22 November 2024, Friday
KSFE Galaxy Chits Banner 2

സ്ത്രീസുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം

പി വസന്തം
September 2, 2024 4:45 am

പാതി ആകാശത്തിനും ഭൂമിക്കുമുടമകളാണ് സ്ത്രീകളെന്ന മുദ്രാവാക്യമുയര്‍ന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഫ്രഞ്ച് വിപ്ലവത്തിലാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന്റെ 77ആണ്ടുകളും കടന്നുപോയി. ഈയവസരത്തിലും സ്ത്രീകള്‍ക്ക് സമത്വം, സ്വാതന്ത്ര്യം, അന്തസ് ഇവയൊക്കെ ലഭ്യമാവുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രഥമപൗരയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു വളരെ വേദനയോടെ സ്ത്രീസുരക്ഷയില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. വെെകിയാണെങ്കിലും, സ്ത്രീകള്‍ ഈ രാജ്യത്ത് സുരക്ഷിതരല്ല എന്ന് രാഷ്ട്രപതി പറയേണ്ട സാഹചര്യം വളര്‍ന്നുവന്നു എന്നതാണ് പ്രധാനം. പ്രസ്‌ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തിലാണ് ഒപ്പിട്ടു നല്‍കിയ ലേഖനത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളില്‍ വല്ലാത്ത വേദന തോന്നുന്നുവെന്നും രാജ്യം ഉണരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടത്. മണിപ്പൂരിലും യുപിയിലും കഠ്‌വയിലുമൊക്കെ നടന്ന ക്രൂരമായ പീഡനങ്ങളും സര്‍ക്കാരിന്റെ പ്രതികളെ സംരക്ഷിക്കുന്ന സമീപനങ്ങളും ഇക്കാലമത്രയും രാഷ്ട്രപതി കാണാതെ പോയി എന്നത് ശ്രദ്ധേയവുമാണ്. തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പ്രകാരവും ഇന്ത്യയിലെ നാഷണല്‍ ക്രൈം ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പ്രകാരവും സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
2024 ജനുവരിയില്‍ മാത്രം 5,304 സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട് കഴിഞ്ഞാല്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് തൊഴിലിടങ്ങളിലാണ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2024 ജൂണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ 10 വര്‍ഷം മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലമടങ്ങ് വര്‍ധിച്ചിരിക്കുന്നു എന്നാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും വേണ്ടരീതിയില്‍ സ്ത്രീകള്‍ക്ക് ലഭ്യമാവുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവും കേരളത്തിലെ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലും പീഡിപ്പിക്കപ്പെട്ടവരുടെ മൊഴികളും വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ 1992ലാണ് ഭന്‍വാരി ദേവി എന്ന ഒരു ഗ്രാമീണ സ്ത്രീ തന്റെ ഗ്രാമത്തില്‍ നടക്കുന്ന ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തിയത്. പാവപ്പെട്ട കുടുംബത്തിലെ സ്ത്രീയും സാമൂഹ്യനീതി വകുപ്പിലെ ഒരു ജീവനക്കാരിയുമായിരുന്നു. അവള്‍ ശബ്ദമുയര്‍ത്തിയത് ഖാപ്പ് പഞ്ചായത്ത് തലവന്റെ മകളുടെ വിവാഹത്തിനെതിരെയായിരുന്നു. ഠാക്കൂര്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമം ഭന്‍വാരി ദേവിയെ ഒറ്റപ്പെടുത്തുകയും ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കുകയും ചെയ്തു. ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ഭര്‍ത്താവിന്റെ മുന്നില്‍വച്ച് അവരെ കൂട്ട ബലാത്സംഗം ചെയ്തു.
