12 December 2024, Thursday
KSFE Galaxy Chits Banner 2

വിഹിത, വിഭവ വിതരണത്തിൽ സമഗ്ര പരിഷ്കരണം ആവശ്യം

Janayugom Webdesk
December 12, 2024 5:00 am

തിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് വേണ്ടി കേരളത്തിലെത്തി മടങ്ങി. അടുത്ത സാമ്പത്തിക വർഷാരംഭം മുതൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം സംബന്ധിച്ച നിർദേശങ്ങളാണ് 16-ാം ധനകാര്യ കമ്മിഷൻ സമർപ്പിക്കേണ്ടത്. ഫെഡറൽ സംവിധാനത്തിൽ മുന്നോട്ടുപോകുന്ന രാജ്യമെന്ന നിലയിൽ നിലവിലുള്ള വിഹിത, വിഭവ വിഭജനത്തിൽ സമൂലമായ മാറ്റം വേണമെന്ന ആവശ്യം, പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് ശക്തമായി നിലനിൽക്കെയാണ് കമ്മിഷൻ അഭിപ്രായങ്ങൾ സ്വരൂപിച്ചത്. ജനസംഖ്യ, ഭൂവിസ്തൃതി പോലുള്ള രീതികളെ പരിഗണിച്ചാണ് നമ്മുടെ ധന കമ്മിഷനുകൾ വിഹിത, വിഭവ വിഭജനം നിർദേശിക്കാറുള്ളത്. ഉല്പാദനം, നികുതി സമാഹരണം, ജനസാന്ദ്രത, ആവശ്യകത എന്നിങ്ങനെ അടിസ്ഥാന ഘടകങ്ങൾ പരിഗണിക്കപ്പെടുന്നില്ല. സർക്കാരിന് പുറമേ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും കമ്മിഷൻ മുമ്പാകെ നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. യാഥാർത്ഥ്യബോധവും വസ്തുനിഷ്ഠതയുമില്ലാത്ത നിലവിലെ രീതി പരിഷ്കരിക്കണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. ജനസംഖ്യയും ഭൂവിസ്തൃതിയും അടിസ്ഥാനമാക്കിയുള്ള നിലവിലെ വിഹിത നിർണയ രീതി ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയ സംസ്ഥാനങ്ങളിൽ ഒന്ന് നമ്മുടേതാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ച കമ്മിഷൻ ചെയർമാൻ പ്രൊഫ. അരവിന്ദ് പനഗാരിയ സമാന ശുപാർശ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളും വിഹിതം 50 ശതമാനമാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതേണ്ടത്.

