21 November 2024, Thursday
KSFE Galaxy Chits Banner 2

സനുക്രിസ്റ്റോ എന്ന പ്രവാസിയുടെ തുടർജീവിതം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
November 7, 2024 4:45 am

കൊല്ലത്തെ അഞ്ചാലുംമൂട്ടിനടുത്തുള്ള മതിലിൽ കൊച്ചുതൊടിയിൽ മിന്നാരത്തിൽ സനുക്രിസ്റ്റോ അബുദാബിയിൽ ജോലിചെയ്യുകയായിരുന്നു. കുടുംബത്തോടും നാടിനോടും ജോലിസ്ഥലമായ അറബിരാജ്യത്തിനോടും സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്ന ക്രിസ്റ്റോ ഒരു ദിവസം ഓഫിസിലേക്ക് പോകവേ പൊടുന്നനെ ശരീരം തളർന്നു. ഉടൻതന്നെ അബുദാബിയിലെ എല്ലാ ആധുനികസൗകര്യങ്ങളുമുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. യൂനാനികാലത്തെ മരുന്നും മന്ത്രവുമൊന്നുമല്ല ഇപ്പോൾ അറബ് രാജ്യങ്ങളിലുള്ളത്; മോഡേൺ മെഡിസിനാണ്. എന്നിട്ടും ക്രിസ്റ്റോ കൈവിട്ടുപോയി. അവിടെയാണ് ക്രിസ്റ്റോയുടെ തുടർജീവിതം ആരംഭിച്ചത്.

ആശുപത്രി അധികൃതർ, ക്രിസ്റ്റോയുടെ ആന്തരികാവയവങ്ങൾ സഹജീവികൾക്ക് പ്രയോജനപ്പെടുത്താനായി നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടുന്നു. ക്രിസ്റ്റോയുടെ ഭാര്യ പ്രിയദർശിനിയും മക്കളും സമ്മതിക്കുന്നു. അങ്ങനെയാണ് ക്രിസ്റ്റോയ്ക്ക് മരണാനന്തര ജീവിതം ലഭിക്കുന്നത്. പ്രവാസിലോകത്തെ മഹത്തായ മാതൃകയായി സനുക്രിസ്റ്റോ മാറി.

അപരിഷ്കൃതമായ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന മതങ്ങൾ അവയവദാനത്തെയോ ശരീരദാനത്തെയോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അതൊക്കെ ദൈവനിശ്ചയത്തിന് വിരുദ്ധമാണെന്നുതന്നെ അവർ പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന പുരോഹിതരും പ്രഭാഷകരും ജീവിതം പ്രതിസന്ധിയിലാകുമ്പോൾ അന്യരക്തം സ്വീകരിക്കാൻ സന്നദ്ധരാകുന്നു. ഏതു ശസ്ത്രക്രിയയ്ക്കും വൃക്കരോഗ ചികിത്സയ്ക്കും മറ്റു മനുഷ്യരുടെ രക്തം അത്യാവശ്യമാണ്. ആശുപത്രിയോട് ചേർന്നുള്ള രക്തബാങ്കുകളിൽ മതപരമായ വേർതിരിവുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത്തരം ചികിത്സകളുടെ ആരംഭകാലത്ത് സ്വന്തംമതത്തിലുള്ളവരുടെ രക്തം മാത്രമേ സ്വീകരിക്കാവൂ എന്ന ചില കടുംപിടിത്തങ്ങൾ പല മതക്കാരും പുലർത്തിയിരുന്നു. ക്രമേണ അതുമാറി. ഇവിടെയെങ്കിലും മനുഷ്യൻ മതാതീതനായി.

മതേതരരോഗങ്ങളാണ് ലോകത്തുള്ളത്. പ്ലേഗ് മുതൽ കോവിഡ് വരെയുള്ള എല്ലാ രോഗങ്ങളും മതമോ രാജ്യാതിർത്തികളോ കണക്കാക്കാതെയാണ് പിടിമുറുക്കിയത്. ഒരുകഷണം സോപ്പും ഒരുതുണ്ടു തുണിയും ഉപയോഗിച്ച് കോവിഡിനെ പ്രതിരോധിക്കാമെന്നു നമ്മളെ പഠിപ്പിച്ചു സഹായിച്ചത് മതങ്ങളല്ല, ശാസ്ത്രമാണ്. അക്കാലത്ത് മാളത്തിലൊളിച്ച അത്ഭുത ദൈവരോഗശുശ്രൂഷക്കാരും ആലിംഗനസ്വാമിനിമാരും പിഞ്ഞാണത്തിലെഴുത്തുകാരും സഹതാപം ഏറ്റുവാങ്ങിയ കഥാപാത്രങ്ങളാണ്.

