ഇഞ്ചി കൃഷിയിൽ മുടക്കു മുതൽ പോലും കിട്ടാതെ കര്‍ഷകര്‍. ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തിയ കര്‍ഷകര്‍ക്ക് പ്രതീക്ഷകൾ അസ്തമിക്കുന്നു. നിലവില്‍ മുടക്കുമുതല്‍ പോലും കിട്ടാത്ത സ്ഥിതിയിലാണ് ഇഞ്ചിക്കര്‍ഷകര്‍. ഇത് കര്‍ഷകരെ നിരാശയിലേക്ക് തള്ളുകയാണ്. കര്‍ണാടക മാര്‍ക്കറ്റുകളില്‍ ഇഞ്ചി ചാക്കിന് (60 കിലോഗ്രാം)1,500–1,550 രൂപയാണ് നിലവില്‍ വില. ഇതിന്റെ ഇരട്ടിയോളമാണ് ഉത്പാദനച്ചെലവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇഞ്ചി ചാക്കിന് ശരാശരി 6,000 രൂപ വില ലഭിച്ചിരുന്നു. വിപണികളില്‍ ഇഞ്ചി ലഭ്യത കുറയാത്തതാണ് വില ഉയരാത്തതിന് കാരണമെന്ന് ഗ്രീന്‍ ജിഞ്ചര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ഐപ്പ് പറഞ്ഞു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ മലയാളി പാട്ടക്കര്‍ഷകര്‍ക്ക് പുറമേ തദ്ദേശീയരും വ്യാപകമായി ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവര്‍ വിളവെടുക്കുന്ന ഇഞ്ചി ധാരാളമായി വിപണികളില്‍ എത്തുന്നുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഭാഗങ്ങളില്‍ തദ്ദേശീയര്‍ കൃഷി ചെയ്യുന്ന ഇഞ്ചിയും മാര്‍ക്കറ്റുകളില്‍ സുലഭമാണ്. കര്‍ണാടകക്ക് പുറത്ത് സംസ്ഥാനങ്ങളില്‍ മാരന്‍ ഇനം ഇനം ഇഞ്ചിയാണ് കൂടുതലും കൃഷി ചെയ്യുന്നത്. വലിയ വിലക്കുറവിലാണ് ഈ ഇനം ഇഞ്ചി വിപണികളില്‍ വില്‍പ്പനക്ക് വരുന്നത്.
കര്‍ണാടകയില്‍ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസന്‍, ചാമരാജ്‌നഗര്‍, ഹുബ്ലി, ഹാവേരി, കൂര്‍ഗ് ജില്ലകളിലാണ് മലയാളികള്‍ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന ഇഞ്ചി കച്ചവടക്കാര്‍ വാങ്ങി നാഗ്പൂര്‍, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പുര്‍, മേട്ടുപാളയം, ചെന്നൈ, മധുര തുടങ്ങിയ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും കയറ്റിയിരുന്നത്. മറ്റിടങ്ങളില്‍ നിന്നു വന്‍തോതില്‍ എത്തുന്നതിനാല്‍ ഇവിടങ്ങളിലെ വിപണികളില്‍ കര്‍ണാടകയില്‍നിന്നുള്ള ഇഞ്ചി മെച്ചപ്പെട്ട പാവുകട്ടിയും നിറവും ഉള്ളതാണെങ്കിലും ഡിമാന്‍ഡ് ഉയരുന്നില്ല.
കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നതില്‍ നിന്നു മലയാളി കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്. എങ്കിലും തദ്ദേശീയ കര്‍ഷകരുടെ എണ്ണം കൂടുന്നതിനാല്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന ഭൂമിയുടെ അളവില്‍ കുറവുണ്ടാകുന്നില്ലെന്ന് പുല്‍പ്പള്ളി ഇലക്ട്രിക് കവലയിലെ കര്‍ഷകന്‍ പീറ്റര്‍ കൈനികുടി പറഞ്ഞു.
ഒരേക്കര്‍ കരഭൂമിക്കു 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് കര്‍ണാടകയില്‍ 18 മാസത്തെ പാട്ടം. ജലസേചന സൗകര്യമുള്ള വയല്‍ ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ പാട്ടമുണ്ട്. ഇഞ്ചി ഏക്കറിന് പാട്ടം, വിത്ത്, ചാണകം, പുതയിടല്‍, ജലസേചനത്തിനുള്ള മരാമത്ത് പണികള്‍, പണിക്കൂലി ഉള്‍പ്പെടെ ഏകദേശം അഞ്ചു ലക്ഷം രൂപയാണ് കൃഷിച്ചെലവ്. മികച്ച ഉത്പാദനവും ചാക്കിനു 4,000 രൂപയില്‍ കുറയാതെ വിലയും ലഭിച്ചാലേ കൃഷി ലാഭകരമാകൂവെന്ന് പീറ്റര്‍ പറഞ്ഞു. ഇഞ്ചിക്ക് മെച്ചപ്പെട്ട വിലയില്ലെങ്കിലും പാട്ടം കുറയ്ക്കാന്‍ കര്‍ണാടകയിലെ ഭൂവുടമകള്‍ തയാറല്ല. പാട്ടക്കൃഷിക്കാര്‍ക്ക് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ സഹായം ലഭിക്കുന്നില്ല. കേരളത്തില്‍ നിന്നുള്ള ലീസ് കര്‍ഷകരെ ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയും പാട്ടക്കൃഷിക്കാര്‍ക്കു അന്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.