കേരളത്തിലെ റബ്ബർ കർഷകർ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഏതാനും മാസങ്ങളായി റബ്ബറിന് വിലയുണ്ടെങ്കിലും വർഷങ്ങളോളം റബ്ബർവിലയുടെ തകർച്ചമൂലമുണ്ടായ നഷ്ടങ്ങൾ നികത്താനേ ഇപ്പോഴത്തെ ഉയർന്ന വിലകൊണ്ട് കർഷകന് സാധിക്കുകയുള്ളു. കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും നൂറ് വർഷത്തിനുമുകളിലായി റബ്ബർ കൃഷി ആരംഭിച്ചിട്ട്. അതിനാൽ പല പ്രാവശ്യം പ്ലാന്റിങ്ങും, റീപ്ലാന്റിങ്ങും ഈ പ്രദേശങ്ങളിൽ നടന്നു കഴിഞ്ഞു. ഇത് റബ്ബർ ഉല്പാദനം കുറയുവാൻ കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിന്റെ താപനില ഒരു ഡിഗ്രി കൂടുമ്പോൾ ഏകദേശം 12 ശതമാനം ഉല്പാദനക്കുറവ് റബ്ബർ പാലിൽ ഉണ്ടാകുന്നുണ്ട്. എന്നാൽ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഉല്പാദനത്തെ കാര്യമായി ബാധിക്കുന്നില്ല. കൂടിവരുന്ന ചെലവുകളും, ടാപ്പർമാരുടെ കുറവും കേരളത്തിലെ റബ്ബർ കർഷകരെ അലട്ടുന്ന പ്രശ്നങ്ങളാണ്. കർഷകർക്ക് ഒരു സർക്കാർ തുണയുള്ളത് റബ്ബർ ബോർഡാണ്. ആദ്യകാലങ്ങളിൽ കർഷകനെ സഹായിക്കാൻ ഒരു പരിധി വരെ റബ്ബർ ബോർഡിന് സാധിച്ചിരുന്നു. ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലാണ്.
റബ്ബർ എന്ന ഉല്പന്നം ഒരു തന്ത്രപ്രധാനമായ ചരക്കാണ്. സ്വാഭാവിക എണ്ണ എന്നതുപോലെ, അല്ലെങ്കിൽ കൽക്കരി പോലെ, രാജ്യം ചലിക്കണമെങ്കിൽ അവശ്യമായ ഒരു ഉല്പന്നം. കേന്ദ്രം റബ്ബർ ബോർഡ് രൂപീകരിച്ചത് ഈ തന്ത്രപ്രധാനമായ ഉല്പന്നത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ്. റബ്ബർ ബോർഡ് കർഷകനെ സഹായിക്കാനുള്ള ഒരു സ്ഥാപനമാണെന്ന് ഏതെങ്കിലും കർഷകൻ കരുതിയാൽ അതൊരു മിഥ്യാധാരണയായിരിക്കും. സബ്സിഡിയോ വളത്തിന് പണമോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ആനുകൂല്യമോ റബ്ബർ ബോർഡ് നൽകുന്നുണ്ടെങ്കിൽ അത് കർഷകനെ സഹായിക്കാൻ മാത്രമല്ല, മറിച്ച് റബ്ബറിന്റെ ലഭ്യത ഉറപ്പാക്കാനാണ്. റബ്ബർ ബോർഡിന്റെ രൂപീകരണ ലക്ഷ്യംതന്നെ ഏറ്റവും കൂടുതൽ റബ്ബർ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ്. ഇന്ന് റബ്ബർ ബോർഡിന്റെ ഊന്നൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി വ്യാപിപ്പിക്കുകയാണ്. കേരളത്തിലെ കർഷകർ നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, ഉല്പാദനക്കുറവ്, വില സ്ഥിരതയില്ലായ്മ ഒന്നും ബോർഡിനെ സാരമായി അലട്ടുന്ന പ്രശ്നങ്ങളല്ല. പുതിയ റബ്ബർ ആക്ട് വരുമ്പോൾ അത് കേരളത്തിന് ഗുണം ചെയ്യില്ല. കേരളത്തിന് റബ്ബർ ബോർഡിൽ ഉണ്ടായിരുന്ന എട്ട് സ്ഥിരം പ്രതിനിധികൾ ഇല്ലാതാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് ഊന്നൽ കൊടുക്കാൻ തുടങ്ങിയതോടെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. പല ഓഫിസുകളും അടച്ചുപൂട്ടി. കേരളത്തിൽ നൽകുന്ന പ്രാധാന്യത്തിനും ആനുകൂല്യങ്ങൾക്കും കുറവ് വന്നു. ഇതുണ്ടാക്കിയ ശൂന്യത നികത്താൻ കേരള സർക്കാരിന്റെ കീഴിൽ പുതിയൊരു സംവിധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചനകൾ ഉയരേണ്ടതുണ്ട്. സംസ്ഥാനത്ത് ആലപ്പുഴയൊഴികെ മറ്റെല്ലാ ജില്ലകളിലും റബ്ബർ ഒരു പ്രധാന കൃഷിയാണ്. റബ്ബറിന്റെ വില കുറയുന്നത് കർഷകരെയും കർഷകത്തൊഴിലാളികളെയും മാത്രമല്ല ആ പ്രദേശങ്ങളിലുള്ള വ്യാപാരികളും ഓട്ടോറിക്ഷാതൊഴിലാളികളും ഉൾപ്പെടെ ജനങ്ങളെ ബാധിക്കും. ഇന്ത്യയിലെ റബ്ബറുല്പാദനത്തിന്റെ ഒരു വലിയ അളവ് കേരളത്തിൽ നിന്നാണ്.
