ജിഎസ‌്ടി നിരക്കിൽ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സർക്കാർ. സിഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയങ്ങൾ, ഇവയുടെ അനുബന്ധ ഉല്പന്നങ്ങൾ എന്നിവയുടെയെല്ലാം നികുതി 28ൽ നിന്ന് 35 ശതമാനം വരെ വർധിച്ചേക്കും.
ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് നികുതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്.
വരുമാന വര്‍ധന ലക്ഷ്യമിട്ട് ജിഎസ‌്ടി നിയമത്തില്‍ പുതിയൊരു സ്ലാബ് കൂടി കൂട്ടിച്ചേര്‍ക്കുകയെന്നതാണ് പ്രധാന ശുപാര്‍ശ. നിലവില്‍ 28 ശതമാനമാണ് ഉയര്‍ന്ന ജിഎസ‌്ടി സ്ലാബ്. ഇത് 35 ശതമാനമാക്കി ഉയര്‍ത്തിയേക്കും. ഈമാസം 21ന് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന ജിഎസ‌്ടി കൗൺസിൽ ഈ നിര്‍ദേശം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
വസ്ത്രങ്ങള്‍ക്കുള്ള നികുതി ഘടന പരിഷ്കരിക്കാനും തീരുമാനമായി. ഇത് പ്രകാരം 1,500 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനം ആയിരിക്കും ചരക്ക് സേവന നികുതി. 1,500 നും 10,000 രൂപയ്ക്കും ഇടയിലുള്ള വസ്ത്രങ്ങള്‍ക്ക് 18 ശതമാനം നികുതി അടയ്ക്കേണ്ടി വരും. 10,000 രൂപയ്ക്ക് മേലുള്ള വസ്ത്രങ്ങള്‍ക്ക് 28 ശതമാനം ആയിരിക്കും നികുതി. 10,000 രൂപയ്ക്ക് മേലുള്ള വസ്ത്രങ്ങള്‍ ആഡംബര വസ്തുക്കള്‍ക്ക് സമാനമായി കണക്കാക്കും. നിലവില്‍ 1,000 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും അതില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ക്ക് 12 ശതമാനവും ജിഎസ‌്ടി ബാധകമാണ്.
ആകെ 148 ഇനങ്ങളുടെ നികുതിയിലാണ് മാറ്റം വരുത്താൻ ശുപാർശ നൽകിയിരിക്കുന്നത്. വരുമാനത്തിൽ ഇതു വലിയ മാറ്റമുണ്ടാക്കുമെന്നാണ് മന്ത്രിമാരുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. മദ്യം, പാന്‍മസാല തുടങ്ങിയവയും 35 ശതമാനം ജിഎസ‌്ടി നല്‍കേണ്ട വിഭാഗത്തില്‍ ഇടംനേടിയേക്കും. ലെതര്‍ ബാഗുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാച്ചുകള്‍, ഷൂസ് തുടങ്ങി നിരവധി ആഡംബര വസ്തുക്കളുടെ ജിഎസ‌്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്താനും മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജിഎസ‌്ടി സമ്പ്രദായത്തിന് കീഴിൽ, അവശ്യവസ്തുക്കളെ ഏറ്റവും കുറഞ്ഞ സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഡംബര വസ്തുക്കളും കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളും മറ്റ് ലഹരിദായകമായ ഉല്പന്നങ്ങളുമാണ് ഏറ്റവും ഉയര്‍ന്ന 28 ശതമാനം ജിഎസ‌്ടി സ്ലാബിലുള്ളത്. എന്നാല്‍ ഇവയ്ക്ക് ജിഎസ‌്ടിക്ക് പുറമെ സെസും ഈടാക്കിവരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.