4 December 2024, Wednesday
KSFE Galaxy Chits Banner 2

എഴുത്ത് ഒരു പ്രതിരോധമാണ്

ജയന്‍ മഠത്തില്‍
December 1, 2024 6:00 am

തെരുവീഥിയിലൂടെ കൊണ്ടുനടക്കാവുന്ന കണ്ണാടിയെന്ന് നോവലിനെ വിശേഷിപ്പിച്ചത് സ്റ്റെന്താളാണ്. കലയുടെ ഒരു റിയലിസ്റ്റിക് കാഴ്ച ആ നിര്‍വചനത്തിലുണ്ടായിരുന്നു. താന്‍ ജീവിക്കുന്ന കാലത്തോട് എഴുത്തുകാരന്‍ നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കും. അതില്‍ ഒരു രാഷ്ട്രീയമുണ്ട്. ഫാസിസത്തിന്റെ കൂര്‍ത്ത ദംഷ്ട്രകള്‍ നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ നിര്‍ഭയനായ എഴുത്തുകാരന്റെ കരുത്തുറ്റ തൂലിക അതിനെതിരെ പ്രതിരോധം തീര്‍ക്കും. അത്തരം പ്രതിരോധത്തിന്റെ കലാപരമായി പര്യായമായി അയാളുടെ എഴുത്ത് മാറും. ഒമ്പതും പത്തും നൂറ്റാണ്ടുകളിലെ ഇരുളാണ്ടുകിടന്ന കേരളത്തിന്റെ ഭൂതകാലത്തെ വര്‍ത്തമാനകാലത്തേക്ക് ജപിച്ചുവരുത്തി കെ വി മോഹന്‍കുമാര്‍ എഴുതിയ ‘ഉല’ എന്ന നോവല്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രിയ അവസ്ഥകളോടും സംവദിക്കുന്ന കൃതിയാണ്. പ്രസിദ്ധീകരിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ നോവല്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. കെ വി മോഹന്‍കുമാര്‍ സംസാരിക്കുന്നു…

ഭൂതകാലത്തിലേക്കുള്ള മടക്കം?
****************************
‘ഉല’ വർത്തമാനകാലത്തെ ഉപേക്ഷിച്ച് ഭൂതകാലത്തിലേക്ക് ചേക്കറുകയായിരുന്നില്ല. ഭൂതകാലത്തിലൂടെ വർത്തമാനകാലത്തിലേക്കും വരുംകാലങ്ങളിലേക്കുമാണ് ‘ഉല’ സഞ്ചരിക്കുന്നത്. വർത്തമാനകാല ഫാസിസ്റ്റ്, അധിനിവേശ, ഉന്മൂലന രാഷ്ട്രീയത്തിന്റെ വരുംകാല ദുരന്തങ്ങളിലേക്കാണ് ‘ഉല’ വിരൽ ചൂണ്ടുന്നത്. പ്രശസ്ത കവിയും ചിന്തകനുമായ ടി എസ് എലിയറ്റ് പറഞ്ഞൊരു കാര്യമുണ്ട്. പാരമ്പര്യമെന്നത് ഭൂതകാലത്തെ തിരിച്ചറിയുന്നൊരു സംവേദനമോ ചരിത്രബോധമോ മാത്രമല്ല. വർത്തമാന കാലാവസ്ഥയെ ഭൂതകാലം നിർണയിക്കുന്നുണ്ട്, അഥവാ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഭൂതകാലത്തെ തിരിച്ച് വർത്തമാനകാലവും നിർണയിക്കുന്നുണ്ട്. നടപ്പുകാലത്ത് നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ മുന്നേറ്റം തന്നെയാണ് ഭൂതകാലത്തിലേക്ക് ഇത്തരത്തിൽ കണ്ണോടിക്കാനും ബന്ധിപ്പിക്കാനും ഇടവരുത്തിയത്. ഇന്നത്തെ ഭാരതത്തിന്റെ വർത്തമാന സാമൂഹിക‑രാഷ്ട്രീയ അവസ്ഥകളാണ് ‘ഉല’യിൽ പ്രതിപാദിക്കുന്ന ഭൂതകാലത്തെ വായിക്കാനും അടയാളപ്പെടുത്താനും എഴുത്തുകാരൻ എന്ന നിലയിൽ എന്നിൽ അനിവാര്യമായ പ്രേരണയുളവാക്കിയത്. ചരിത്രത്തിന്റെ ആവർത്തന സ്വഭാവമാണ് ഇത്തരം അധിനിവേശങ്ങൾ. എഴുത്തുകാരനെന്ന നിലയിൽ ഇന്നത്തെ കാലഘട്ടത്തിന്റെ ബോധ്യത്തിൽ നിന്നുകൊണ്ട് എഴുതപ്പെടാതെപോയ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ‘ഉല’യിലൂടെ ഞാൻ നടത്തുന്നത്.