ജനസംഖ്യയ്ക്ക് പകരം ജനസാന്ദ്രത കണക്കിലെടുക്കണമെന്നാണ് മറ്റൊരു ആവശ്യം ഉന്നയിക്കപ്പെട്ടത്. കേരളത്തെ സംബന്ധിച്ച് ജനസാന്ദ്രത പല കാരണങ്ങളാൽ സുപ്രധാന അളവുകോലാകേണ്ടതാണ്. കുറഞ്ഞ ഭൂവിസ്തൃതിയിലും കൂടിയ ജനസാന്ദ്രതയിലും ഒട്ടുമിക്ക സാമൂഹ്യ സേവന, ജീവിത നിലവാര സൂചികകളിലും കേരളം മുന്നിലാണ്. നികുതി വരുമാനം നൽകുന്നതിന്റെ തോത് പരിശോധിച്ചാലും കേരളം ഇതര സംസ്ഥാനങ്ങൾക്കൊപ്പമോ മുകളിലോ ആണെന്നും കാണാവുന്നതാണ്. മറ്റെല്ലാം മാറ്റിവച്ച് പ്രവാസികൾ നൽകുന്ന നിക്ഷേപം മാത്രം പരിശോധിച്ചാൽ മതിയാകും. രാജ്യത്തിന് ലഭിക്കുന്ന പ്രവാസി നിക്ഷേപത്തിന്റെ 10.2 ശതമാനവും കേരളത്തിൽ നിന്നാണ്. 35.2 ശതമാനവുമായി മഹാരാഷ്ട്രയാണ് മുന്നിൽ. അതേസമയം ജനസംഖ്യയുടെ അനുപാതമായി വലിയ കേന്ദ്ര വിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങൾ ഈ കണക്കിൽ എത്രയോ പിറകിലാണെന്ന് കാണാവുന്നതാണ്. തമിഴ്‌നാട്- 9.7, ഡൽഹി- 9.3, കർണാടക- 5.2, ആന്ധ്രാപ്രദേശ്- 4.4, ഉത്തർപ്രദേശ്- 3.7, ഗുജറാത്ത്- 3.2, പഞ്ചാബ്- മൂന്ന്, ഝാർഖണ്ഡ്- 1.9 ശതമാനം വീതമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ പ്രവാസി നിക്ഷേപത്തിന്റെ കണക്ക്. അതുകൊണ്ടുതന്നെ വിഹിതവർധനയിൽ അക്കാര്യവും പരിഗണിക്കേണ്ടതാണ്. ജനസാന്ദ്രതാടിസ്ഥാനത്തിൽ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ഉൾപ്പെടുത്തുന്ന പക്ഷം 15-ാം ധനകാര്യ കമ്മിഷൻ നിശ്ചയിച്ച 1.925 ശതമാനമെന്ന സംസ്ഥാന വിഹിതം രണ്ട് ശതമാനമെങ്കിലുമായി വർധിക്കും. പത്താം ധനകാര്യ കമ്മിഷൻ കാലം മുതലുണ്ടായിരുന്ന 3.87 ശതമാനമെന്നതാണ് കഴിഞ്ഞ ധനകാര്യ കമ്മിഷൻ 1.925 ശതമാനമായി കുറച്ചത്. ഈ ഇനത്തിൽ 18,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനുണ്ടായത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായതാണ് ദുരന്ത നിവാരണത്തിനുള്ള വിഹിത നിർണയം. ജനസംഖ്യയും ഭൂവിസ്‌തൃതിയുമുൾപ്പെടെ വസ്തുതകൾ പരിഗണിക്കുമ്പോൾ കേരളം പോലെ പാരിസ്ഥിതിക അപകട സാധ്യതാ സംസ്ഥാനങ്ങൾ വിഹിത ലഭ്യതയിൽ പിറകിലാവുന്നു. അതോടൊപ്പം കേന്ദ്രത്തിന്റെ രാഷ്ട്രീയ വിവേചനം കൂടി ചേരുമ്പോൾ ലഭിക്കാവുന്ന തുക വളരെ പരിമിതമായി തീരുകയും ചെയ്യുന്നു. ഇവിടെയാണ് ദുരന്ത നിവാരണ, പ്രതികരണത്തിനുള്ള വിഹിത നിർണയത്തിൽ ഫലപ്രദമായ മാറ്റം വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്. ഇക്കാര്യം സിപിഐ കമ്മിഷന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. വിഹിത നിർണയം ദുരന്ത സാധ്യതകളും സംഭവിച്ചവയുടെ വ്യാപ്തിയും പരിഗണിച്ചായിരിക്കണമെന്നാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം. സമീപകാലത്തുനടന്ന ചില ഉദാഹരണങ്ങൾ പരിശോധിച്ചാൽതന്നെ ഇത് ബോധ്യമാകുന്നതാണ്. ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും വസ്തുവകകൾ നശിക്കുകയും ചെയ്ത വൻ ദുരന്തമുണ്ടായ കേരളത്തിന് ധനകാര്യ കമ്മിഷൻ മാനദണ്ഡപ്രകാരം സ്വാഭാവികമായി ലഭിക്കേണ്ട തുക തുച്ഛമാണ്. അധിക ധനസഹായം അനുവദിക്കുന്നതിന് സന്നദ്ധമാകുന്നുമില്ല. അതുകൊണ്ടുതന്നെ മാനദണ്ഡങ്ങളിലും വിഹിത നിർണയത്തിലും സമഗ്രമായ പരിഷ്കരണം ആവശ്യമായി തീരുന്നു. പ്രായമായവരുടെ ജനസംഖ്യ ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണെന്നതിനാലുള്ള അധിക സഹായത്തിനും കേരളത്തിന് അർഹതയുണ്ട്. ഈ വിധത്തിൽ വിഹിത, വിഭവ വിഭജനത്തിൽ സമഗ്രമായ പരിഷ്കരണനിർദേശം 16-ാം ധനകാര്യ കമ്മിഷനിൽ നിന്നുണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.