23 December 2024, Monday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി അവകാശ ലംഘനം

Janayugom Webdesk
December 23, 2024 5:00 am

ബിജെപി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ തെര‍ഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് നിരന്തരം സംശയങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിലും അതിനുമുമ്പ് ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടെണ്ണൽ ഘട്ടത്തിൽ ഈ ആരോപണം ഉയർന്നിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങ(ഇവിഎം)ളിലെ ക്രമക്കേട് സാധ്യത നേരത്തെ തന്നെ സാങ്കേതിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നതാണ്. ഒരാൾ ചെയ്യുന്ന വോട്ട് ഉദ്ദേശിച്ചയാൾക്ക് തന്നെയാണോ ലഭിച്ചതെന്ന് സമ്മതിദായകന് അറിയാൻ വഴിയില്ലാത്ത സാഹചര്യവും ഇവിഎമ്മുകളിൽ നേരത്തേതന്നെ കൃത്രിമം നടത്തിവയ്ക്കാമെന്നതുമൊക്കെ സംശയങ്ങളായി ഉന്നയിക്കപ്പെട്ടു. അതിനൊരു പരിഹാരമെന്ന നിലയിലാണ് വിവിപാറ്റ് സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെ ഉദ്ദേശിച്ച വ്യക്തിക്കോ ചിഹ്നത്തിനോ തന്നെയാണ് വോട്ട് ചെയ്തത് എന്ന് സമ്മതിദായകന് ബോധ്യപ്പെടാമെങ്കിലും വിവിപാറ്റ് മുഴുവനായും വോട്ടെണ്ണൽ വേളയിൽ പരിശോധിക്കപ്പെടുന്നില്ലെന്നത് പരിമിതിയായി നിലനിന്നു. ഈ പശ്ചാത്തലത്തിൽ വോട്ടെണ്ണലിനു ശേഷം മതിയായ തെളിവുകളുണ്ടെങ്കിൽ സംശയ ദൂരീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുവാനും ആവശ്യമായ രേഖകൾ ലഭ്യമാക്കി പരിശോധിക്കുന്നതിനും 1961ലെ തെരഞ്ഞെടുപ്പ് നിർവഹണ ചട്ടങ്ങളിൽ വ്യവസ്ഥ പ്രകാരം കഴിയുമായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 1961ൽ തെരഞ്ഞെടുപ്പ് നിർവഹണ ചട്ടങ്ങൾ ഉണ്ടാക്കിയത്. അന്ന് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളുടെയും ഉപയോഗിക്കുന്ന സാമഗ്രികളുടെയും അടിസ്ഥാനത്തിലായിരുന്നു ചട്ടങ്ങളിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. 