ജീവിതം, അവകാശപോരാട്ടങ്ങളുടെ ചരിത്രമാക്കിയ ഭന്‍വാരി ദേവി നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് കാലതാമസം വരുത്തി. 24മണിക്കൂറിനുള്ളിലെങ്കിലും വൈദ്യ പരിശോധന നടത്തേണ്ടതിന് പകരം 56മണിക്കൂര്‍ കാലതാമസം വരുത്തി തെളിവില്ലാതാക്കാന്‍ ശ്രമിച്ചു. 1995ല്‍ കേസ് വിചാരണ നടത്തിയ ജില്ലാ കോടതി അഞ്ച് പ്രതികളെയും കുറ്റവിമുക്തരാക്കുകയും പ്രതികള്‍ക്കനുകൂലമായി പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വിഷയം മഹിളാസംഘടനകളും പൊതുസമൂഹവും ഏറ്റെടുത്തു. സര്‍ക്കാര്‍ ജോലിക്കാരി ആയിട്ടും ഒരു സ്ത്രീക്ക് മാന്യമായി തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീയുടെ അവസ്ഥ എത്ര ഗുരുതരമായിരിക്കും എന്ന് ചോദ്യങ്ങളുയര്‍ന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് ഒരു പൊതുതാല്പര്യ ഹര്‍ജി രാജസ്ഥാന്‍ തലസ്ഥാനത്തെ എതിര്‍കക്ഷിയാക്കി നല്‍കാന്‍ ‘വിശാഖ’ തുടങ്ങിയ വനിതാ സംഘടനകള്‍ തീരുമാനിച്ചത്. ഈ ഹര്‍ജി തുല്യതയ്ക്കുള്ള അവകാശം (അനുച്ഛേദം‍ 14) സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം‍ 19), അന്തസോടെ ജീവിക്കാനുള്ള അവകാശം (അനുച്ഛേദം‍21) എന്നിവ ഉറപ്പുവരുത്തുവാന്‍ വേണ്ടിയായിരുന്നു. കേസില്‍ പ്രധാനമായും കോടതിയുടെ മുന്നിലുയര്‍ന്നത് രാജ്യത്ത്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ മാന്യതയോടെ സുരക്ഷിതമായി ജോലി ചെയ്യാന്‍ സാഹചര്യമുണ്ടോ, അവരെ സംരക്ഷിക്കാന്‍ നിലവില്‍ നിയമമുണ്ടോ, പുതിയ നിയമത്തിന്റെ ആവശ്യകത ഉണ്ടോ എന്നാണ്. അവസാനം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മ്മ, ജസ്റ്റിസുമാരായ സുജാത വി മനോഹര്‍, ബി എന്‍ കൃപാല്‍ എന്നിവര്‍ കണ്ടെത്തിയത് ഒരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയാണ്. അത് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തവുമാണ്.
അങ്ങനെ 1997ല്‍ ആദ്യമായി ‘സെക്ഷ്വല്‍ ഹറാസ്‌മെന്റ്’ എന്ന പദത്തെ ഈ കേസിലൂടെ കോടതി നിര്‍വചിച്ചു. സ്ത്രീസുരക്ഷയ്ക്കായി പാര്‍ലമെന്റ് നിയമമുണ്ടാക്കുന്നതുവരെ നടപ്പിലാക്കാന്‍ ഒരു മാര്‍ഗരേഖയ്ക്ക് (വിശാഖ ഗൈഡ്‌ലൈന്‍സ്) കോടതി രൂപം കൊടുത്തു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2013 ഡിസംബര്‍ ഒമ്പതില്‍ സെക്ഷ്വല്‍ ഹറാസ്‌മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് (പ്രിവന്‍ഷന്‍, പ്രോഹിബിഷന്‍, ആന്റ് റിഡ്രസല്‍ — പോഷ്) ആക്ടിലൂടെ മാര്‍ഗരേഖ നിയമമായത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും സുരക്ഷിതത്വം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ഈ നിയമത്തിന്റെ പിറകില്‍ ഭന്‍വാരി ദേവിയാണ്. നീതിന്യായ ചരിത്രത്തിലെ അനിതര സാധാരണ പോരാട്ടവീര്യത്തിന്റെ പേരാണ് ഭന്‍വാരി ദേവിയുടേത്.