അവയവമാറ്റം ആദ്യമായി നടന്നത് ഇന്ത്യയിലാണോ? അല്ല. അതിന് ഐതിഹ്യേതരമായ പിൻബലമൊന്നുമില്ല. ഗണപതിത്തല ചൂണ്ടിക്കാട്ടിക്കൊണ്ട് പ്ലാസ്റ്റിക് സർജറി അടക്കമുള്ള ശാസ്ത്രമുന്നേറ്റങ്ങൾ ഭാരതത്തിലാണ് ആരംഭിച്ചതെന്ന് ഏത് പ്രധാനമന്ത്രി പറഞ്ഞാലും സ്കൂളിൽ പോയിട്ടുണ്ടെന്ന ഒറ്റക്കാരണത്താൽ നമ്മളത് വിശ്വസിക്കില്ല. ആറ്റംബോംബ് കമ്പനി മുതൽ അണ്ടിയാപ്പീസുവരെ ദിവസേന ഉദ്ഘാടനം ചെയ്യേണ്ടിവരുന്ന നമ്മുടെ പാവം രാഷ്ട്രീയക്കാർ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. കുരുക്ഷേത്ര യുദ്ധഭൂമിയോട് ചേർന്ന് ആശുപത്രികളോ രക്തബാങ്കുകളോ ഇല്ലല്ലോ. ഛേദിക്കപ്പെട്ട രാവണശീർഷങ്ങൾ തുന്നിച്ചേർക്കാതെതന്നെ മുളച്ചുവന്നു എന്നാണ് കവിസങ്കല്പം. ഒറ്റയാളിന് പത്തുതലകളും മുന്നൂറ്റിയിരുപത് പല്ലുകളും സങ്കല്പിക്കാൻ കഴിഞ്ഞ മഹാകവിക്ക് ആശുപത്രിയും ഡോക്ടറും നഴ്സും ഓക്സിജൻ കിറ്റടക്കമുള്ള ഉപകരണങ്ങളും ഇല്ലാതെ തലമുളച്ചെന്നൊക്കെ സങ്കല്പിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.

ദക്ഷിണാഫ്രിക്കയിലെ ഡോ. ക്രിസ്ത്യൻ ബർണാഡാണ് ഹൃദയം മറ്റൊരാളിനു മാറ്റിവച്ച് വിനയപൂർവം ചരിത്രം കുറിച്ചത്. മസ്തിഷ്കമരണം സംഭവിച്ചവരുടെ കണ്ണും വൃക്കയും കരളുമടക്കം പല അവയവങ്ങളും മനുഷ്യജീവിതത്തിന് പ്രയോജനപ്പെടുത്താം. അത് ശാസ്ത്രത്തിന്റെ കണ്ടെത്തലാണ്. അത്തരം കണ്ടെത്തലുകള്‍ സമ്മതിക്കുക വഴിയാണ് ഒരാൾക്ക് തുടർജീവിതം സാധ്യമാകുന്നത്. ഇപ്പോഴാണെങ്കിൽ കേരളത്തിലും ഹൃദയമടക്കമുള്ള അവയവങ്ങൾ മാറ്റിവയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. പൊലീസിന്റെയും ബഹുജനങ്ങളുടെയുമെല്ലാം സമ്പൂർണ സഹകരണം ഇത്തരം കാര്യങ്ങൾക്ക് കേരളത്തിൽ ലഭിക്കുകയും ചെയ്യും.

മതമൗലിക വാദത്തിന്റെ തുരുമ്പിച്ച പരിചയൊന്നു മാറ്റിയാൽ മതി, ശാസ്ത്രം അതിന്റെ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊള്ളും. അവയവദാനം മനുഷ്യന്റെ മഹദ്കർമ്മങ്ങളിലൊന്നാണ്. അതാണ് സനുക്രിസ്റ്റോയെ മറ്റുള്ളവരിലൂടെ ജീവിക്കാൻ പ്രാപ്തനാക്കിയത്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.