കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ വർഷം ജൂണിൽ ഫലപ്രഖ്യാപനമുണ്ടായ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദേശീയതലത്തിൽ ഏറ്റവുമധികം പാഠം ഉൾക്കൊള്ളേണ്ടത് കോൺഗ്രസാണെന്നത് പൊതു വിലയിരുത്തലായിരുന്നു. ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷിയെന്ന നിലയിൽ എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാകുമെന്നായിരുന്നു വിലയിരുത്തൽ. കോൺഗ്രസിതര കക്ഷികൾ അതാതിടങ്ങളിൽ പരമാവധി യോജിപ്പിനുള്ള അവസരങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ താൻപോരിമയും പാർട്ടിക്കകത്തെ അന്തഃഛിദ്രങ്ങളും പല സംസ്ഥാനങ്ങളിലെയും പ്രകടനത്തെ ബാധിച്ചു.
ബിജെപിക്കെതിരെ സാധ്യമായ എല്ലാവരെയും ചേർത്തുനിർത്താനുള്ള ഉത്തരവാദിത്തം അവർ നിർവഹിച്ചില്ല. അതേ നിലപാടുകൾതന്നെയാണ് കഴിഞ്ഞദിവസം വിധിയെഴുത്ത് പുറത്തുവന്ന ഹരിയാനയുടെ കാര്യത്തിലും സംഭവിച്ചത്. അതോടൊപ്പം വോട്ടുകൾ ചിതറിക്കുന്നതിനുള്ള ബിജെപി ശ്രമങ്ങളും വിജയം കണ്ടു. സ്വതന്ത്രവേഷത്തിലെത്തിയവർ 15 മണ്ഡലങ്ങളിലെ ബിജെപി വിജയത്തിന് കാരണമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നേറ്റം സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ പെട്ടെന്ന് ബിജെപി മുന്നേറ്റത്തിലേക്ക് മാറിയതിനു പിന്നിലെ ദുരൂഹതകൾ നിലനിൽക്കുമ്പോഴും പാർട്ടി വരുത്തിയ വലിയ പിഴവുകൾ കാണാതിരുന്നുകൂടാ. ബിജെപിയുടെ മടിത്തട്ട് മാധ്യമങ്ങൾ ഉൾപ്പെടെ കോൺഗ്രസ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന അഭിപ്രായ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്. എല്ലാ ഏജൻസികളും അതേനില തന്നെയാണ് പ്രഖ്യാപിച്ചത്. അത് ശരിവയ്ക്കുന്നതായിരുന്നു ആദ്യ രണ്ട് മണിക്കൂറിലധികം സമയം പുറത്തുവന്ന ഫലങ്ങൾ. പകുതിയോളം റൗണ്ടുകൾ എണ്ണിയ വേളയിൽ 60ഓളം മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നേറിയിരുന്ന ഘട്ടത്തിൽ നിന്നാണ് പെട്ടെന്ന് താഴോട്ടുപോയത് എന്നത് സംശയാസ്പദം തന്നെയാണ്. അതേസമയം സംസ്ഥാനത്തെ പാർട്ടിയെ യോജിപ്പിച്ചുനിർത്താനും പരമാവധി ബിജെപിവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഫലപ്രദമായി ഇവിടെയുണ്ടായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ആംആദ്മി പാർട്ടിക്ക് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കേണ്ടിവന്നു. 1.79 ശതമാനം വോട്ടുകളാണ് അവർക്ക് ലഭിച്ചത്. 37 അംഗങ്ങൾ ജയിച്ച കോൺഗ്രസിന്റെ 39.09 ശതമാനം വോട്ടുവിഹിതത്തിന്റെ കൂടെ ഇതുകൂടി ചേർന്നാൽ 41.06 ശതമാനമായി എന്നത് പ്രാഥമിക കണക്ക് മാത്രമാണ്. ബിജെപിക്ക് 48 സീറ്റുകളും 39.94 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ്-ബിജെപി അന്തരം മണ്ഡലങ്ങളുടെ എണ്ണത്തിൽ 11 ഉം, വോട്ടുവിഹിതത്തിൽ 0.85 ശതമാനവുമാണ്.