ബദൽ രാഷ്ട്രീയം?
******************
ഏതാണ്ട് 11 നൂറ്റാണ്ടിലേറെക്കാലം കേരളത്തിൽ (പ്രാചീന കേരളത്തിൽ) സഹവർത്തിത്വത്തോടെ പുലർന്നുപോന്നിരുന്ന ഒരുമയുടെ ഒരു സംസ്കാരവും പൊതുജീവിതധാരയുമുണ്ടായിരുന്നു. അതായിരുന്നു ആദി ദ്രാവിഡ‑ബൗദ്ധ‑ജെെന സങ്കലനത്തിലൂടെ ഇവിടെ നിലനിന്നിരുന്ന സംസ്കാരം. ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിലാണ് രക്ഷാധിധീരൻ എന്ന ബുദ്ധസന്യാസിയുടെ നേതൃത്വത്തിൽ ബൗദ്ധസംസ്കാരം ഇവിടേക്കു വന്നത്. ഏതാണ്ട് അതേ കാലത്തുതന്നെ കേരളത്തിന്റെ വടക്കുകിഴക്ക് മേഖലകളിലൂടെ ജെെനമതവും വേരോടി. കാളയും കലപ്പയും കെെത്തൊഴിലുകാരും കൃഷിവലന്മാരും ജ്ഞാനികളും ഉൾപ്പെട്ട വലിയൊരു സംഘമാണ് ഈ മണ്ണിലേക്ക് വന്നത്. അവരാണിവിടെ എഴുത്തുപള്ളികളും കളരികളും ബുദ്ധപ്പള്ളികളും സ്ഥാപിച്ചത്. ആയുർവേദവെെദ്യവും വയൽകൃഷിയും ആയോധനാഭ്യാസവുമെല്ലാം അവരോടൊപ്പമാണ് ഇവിടെ വന്നത്. ‘നമോതു ജിനതേ’ എന്നായിരുന്നു ജെെന പാരമ്പര്യത്തിൽ ആദ്യക്ഷരം കുറിച്ചിരുന്നത്. പിൽക്കാലത്ത് ബ്രാഹ്മണ അധിനിവേശത്തിലൂടെയാണത് ‘ഹരിശ്രീ ഗണപതയെ നമഃ’ ആയത് ജാതിരഹിതമായൊരു സാമൂഹിക ജീവിതക്രമം പാലിച്ചുപോന്നവരായിരുന്നു അവർ. ഓരോ തൊഴിലും ചെയ്യുന്നവർ അതത് ‘തിണ’കളിൽ പാർത്തിരുന്നു. പരസ്പരാശ്രയത്വത്തിലൂടെയാണവർ കൂടിക്കഴിഞ്ഞിരുന്നത്. അവിടേക്കാണ് ജാതി ഉച്ചനീചത്വങ്ങളും അയിത്തവും തൊട്ടുകൂടായ്മയും അടിച്ചേല്പിച്ചുകൊണ്ട് സവർണ അധിനിവേശമുണ്ടായത്. ‘ഉല’യിലെ കഥാപാത്രങ്ങൾ അക്കാലത്ത് അതിനെതിരെ പ്രതിരോധമുയർത്തിയവരാണ്.
ഇന്ന് ചരിത്രം ആവർത്തിക്കുന്നത് നാം കാണുന്നു. വർഗീയ ഫാസിസ്റ്റ് ശക്തികൾ കരുത്താർജിക്കുന്നു. അവരുടെ ഏകീകരണം ഭൂരിപക്ഷ, ന്യൂനപക്ഷ മതമൗലിക വാദത്തിനും വർഗീയ ഏകീകരണത്തിനും ആക്കം കൂട്ടുന്നു. ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ ഒത്തൊരുമയോടെ പുലർന്നുപോന്നിരുന്ന ഒരു സമൂഹത്തെ ശിഥിലമാക്കി, ജാതിവെറിയുടെ അടിമത്തവും അയിത്തവും അടിച്ചേല്പിച്ച അധിനിവേശ ശക്തികളുടെ പുതിയ വേഷപ്പകർച്ചയാണ് ഇന്ന് ആവർത്തിക്കപ്പെടുന്നത്. നാം ഇനിയെങ്കിലും ജാഗ്രത പുലർത്തിയില്ലെങ്കിൽ, പണ്ട് സംഭവിച്ചതുപോലെ നിഷ്ഠുരമായ മനുഷ്യക്കുരുതിയിലേക്കും കലാപങ്ങളിലേക്കും നിസഹായരായ ‘ഇര’കളുടെ പലായനങ്ങളിലേക്കും നിശ്ചയമായുമത് നമ്മെ കൊണ്ടെത്തിക്കും.

