31 December 2025, Wednesday

ചരിത്രത്തിലെ വ്യാജനിര്‍മ്മിതികള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
March 25, 2025 4:30 am

ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ഔറംഗസേബ്. 1659 ജൂണ്‍ 13നാണ് ഷാജഹാനുശേഷം അടുത്ത മുഗള്‍ ചക്രവര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ദാരാ ഷികോഹ് അടക്കം മൂന്ന് ജ്യേഷ്ഠ സഹോദരന്മാരെ യുദ്ധത്തില്‍ വധിച്ച് ഔറംഗസേബ് മുഗള്‍ചക്രവര്‍ത്തിയായി സ്ഥാനാരോഹണം നടത്തിയത്. സ്വന്തം പിതാവ് ഷാജഹാനെ മരണം വരെ ആഗ്രാ കോട്ടയില്‍ തടവിലിടുകയും ചെയ്തു. 1707 മാര്‍ച്ച് മൂന്നിന് അഹമ്മദ് നഗറില്‍ 88-ാം വയസിലാണ് ഔറംഗസേബ് മരിച്ചത്. സൂഫി സന്യാസിമാരായ സെെനുദീന്‍ ഷിറാസിയുടെ ശവകുടീരത്തിനടുത്ത് ഖുര്‍ദാബാദിലെ ദര്‍ഗയില്‍ യാതൊരു രാജകീയ ചിഹ്നങ്ങളുമില്ലാതെ തന്റെ ശരീരം അടക്കം ചെയ്യണം എന്നായിരുന്നു ഔറംഗസേബിന്റെ തീരുമാനം. 

ധാക്ക മുതല്‍ കാബൂള്‍ വരെ വിസ്തൃതമായ മുഗള്‍ സാമ്രാജ്യം ഔറംഗസേബിന്റെ കാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. എന്നാല്‍ ഔറംഗസേബ് എല്ലാ ആര്‍ഭാടങ്ങളുമുപേക്ഷിച്ച് സ്വയം തൊപ്പി തുന്നിയുണ്ടാക്കിയ പണംകൊണ്ടാണ് തന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. ഒരേസമയം സഹോദരന്മാരെ വധിച്ച് പിതാവിനെ തടവിലിട്ട, മത നികുതിയായ ജസിയ മറ്റു മതസ്ഥരില്‍ നിന്നും പിരിക്കാന്‍ ആരംഭിച്ച ഭരണാധികാരിയായും മറുവശത്ത് ചക്രവര്‍ത്തിയുടെ എല്ലാ സുഖഭോഗങ്ങളുമുപേക്ഷിച്ച് സ്വന്തം അധ്വാനംകൊണ്ട് ഭക്ഷണം കഴിച്ച ഒരു സൂഫിയായും ഔറംഗസേബ് വിശേഷിപ്പിക്കപ്പെടുന്നു. ഈ രണ്ട് ധ്രുവങ്ങള്‍ക്കിടയില്‍ യാഥാര്‍ത്ഥ്യം എന്താണ്.

ഔറംഗസേബിന്റെ സാമ്രാജ്യ വികസനത്തെ തെക്കേ ഇന്ത്യയില്‍ ചെറുത്തുതോല്പിച്ചത് ഛത്രപതി ശിവജിയാണ്. സന്ധിസംഭാഷണത്തിനായി 1666ല്‍ ഔറംഗസേബിന്റെ ക്ഷണപ്രകാരം ആഗ്രാ കോട്ടയിലെത്തിയ ശിവജി തടവിലാക്കപ്പെടുകയും അവിടെനിന്ന് പഴക്കുട്ടയിലൊളിച്ച് രക്ഷപ്പെടുകയും ചെയ്തത് പ്രസിദ്ധമാണ്. മുഗള്‍ സാമ്രാജ്യവുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ട ശിവജി 1674 മുതല്‍ 1680ല്‍ മരണം വരെ റായ്ഗഡ് ആസ്ഥാനമാക്കി മറാത്ത സാമ്രാജ്യം വികസിപ്പിച്ചു. ഔറംഗസേബിന്റെ മരണശേഷം മറാത്ത സാമ്രാജ്യം 1737ല്‍ വടക്ക് പഞ്ചാബ് മുതല്‍ ബംഗാള്‍ വരെയും തെക്ക് കര്‍ണാടകം, തമിഴ്‌നാട് വരെയും അധികാരം വ്യാപിപ്പിച്ചു. 1761 ജനുവരി 14ന് പാനിപ്പത്ത് യുദ്ധത്തില്‍ അഫ്ഗാന്‍ സെെന്യവുമായുണ്ടായ പരാജയത്തോടെ മറാത്ത സാമ്രാജ്യത്തിന്റെ ശക്തിക്ഷയം ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം സ്ഥാപിക്കുവാനുള്ള വഴിയൊരുക്കി. 18-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന്, ഒരു ലക്ഷത്തിലധികം സെെനികര്‍ ഇരുപക്ഷത്തും അണിനിരന്ന 70,000ത്തിലധികം സെെനികര്‍ മരിച്ചുവീണ ദുര്‍ബലമായിരുന്ന മുഗള്‍ സാമ്രാജ്യത്തിന്റെയും നിലവില്‍ ശക്തരായിരുന്ന മറാത്തകളുടെയും സെെനികശക്തിക്ക് വലിയ നാശം വരുത്തിയ യുദ്ധം ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 