അതുകൊണ്ട് നിർദിഷ്ട രേഖകൾ (കടലാസുകൾ) പരിശോധിക്കാമെന്ന ചട്ടത്തിലെ 93(2) വകുപ്പ് പ്രകാരമാണ് പൗരന്മാർക്ക് രേഖകൾ ലഭ്യമാക്കിയിരുന്നത്. പിന്നീട് വോട്ടിങ് യന്ത്രങ്ങളും സിസിടിവികളും വിവിപാറ്റുകളും തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചു തുടങ്ങിയതോടെ 93(2) വ്യവസ്ഥകൾ പ്രകാരം അവയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ആവശ്യപ്പെടുന്നവർക്ക് നൽകാറുണ്ടായിരുന്നു. എന്നാൽ ഇനിമുതൽ അത് നൽകേണ്ടതില്ലെന്ന് വ്യവസ്ഥ കർശനമാക്കിയിരിക്കുകയാണ്. ഇതുവരെ പരിമിതമായ വിവരങ്ങൾ നൽകിയിരുന്നത് തടയുന്നതിനാണ് കേന്ദ്രം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പൊതുപരിശോധനയ‍്ക്ക് വിധേയമാണെന്നാണ് 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലുണ്ടായിരുന്നത്. ഇത് നിയമത്തിൽ നിർവചിച്ചിട്ടുള്ള രേഖകൾ എന്നാക്കി മാറ്റിയിരിക്കുകയാണ്. അതിനർത്ഥം പേപ്പർ (കടലാസ്) രേഖകൾ മാത്രമേ ലഭ്യമാകൂ എന്നാണ്. ഇപ്പോഴാകട്ടെ വളരെ ചുരുക്കം രേഖകൾ മാത്രമേ കടലാസുകളിൽ സൂക്ഷിക്കുന്നുള്ളൂ. അതിൽ ഭൂരിപക്ഷവും നേരത്തെ തന്നെ രഹസ്യസ്വഭാവമുള്ളതാകയാൽ പൊതുപരിശോധനയ്ക്ക് ലഭ്യവുമായിരുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുനൽകാൻ സന്നദ്ധമല്ലെന്ന തങ്ങളുടെ ഉദ്ദേശ്യം നടപ്പിലാക്കുകയാണ് ഇതിലൂടെ ബിജെപി സർക്കാർ ചെയ്യുന്നത്. യഥാർത്ഥത്തിൽ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന സാഹചര്യത്തിൽ കടലാസുകൾക്ക് എന്നതിന് പകരം വിവരങ്ങൾ നൽകുന്നതിനുള്ള പട്ടികയിൽ സാങ്കേതിക സംവിധാനങ്ങളെയും ഉൾപ്പെടുത്തുന്നതിന് ചട്ടങ്ങൾ പരിഷ്കരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് പകരം ചട്ടങ്ങളിൽ ചില വാക്കുകൾ തിരുകിക്കയറ്റി പിന്തിരിപ്പനാക്കിയിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രാലയം ചെയ്തിരിക്കുന്നത്. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപയോഗിക്കുവാൻ തുടങ്ങിയതോടെ അതേ‌ക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ക്രമക്കേടുകൾ സംബന്ധിച്ച പരാതികളും സംശയങ്ങളും വ്യാപകമായത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുശേഷമായിരുന്നു. കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന് വോട്ടുകൾക്ക് മുന്നിലായിരുന്ന സ്ഥാനാർത്ഥികൾ മിനി‌റ്റുകൾക്കകം അത്രയോ അതിലധികമോ വോട്ടുകൾക്ക് പിറകിലായത് സൃഷ്ടിച്ച സംശയം തീർക്കാൻ ഇതുവരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സാധിച്ചിട്ടില്ല. പെട്ടെന്ന് വോട്ടിങ് നിലയിൽ മാറ്റം വന്നത് ക്രമക്കേടാണെന്നായിരുന്നു ആരോപണം. അതുപോലെ മഹാരാഷ്ട്രയിലെ ബിജെപി തീരെ ദുർബലമായ ചില ബൂത്തുകളിൽ വലിയ തോതിൽ അവർക്ക് വോട്ട് ലഭിച്ചത് സംബന്ധിച്ചും ആരോപണങ്ങൾ ഉണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചിലയിടങ്ങളിൽ സമാന സംശയങ്ങളും പരാതികളും ഉന്നയിക്കപ്പെടുകയുണ്ടായി. അങ്ങനെയൊരു സാഹചര്യത്തിൽ വോട്ടെണ്ണൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യമാക്കുകയാണ് വേണ്ടിയിരുന്നത്. കോടതികൾ പോലും അത്തരം സമീപനമാണ് സ്വീകരിക്കാറുള്ളത്. എന്നാൽ കൂടുതൽ ഇരുട്ടിൽ നിർത്തുന്നതിനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു ബൂത്തിൽ പോൾ ചെയ‍്ത വോട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചത്. വീഡിയോ ദൃശ്യങ്ങളും രേഖകളുടെ പകർപ്പുകളും നൽകണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനോട് രണ്ടാഴ്ച മുമ്പ് നിർദേശിച്ചത്. കോടതിയുടെ ഈ നിർദേശം വന്നതിനുശേഷമാണ് ധൃതിപിടിച്ചുള്ള ചട്ടഭേദഗതിയുണ്ടായത് എന്നത് സംശയങ്ങൾ വർധിപ്പിക്കുകയാണ്. ജനാധിപത്യ പ്രക്രിയയുടെ അടിത്തറയായ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനുള്ള ഈ നീക്കം പൗരാവകാശത്തിന്റെ ലംഘനം കൂടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.