ഏകദേശം ഒമ്പത് ലക്ഷത്തോളം കർഷകർ റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ചെറുകിട അസംഘടിത കർഷകരാണ്. ഈ ഉയർന്ന റബ്ബർവിലയെ താഴേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുമ്പോൾ പാവപ്പെട്ട കർഷകർക്ക് നിസഹായരായി നോക്കിനിൽക്കാനേ സാധിക്കൂ. റബ്ബറിന്റെ വില ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങളെ ബാധിക്കും. മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും റബ്ബർ കൃഷിക്കും കർഷകനുമായി ഒരു വകുപ്പ് രൂപീകരിക്കുക എന്നതാണ് ഇതിനുളള ശാശ്വതപരിഹാരം. റബ്ബർ പോലെ തന്നെ വ്യവസായ മേഖലയ്ക്ക് ആവശ്യമുള്ള മറ്റൊരു വസ്തുവാണ് കയർ. ഒരുഘട്ടത്തിൽ സംസ്ഥാത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഒരു വലിയ പങ്ക് വഹിച്ച ഉല്പന്നമാണ് കയര്‍. ആ മേഖലയുടെ പ്രാധാന്യം മനസിലാക്കി കേരള സർക്കാർ ഒരു കയർ വകുപ്പ് ആരംഭിച്ചു. വകുപ്പിന് മന്ത്രിയും ഒരു സെക്രട്ടറിയും ഉണ്ട്. ബജറ്റില്‍ തുകയും അനുവദിക്കാറുണ്ട്. മേഖലയിലെ തൊഴിലാളികൾക്കും മറ്റ് ചെറുകിട സംരംഭകർക്കും സർക്കാർ ആനുകൂല്യങ്ങളും പെൻഷനും ലഭ്യമാക്കുന്നുണ്ട്. കയർ വകുപ്പ് പോലെ റബ്ബറിനും ഒരു വകുപ്പ് കേരളത്തിൽ അത്യന്താപേക്ഷിതമാണ്. കയർ വകുപ്പ് എന്നതുപോലെ തന്നെ പൂർണ അധികാരമുള്ള ഒരു വകുപ്പിനുവേണ്ടി പുതിയ നിയമനങ്ങളൊന്നും വേണ്ടിവരില്ല. കൃഷി മന്ത്രിയുടെ കീഴിൽ ഒരു വകുപ്പ് മതി. ഉദ്യോഗസ്ഥരെ പുനർ വിന്യസിച്ചാൽ മതിയാകും. റബ്ബർ മേഖലയിലുള്ള പല പ്രശ്നങ്ങളും കർഷകർ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ പറ്റുന്നതല്ല. യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റെഗുലേഷൻ വന്നതോടെ റബ്ബർ കൃഷിക്ക് സർട്ടിഫിക്കേഷൻ ആവശ്യമായി വന്നിട്ടുണ്ട്. അതുപോലെ തന്നെ റബ്ബർ തടിക്കും യൂറോപ്യൻ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ഇതെല്ലാം സർക്കാരിന്റെ നേതൃത്വത്തിൽ മാത്രമേ നേടിയെടുക്കുവാൻ കഴിയുകയുള്ളു. ചെറുകിട കർഷകർക്കും സംരംഭകർക്കും പെൻഷനും, ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഒരു സർക്കാർ വകുപ്പ് ഉണ്ടെങ്കിലേ സാധിക്കൂ. കാലാവസ്ഥാ വ്യതിയാനം, യൂറോപ്യൻ യൂണിയൻ ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ, ജിയോ ടാഗിങ്ങ് എന്നിങ്ങനെയുള്ള നിർണായക മാറ്റങ്ങൾ റബ്ബർ മേഖലയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ കർഷകന് നോക്കിനിൽക്കാനേ സാധിക്കുകയുള്ളൂ. നിയമ സാങ്കേതിക പ്രശ്നങ്ങൾ മനസിലാക്കാനോ കൈകാര്യം ചെയ്യാനോ സാധാരണ കർഷകന് കഴിയില്ല. റബ്ബർ വില താഴ്ത്താനുള്ള വടംവലിയിൽ പങ്കെടുക്കാനുള്ള കെല്പ് കർഷകനില്ല. കയറ്റുമതിയും ഇറക്കുമതിയും റബ്ബർ വിലയെ ബാധിക്കുമ്പോൾ വിപണി ചലനങ്ങൾ മനസിലാക്കാനോ അതിൽ പങ്കെടുക്കുവാനോ കർഷകന് കഴിയില്ല. ഒരു വകുപ്പുണ്ടായാൽ വിലക്കുറവ്, വിലസ്ഥിരതയില്ലായ്മ, കോർപറേറ്റ് കമ്പനികളുടെ കർഷകദ്രോഹ ഇടപെടൽ എന്നിങ്ങനെയുളള ഘട്ടങ്ങളിൽ കർഷകർക്ക് ആശ്വാസമേകാൻ കഴിയും. തങ്ങളുടെ രക്ഷയ്ക്ക് ഒരു സർക്കാരും വകുപ്പും ഉണ്ടെന്ന ചിന്ത പോലും കർഷകരിൽ പ്രതീക്ഷയുണർത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.