23 December 2024, Monday
KSFE Galaxy Chits Banner 2

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ കുതന്ത്രങ്ങളുടെ തുടര്‍ച്ച

ജയ്സൺ ജോസഫ്
December 23, 2024 4:21 am

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതിബിൽ (The Con­sti­tu­tion ‑129th- Amend­ment Bill, 2024) സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ പരിഗണനയിലാണ്. നരേന്ദ്രമോഡി സർക്കാരിന് എളുപ്പം നിയമമാക്കാൻ കഴിയില്ല ബിൽ എന്ന് ലോക്‌സഭയിൽ നടന്ന ബില്ലിന്റെ അവതരണം ബോധ്യപ്പെടുത്തി. ലോക്‌സഭയിൽ ‘ഇന്ത്യ’ മുന്നണി ഭരണമുന്നണിയുടെ നീക്കങ്ങളെ ഒരുമിച്ച് നേരിട്ടു. പ്രതിപക്ഷ ഐക്യമാണ് ബിൽ ജെപിസിയുടെ പരിഗണനയ്ക്കു വിടാൻ ഭരണപക്ഷത്തെ നിർബന്ധിതമാക്കിയത്. 129-ാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസാകാൻ, വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇരുസഭകളിലും കേവല ഭൂരിപക്ഷവും വേണം. 542 അംഗങ്ങളുള്ള ലോക്‌സഭയിൽ ബിൽ പാസാകാൻ 362 പേരുടെ പിന്തുണ വേണം. ഇപ്പോൾ ലോക്‌സഭയിൽ എൻഡിഎയ്ക്ക് സ്പീക്കറെ ഒഴിവാക്കിയാൽ 292 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ‘ഇന്ത്യ’ മുന്നണിയ്ക്ക് 236 പേരുടെ പിന്തുണയുണ്ട്. ഒമ്പത് എംപിമാരുള്ള ആറ് പാർട്ടികൾ ഒരു പക്ഷത്തുമില്ല. അകാലിദൾ, എഐഎം, ഐഎംഎ, എസ്‌പി (കാൻഷിറാം) എന്നീ പാർട്ടികൾ ബില്ലിനെ എതിർക്കുന്നു. ഇരുമുന്നണിയിലുമില്ലാത്ത, നാല് എംപിമാരുള്ള വൈഎസ്ആർ കോൺഗ്രസും ബിജെപിയുമായി അത്ര സ്വരച്ചേർച്ചയിലുമല്ല. എന്‍ജിനീയർ റാഷിദ്, അമൃത്പാൽ സിങ്, സരബ്ജിത് ഖൽസ, ഉമേഷ്ഭായ് പട്ടേൽ എന്നീ നാല് സ്വതന്ത്ര എംപിമാരുടെ നിലപാട് വ്യക്തവുമല്ല.
ലോക്‌സഭയിൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും വോട്ടു ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന വ്യവസ്ഥയനുസരിച്ച്, പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ അനിവാര്യമാണ്. 

ഭരണപക്ഷത്തും കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നു. ബിൽ അവതരിപ്പിച്ചപ്പോൾ ജെഡിയുവിന്റെ 20 എംപിമാർ ലോക്‌സഭയിൽ ഹാജരായതുമില്ല. രാജ്യസഭയിൽ എൻഡിഎയ്ക്ക് ആറ് നോമിനേറ്റഡ് അംഗങ്ങൾ അടക്കം 125 എംപിമാരുടെ പിന്തുണയുണ്ട്. ‘ഇന്ത്യ’ മുന്നണിക്ക് 86. വൈഎസ്ആർ കോൺഗ്രസ്- എട്ട്, ബിജെഡി- ഏഴ്, എഐഎഡിഎംകെ- നാല്, ബിആർഎസ്- നാല്, ബിഎസ്‌പി- ഒന്ന് വീതം അംഗങ്ങൾ. ചുരുക്കത്തിൽ നിലവിലെ അംഗസംഖ്യയനുസരിച്ച്, വോട്ടെടുപ്പുദിവസം എല്ലാ എംപിമാരും ഹാജരാകുകയാണെങ്കിൽ ബിൽ പാസാകാൻ ലോക്‌സഭയിൽ 362 പേരും രാജ്യസഭയിൽ 164 പേരും അനുകൂലമായി വോട്ട് ചെയ്യണം. നിലവിലെ അംഗബലം വച്ച് എൻഡിഎയ്ക്ക്, മൂന്നാം മോ‍ഡി ഭരണത്തിൽ സാധാരണ ഗതിയിൽ ബിൽ പാസാക്കിയെടുക്കാനാകില്ല. ആർട്ടിക്കിൾ 368(2) അനുസരിച്ച്, ചില ഭരണഘടനാഭേദഗതികൾക്ക് പകുതിയോളം നിയമസഭകളുടെ അംഗീകാരവും വേണം. ഭരണഘടനയുടെ ഫെഡറൽ ഘടന, പാർലമെന്റിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം, ഏഴാം ഷെഡ്യൂളിൽ പറയുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൺകറന്റ് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതികൾക്കാണ് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിലെ ചില നിർദേശങ്ങൾ, സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ലെജിസ്ലേറ്റീവ് ബന്ധത്തെ നേരിട്ടുതന്നെ ബാധിക്കുന്നതും അവ ഏഴാം ഷെഡ്യൂൾ പ്രകാരം വരുന്നതുമാണ്. അതിനാൽ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെന്ന് പാർലമെന്ററികാര്യ വിദഗ്ധർ വിശദീകരിക്കുന്നു.
എന്നാൽ, ലോക്‌സഭയും നിയമസഭയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുള്ളതിനാൽ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്നും വാദമുണ്ട്. എന്നാൽ, രണ്ടാം ഘട്ടത്തിൽ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൂടി ഒന്നിച്ചാക്കാനുള്ള ഭേഗഗതിക്ക് സംസ്ഥാന അനുമതി ആവശ്യമായി വരും. 