18-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഉപഭൂഖണ്ഡം യൂറോപ്പിന്റെ ഏതാണ്ട് പകുതിയോളം വിസ്തീര്‍ണമുള്ളതായിരുന്നു. യൂറോപ്പിനെപ്പോലെ തന്നെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ജനവിഭാഗങ്ങളുള്ള, വിവിധ കാലങ്ങളില്‍ വിവിധ രാജാക്കന്മാര്‍ സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച, നിരന്തരമായി രാജാക്കന്മാര്‍ തമ്മില്‍ യുദ്ധവും സന്ധികളും പതിവായിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 18-ാം നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ സാമ്രാജ്യവികസനം നടത്തിയ ചക്രവര്‍ത്തി ഔറംഗസേബാണ്. അദ്ദേഹത്തിന്റെ ഏറ്റവും ശക്തനായ എതിരാളി ഛത്രപതി ശിവജിയും. കൊണ്ടും കൊടുത്തും ഈ രണ്ട് രാജാക്കന്മാരും സ്വന്തം സാമ്രാജ്യങ്ങള്‍ വികസിപ്പിച്ചു.
1680ല്‍ ശിവജിയുടെ അകാലമൃത്യുവിന് ശേഷവും മുഗള്‍ — മറാത്ത യുദ്ധങ്ങള്‍ തുടര്‍ന്നു. 1707ല്‍ ഔറംഗസേബിന്റെ മരണത്തെത്തുടര്‍ന്ന് മുഗള്‍ സാമ്രാജ്യം ദുര്‍ബലമായി. മറാത്തകള്‍ സാമ്രാജ്യം വികസിപ്പിച്ചു. 1761ലെ മൂന്നാം പാനിപ്പത്ത് യുദ്ധകാലമാവുമ്പോഴേക്ക് പഞ്ചാബും ബംഗാളും തമിഴ്‌നാടും വരെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറിയ പ്രദേശങ്ങളും മറാത്തകളുടെ ഭരണത്തിലായി. മൂന്നാം പാനിപ്പത്ത് യുദ്ധശേഷം മറാത്താശക്തി ക്ഷയിച്ചു. ഒരു പുതിയ സാമ്രാജ്യശക്തിയായി ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കി. 

