അശോകനും ജോൺസനും…ഇരുവരും ഇടുക്കിയിലേക്ക് ചേക്കേറിയ പഴയ തലമുറയിലെ ഇന്നത്തെ തിരുശേഷിപ്പുകളാണ്. കൃഷിയെ പുൽകി ജീവിക്കുന്നവർ. തൃശൂരിലെ പെരുവനം എന്ന സ്ഥലത്തേക്കുറിച്ച് പറയുമ്പോൾ അവിടുത്തെ കാറ്റിനും ഇലയിളക്കത്തിനും പഞ്ചാരിമേളത്തിന്റെ താളമാണ് എന്ന് പറയുന്നതു പോലെയാണ് ഇടുക്കിയിലെ കാര്യവും. ഇവിടുത്തേ കാറ്റിന് നല്ല വിളഞ്ഞ് ഉണങ്ങിയ ഏലത്തിന്റെയും കുരുമുളകിന്റെയും ഗന്ധമാണ്.
അശോകനും ജോൺസനും രണ്ടു കുടുംബമായി ജീവിക്കുന്നു എങ്കിലും അവരുടെ ഹൃദയവും മനസ്സും ഒരുപോലെയാണ് തുടിക്കുന്നത്. എല്ലാ ബന്ധത്തിനും അതീതമാണ് രക്തബന്ധം എന്നല്ലെ. എന്നാൽ ഇവിടെ പേരിനു പോലും അങ്ങനെ ഒന്നില്ല. അഞ്ച് കിലോ പച്ച ഏലം ഉണങ്ങിയാൽ നല്ല ഒന്നാംക്ലാസ് ഒരു കിലോ ഉണക്ക ഏലം കിട്ടും. ഇത് ഇടുക്കിക്കാരുടെ ഒരു കണക്കാണ്. ഇവരുടെ കാര്യത്തിൽ പട്ടുമുടിക്കാരുടെ സാക്ഷ്യം എന്തെന്നാൽ നല്ല ഒന്നാം ക്ലാസ് ഉണക്ക ഏലം പോലെ പരിശുദ്ധമായ സൗഹൃദം. അശോകന്റെ ഒന്നാം ഭാര്യ ജോൺസൺ ആണെന്നൊരു ഭാഷ്യവും പട്ടുമുടിക്കാരുടെ ഇടയിലുണ്ട്. അത്രയുമാണ് അവരുടെ ആത്മബന്ധം. ഇരുവരുടേയും വീടുകൾ തമ്മിൽ അധികം ദൂരമില്ല മലഞ്ചരിവിലെ റോഡിന്റെ വശത്തുള്ള ഇരുവീടുകളുടെ മുന്നിൽ ഇരുന്ന് നേരെ നോക്കിയാൽ പച്ചപുതച്ച തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ അധികം അകലെയല്ലാതെ മലമുകളിൽ സ്ഥിതി ചെയ്യുന്ന പട്ടുമലപ്പള്ളി ഗോപുരവും കുരിശ്ശും കാണാം.
“അശോകാ, കോടയിൽ പൊതിഞ്ഞ ഈ കാഴ്ച നമ്മുക്കല്ലാതെ മറ്റാർക്കെങ്കിലും അനുഭവിക്കാൻ കഴിയുമോ?” ഒരു ചെറു ചിരിയോടെ ജോൺസൻ ഇത് പറയുമ്പോൾ ഏലത്തിന്റെ മണമുള്ള ഷെഡിലെ കസേരയിൽ ചാഞ്ഞിരുന്ന് ചൂട് കാപ്പിയും നുണഞ്ഞ് മറുപടിയായി ഒരു പുഞ്ചിരി തിരികെ നൽകും അശോകൻ. ഇരുമെയ്യെങ്കിലും ഒരു മനസായി അവർ പരസ്പരം പ്രാവുകളെപ്പോലെ കുറുകിക്കൊണ്ടേയിരുന്നു. എന്നും കാണുകയും സംസാരിക്കുകയും ചെയ്ത് തിരികെ വീട്ടിൽ എത്തിയാലും അടുത്ത നിമിഷം ഫോണെടുത്ത് വീണ്ടും മണിക്കൂറുകളോളം സംസാരിക്കും.
“നിങ്ങൾക്ക് എന്നെക്കാളും ജോൺസൻ ചേട്ടനോട് സംസാരിക്കാനാണല്ലോ പൂതി.. മുല്ലപ്പെരിയാറിൽ പുതിയ അണ കെട്ടുന്ന കാര്യമാണോ ഇത്രേം സംസാരിക്കാൻ?” പകുതി കാര്യമായും പകുതി തമാശയായും ഭാര്യ ഗീത ഇടയ്ക്കിടെ അശോകനെ കുത്തിപ്പറയുമ്പോൾ “അതേടീ അതെങ്ങാനും പൊട്ടിയാൽ ഞാനും നീയും വണ്ടിപ്പെരിയാറും ഒക്കെ വെറും ഓർമ്മ മാത്രമാകും.” അശോകന്റെ, അല്ല ഇടുക്കിക്കാരുടെ പൊതുബോധം അപ്പോൾ അണപൊട്ടും. എന്നിരുന്നാലും അവരുടെ ആത്മബന്ധം ഏറ്റവും കൂടുതൽ മനസിലാക്കിയിട്ടുള്ളതും ഗീത തന്നെയാണ്.