ചരിത്രം നോവലാക്കുമ്പോഴുള്ള പ്രതിസന്ധി
*****************************************
‘ഉല’ എഴുതപ്പെട്ട ചരിത്രത്തെയോ ചരിത്രഭാഗത്തെയോ അടർത്തിയെടുത്ത് നോവൽ ചട്ടത്തിലുറപ്പിച്ച രചനയല്ല. എഴുതപ്പെടാതെപോയ ചരിത്രത്തിന്റെ വീണ്ടെടുപ്പാണ്. ‘ഉല’യുടെ പിൻമൊഴിയിൽ ഞാൻ സൂചിപ്പിക്കുന്നതുപോലെ രണ്ട് പതിറ്റാണ്ടു മുമ്പേ എന്റെ അറിവിൽ വന്നുവീണ ചില തീപ്പൊരികളാണ് ‘ഉല’യുടെ പിറവിക്കു കാരണമായത്. എന്റെ നാടിന്റെ ബൗദ്ധപാരമ്പര്യത്തെക്കുറിച്ചുണ്ടായ അറിവിന്റെ വേരുകൾ തേടിയുള്ള യാത്രയാണ് ‘ഉല’യുടെ പിറവിയിലെത്തിച്ചത്. നാം വായിച്ചറിയുന്ന ചരിത്രമത്രയും വിജയികളുടെ ചരിത്രമാണ്. തോൽക്കപ്പെട്ടവരുടെയോ ഇരകളുടെയോ അല്ല. ഇരകളല്ല, വേട്ടക്കാരാണ് ചരിത്രമെഴുത്തുകാർ. ഇരകളുടെ ചരിത്രം എഴുതപ്പെടാതെ വിസ്മൃതിയിൽ ആണ്ടുപോകുന്നു. അത്തരം അറിയപ്പെടാത്ത ചരിത്രത്തിന്റെ വീണ്ടെടുപ്പ് ശ്രമകരമാണ്. പ്രശസ്ത പണ്ഡിതൻ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ ഗവേഷണ പ്രാധാന്യമുള്ള ചില രചനകൾ എന്റെ അന്വേഷണങ്ങളിലേക്ക് കൂടുതൽ വെളിച്ചം പകർന്നു. വി നാഗമയ്യയുടെ ‘തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ’ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളിലായി ചിതറിക്കിടന്നിരുന്ന വസ്തുതകൾ കൂട്ടിച്ചേർത്തു വായിച്ചപ്പോൾ എന്റെ നോവലിനൊരു ‘ചരിത്രഗാത്രം’ രൂപപ്പെടുത്താനായി.

