27 November 2024, Wednesday
KSFE Galaxy Chits Banner 2

ബാലി-സുഗ്രീവന്മാരുടെ കുടുംബവും കലഹവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 30
August 14, 2024 4:02 am

അരുണി എന്ന പെൺസൂര്യനിൽ ദേവേന്ദ്രനു പിറന്ന മകനാണ് ബാലി. അരുണിയിൽ സൂര്യപുരുഷനു പിറന്ന മകനാണ് സുഗ്രീവൻ. അമ്മ വഴിയാണ് ബാലി-സുഗ്രീവന്മാർ സഹോദരങ്ങളായിരിക്കുന്നത്. ഇവരുടെ കൂട്ടുകുടുംബ ജീവിതത്തിൽ കലഹങ്ങൾ തുടങ്ങുന്നത് അധികാരത്തെച്ചൊല്ലിയുള്ള ചില തെറ്റിദ്ധാരണകള്‍ കൊണ്ടും കാമാസക്തിമുറ്റിയ പരദാര വേഴ്ചകള്‍ കൊണ്ടുമാണ്. ‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം ’ എന്ന കുഞ്ചൻ നമ്പ്യാരുടെ സാര സരസമൊഴികൾക്ക് ഉത്തമ ദൃഷ്ടാന്തമായി എടുത്തുകാണിക്കാവുന്ന ഒരു കുടുംബമാണ് ബാലി-സുഗ്രീവൻമാരുടേത്. മായാവി എന്ന അസുരകുലജാതന് ബാലിയോട് കടുത്ത വൈരം ഉണ്ടായിരുന്നു. ഒരു സ്ത്രീ കാരണമാണ് വൈരം എന്നാണ് വാല്മീകി രാമായണം പറയുന്നത്. ‘തേന തസ്യ മഹദ്വൈരം വാലിനഃ സ്ത്രീകൃതം പുരാ’ (കിഷ്കിന്ധാകാണ്ഡം; സർഗം 9; ശ്ലോകം 4). മദ്യപിച്ചു മയക്കത്തിൽ ആണ്ടുകിടന്നിരുന്ന ബാലിയെ മായാവി തക്കം പാർത്ത് വെല്ലുവിളിക്കുന്നു. മയക്കത്തിൽ നിന്ന് ചാടിയെണീറ്റ ബാലി, മായാവിയെ അടിച്ചുവിരട്ടി ഓടിക്കുന്നു. ഒരു ഗുഹയിൽ കയറി പതുങ്ങിയൊളിച്ച മായാവിയെ ബാലി ഗുഹയിൽ ചെന്നടിക്കുന്നു. ഇരുവരും തമ്മിലുളള യുദ്ധത്തിൽ മായാവി കൊല്ലപ്പെട്ടു. അയാളുടെ രക്തം ഗുഹാമുഖത്തേക്ക് ഒഴുകി വരുന്നതു കണ്ട സുഗ്രീവൻ, ബാലിയെ അസുരൻ കൊന്നതായി തെറ്റിദ്ധരിച്ച് ഒരു പർവതശിഖരം കൊണ്ട് ഗുഹാകവാടം എളുപ്പം തുറക്കാനാകാത്തവിധം അടച്ചുകെട്ടുന്നു. 