മണ്ണിൽ പൊന്നു വിളിയിക്കുന്ന നല്ല അസൽ കർഷകനാണ് ജോൺസൻ. ജീവിക്കാനുളള വകയൊക്കെ കൃഷി നൽകുന്നുണ്ട്. പതിവുപോലെ വീടിന് മുന്നിലെ ഏലഷെഡിൽ അകലെ പട്ടുമലപ്പള്ളിയുടെ കുരിശിന് പിന്നിലൂടെ സൂര്യൻ ചാഞ്ഞിറങ്ങുന്ന ഒരു ക്രിസ്മസ് സായാഹ്നത്തിൽ തണുപ്പകറ്റാൻ എന്ന പേരിൽ ജോൺസൻ തന്റെ വായിലേക്ക് കമഴ്ത്തുന്ന വീര്യത്തിന്റെ അളവ് കൂടുമ്പോൾ അശോകൻ പരിഭവം പറയും, “ഇങ്ങനെ എന്നും കുടിക്കണോ..ഇനിയും ആശുപത്രിക്കാർക്ക് കാശ് കൊടുക്കണോ?”
“ടാ… ഈ ഭൂമിയിൽ എന്നേം നിന്നേം ഒക്കെ സൃഷ്ടിച്ചേക്കണത് ഇതൊക്കെ ആസ്വദിക്കാൻ കൂടിയാ…പുകയും, മദ്യവും, നല്ല ഏലക്കായിട്ട പൊടി തേയിലയുടെ ചായയും ഒക്കെ… ഇനി ഒന്നുകൂടി ഞാൻ വീണാൽ ആശുപത്രീലേക്കാവില്ല, ദേ അവിടെ തുറക്കുന്ന കവാടത്തിലേക്ക് ആയിരിക്കും പോകുന്നേ.” അകലെ പള്ളിക്കുരിശിലെ തിളങ്ങുന്ന ക്രിസ്മമസ് നക്ഷത്രം ചൂണ്ടി പൊടുന്നനെ വന്നു ജോൺസന്റെ മറുപടി.
പറഞ്ഞതു പോലെ തന്നെ അടുത്ത വീഴ്ചയിൽ ആശുപത്രിക്കാർക്കും കൂടുതലായി ഒന്നും ചെയ്യാനാകാതെ ആംബുലൻസിൽ കിടന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ അരികിലിരിക്കുന്ന അശോകന്റെ കയ്യിൽ മുറകെ പിടിച്ച് കോടിയ ചുണ്ടിൽ വിടർന്ന നേർത്ത പുഞ്ചിരിയോടെ “ടാ ഇനി എന്റെ മലവും മൂത്രവും എടുക്കാനുള്ള യോഗവും നിനക്ക് ഉണ്ടെന്ന് തോന്നുന്നു.” ഇതിന് ബദലായി അശോകൻ ആ കൈകൾ കൂടുതൽ ചേർത്തുപിടിച്ചു.
വീട്ടിലെ കട്ടിലിലെ ഒരേ കിടപ്പിലും ജോൺസന് അശോകനുമായി സംസാരിക്കാൻ വിഷയങ്ങൾക്ക് പഞ്ഞമില്ലായിരുന്നു. സംസാരത്തിനിടയിലും ആയാസപ്പെട്ട് ജനാലയിലുടെ ഇടയ്ക്കിടെ കോടയുടെ പഞ്ഞിപ്പുതപ്പിൽ നിന്ന് തെളിയുന്ന പള്ളിക്കുരിശിലേക്ക് കണ്ണെറിയുന്ന ജോൺസനെ അശോകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“ഇന്ന് അശോകനെ കണ്ടില്ലല്ലോ?”
“ഇന്ന് ഒരു കല്യാണം ഉള്ളകാര്യം പറഞ്ഞത് ഓർമ്മയില്ലെ…? നാളെയെ വരുവോള്ളു എന്ന് പറഞ്ഞതല്ലെ?” ജോൺസന്റെ ചോദ്യത്തിന് മകനാണ് മറുപടി പറഞ്ഞത്. നിരാശയുടെ കോടകൊണ്ട് ജോൺസന്റെ മുഖം മൂടി. “എനിക്കേ, ഒരു മസാലദോശ തിന്നാൻ തോന്നുവാ” “അതിനെന്താ ഞാൻ വാങ്ങി വരാമല്ലോ” മകൻ മറുപടി നൽകി. ഒന്നാലോചിച്ചിട്ട് “വേണ്ട, അശോകനോട് പറയാം… അവൻ വരുമ്പോൾ വാങ്ങി കൊണ്ടുവരും. നീ അവനോട് ഒന്ന് വിളിച്ചു പറഞ്ഞാൽ മതി. നാളെ ഇങ്ങോട്ട് വരുമ്പോൾ കൊണ്ടുവന്നാൽ മതി എന്ന് പ്രത്യേകം പറയണം.”
