22 November 2024, Friday
KSFE Galaxy Chits Banner 2

രാമ ഭവനം വാല്മീകിയുടെ വീക്ഷണത്തിൽ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍— 15
July 30, 2024 4:30 am

സീതാ-ലക്ഷ്മണസമേതനായി കാട്ടിലെത്തിയ ശ്രീരാമൻ ആദ്യം സന്ദർശിക്കുന്ന ആശ്രമം വാല്മീകി മഹർഷിയുടേതാണ്. ശ്രീരാമനെ സീതാ-ലക്ഷ്മണസമേതം ദർശിച്ചു സന്തുഷ്ടനായ വാല്മീകി അവരെ ഭക്ത്യാദരപൂർവം സൽക്കരിച്ചു. ‘സീതയോടും ലക്ഷ്മണനോടും കൂടെ അല്പകാലം കഴിയാൻ പറ്റിയ ഒരിടം കാണിച്ചുതന്ന് സഹായിക്കണം ‘എന്നാണ് ശ്രീരാമൻ വാല്മീകി മഹർഷിയോട് അപേക്ഷിച്ചത്. ഈ രാമാപേക്ഷയ്ക്ക് വാല്മീകി നൽകുന്ന മറുപടി അധ്യാത്മ രാമായണത്തിൽ വളരെ തത്വചിന്താഭരിതമായ സൗന്ദര്യത്തോടുകൂടിയതാണ്. വാല്മീകിയുടെ രാമതത്വ ഗീത എന്ന് ഈ ഭാഗത്തെ വിശേഷിപ്പിക്കാം. വെറും 14 ശ്ലോകങ്ങളേ ഈ വാല്മീകി ഭാഷണത്തിനുള്ളൂ. പക്ഷേ രാമൻ വസിക്കാവുന്ന, രാമന് വസിക്കാവുന്ന ഭവനം ഏതാണെന്നും എങ്ങനെയുള്ളതെന്നും എന്തുകൊണ്ടെന്നും വ്യക്തമാക്കുന്ന ഈ ശ്ലോകങ്ങൾ ഒരു വാങ്മയ തത്വ രത്നമാലയാണ്. 

മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പൊളിച്ചു പണിയുന്ന കെട്ടിടത്തിനകത്ത് രാമനെ വസിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ രാക്ഷസ ശക്തികളുടെ ഈ കാലഘട്ടത്തിൽ, രാമൻ വസിക്കുന്ന ഭവനത്തെപ്പറ്റി വാല്മീകി നൽകുന്ന ഉൾക്കാഴ്ചകൾക്ക് വലിയ പ്രസക്തിയുണ്ട് (അധ്യാത്മരാമായണം സംസ്കൃതമൂലം; അയോധ്യാകാണ്ഡം; സർഗം 6; ശ്ലോകങ്ങൾ 51–64) നമ്മുടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാമപൂജാരിമാർ ദിവസം ഒരു തവണയെങ്കിലും വാല്മീകിയുടെ രാമഭവന സിദ്ധാന്തം വായിച്ചിരുന്നെങ്കിൽ, രാമനാമത്തിൽ നമ്മുടെ നാട്ടിലുണ്ടായ ഒരുപാട് വർഗീയ വിദ്വേഷാനർത്ഥങ്ങൾ ഉണ്ടാവാതെ പോയേനെ!.
എവിടെയാണ് എന്റെ വാസസ്ഥാനം എന്ന ശ്രീരാമന്റെ ചോദ്യത്തിന് വാല്മീകി നൽകുന്ന ആദ്യത്തെ മറുപടി;
”ത്വമേവ സർവലോകാനാം
നിവാസ സ്ഥാനമുത്തമം
തവാപി സർവഭൂതാനി

നിവാസ സദനാനി ഹി” എന്നാണ്. ‘അല്ലയോ രാമ, അവിടുന്ന് സർവലോകർക്കും വാസസ്ഥാനമാണ്; എല്ലാ ചരാചര സൃഷ്ടികളും നിനക്കും പാർപ്പിടമാണ്’ എന്നാണ് മേലുദ്ധരിച്ച ശ്ലോകാർത്ഥം.
അധ്യാത്മരാമായണം മനുഷ്യനായ രാമനെ ഉപനിഷത്തിലെ ബ്രഹ്മതുല്യ ദൈവമാക്കുന്നു എന്ന് പലരും ആശംസാരൂപത്തിലും അധിക്ഷേപ ഭാവത്തിലും പറയാറുണ്ട്. പക്ഷേ രാമനെ ബ്രഹ്മതുല്യ ദൈവമാക്കുമ്പോൾ, രാമൻ സർവ ചരാചരങ്ങളും ഉൾപ്പെട്ട വിശ്വപ്രപഞ്ചത്തെ തന്റെ ഭവനമാക്കി വികസിപ്പിക്കുന്നുണ്ടെന്നും, രാമനെ ദേശീയ പുരുഷനാക്കി സങ്കോചിപ്പിക്കുന്ന വർഗീയ ഭാവനയ്ക്ക് വിശ്വം ഭവനമായ, വിശ്വാത്മാവായ, രാമൻ ഭക്തിയുക്തമായ ബദലാണെന്നും പലരും കാണാതെ പോകുന്നു.
രാമഭവന ദർശനം തുടരവേ വാല്മീകി പറയുന്നു;
”ധർമ്മാധർമ്മൻ പരിത്യജ്യ
ത്വമേവഭജതോയനിശം
സീതയാ സഹതേ രാമ
തസ്യ ഹൃത് സുഖമന്ദിരം”

“ധർമ്മവും അധർമ്മവും എല്ലാം ഉപേക്ഷിച്ച് നിന്നെ തന്നെയെന്നും രാപ്പകൽ ഭജിക്കുന്നവരുടെ ഹൃദയം സീതാസഹിതനായ നിനക്ക് ഉത്തമമായ വാസസ്ഥാനമാകുന്നു”. ഈ ശ്ലോകം, ഭക്തി ധർമ്മാധർമ്മങ്ങളെ ഉല്ലംഘിക്കലാണെന്നും അല്ലാതെ ഏതെങ്കിലും ധർമ്മത്തിൽ കടിച്ചുതൂങ്ങിക്കിടന്നു ചാകലല്ല എന്നും പറയുന്നു.
ധർമ്മാധർമ്മങ്ങളെ ഉല്ലംഘിക്കാനുള്ള ധൈര്യം ഭഗവദ് ഭക്തിയാൽ അഥവാ രാമഭക്തിയാൽ സംഭവിക്കുന്നവരുടെ ഹൃദയമാണ് സീതാരാമനിവാസ ക്ഷേത്രം എന്നാണ് വാല്മീകി പറയുന്നത്. വാല്മീകിയുടെ ഈ രാമഭവന ദർശനം മനസിലാക്കി, വിശ്വം വീടായ വിശ്വാത്മാവായി ശ്രീരാമനെ ഭജിക്കുന്ന ഒരാൾക്കും ചാതുർവർണ്യ ധർമ്മ പരിപാലനത്തിൽ കടിച്ചുതൂങ്ങി കിടക്കാനുള്ള ആചാരകാർക്കശ്യമോ ദുഃശാഠ്യമോ ഉണ്ടാവില്ല. ധർമ്മാധർമ്മങ്ങളുടെ ഉല്ലംഘനം സംഭവിക്കാത്തവരുടെയുള്ളിൽ അധ്യാത്മ രാമായണ യുക്തമായ ഭക്തി സംഭവിച്ചിട്ടില്ല എന്നും അറിയണം. 

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.