ഭരണഘടനയനുസരിച്ച്, സംസ്ഥാനങ്ങൾ കേന്ദ്രത്തിനുകീഴിലുള്ള ഭരണ ഘടകങ്ങളല്ല, അവയ്ക്ക് സ്വന്തമായ അസ്തിത്വമുണ്ട്. ബിൽ നിയമമായാൽ നിയമസഭകളും സംസ്ഥാനങ്ങളും കേന്ദ്രത്തിനുകീഴിലുള്ള ഭരണസംവിധാനങ്ങൾ മാത്രമായി ചുരുങ്ങും. 2034ൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക (One Nation, One Elec­tion ‑ONOE) ലക്ഷ്യമാണ്. ഇതിനായി, ആർട്ടിക്കിൾ 82A എന്ന അനുച്ഛേദം ഭരണഘടനയിൽ പുതുതായി ചേർക്കണം. ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി ഒന്നിപ്പിക്കാനുള്ളതാണ് ഈ പുതിയ അനുച്ഛേദം. ഇതിന് ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യണം. ആർട്ടിക്കിൾ 83,85,172,174 എന്നിവക്കൊപ്പം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ആർട്ടിക്കിൾ 356 കൂടി ഭേദഗതി ചെയ്യേണ്ടിവരും.
സെൻസസിന് അനുസൃതമായി മണ്ഡല പുനർനിർണയം, പാർലമെന്റിന്റെ പ്രവർത്തന കാലാവധി വിശദീകരിക്കുന്ന അനുച്ഛേദം, നിയമസഭകളുടെ കാലാവധിയെക്കുറിച്ച് വിശദീകരിക്കുന്ന അനുച്ഛേദം, പാർലമെന്റിന്റെ അധികാരം സംബന്ധിച്ച അനുച്ഛേദം എന്നിവയിൽ ഭേദഗതികൾ നിർദേശിച്ചാണ് രാം നാഥ് കോവിന്ദ് സമിതി പുതിയ നിയമത്തിനുള്ള 129-ാമത് ഭരണഘടനാ ഭേദഗതി ബിൽ തയാറാക്കിയിരിക്കുന്നത്. ഭരണഘടനയുടെ മൗലികഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാനുള്ള അനിയന്ത്രിതമായ അധികാരം പാർലമെന്റിനില്ല. അതുകൊണ്ടുതന്നെ, പാർലമെന്റിന്റെ നിയമനിർമാണ അധികാരങ്ങൾക്ക് പുറത്തുള്ളതാണ് ഈ ബിൽ എന്ന വിമർശനം ശക്തമാണ്. ആദ്യം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യ സിറ്റിങ് തീയതി കണക്കാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. ഈ തീയതി മുതലുള്ള അഞ്ച് വർഷമാണ് പാർലമെന്റ് കാലാവധി. ഈ കാലാവധിയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പുകളും ഏകീകരിക്കും. ഇങ്ങനെ ഏകീകരിക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ ചില നിയമസഭകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല.
അഞ്ച് വർഷ കാലാവധിക്കുമുമ്പ് പാർലമെന്റ് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന കാലയളവിനെ പൂർത്തിയാകാത്ത കാലാവധിയായി കണക്കാക്കും. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ നിലവിൽവരുന്ന ലോക്‌സഭയ്ക്ക് ഈ കാലാവധി മാത്രമേ നിലനിൽക്കാനാകൂ. നിയമസഭകളുടെ കാര്യത്തിലും ഇത് ബാധകമാണ്. 

ലോകസ്ഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെങ്കിൽ അത് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടാകും. പിന്നീട്, സൗകര്യപ്രദമായ സമയത്ത് ആ തെരഞ്ഞെടുപ്പ് നടത്താം. അങ്ങനെ, പിന്നീട് നിലവിൽ വരുന്ന നിയമസഭയുടെ കാലാവധിയും നേരത്തെ നിലവിൽ വന്ന ലോക്‌സഭയുടെ കാലാവധി വരെയാകും. ജനകീയ പ്രശ്നങ്ങൾ ചർച്ചയാകാതെ വൈകാരിക മുദ്രാവാക്യങ്ങളും വംശീയ അജണ്ടകളും ഉയർത്തി നിർത്തുക എന്ന സ്ഥിരം മോ‍ഡി തന്ത്രത്തിന്റെ ഭാഗമാണ് ഈ ബില്ലെന്ന് രാജ്യസഭയിലെ സിപിഐ പാർലമെന്ററി പാർട്ടി ലീഡർ പി സന്തോഷ്‌കുമാർ എംപി ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റവും ആവർത്തിക്കുന്ന വർഗീയ ലഹളകളും ദുഃസഹമാകുന്ന ജനജീവിതവും കേന്ദ്രഭരണ അജണ്ടകളിൽ ഇല്ല. സാധാരണക്കാരെ ബാധിക്കുന്ന കാര്യങ്ങൾ ഭരണകൂടചിന്തകൾക്ക് വെളിയിലാണ്. ബില്‍ നിയമമായാല്‍ സംസ്ഥാന- പ്രാദേശിക വിഷയങ്ങൾക്കുപകരം ദേശീയ തലത്തിലുള്ള പാർട്ടികളുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടും. അത്, ഫലത്തിൽ ബിജെപിക്ക് ഗുണകരമാകും. പ്രാദേശിക പാർട്ടികളുടെ പ്രസക്തി ഇല്ലാതാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.