്നുവെന്ന് എഴുതിച്ചേര്‍ത്തത്. പ്രതിചേർത്തവരുടെ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്തിയില്ല. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വച്ച് നമ്പി നാരായണനെ മർദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്.

എഫ്ഐആറിൽ 18 പ്രതികളാണുണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറല്‍, തടഞ്ഞുവയ്ക്കല്‍, മർദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry: CBI says ISRO fab­ri­cat­ed espi­onage case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.