തകഴിയിലെ പാതിയുടഞ്ഞ ബുദ്ധപ്രതിമ (കരുമാടിക്കുട്ടൻ) എന്റെ മനസിനെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. ലോകസങ്കടങ്ങളുടെ നേർക്ക് കരുണാർദ്രമായ പുഞ്ചിരി പൊഴിക്കുന്ന ആ മുഖം ധ്യാനത്തിലെന്നോണം ഇടയ്ക്കിടെ മനസിൽ തെളിഞ്ഞുവന്നപ്പോഴൊക്കെയും എന്റെ ദേശത്തിന്റെ ബുദ്ധപ്പഴമയെക്കുറിച്ച് എഴുതണമെന്ന വെമ്പൽ ഉള്ളിലുണ്ടായി. പാതിയുടഞ്ഞ ആ ബുദ്ധപ്രതിമ, ബൗദ്ധന്മാരെ ഉന്മൂലനം ചെയ്ത അധിനിവേശത്തിന്റെ നമ്മുടെ കൺമുന്നിലുള്ള ‘ഇര’യാണല്ലോ? ശേഷിച്ച ഇരകൾക്കെന്ത് പിണഞ്ഞു? ഒട്ടേറെപ്പേർ ചതുപ്പുകളിൽ താഴ്ത്തപ്പെട്ടു. വി നാഗമയ്യയുടെ വാക്കുകൾ ഉദ്ധരിച്ചാൽ ‘വെെഗാ നദീതീര‍ത്ത് ശെെവബ്രാഹ്മണർ കുന്തത്തിൽ കോർത്തു കൊന്ന ബുദ്ധ ഭിക്ഷുക്കളുടെ എണ്ണം എണ്ണായിരത്തോളമാണ്. ശേഷിച്ചവർ പലായനം ചെയ്തിട്ടുണ്ടാവാം. അതിനും കഴിയാതെ വന്നവരാണ് നീചജാതിക്കാരായി മുദ്രകുത്തപ്പെട്ട്, അയിത്തം കല്പിക്കപ്പെട്ട് അടിമകളും അടിയാളരും ചണ്ഡാളരുമാക്കപ്പെട്ടത്. അവരുടെ ദാരുണമായ ജീവിതകഥയാണ് ‘ഉല’. എഴുത്തുകാരൻ വേട്ടക്കാരനൊപ്പമല്ല, ഇരകൾക്കൊപ്പം നിലകൊള്ളേണ്ടവനാണ്. എന്നും, എക്കാലത്തും.

നായികാ സങ്കല്പത്തെ തകിടംമറിക്കുന്നു?
***************************************
നമ്മുടെ വ്യവസ്ഥാപിതമായ നായികാസങ്കല്പം നമ്മുടെ സാമൂഹിക നിർമ്മിതിയിലൂടെ സംഭവിച്ചതാണ്. മനുഷ്യസ്വഭാവത്തെ സ്ത്രെെണം, പൗരുഷം എന്നു വേർതിരിക്കുകയും അത് ഓരോ കഥാപാത്രത്തിലും അടിച്ചേല്പിക്കുകയും ചെയ്യുന്നത് ആൺകോയ്മയുടെ ലോകബോധംമൂലമാണ്. അങ്ങനെയാണ് നമ്മുടെ സാഹിത്യകൃതികളിൽ എക്കാലത്തും കരുത്ത്, വീര്യം, ചുണ, ഉത്സാഹം, ഉശിര് ഇതൊക്കെ പൗരുഷമായി ചിത്രീകരിക്കപ്പെടുന്നത്.