എഎപിയുടെ മൊത്തത്തിലുള്ള പ്രകടനം അവർ ഉന്നയിച്ച അവകാശവാദത്തിനനുസരിച്ച് മികച്ചതായിരുന്നില്ലെന്നാണ് വിധിക്കുശേഷമുള്ള വോട്ടു കണക്കുകൾ വ്യക്തമാക്കുന്നത്. പക്ഷേ ചില മണ്ഡലങ്ങളിലെ പ്രകടനം കോൺഗ്രസിന്റെ തോൽവിക്ക് കാരണമായെന്ന് ഫലങ്ങൾ പരിശോധിച്ചാൽ കാണാവുന്നതാണ്. അസന്ധിൽ കോൺഗ്രസിന്റെ ഷമീർ സിങ്ഗോഗി തോൽക്കുന്നത് 2,306 വോട്ടുകൾക്കാണ്. ഇവിടെ എഎപി സ്ഥാനാർത്ഥി അമൻദീപ് സിങ്ങിന് 4,290 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അമിത് സിഹാഗ് 610 വോട്ടിന് തോറ്റ ദബ്‌വാലിയിൽ എഎപിയുടെ കുൽദീപ് സിങ് നേടിയത് 6,606 വോട്ടുകളാണ്. കോൺഗ്രസ് 1,957 വോട്ടിന് പരാജയപ്പെട്ട ദാദ്രിയിൽ എഎപിക്ക് 1,339 വോട്ടുകൾ നേടാനായി. കോൺഗ്രസ് 32 വോട്ടിന് പരാജയപ്പെട്ട ഉച്ചന ഖലാനയിൽ എഎപി വോട്ട് 2,495ആണ്. രെവാരിയിൽ കോൺഗ്രസ് തോറ്റത് 28,769 വോട്ടുകൾക്കാണെങ്കിലും എഎപി 18,427 വോട്ടുകൾ നേടിയിട്ടുണ്ട്. ഇതിൽനിന്നുതന്നെ എഎപിയുമായി സഖ്യമില്ലാതെ പോയതിനാൽ അഞ്ച് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിന് വിനയായി എന്ന് വ്യക്തമാകുന്നു. കുറഞ്ഞ വോട്ടുവിഹിതമേ എഎപിക്ക് മൊത്തമായി ലഭിച്ചിട്ടുള്ളുവെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമായി ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ അനുകൂലമാകുമായിരുന്നു എന്നതിലും സംശയമില്ല.
മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് വാദി പാർട്ടി ഇന്ത്യ സഖ്യത്തിനനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെങ്കിലും അവർ പിടിച്ച വോട്ടുകളും കോൺഗ്രസ് പരാജയത്തിന് ചില മണ്ഡലങ്ങളിൽ കാരണമായി. കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായ അടേലി മണ്ഡലത്തിൽ ബിഎസ്‌പിയുടെ അട്ടർലാലിന് 54,652 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവിടെ ബിജെപി 3,085 വോട്ടുകൾക്കാണ് ജയിച്ചത്. സമാനമായി ഐഎൻഎൽഡി, ജെജെപി എന്നീ കക്ഷികളും ചില മണ്ഡലങ്ങളിൽ കോൺഗ്രസ് പരാജയത്തിന് കാരണമായി. ഫരീദാബാദ് എൻഐടിയിൽ കോൺഗ്രസ് പരാജയപ്പെട്ടത് 33,217 വോട്ടിനാണ്. ഇവിടെ ഐഎൻഎൽഡി 29,549, ജെജെപി 8,774 വീതം വോട്ടുകൾ നേടിയിട്ടുണ്ട്. ഈ രണ്ടു കക്ഷികളും ബിജെപിക്കെതിരായാണ് മത്സരിച്ചത്. സ്ഥിരമായി അവർ ആ നിലപാട് തുടരണമെന്നില്ല. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുന്നതിൽ കോൺഗ്രസ് താല്പര്യം കാട്ടിയില്ല.
11 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ മൂന്നാംവട്ടവും അധികാരമുറപ്പിച്ചെങ്കിലും ബിജെപിയുടേത് മികച്ച വിജയമാണെന്ന് വിലയിരുത്തുവാൻ പല കാരണങ്ങളാൽ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനായില്ല എന്നതുതന്നെ പ്രധാന കാരണം. അതുപോലെതന്നെയാണ് പല പേരുകളിൽ രംഗപ്രവേശം ചെയ്ത സ്വതന്ത്രന്മാർ ബിജെപി വിജയത്തെ സഹായിച്ചെന്നത്. 15 മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിച്ചത് സ്വതന്ത്രർ നേടിയ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു. അംബാല കന്റോൺമെന്റിൽ വിവാദ ബിജെപി നേതാവ് അനിൽ വിജ് ജയിക്കുന്നത് 7,277 വോട്ടുകൾക്കാണ്. ഇവിടെ സ്വതന്ത്രയായി മത്സരിച്ച ചിത്ര സർവാര 52,581 വോട്ടുകൾ കരസ്ഥമാക്കി. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. 7,585 വോട്ടിന് കോൺഗ്രസ് തോറ്റ ബാധ്രയിൽ സ്വതന്ത്രന് കിട്ടിയത് 26,730 വോട്ടുകളാണ്. ബിജെപി ജയിച്ച വല്ലബ്ഘറിൽ കോൺഗ്രസ് നാലാം സ്ഥാനത്തായത് രണ്ട് സ്വതന്ത്രർ യഥാക്രമം 44,076, 23,077 വോട്ടുകൾ വീതം നേടിയതിനാലും.
