കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ തീവ്രത 10 ശതമാനം വര്‍ധിച്ചതാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമെന്ന് ആഗോള ശാസ്ത്രജ്ഞന്‍മാരുടെ സംഘടനായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ (ഡബ്ല്യുഡബ്ല്യുഎ) പഠനം. രണ്ട് മാസത്തെ കാലവര്‍ഷത്തില്‍ പരമാവധി ജലം സംഭരിച്ച് വച്ചിരുന്ന മണ്ണിലേക്ക്, ഒറ്റദിവസം 140 മില്ലി മീറ്ററിലധികം മഴപെയ്തിറങ്ങിയതോടെ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാവുകയും 231 പേരെങ്കിലും മരണപ്പെടുകയും ചെയ്തതായി ഇന്ത്യ, സ്വീഡന്‍, അമേരിക്ക, യുകെ എന്നിവിടങ്ങളിലെ 24 ഗവേഷകര്‍ പറയുന്നു.
സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യത ഏറ്റവും കൂടുതലുള്ള വയനാട്ടിലെ മുണ്ടക്കൈ മേഖലയിലാണ് ഇത്രയും മഴ പെയ്തത്. കാലവര്‍ഷം ശക്തമാകുന്നതോടെ ഇതിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. ഇത് വയനാട് പോലുള്ള വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന മുന്നറിയിപ്പാണെന്ന് റെഡ് ക്രോസ്-റെഡ് ക്രസന്റ് കേന്ദ്രത്തിലെ കാലാവസ്ഥാ അപകടസാധ്യതാ കണ്‍സള്‍ട്ടന്റ് മജ വാല്‍ബെര്‍ഗ് പറഞ്ഞു.
മനുഷ്യരുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അളക്കാന്‍ ഡബ്ല്യുഡബ്ല്യുഎ സംഘത്തിലെ ശാസ്ത്രജ്ഞര്‍, ചെറിയ പ്രദേശങ്ങളിലെ മഴ കൃത്യമായറിയാന്‍ കൂടുതല്‍ മികച്ച കാലാവസ്ഥാ മാതൃകകളാണ് വിശകലനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ തീവ്രത 10 ശതമാനം വര്‍ധിച്ചതായി ഈ മാതൃകകള്‍ സൂചിപ്പിച്ചു. 1850 മുതല്‍ 1950 വരെ കാലങ്ങളെ അപേക്ഷിച്ച് ആഗോളതാപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചാല്‍ മഴയുടെ തീവ്രത നാല് ശതമാനം വര്‍ധിക്കുമെന്ന് കാലാവസ്ഥാ മാതൃകകള്‍ പ്രവചിക്കുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള ചൂടേറിയ പ്രദേശങ്ങളില്‍ അതിശക്തമായ പ്രതിദിന മഴ കൂടുന്നത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ശരിയാണെന്ന നിഗമനത്തിലും അവരെത്തി. ചൂടുള്ള അന്തരീക്ഷം കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുകയും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യും. ആഗോള താപനില ഓരോ ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുംതോറും ഈര്‍പ്പം നിലനിര്‍ത്താനുള്ള അന്തരീക്ഷശേഷി ഏഴ് മടങ്ങ് കൂടുന്നെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാര്‍ബണ്‍ ഡെെ ഓക്സൈഡ്, മീഥേന്‍ തുടങ്ങി ഹരിതഗൃഹ വാതകങ്ങളുടെ ദ്രുതഗതിയിലെ വർധനവ് ഭൂമിയുടെ ഉപരിതല താപനില ഏകദേശം 1.3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാനിടയാക്കി. ആഗോളതലത്തിലെ വരള്‍ച്ച, ഉഷ്ണതരംഗം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണം ഇതാണ്.
വയനാട്ടിലെ ഭൂവിസ്തൃതി, ഭൂവിനിയോഗ വ്യതിയാനം, ഉരുള്‍പൊട്ടല്‍ സാധ്യത എന്നിവ തമ്മിലുള്ള ബന്ധം നിലവിലുള്ള പഠനങ്ങളില്‍ വ്യക്തമല്ലെങ്കിലും നിര്‍മ്മാണ സാമഗ്രികള്‍ക്കായി ഖനനം നടത്തുന്നതും വനവിസ്തൃതി 62 ശതമാനം കുറഞ്ഞതും മരഞ്ചെരിവുകള്‍ കൂടാന്‍ കാരണമായേക്കാമെന്നും കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ഡബ്ല്യുഡബ്ല്യുഎ ശാസ്ത്രജ്ഞര്‍ പറയുന്നു.
വനവിസ്തൃതിയിലെ കുറവ്, പരിസ്ഥിതിലോല മേഖലകളിലെ ഖനനം, കനത്ത മഴയെത്തുടര്‍ന്ന് നീണ്ടുനില്‍ക്കുന്ന നീരൊഴുക്ക് എന്നിവ വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായന്ന് മറ്റ് ഗവേഷകര്‍ പറയുന്നു. അറബിക്കടലില്‍ ചൂട് കൂടുന്നത് വലിയ മേഘങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാവുകയും അതിശക്തമായ മഴയായി മാറി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ എസ് അഭിലാഷ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ പുറത്തിറക്കിയ മണ്ണിടിച്ചില്‍ ഭൂപടമനുസരിച്ച്, രാജ്യത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10ഉം കേരളത്തിലാണ്. വയനാട് 13-ാം സ്ഥാനത്തുമാണ്.
English Summary: Rain intensity increased by 10 percent due to landslides in Wayanad: wwa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.