5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024

സിപിഐ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന ചെയ്യുക: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 11:33 pm

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ വർഷത്തെ പാർട്ടി ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു. എക്കാലവും ജനങ്ങളിൽ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയാണ് പാർട്ടിക്ക് കരുത്തു പകരുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ ഇതുവരെ ദർശിച്ചിട്ടില്ലാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി കേന്ദ്ര അധികാരത്തിന്റെ എല്ലാ തലങ്ങളും ഉപയോഗിച്ച് രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളുടെ കാതലായ മതനിരപേക്ഷതയും ജനാധിപത്യവും അട്ടിമറിക്കുന്ന സമീപനമാണ് ബിജെപി നയിക്കുന്ന കേന്ദ്ര ഭരണകൂടം കൈക്കൊള്ളുന്നത്. വികലമായ സാമ്പത്തിക നയങ്ങളിലും തൊഴിലില്ലായ്മയിലും ജനം പൊറുതിമുട്ടുമ്പോൾ ഭരണകൂടം വർഗീയ ശക്തികൾക്കും കോർപറേറ്റ് കൊള്ളക്കാർക്കും ‘ജയ ജയ’ പാടുകയാണ്. നിത്യോപയോഗ സാധനങ്ങൾക്ക് നാൾക്കുനാൾ വില വർധിക്കുമ്പോൾ, ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോൾ കോർപറേറ്റ് മുതലാളിമാരെ പ്രീണിപ്പിക്കുന്നതിലാണ് മോഡി സർക്കാർ രാജ്യസ്നേഹം കാണുന്നത്. ആത്മനിർഭർ ഭാരതിന്റെ മറവിൽ ധനസമ്പാദന നയത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛവിലയ്ക്ക് അവർ കോർപറേറ്റുകൾക്ക് തീറെഴുതുന്നു. അതോടൊപ്പം സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നുള്ള പിന്മാറ്റവും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.

മതനിരപേക്ഷ ഇന്ത്യൻ മനസിനെ മുറിവേൽപ്പിച്ച ഏറ്റവും ക്രൂരമായ സംഭവവികാസങ്ങളാണ് മണിപ്പൂരിലും ഹരിയാനയിലും അരങ്ങേറിയത്. ഒരു കൊല്ലത്തിലേറെയായി തുടരുന്ന മണിപ്പൂരിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ശ്രമിക്കാത്ത ഭരണകൂട നിലപാട് മത നിരപേക്ഷ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തീവ്ര ഹിന്ദുത്വ ശക്തികൾ തുടരുന്ന ആക്രമണ പരമ്പരകളിൽ ഭരണകൂടം മൗനം പാലിക്കുന്നത് ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ആശ്വാസകരമല്ല. ദളിതരും മതന്യൂനപക്ഷങ്ങളും ഇത്രയും വേട്ടയാടപ്പെട്ട മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇത്തരം യാഥാർത്ഥ്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ശ്രമിക്കുകയാണ്. ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയ മണ്ണിൽ തന്നെ ക്ഷേത്രം പണിതത്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഇന്ത്യയുടെ പേരുമാറ്റം എന്നിവയൊക്കെ ഇത്തരം ബോധപൂർവമായ രാഷ്ട്രീയ അടവുകളാണ്.

രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മതേതര അവകാശങ്ങൾക്കും വേണ്ടി പോരാടാൻ സിപിഐ പ്രതിജ്ഞാബദ്ധമാണ്. ബിജെപിക്കെതിരെ ദേശീയതലത്തിൽ 28 പാർട്ടികളുടെ ‘ഇന്ത്യ സഖ്യം’ രൂപീകരിക്കാനായത് ഇക്കാലയളവിലെ ഏറ്റവും ആശാവഹമായ ഒരു രാഷ്ട്രീയ സംഭവവികാസമാണ്. ഏറ്റവും ഒടുവിൽ, കശ്മീരിൽ വിജയക്കൊടി പാറിച്ചത് ആ രാഷ്ട്രീയമാണ്. അതിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ പങ്കാണ് സിപിഐ വഹിച്ചത്. ഫാസിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന തീവ്ര വലതു പക്ഷത്തെ നേരിടാൻ, മതേതര-ജനാധിപത്യ‑ഇടതുപക്ഷ ശക്തികളുടെ വിശാല ഐക്യവേദി എന്ന ആശയം ഇന്ത്യക്കു മുമ്പിൽ ആദ്യമായി അവതരിപ്പിച്ചത് സിപിഐ ആണ്. ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ച് സാമ്പത്തിക കാര്യങ്ങളിൽ കേരളത്തോട് വിവേചന പൂർണമായ നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ജനപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്തി മുന്നോട്ടുപോകുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സർക്കാർ. വയനാട് ദുരന്തം അടക്കം എല്ലാ ദുരിതകാലത്തും എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ആശ്വാസം പകർന്നു. ഈ സർക്കാർ രാജ്യത്തിനു മുമ്പിൽ ഇടതുപക്ഷം ഉയർത്തുന്ന ബദൽ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. എൽഡിഎഫിന്റെയും സർക്കാരിന്റെയും ജനകീയ അടിത്തറ ശക്തിപ്പെടുത്താനാണ് സിപിഐ നിലകൊള്ളുന്നത്. പ്രതിലോമ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് രാജ്യം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ബദലായി കേരളം മുന്നോട്ടു പോകണം. അനുഭവത്തിൽ നിന്ന് പാഠം പഠിച്ച്, തെറ്റുകൾ തിരുത്തി കൂടുതൽ ശക്തി ആർജിച്ച് ഇടതുപക്ഷം മുന്നേറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷ ശരികൾ ഉയർത്തിപ്പിടിക്കാനും സിപിഐ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അഭ്യർത്ഥിച്ച ഘട്ടങ്ങളിൽ എല്ലാം ജനങ്ങൾ നിർലോഭമായ സഹായസഹകരണമാണ് പാർട്ടിക്ക് നൽകിയിട്ടുള്ളത്. വരുംകാല പാർട്ടി പ്രവർത്തനത്തിന് ആവശ്യമായ ധനം ജനങ്ങളിൽ നിന്ന് പാർട്ടി നേരിട്ട് സമാഹരിക്കുകയാണ്. എന്നും ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകിയ സഹായ പിന്തുണകൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും, ഇക്കുറിയും പ്രവർത്തന ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകി പാർട്ടിയെ സഹായിക്കണമെന്നും ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.