‘പൗരുഷം’ എന്ന വാക്ക് ആൺവർഗത്തിനുമാത്രം അവകാശപ്പെട്ടതാണല്ലോ? ‘സ്ത്രെെണം’ എന്ന പദം സൗന്ദര്യത്തെയും ലജ്ജയെയും വിനയത്തെയും അടക്കം, ഒതുക്കം, ശാലീനത തുടങ്ങിയ വിധേയത്വഭാവങ്ങളെയും അടയാളപ്പെടുത്തുന്നു. സത്യത്തിൽ ഇതൊക്കെയും എല്ലാ ആണിലും പെണ്ണിലും ഏറിയോ കുറഞ്ഞോ അളവിൽ കാണുന്ന മാനുഷികഭാവങ്ങളാണ്. പക്ഷെ, പുരുഷാധിപത്യ സമൂഹം അതിനെ വേർതിരിച്ചെടുത്ത് വീരസഭാവങ്ങൾ ആണിലും ശാലീനഭാവങ്ങൾ പെണ്ണിലുമായി അതിർവരമ്പിട്ട് നിർത്തുന്നു. അധികാരവും ആധിപത്യവും പുരുഷന്റെ കയ്യിലാവുമ്പോൾ സ്ത്രീയെ വിധേയയായും ശാലീനയായും ലജ്ജാവതിയായുമൊക്കെ കണ്ടല്ലേ പറ്റൂ? ഇതാണ് നമ്മുടെ സാഹിത്യരചനകളിലും പൊതുവെ സംഭവിച്ച ആൺനോട്ടത്തിലെ നായികാസങ്കല്പങ്ങൾ. ആൺകോയ്മയുടേതായ ഇത്തരം സമവാക്യങ്ങളോട് പണ്ടേ എനിക്ക് വിയോജിപ്പാണ്. എന്റെ നോവലുകളിലെയും കഥകളിലെയും സ്ത്രീ കഥാപാത്രങ്ങളെ വിശകലനം ചെയ്താൽ അത് മനസിലാവും എന്നുവച്ച് ‘ഉല’യിലെ സ്ത്രീകഥാപാത്രങ്ങളെ ഞാനങ്ങനെ ബോധപൂർവം ചമച്ചതല്ല. സ്ത്രീ എങ്ങനെയായിരിക്കണം എന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അത് ആൺകോയ്മക്കാരുടെ കാഴ്ചപ്പാടിന് നേരെ വിരുദ്ധമാണ്. അത് എന്നിൽ രൂപപ്പെട്ടത് എന്റെ അമ്മ ഉൾപ്പെടെ ജീവിതത്തിൽ ഞാൻ കണ്ടറിഞ്ഞ കരുത്തരായ ഒട്ടനവധി സ്ത്രീകളിലൂടെയാണ്. അതുകൊണ്ട് ‘ഉല’യിലെ നിയോഗിയാവട്ടെ, ഇളവെയിലിയാവട്ടെ, ചേന്തിലയാവട്ടെ, മണിക്കിയാവട്ടെ- അവർ പുരുഷകഥാപാത്രങ്ങളേക്കാൾ ഔന്നത്യം പ്രാപിക്കാനിടയായത് സ്ത്രീകഥാപാത്രങ്ങൾ എന്ന നിലയിൽ അവർ ഓരോരുത്തരുടെയും മഹിമകൊണ്ടാണ്.

നിയോഗിയുടെയും മസൂദിയുടെയും
യാത്രകൾ ഒന്നായിത്തീരുന്നു? 

******************************
‘ഉല’ നിയോഗിയുടെ സഞ്ചാരമാണ്, അതോടൊപ്പം മസൂദിയുടെയും. മൂന്ന് നൂറ്റാണ്ടുകളിലായി ചിതറിക്കിടക്കുന്ന ചരിത്രവസ്തുതകൾ ഒരേ കാലവിതാനത്തിലേക്ക് സ്വാഭാവികമായി ഇണങ്ങിച്ചേർന്ന് ‘ഉല’യ്ക്കൊരു ജെെവരൂപം സ്വയമേവ രൂപപ്പെടുകയായിരുന്നു. അയയിൽ ഉണങ്ങാൻ വിരിച്ചിട്ട തുണികൾ കാറ്റത്ത് പറന്നുമാറി പുതിയൊരു ക്രമം ഉണ്ടാകുന്നതുപോലെ പലപ്പോഴായി നടന്ന ചരിത്രസംഭവങ്ങളുടെ പുനരേകീകരണം ‘ഉല’യിൽ ജെെവികമായി സംഭവിച്ചിട്ടുണ്ട്. ഒമ്പത്, പത്ത് നൂറ്റാണ്ടുകളിലാണ് ഇവിടത്തെ ബൗദ്ധപ്പഴമയുടെ വേരുകൾ പാടേ പറിച്ചുമാറ്റിയ അവസാനകാല അധിനിവേശങ്ങൾ അരങ്ങേറിയത്. ബൗദ്ധപ്പഴമയിലേക്ക് മൂന്നാം യാനത്തിന്റെ വിത്തുപാകാൻ വന്നവളാണ് നിയോഗി. ഹീനയാനത്തിനും മഹായാനത്തിനും ശേഷം സംഭവിച്ച, ധർമ്മചക്രത്തിന്റെ മൂന്നാമത്തെ തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന വജ്രയാനത്തിന്റെ വിത്തുകളുമായാണ് കീർത്തിനിയെന്ന നിയോഗി ഇവിടെയെത്തുന്നത്. ബുദ്ധദർശനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്കൊഴുക്കിവിട്ട്, മാനവകുലത്തിന്റെ ഏകതയ്ക്കായി വഴിയൊരുക്കുകയായിരുന്നു അവളുടെ സഞ്ചാരത്തിന്റെ ലാക്ക്. എന്നാൽ വടക്കുനിന്നുള്ള പൂഞ്ഞലന്മാരുടെ അധിനിവേശത്തിനെതിരെ പ്രതിരോധമൊരുക്കുകയെന്ന മഹാനിയോഗം ആതിച്ചഗുരു അവളെ ഏല്പിക്കുന്നു. അങ്ങനെയാണവൾ നിയോഗിയാവുന്നത്.