“പറയാം” ജോൺസന് മകൻ മറുപടി നൽകി.
പിറ്റേന്ന് പതിവു പോലെ അശോകൻ ജോൺസന്റെ വീട്ടിലെത്തി. “എവിടെ, ഞാൻ പറഞ്ഞ സാധനം?” ജോൺസന്റെ മുഖത്തെ ചോദ്യഭാവം കണ്ട് അശോകൻ അമ്പരന്നു.
“മസാലദോശ” ഇത് കേട്ടതും അശോകൻ തലയിൽ കൈവച്ചു. “ദേ, ഇപ്പോ വാങ്ങി വരാം.” അശോകൻ വാങ്ങാൻ ധൃതികൂട്ടി. “വേണ്ട ഇനി ഇന്ന് വേണ്ട. നാളെ വരുമ്പോൾ മറക്കണ്ട.” മറക്കില്ല എന്ന് ആംഗ്യരൂപേണ അശോകൻ പ്രതികരിച്ചു. അന്ന് പതിവിലും കൂടുതൽ അവർ സംസാരിച്ചു. ഗീതയുടെ ഫോൺ വന്നതുകൊണ്ട് മാത്രമാണ് അശോകൻ അന്ന് യാത്ര പറഞ്ഞ് ഇറങ്ങിയത്. അന്നും പതിവുപോലെ കിഴക്കുനിന്നുള്ള സൂര്യാംശു പള്ളിക്കുരിശിൽ തട്ടിച്ചിതറി. എന്നാൽ ആ ദിവസം അശോകൻ വാങ്ങി വരുന്ന മസാലദോശയ്ക്കായി ജോൺസണ്‍ കാത്തിരിക്കാനുണ്ടായിരുന്നില്ല. അകലത്തെ കവാടം അന്ന് അയാൾക്കായി തുറന്നിരുന്നു.
തന്റെ വീടിനു മുന്നിലെ കസേരയിൽ അകലെ തെളിഞ്ഞു കാണുന്ന കുരിശി നോക്കി അശോകൻ ഒരേ ഇരുപ്പാണ്. ഗീത നിർബന്ധിച്ച് പറയുമ്പോൾ മാത്രം എന്തെങ്കിലും ഒക്കെ ചെയ്തു എന്ന് വരുത്തി തീർക്കും. അല്ലാത്തപ്പോൾ ആരോടും മിണ്ടാതെ ഒറ്റയിരിപ്പ്. “അശോകേട്ടാ, എന്ത് ഇരിപ്പാണിത്… കണ്ടിട്ട് ഞങ്ങൾക്ക് കൂടി പേടി തോന്നുന്നു.” ഗീത അശോകന്റെ തോളിൽ പിടിച്ച് കുലുക്കി.
“അച്ഛാ തലവേദന മാറിയോ” മകൾ ചോദിച്ചു. ഒന്നിനും മറുപടി ഇല്ല. “സുഖമില്ലെങ്കിൽ നമ്മുക്ക് ആശുപത്രി വരെ ഒന്നു പോകാം.” ഗീത സൗമ്യതയോടെ ചോദിച്ചു. “നീ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ… ആശുപത്രിയിൽ പോകാൻ തക്ക പ്രത്യേകിച്ച് അസുഖം എന്തെങ്കിലും എനിക്കുണ്ടാ?” അശോകനെ മൂടിയിരുന്ന മൗനത്തിന്റെ കോട അയാൾ തന്നെ ഭേദിച്ചു. ഗീത അശോകന്റെ മുഖത്തേക്ക് നോക്കി. “ഇല്ലല്ലോ.” ഇല്ല എന്ന് ഗീത തലയനക്കി.
“എന്നാ, നീ അകത്തോട്ട് പോയി ഞാൻ വാങ്ങിച്ചു വച്ചിരിക്കുന്ന മസാലദോശ ഇങ്ങ് എടുത്തോണ്ട് വാ. പാവം ജോൺസൻ അവിടെ കാത്തിരിക്കുവായിരിക്കും.” കോടമാറി തെളിഞ്ഞു കാണുന്ന പട്ടുമലപ്പള്ളിക്കുരിശിലേക്കും അതിനു പിന്നിലെ അനന്ത നീലാകാശവും നോക്കി അയാൾ പിറുപിറുത്തു. സ്വതവേ ചെറിയ ശബ്ദത്തിൽ ചിലയ്ക്കുന്നു മൂന്ന് നാല് തൊപ്പിക്കിളികൾ ഉറക്കെ ചിലച്ചു മലഞ്ചരിവിലെ താഴ്ചയിലേക്ക് പറന്നുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.