മുഗളന്മാരുടെയും മറാത്തികളുടെയും ചരിത്രം പരിശോധിച്ചാല്‍ പില്‍ക്കാലത്ത് ആരോപിക്കപ്പെടുന്നതുപോലെ മുഗള്‍സാമ്രാജ്യവും മറാത്ത സാമ്രാജ്യവും മതപരമായ അടിസ്ഥാനത്തിലാണോ ഉയര്‍ന്നുവന്നത്? ഒരിക്കലുമല്ല എന്ന് ചരിത്രത്തിന്റെ ഉപരിപ്ലവമായ പഠനത്തില്‍പോലും ആര്‍ക്കും ബോധ്യമാവും. ഔറംഗസേബിന്റെയും ഛത്രപതി ശിവജിയുടെയും ഭരണസംവിധാനം മാത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്ന കാര്യം ഈ രണ്ട് ഭരണകൂടങ്ങളും മതനിഷ്ഠമായിരുന്നില്ല എന്നതാണ്. അക്ബര്‍ മുതല്‍ ഷാജഹാന്‍ വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാരുടെ മതനിരപേക്ഷതയെക്കുറിച്ച് കൂടുതലായി പറയേണ്ടതില്ല. തികച്ചും മതേതരമായി തന്നെയാണ് അവര്‍ രാജ്യം ഭരിച്ചത്. ഔറംഗസേബ് വ്യക്തിപരമായി വലിയ മതവിശ്വാസി ആയിരുന്നുവെങ്കിലും രാജ്യഭരണകാര്യങ്ങളില്‍ മതത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല.
ഔറംഗസേബിന്റെ ഭരണകൂടത്തില്‍ പ്രമുഖരായ അനേകം ഹിന്ദു ക്ഷത്രിയ രാജാക്കന്മാരും പ്രഭുക്കളുമുണ്ടായിരുന്നു. സെെന്യത്തില്‍ 30 ശതമാനത്തിലധികം ഹിന്ദു പടനായകന്മാരായിരുന്നു. പ്രധാനമന്ത്രി രാജ രഘുനാഥ് റേ എന്ന രജപുത്രനായിരുന്നു എന്നും നമ്മള്‍ മനസിലാക്കണം. 1664ല്‍ ഔറംഗസേബ് രാജരഘുനാഥിന്റെ മരണത്തില്‍ അടക്കാനാവാത്ത ദുഃഖത്തോടെ എഴുതിയത് ചരിത്ര രേഖകളില്‍ ലഭ്യമാണ്. ഡക്കാനിലെ ഗവര്‍ണര്‍ രാജ ജസ്വന്ത് സിംഹ് ആയിരുന്നു. അക്ബറിനെതിരെ മരണംവരെ ചെറുത്തുനിന്ന റാണാപ്രതാപ് സിംഹിന്റെ സര്‍വ സെെന്യാധിപന്‍ ഹക്കിം ഖാന്‍ സൂര്‍ മുഗളന്മാര്‍ക്കെതിരെ 1576ലെ ഹാല്‍ഡിഘട്ടി യുദ്ധത്തില്‍ പോരാടിയാണ് മൃത്യുവരിക്കുന്നത്. മുസ്ലിമായ ബാബര്‍ മുസ്ലിം തന്നെയായ ഇബ്രാഹിം ലോധിയെ തോല്പിച്ചാണ് മുഗള്‍ രാജവംശം സ്ഥാപിക്കുന്നത്. ബിജാപുരിലെയും ഗോല്‍ക്കൊണ്ടയിലേയും മുസ്ലിം സുല്‍ത്താന്‍മാര്‍ക്കെതിരെ ഔറംഗസേബ് ദീര്‍ഘകാലം യുദ്ധം ചെയ്തു. റാണാ പ്രതാപസിംഹനും അക്ബറും തമ്മില്‍ ഹാല്‍ദിയയില്‍ വച്ച് നടന്ന യുദ്ധത്തില്‍ മുസല്‍മാനായ അക്ബറിന്റെ സെെന്യത്തെ നയിച്ചത് രജപുത്രനായ മാന്‍സിങ് ആണ്. ആ സെെന്യത്തില്‍ 60,000 മുഗള്‍ സെെനികരും 40,000 രജപുത്രരുമുണ്ടായിരുന്നു. റാണാപ്രതാപിന്റെ സെെന്യത്തില്‍ 40,000 പത്താന്‍ സെെനികരുണ്ടായിരുന്നു. ഹക്കിംഖാന്‍ സൂറായിരുന്നു പടത്തലവന്‍.
ഛത്രപതി ശിവജിയെ ഇന്ന് ഒരു ഹിന്ദു ദേശീയവാദിയായി മുദ്രകുത്തുവാന്‍ അഹോരാത്രം ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രമാണ് ‘ഗോ-ബ്രാഹ്മിണ്‍ പ്രതിപാലക്’ അഥവാ പശുക്കളുടെയും ബ്രാഹ്മണരുടെയും പരിപാലകന്‍ എന്ന് ശിവജിയെ വിശേഷിപ്പിക്കുന്നവര്‍ അറിയേണ്ട കാര്യം. 1665ല്‍ രാജാ ജയ്സിംഹ് നയിച്ച ഔറംഗസേബിന്റെ സെെന്യത്തിന്റെ വിജയത്തിനായി മൂന്നുമാസം നീണ്ടുനിന്ന ‘കോട്ട് ചണ്ഡി യജ്ഞം’ നടത്തുകയുണ്ടായി. ഒരേസമയം 400ബ്രാഹ്മണ പുരോഹിതര്‍ പങ്കെടുത്ത യജ്ഞം ദിനരാത്ര ഭേദമില്ലാതെയാണ് നടത്തിയത്. അന്നത്തെ രണ്ട് കോടി രൂപ ചെലവില്‍. ബ്രാഹ്മണര്‍ക്കെല്ലാം ദക്ഷിണ നല്‍കി തൃപ്തരാക്കിയാണ് ജയസിംഹിന്റെ സെെന്യം പുരന്ദര്‍ കോട്ട വളഞ്ഞ് ശിവജിയെ സന്ധിരേഖകളില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ബ്രാഹ്മണ പുരോഹിതര്‍ ആരോടൊപ്പമാണ് നിന്നത്? 