അൽ മസൂദി എന്ന അറബി സഞ്ചാരി പത്താം നൂറ്റാണ്ടിലാണ് കേരളം സന്ദർശിച്ചതെന്ന് രേഖകളിൽ കാണുന്നു. മസൂദിയുടെ ‘മെെൻസ് ഓഫ് ഗോൾഡ് ആന്റ് വാലീസ് ഓഫ് ജെംസ്’ എന്ന ഗ്രന്ഥത്തിൽ ഇതേക്കുറിച്ച് പരാമർശങ്ങളുണ്ട്. മസൂദിയെന്ന സഞ്ചാരിയെ ഞാൻ ‘ഉല’യ്ക്കുവേണ്ടി പുനർനിർമ്മിക്കുകയായിരുന്നു. നിയോഗിയുടെയും മസൂദിയുടെയും സഞ്ചാരങ്ങൾ ‘ഉല’യിൽ ഒരേ കാലവിതാനത്തിലേക്ക് ഏകീഭവിക്കുകയായിരുന്നു. കഥാപാത്രങ്ങളെക്കുറിച്ച് നിശ്ചിത വാർപ്പു മാതൃകകളൊന്നുമില്ലാതെയാണ് ഞാൻ എഴുതാനിരുന്നത്. അവർ ഓരോരുത്തരായി അദൃശ്യമായ ചരിത്രത്താളുകളിൽ നിന്ന് കഥയിലേക്കിറങ്ങി വരികയായിരുന്നു. അവർ കഥാഗതിയിൽ ഇടപെട്ടു. കഥയെ മുന്നോട്ടും പിന്നോട്ടും നയിച്ചു. എഴുത്തുകാരനായ എന്നെയവർ എഴുത്തുപകരണമാക്കുകയായിരുന്നു.

