15 December 2025, Monday

പൊതുമേഖലയില്‍ മികവ്; സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി

ലാഭത്തിൽ പ്രവർത്തിക്കുന്നവ 24 ആയി
Janayugom Webdesk
തിരുവനന്തപുരം
April 9, 2025 11:13 pm

മികച്ച പ്രകടനവുമായി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ. 2024–25 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി. സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി രൂപയായി വർധിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 76.16 കോടി രൂപ നഷ്ടം മറികടന്നാണ് ലാഭത്തിലേക്ക് മുന്നേറിയത്. മൊത്ത വാർഷിക വിറ്റുവരവ് 4,419 കോടിയിൽ നിന്ന് 5,119.18 കോടിയായി ഉയരുകയും ചെയ്തു. വര്‍ധന 15.82 ശതമാനം. 48 സ്ഥാപനങ്ങളെക്കുറിച്ച് ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെഎസ്ഐഡിസിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി വരുമാനവും 7.19 കോടി ലാഭവുമുണ്ടാക്കി. കെഎസ്ഐഡിസി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വിതരണം ചെയ്തു. 61.81 കോടി രൂപ ലാഭവുമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സ്വയം പര്യാപ്തമാക്കാനും നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് മികച്ച പ്രകടനത്തിന് ആധാരമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 

രൂപീകരണത്തിന്റെ 50 വർഷം പിന്നിടുന്ന കെൽട്രോൺ ചരിത്രത്തിലാദ്യമായി 1,056.94 കോടി രൂപയുടെ വിറ്റുവരവ് നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ഏറ്റവുമധികം പ്രവർത്തന ലാഭമുണ്ടാക്കിയത് ചവറ കെഎംഎംഎൽ ആണ്; 107.67 കോടി. കെൽട്രോൺ 50.54 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. ടെൽക്, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ്, കെഎസ്ഐഇ, കെൽട്രോൺ കംപോണന്റ്സ്, സ്റ്റീൽ ആന്റ് ഇൻ‍ഡസ്ട്രിയൽ ഫോർജിങ്സ്, കയർ കോർപറേഷൻ, ടിസിസി, കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എന്‍ജിനീയറിങ്, സ്റ്റീൽ ഇൻഡസ്ട്രീസ്, ക്ലേയ്സ് ആന്റ് സിറാമിക്സ്, കെഎസ്ഡിപി, ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍, കാഷ്യൂ ബോർഡ്, ഫോം മാറ്റിങ്സ്, മെറ്റൽ ഇൻഡസ്ട്രീസ്, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽസ്, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി എന്നിവയും ലാഭമുണ്ടാക്കി. ഇതിൽ ടിസിസി, കെൽ, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽ, കയർ മെഷിനറി എന്നിവ നഷ്ടത്തിൽ നിന്നാണ് ലാഭത്തിലേക്ക് എത്തിയത്. 32 കമ്പനികളുടെ വാർഷിക വിറ്റുവരവിൽ വർധന രേഖപ്പെടുത്തി. കേന്ദ്രസർക്കാർ അടച്ചുപൂട്ടിയതിനെ തുടർന്ന് കേരളം ഏറ്റെടുത്ത വെള്ളൂർ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയിൽ നിന്ന് 2.26 കോടിയായി കുറഞ്ഞു. 

ബിസിനസ് പ്ലാൻ, ധാരണാപത്രം എന്നിവ ആവിഷ്കരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രൊഫഷണലായി പരിവർത്തനം ചെയ്തതുൾപ്പെടെ സർക്കാർ സ്വീകരിച്ച നടപടികൾ മികച്ച പ്രകടനത്തിന് അടിസ്ഥാനമായെന്ന് മന്ത്രി പറഞ്ഞു. മേൽനോട്ട സംവിധാനങ്ങളും കൃത്യമായ വിലയിരുത്തലും ശക്തിപ്പെടുത്തി. പരിശീലന പരിപാടികൾ നടപ്പാക്കി. എംഡിമാരുടെയും ജീവനക്കാരുടെയും നിയമനം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയാക്കി. ഉല്പന്നങ്ങളുടെ വില്പനയ്ക്ക് കെ ഷോപ്പി പ്ലാറ്റ്ഫോം ആവിഷ്കരിച്ചു. വൈദ്യുതി കുടിശിക എഴുതിത്തള്ളുകയും മറ്റ് പിന്തുണാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇവയെല്ലാം ചേർന്ന് സംസ്ഥാന പൊതുമേഖലയെ ശക്തിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.