ബർവാലയിൽ 26,942 വോട്ടുകൾക്കാണ് കോൺഗ്രസ് പരാജയപ്പെട്ടത്. ഇവിടെ മൂന്നാം സ്ഥാനത്തുള്ള സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 29,055 വോട്ടുകളുണ്ട്. സിപിഐ(എം) സ്ഥാനാർത്ഥി മത്സരിച്ച ഭിവാനിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 32,714 ആണ്. ഇവിടെ എഎപിക്ക് 17,573, ഒരു സ്വതന്ത്രന് 15,810 വോട്ടുകൾ ലഭിച്ചു. ഗൊഹാനയിൽ 10,429 വോട്ടുകളാണ് ബിജെപിയുടെ ഭൂരിപക്ഷം. ഇവിടെ മൂന്നാം സ്ഥാനത്തായ സ്വതന്ത്രന്റെ വോട്ട് 14,761 ആണ്. കൽക്ക മണ്ഡലത്തിൽ 10,883 വോട്ടുകൾക്ക് കോൺഗ്രസ് തോറ്റപ്പോൾ മൂന്നാമതെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 31,688 വോട്ടുകൾ നേടാനായി. 2,068 വോട്ടിന് കോൺഗ്രസ് പരാജയപ്പെട്ട മഹേന്ദ്രഗറിൽ സ്വതന്ത്രൻ നേടിയത് 2,083 വോട്ടുകളാണ്. ഇവിടെ എഎപി 1,740 വോട്ടുകളും നേടിയിട്ടുണ്ട്.
നർവാനയിൽ ബിജെപി ഭൂരിപക്ഷം 11,499 ആണെങ്കിൽ മൂന്നാമതെത്തിയ ഐഎൻഎൽഡിക്ക് 46,303 വോട്ടുകളുണ്ട്. റായ് മണ്ഡലത്തിൽ കോൺഗ്രസ് 4,667 വോട്ടിന് തോറ്റപ്പോൾ സ്വതന്ത്രസ്ഥാനാർത്ഥിക്ക് 12,262 വോട്ടുകളുണ്ട്. സഫിഡോണിൽ 4,037 വോട്ടുകൾക്കാണ് ബിജെപി ജയിച്ചത്. ഇവിടെ മൂന്നാമതുള്ള സ്വതന്ത്രന് 20,114 വോട്ടുകളാണുള്ളത്. സമൽഖയിൽ 19,315 വോട്ടിന് ബിജെപി ജയിച്ചു. സ്വതന്ത്രന് 21,132 വോട്ടുകളുണ്ട്. സോഹ്നയിൽ 11,877 ആണ് ബിജെപി ഭൂരിപക്ഷം. ഇവിടെ സ്വതന്ത്രൻ നേടിയത് 49,210 വോട്ടുകളാണ്. തോഷത്തും സ്ഥിതി വ്യത്യസ്തമല്ല. 14,257 വോട്ടിന് കോൺഗ്രസ് തോറ്റ ഇവിടെ സ്വതന്ത്രന് ലഭിച്ചത് 15,859 വോട്ടുകളാണ്. 22,437 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായ യമുന നഗറിൽ ഐഎൻഎൽഡിയുടെ വോട്ട് 36,067ആണ്.
ഈ വിധത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സാന്നിധ്യം കൊണ്ട് ബിജെപിക്ക് ജയിക്കാനായത് പതിനഞ്ചിലധികം മണ്ഡലങ്ങളാണ്. ജയിച്ച രണ്ട് സ്വതന്ത്രർ ഇന്നലെ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതോടെ ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് പലരും സ്വതന്ത്രവേഷത്തിലെത്തിയത് എന്നത് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഈ കണക്കുകളെല്ലാം ബിജെപിയുടെ വിജയം കോൺഗ്രസിന്റെ കയ്യിലിരിപ്പും സ്വതന്ത്രവേഷം അണിഞ്ഞെത്തിയവരുടെ സാന്നിധ്യവും കൊണ്ടാണെന്നും സൂചിപ്പിക്കുന്നു. ബിജെപിക്കെതിരായ വികാരം മുഴുവനായി കോൺഗ്രസിന് അനുകൂലമാക്കാനായില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് കോൺഗ്രസിന് വലിയ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. മനോഹർലാൽ ഖട്ടറിനെതിരെ ജനവികാരമുണ്ടെന്ന് വന്നപ്പോൾ പകരക്കാരനെ കണ്ടെത്തിയതും വിരുദ്ധ വോട്ടുകൾ ചിതറുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും ബിജെപിക്കായി. ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കുവാനും പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങൾ ഇല്ലാതാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനും പ്രാപ്തമാകുമ്പോൾ മാത്രമേ എളുപ്പത്തിലുള്ള വിജയം ലഭിക്കൂ എന്ന പാഠം കോൺഗ്രസ് ഇനിയെങ്കിലും ഉൾക്കൊണ്ടേ മതിയാകൂ എന്നാണ് ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.