ഫാസിസ്റ്റുകൾ ഭാഷയേയും നശിപ്പിക്കുന്നു?
****************************************
ഒരു ജനതയെ കീഴ്പ്പെടുത്താൻ അവരുടെ ഭാഷയുടെ തനിമ കെടുത്തുകയാണ് ചെയ്യേണ്ടതെന്ന് എക്കാലത്തും അധിനിവേശ ശക്തികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ ഇന്നത്തെ മലയാളഭാഷ പരിശോധിച്ചാൽ അതിൽ ഏറിയ പങ്കും സംസ്കൃത പദങ്ങളാണ്. തനിമലയാള വാക്കുകളെ ഇല്ലായ്മ ചെയ്തതാണ് സംസ്കൃതപദങ്ങൾ അധിനിവേശം നടത്തിയത്. ബ്രാഹ്മണാധിപത്യത്തിന് മുമ്പ് ബൗദ്ധപ്പഴമയുടെ കാലത്തും സംസ്കൃതപദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വളരെ അനിവാര്യമായ വാക്കുകളേ അക്കാലത്ത് സംസ്കൃതത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളു അതാവട്ടെ, നമ്മുടെ അക്ഷരമാലയിലേക്കൊതുക്കി ‘ബാഷ്പീകരി‘ച്ചാണ് ഭാഷയിൽ പ്രയോഗിച്ചത്. ഉദാഹരണത്തിന് ‘ശക്തി‘യെ ‘ചക്കി‘യാക്കി. ‘സഹസ്രം’ ‘ആയിര’മാക്കി. ‘വൃഷഭം’ ‘ഇടവ’മാക്കി. എന്നാൽ ബ്രാഹ്മണാധിനിവേശത്തിനുശേഷം സംസ്കൃതം വ്യാപകമാക്കി. സംസ്കൃത അക്ഷരമാല എഴുത്തിനിരുത്തിന്റെ ഭാഗമാക്കി. സംസ്കൃത പദങ്ങളെ വാമൊഴിയിലും വരമൊഴിയിലും കടത്തിവിട്ട് സംസ്കൃതത്തെ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഭാഷയാക്കി. പൗരോഹിത്യ‑ജന്മി-നാടുവാഴികളുടെ ആഢ്യത്വത്തിന്റെ മുദ്രയാക്കി. മലയാളപദങ്ങൾക്ക് പര്യായപദങ്ങളായി താഴേത്തലത്തിലേ നാം പഠിച്ചുവന്നത് സംസ്കൃത പദങ്ങളാണെന്നോർക്കുക. ഉദാഹരണത്തിന് ഭൂമിയുടെ പര്യായമെന്താണ്? ധര, ധരിത്രി, ക്ഷോണി, ക്ഷിതി… നമ്മുടെ ‘മുഖ’ത്തിന്റെ പര്യായമെന്താണ്? ആനനം, വക്ത്രം, വദനം മുഖത്തിന് നല്ല മലയാളവാക്കുകൾ നമുക്കുണ്ടെന്നോർക്കുക. മോന്തയും മുഞ്ഞിയുമൊക്കെ അങ്ങനെ മോശം വാക്കുകളായി. പിതാവിന് താതനും ജനകനുമൊക്കെ പര്യായമായപ്പോൾ തനി മലയാളമായ ‘തന്ത’ മോശം ഭാഷയായി. നാടൻ വാക്കുകൾ പലതും നീചഭാഷയോ തെറിവാക്കുകളോ ആയി. നമ്മുടെ ‘മൂത്രം’ പോലും സംസ്കൃതമാണ്. മലയാളത്തിലേത് ‘ചെറുനീര്’ ആയിരുന്നു. ഇതിനെതിരെയുള്ള പ്രതിരോധമെന്ന നിലയിലാണ് ‘ഉല’ യിൽ തനി മലയാളവാക്കുകൾ കണ്ടെടുത്ത് കൊരുത്തുചേർത്തത്. ഇനി ഒരു കാര്യം കൂടി എടുത്തുപറയേണ്ടതുണ്ട്. തനി മലയാളവാക്കുകൾ ഏറിയപങ്കും പണ്ട് പാലിയിൽ നിന്നും തമിഴിൽ നിന്നും രൂപപ്പെട്ടതാണ്. പ്രാചീന കേരളത്തിലെ ബൗദ്ധപ്പഴമയുടെ ഏറ്റവും നല്ല തെളിവാണ്.