തൊഴിലിടം ഏറ്റവും സുരക്ഷിതമാണെന്ന ബോധ്യത്തിലാണ് സ്ത്രീകള്‍ തൊഴിലിലേര്‍പ്പെടുന്നത്. കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുപ്പത്തൊന്നുകാരിയായ യുവ ഡോക്ടര്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുമ്പോഴും അതുതന്നെയാവണം കരുതിയത്. എന്നാല്‍ അവര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് നിയമപരമായി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇനിയൊരു കൊലപാതകമോ പീഡനമോ സംഭവിക്കുന്നതുവരെ രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
കേരളത്തില്‍പ്പോലും സ്ത്രീക്ക് അന്തസായി ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്ന വെളിപ്പെടുത്തലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. 2017ല്‍ കൊച്ചിയില്‍ ഒരു നടി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായതോടെയാണ് സിനിമാമേഖലയിലെ കടുത്ത വിവേചനങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും പൊതുസമൂഹം ചര്‍ച്ചചെയ്തത്. 233പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള പേജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അത് ആവശ്യമാണ്. കാരണം കമ്മിറ്റിയെ വിശ്വസിച്ച് സ്വകാര്യ അനുഭവങ്ങള്‍ പങ്കുവച്ചവരുണ്ടാവും. അവരെ സംബന്ധിച്ചിടത്തോളം പുറംലോകം അറിയുന്നതില്‍ താല്പര്യമുണ്ടാവില്ല. സ്വകാര്യത ആഗ്രഹിക്കുന്നത് അവരുടെ അവകാശമാണ്. അത് നിഷേധിക്കരുത്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പുരോഗമന സമൂഹത്തിന് യോജിക്കാത്തതാണ്.
നമ്മള്‍ ആരാധനയോടെ കണ്ടവരില്‍ ചിലര്‍ മാഫിയയുടെയും മയക്കുമരുന്നിന്റെയും കാസ്റ്റിങ് കൗച്ചിങ്ങിന്റെയും ഇടങ്ങളിലാണെന്നും സ്ത്രീലമ്പടന്മാരാണെന്നും വന്നിരിക്കുന്നു. മലയാള സിനിമയെ ഇക്കൂട്ടരില്‍ നിന്ന് രക്ഷപ്പെടുത്തിയേ പറ്റൂ. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗികാരോപണങ്ങളില്‍ സര്‍ക്കാര്‍ വനിതാ ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് അന്വേഷണം നടത്തുന്നത് ഏറെ സ്വാഗതാര്‍ഹമാണ്. ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ട് കേസില്‍ പ്രതികളായിട്ടുള്ളവര്‍, അവര്‍ എത്ര ഉന്നതന്മാരായാലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയണം.
മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറും എഎംഎംഎയുടെ പ്രസിഡന്റുമായിരുന്ന മോഹന്‍ലാല്‍ മറ്റെല്ലാ മേഖലയിലും ഉള്ള പ്രശ്നങ്ങള്‍പോലെയാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ എന്നുപറഞ്ഞ് വിഷയത്തെ ലഘൂകരിക്കുകയാണ് ചെയ്തത്. എഎംഎംഎ എന്ന സംഘടനയിലെ വനിതാ അംഗങ്ങള്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതി ഭാരവാഹികള്‍ക്ക് നല്‍കിയിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചത്. ഭരണസമിതി രാജിവച്ചതുകൊണ്ടു മാത്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. ഇന്ത്യന്‍ സിനിമ­യി­­ല്‍ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിന് കളങ്കമുണ്ടാക്കുന്നതാണ് ഹേമ കമ്മിറ്റി കണ്ടെത്തിയ സംഭവങ്ങള്‍. മേഖലയിലെ ജീര്‍ണതകള്‍ ഒഴിവാക്കാന്‍, അന്തസോടെ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ കാലതാമസമില്ലാതെ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.