ശിവജിയുടെ പീരങ്കിപ്പടയുടെ തലവന്‍ ഇബ്രാഹിം ഖാന്‍ ആയിരുന്നു. നാവികസേനയുടെ തലവന്‍ ദാരിയ സരാംഗ് ദൗലത്ത് ഖാന്‍. ശിവജിയുടെ ദൂതനായി മുഗള്‍ സാമ്രാജ്യവുമായി ചര്‍ച്ചകള്‍ക്ക് പോയിരുന്നത് കാസി ഹെെദര്‍ എന്ന മുസ്ലിമായിരുന്നു. ഔറംഗസേബിന്റെ പ്രതിപുരുഷനായി വന്നത് ഒരു ഹിന്ദു ബ്രാഹ്മണനായിരുന്നു. മറാത്ത സെെന്യത്തിലെ 40 ശതമാനം പേര്‍ മുസ്ലിങ്ങളും അവരെ എതിര്‍ത്ത രാജ ജയസിംഹിന്റെ മുഗള്‍പടയില്‍ 60 ശതമാനം പേര്‍ ഹിന്ദുക്കളുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തെളിയിക്കുന്നത് മതാടിസ്ഥാനത്തിലുള്ള വിഭജനമല്ല അന്നത്തെ വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്നത് എന്നാണ്. മുഗള്‍ സാമ്രാജ്യത്തിലെ പ്രജയായ ഹിന്ദു, മുഗള്‍ ചക്രവര്‍ത്തിമാരുടെയും മറാത്തയിലെ മുസ്ലിം മറാത്ത രാജാക്കന്മാരുടെയും കൂടെ നിന്നു. അവര്‍ക്ക് മതതാല്പര്യങ്ങളായിരുന്നില്ല ദേശതാല്പര്യമായിരുന്നു വലുത്.

ചരിത്രകാലഘട്ടം മുതല്‍ വിവിധ ഹിന്ദു, മുസ്ലിം രാജവംശങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ മാറിമാറി ഭരിച്ചു. ഡല്‍ഹിയില്‍ അധികാരം സ്ഥാപിച്ചു. അവരില്‍ ഹിന്ദു നാമധാരികളും മുസ്ലിം നാമധാരികളും ഉണ്ടായിരുന്നു; 1857ല്‍ ബ്രിട്ടീഷ് രാജാവ് ഇന്ത്യയെ ഒരു കോളനിയാക്കുന്നതുവരെ. പിന്നീട് 1857 മുതല്‍ 1947 വരെ നടത്തിയ നിരന്തരമായ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് ഇന്ത്യ സ്വതന്ത്രമാവുന്നത്. ഈ കാലഘട്ടങ്ങളിലെല്ലാം തന്നെ ഹിന്ദു, മുസ്ലിം നാമധാരികളായ രാജാക്കന്മാര്‍ നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്നപ്പോഴും ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോഴും നിലനിന്നുപോന്ന ചരിത്രസ്മാരകങ്ങളായ ഹിന്ദു, മുസ്ലിം ദേവാലയങ്ങളെയും ശവകുടീരങ്ങളെയും ചൊല്ലി ഈ 21-ാം നൂറ്റാണ്ടില്‍ വ്യാജ അവകാശവാദങ്ങളും വ്യര്‍ത്ഥമായ ആരോപണങ്ങളും ഉന്നയിച്ച് ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. 20-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി സഹസ്രാബ്ദങ്ങള്‍ ഒരു പോറലുമേല്‍ക്കാതെ നിലനിന്ന ലോക പെെതൃക സ്മാരകങ്ങള്‍, അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ ബുദ്ധപ്രതിമകള്‍, സിറിയയിലെ അലിപ്പോ എന്ന ലോകത്തെ ഏറ്റവും പുരാതനമായ മനുഷ്യവാസ കേന്ദ്രം, യൂഫ്രട്ടിസിന്റെയും ടെെഗ്രിസിന്റെയും കരയിലെ മാനവ ചരിത്ര ശേഷിപ്പുകള്‍ ഇവയെല്ലാം തകര്‍ക്കപ്പെട്ടു. 15-ാം നൂറ്റാണ്ട് മുതല്‍ വിവിധ രാജവംശങ്ങള്‍ മാറിമാറി ഭരിച്ചിട്ടും ഇന്ത്യയിലെ ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ടില്ല. 1992ലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു ചരിത്രസ്മാരകം ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബ്രിട്ടീഷുകാരന്‍ ഭിന്നിപ്പിച്ച് ഭരിക്കാനായി പടച്ചുവിട്ട പശുക്കൊഴുപ്പിന്റെയും പന്നിക്കൊഴുപ്പിന്റെയും കെട്ടുകഥകള്‍ അവയര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ചരിത്രത്തിന്റെ വ്യാജനിര്‍മ്മിതികള്‍ ചെറുക്കപ്പെടണം.

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.