തോറ്റവരുടെ ചരിത്രാന്വേഷണം?
******************************
ഏതുകാലത്തും ജയിച്ചവരാണ് ചരിത്രം നിർമ്മിച്ചിട്ടുള്ളത്. ജയിച്ചവരുടെ ചരിത്രനിർമ്മിതി അവരുടെ താല്പര്യത്തിന് അനുസരിച്ചായിരിക്കും. തോറ്റവരെ അവർ ചരിത്രത്തിൽ നിശബ്ദരാക്കും. അല്ലെങ്കിൽ വളരെ വികലമായി ചിത്രീകരിക്കും. ചരിത്രകാരന്മാരും ജയിച്ചവരുടെ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. കേരള ചരിത്രം പരിശോധിച്ചാൽ പോലും ഇക്കാര്യം വ്യക്തമാണ്. അതുകൊണ്ട് തോറ്റവരുടെ പക്ഷത്തുനിന്നുള്ള ചരിത്രാഖ്യാനം ഒരു എഴുത്തുകാരൻ ആ കാലഘട്ടത്തോട് ചെയ്യുന്ന നീതിയാണ്. ബ്രാഹ്മണാധിനിവേശത്തിനുശേഷം കീഴാളരായും ചണ്ഡാളരായും ചാപ്പ കുത്തപ്പെട്ട ജനത ഒരുകാലത്ത് വാണിരുന്ന ഇടങ്ങളായിരുന്നു ഇവിടമെല്ലാം. അവരെ അവരുടെ ഇടങ്ങളിൽ നിന്ന് നിഷ്കാസനം ചെയ്തും തുരത്തിയോടിച്ചുമാണ് ‘ഭൂസുരന്മാർ’ എന്ന് സ്വയം വിശേഷിപ്പിച്ചവർ ഈ ഭൂമിയൊക്കെയും കയ്യടക്കിയത്.
‘ഉല’യിൽ വെെദ്യനയ്യനും കത്തനാരച്ചനും തമ്മിലുള്ള സംഭാഷണത്തിനിടയിൽ പറയുന്നുണ്ട്. ‘പുലം’ എന്നാൽ ‘ജ്ഞാനം’ എന്നും അർത്ഥമുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ പുലയർ ‘ജ്ഞാനി‘കളാണ് പുലയരും പാണരും പറയരുമെല്ലാം ‘ജ്ഞാനി‘കളായിരുന്നു, അവരവരുടെ തൊഴിൽമേഖലകളിൽ. ആ ‘ജ്ഞാന’ത്തിനാണ് ബ്രാഹ്മണ മേധാവിത്വം അയിത്തവും മ്ലേച്ഛതയും കല്പിച്ചത്.

എഴുത്ത് ഒരു പ്രതിരോധം? 
**************************
ഭാരതീയ സാഹിത്യത്തിന് പ്രതിരോധത്തിന്റെ വളരെ ദീർഘമായൊരു പാരമ്പര്യമുണ്ട്. എന്താണ് ഭാരതീയ പാരമ്പര്യമെന്നു ചോദിച്ചാൽ അത് ബഹുസ്വരമാണെന്ന് പറയാമെങ്കിലും ഭാരതീയ സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് തുടർച്ചകളുടെയും വിച്ഛേദങ്ങളുടെയും ചരിത്രമാണ്. അധികാര സ്ഥാപനങ്ങളുടെ അടയാളങ്ങൾക്കൊപ്പം അധികാര വിരുദ്ധ സംഘർഷങ്ങളും പ്രതിരോധങ്ങളും നമുക്ക് കാണാൻ കഴിയും. ബ്രാഹ്മണാധിപത്യത്തിനെതിരായ പ്രതിരോധമായാണ് ബുദ്ധിസം രൂപംകൊണ്ടത്. ബൗദ്ധസാഹിത്യം അക്കാലത്തെ വരേണ്യ സംസ്കാരത്തിനെതിരെയുള്ള പ്രതിരോധമായിരുന്നു. നമ്മുടെ പ്രാചീനകാല നാടൻപാട്ടുകളിലൂടെ കടന്നുപോയാലും അധികാര കേന്ദ്രങ്ങൾക്കെതിരെയുള്ള അമർഷവും സംഘർഷവും നിറഞ്ഞുനിൽക്കുന്നത് കാണാനാവും. ഇന്നത്തെ ദളിത് കവിതകളിലും സ്ത്രീപക്ഷ സാഹിത്യത്തിലും പാരിസ്ഥിതിക രചനകളിലുമെല്ലാം കാണുന്നത് ഈ പ്രതിരോധമാണ്. അധികാര സ്ഥാപനത്തിന്റെ യുക്തികൾക്കെതിരായ പ്രതിരോധമാണ് ഈ രചനകൾ. നാരായണഗുരുവിന്റെ ദർശനത്തിലും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കുമാരനാശാന്റെ കാവ്യങ്ങളിലും ഈ പ്രതിരോധമുണ്ട്. ‘ഉല’യുടെ എഴുത്ത് പ്രതിരോധമാണെന്ന് വിശ്വസിക്കുന്ന ഒരു എഴുത്താള കുലത്തിന്റെ അഥവാ പാരമ്പര്യത്തിന്റെ സൃഷ്ടിയാണ്. നോവൽ വായന മുന്നേറി ‘ഉല’യുടെ അവസാന അധ്യായങ്ങളിലെത്തുമ്പോഴേക്കും ഇത് കൂടുതൽ വ്യക്തമാകും.

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.