കിഷ്കിന്ധയിൽ തിരിച്ചെത്തിയ സുഗ്രീവനെ പ്രജകളും നാട്ടുപ്രമാണികളും ചേർന്ന് രാജാവായി വാഴിച്ചു. കുറച്ചു നാളുകൾക്കു ശേഷം വളരെ പണിപ്പെട്ട് ഗുഹയിൽ നിന്ന് പുറത്തെത്തി കിഷ്കിന്ധയിൽ എത്തുന്ന ബാലി, സുഗ്രീവൻ സിംഹാസനത്തിൽ ഇരിക്കുന്നതു കണ്ട് ക്രുദ്ധോഗ്രനായി ആക്രമിക്കുന്നു. ബാലിയിൽ നിന്ന് ജീവരക്ഷാർത്ഥം ഓടി ബാലികേറാമലയിലെത്തി സുഗ്രീവൻ, ഹനുമാൻ മുതലായ പരിവാരങ്ങളോടെ താമസിക്കുമ്പോഴാണ് സീതാന്വേഷണം ചെയ്തു വരുന്ന രാമ‑ലക്ഷ്മണന്മാരെ കാണുന്നതും സഖ്യത്തിൽ ഏർപ്പെടുന്നതും. ബാലിയെ രാമൻ ഒളിയമ്പെയ്തു കൊന്നശേഷം സുഗ്രീവന് രാജ്യവും രാജഭോഗങ്ങളും ലഭ്യമാക്കുന്നു.
തന്നെ തല്ലിയോടിച്ച് രാജ്യം വാണ ബാലി, തന്റെ ഭാര്യ രുമയെ സഹോദരഭാര്യയെന്ന പരിഗണന കൂടാതെ സംഭോഗം ചെയ്തതിനെ സുഗ്രീവൻ കടുത്ത ധർമ്മരോഷത്തോടെ വിമർശിക്കുന്നുണ്ട്. എന്നാൽ ഇതേ സുഗ്രീവൻ ബാലി മരണപ്പെട്ട ശേഷം ബാലിയുടെ ഭാര്യയും അംഗദന്റെ അമ്മയുമായ താരയെ തന്റെ അന്തഃപുരറാണിയാക്കുന്നു. കാമം ധർമ്മബോധത്തിന്റെ കണ്ണു കെട്ടും എന്നും ആ കൺകെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബാലിക്കും സുഗ്രീവനും ഒരുപോലെ ആയിട്ടില്ലെന്നുമാണ് രാമായണം പഠിപ്പിക്കുന്നത്. 

നാലു മാസത്തിനകം സീതയെ കണ്ടെത്താൻ നടപടി സ്വീകരിക്കും എന്നാണ് ബാലിവധാനന്തരം കിഷ്കിന്ധാ ഭരണം കയ്യേൽക്കുമ്പോൾ സുഗ്രീവൻ രാമനോടു പ്രതിജ്ഞ ചെയ്തിരുന്നത്. പ്രതിജ്ഞാ ലംഘനം ചെയ്ത സുഗ്രീവനോട് കാര്യം തിരക്കാനും രാമന്റെ പ്രതിഷേധം അറിയിക്കാനുമായി ലക്ഷ്മണൻ വരുന്നു. ലക്ഷ്മണകോപം ശമിപ്പിക്കുംവിധം നയചാതുരിയോടെ സംസാരിക്കുന്നത് താരയാണ്. താര‑ലക്ഷ്മണ സംവാദത്തിൽ താര പറയുന്നു;
”നഃ ദേശകാലൗ ഹി യഥാർത്ഥധർമ്മാ-വിവേക്ഷതേ കാമരതിർ മനുഷ്യഃ” (ദേശകാലങ്ങളോ ധർമ്മാർത്ഥങ്ങളോ കാമരതിയിലമർന്ന മനുഷ്യർ വകവയ്ക്കുന്നില്ല‑കിഷ്കിന്ധാകാണ്ഡം; സർഗം; 33; ശ്ലോകം 55). സുഗ്രീവൻ കാമരതിയിലാണ്ട മനുഷ്യനാണെന്നും അയാൾ കാലം പോയതോ മിത്രധർമ്മമോ ഒക്കെ മറന്നുപോയി എന്നും മനുഷ്യസഹജമായ ഇത്തരം കുറവുകൾ പൊറുത്ത് കോപം മാറ്റണം എന്നുമാണ് താരാവാക്യത്തിന്റെ ധ്വനി. കാമം കലക്കിയ കുടുംബങ്ങളിൽ കിഷ്കിന്ധയും ഉൾപ്പെടും എന്നു സാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.