7 December 2025, Sunday

സമാധാനത്തിനുള്ള പുരസ്കാരം വളരെയകലെ

ഭവാനി രുദ്രൻ
October 14, 2025 4:33 am

ഈ വർഷത്തെ സമാധാന നൊബേൽ ട്രംപിനു കൊടുക്കണം എന്നുപറഞ്ഞ രണ്ടു രാഷ്ട്രങ്ങൾ ഇസ്രയേലും പാകിസ്ഥാനുമായിരുന്നു. പക്ഷേ, കിട്ടിയത് മരിയ കൊറീന മച്ചാഡോയ്ക്കാണ്. മരിയ മറ്റൊരു ട്രംപ് തന്നെ. തീവ്ര വലതുപക്ഷവാദിയാണവർ. വെനസ്വേലയിൽ നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള ജനകീയ ഇടതുപക്ഷ സർക്കാരിന്റെ മുഖ്യവിമർശകയും കടുത്ത അമേരിക്കൻ, ഇസ്രയേൽ പക്ഷപാതിയും. രണ്ടുവർഷം നീണ്ട ഇസ്രയേലിന്റെ ഗാസ വംശഹത്യയിൽ മൗനംപാലിച്ച നേതാവിനാണ് സമാധാന നൊബേൽ നൽകിയത്. ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാനുള്ള പാശ്ചാത്യതന്ത്രങ്ങൾക്കൊപ്പം നിൽക്കുന്ന മരിയ കൊറീന മച്ചാഡോയെ ‘വെനസ്വേലയുടെ മാർഗരറ്റ് താച്ചർ’ എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വാഴ്ത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ തീവ്രവലതു സഖ്യങ്ങളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുന്നത് വെനസ്വേലൻ വംശജയും എഴുത്തുകാരിയുമായ മിഷേല എൽനർ അടക്കം ഒട്ടേറെ മനുഷ്യാവകാശ പ്രവർത്തകർ.
യുദ്ധക്കുറ്റാരോപിതനായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന ഒരാളെ സമാധാന നൊബേൽ പുരസ്കാരത്തിനായി തെരഞ്ഞെടുത്ത പുരസ്കാര സമിതിയുടെ ഉദ്ദേശശുദ്ധി സംശയമുയർത്തുന്നതാണ്. ഗാസയിലെ ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരെ തുടർച്ചയായി നൊബേൽ സമ്മാനത്തിന് പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് എന്നതും ചോദ്യമാണ്.
“സമാധാന നൊബേൽ ജേതാവായ മരിയ കൊറീന മച്ചാഡോ ഇസ്രയേൽ അനുകൂലി മാത്രമല്ല, അവർ നെതന്യാഹുവിന്റെ പാർട്ടിയാണ്, പ്രൊ — ലിക്കുഡാണ്. 2020ൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ഒരു സഹകരണ ഉടമ്പടിയിൽ അവർ ഒപ്പുവച്ചു. നെതന്യാഹുവിന്റെ ഗാസ യുദ്ധത്തെ പൂർണമായി പിന്തുണച്ചു. അവർ പ്രസിഡന്റായാൽ ഇസ്രയേലും വെനസ്വേലയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കും”- അൽ ജസീറയില്‍ മാധ്യമപ്രവർത്തകയായ ദിമാ ഖതിബ് കുറിച്ചു.
നൊബേലിന്റെ മൂല്യത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പാകിസ്ഥാനി എഴുത്തുകാരിയും കോളമിസ്റ്റുമായ ഫാത്തിമ ഭൂട്ടോ പ്രതികരിച്ചത്. തുടർച്ചയായ രണ്ടാം വർഷവും ഗാസൻ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും അവഗണിച്ച ഒരു പുരസ്കാരം തീർത്തും വിലയില്ലാത്തതാണ്. ഇത് പാശ്ചാത്യ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കാവൽപ്പടയാളികളെ മാത്രം ആദരിക്കുന്നതാണ്. അതിലപ്പുറം ഒന്നുമില്ല. “മരിയയ്ക്ക് നൊബേൽ നൽകിയത് അവിവേകം” എന്നായിരുന്നു യുഎസ് ആസ്ഥാനമായുള്ള മുസ്ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ — ഇസ്ലാമിക് റിലേഷൻസ് (സിഎഐആർ) വിശേഷിപ്പിച്ചത്.
മച്ചാഡോ തന്റെ പുരസ്കാരം ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചത് വിവാദങ്ങളുടെ തീവ്രത വർധിപ്പിച്ചു. ലോകമെമ്പാടുമുള്ള അര ഡസനോളം സംഘർഷങ്ങൾ അവസാനിപ്പിച്ച ആഗോള സമാധാനദൂതനായി ട്രംപിനെ ചിത്രീകരിക്കാനുള്ള നീക്കം ആരംഭത്തിൽത്തന്നെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നും ‘സമാധാനത്തിന് മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നു’ എന്ന വിമർശനം നൊബേൽ കമ്മിറ്റിക്കെതിരെ ഉയർന്നു. ഇതിനിടയിലാണ് ട്രംപിനെ സന്തോഷിപ്പിക്കാൻ മരിയ തന്റെ നൊബേൽ സമർപ്പിച്ചത്. തന്നോടുള്ള പൂർണ ബഹുമാനാർത്ഥമാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് അവാർഡ് സ്വീകരിച്ചതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
നൊബേൽ കമ്മിറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നോബേൽ സ്വപ്നങ്ങളെ തകർത്തിരിക്കാം. പക്ഷേ മരിയ കൊറീന മച്ചാഡോയുടെ നൊബേൽ ആ രാജ്യത്തെ സർക്കാരിനെതിരെ അമേരിക്കൻ ഭരണകൂടം നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പോര് കൂടുതൽ രൂക്ഷമാക്കാൻ വഴിയൊരുക്കുന്നു. വെനസ്വേലൻ തെരഞ്ഞെടുപ്പിൽ പുരോഗമന ഭരണകൂടത്തിനെതിരെയുള്ള ഒരായുധമാകും മരിയയുടെ നൊബേൽ. ‘മയക്കുമരുന്ന് കള്ളക്കടത്തുകാരുമായി’ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് വെനസ്വേലൻ തീരത്തുള്ള ബോട്ടുകൾക്കും കപ്പലുകള്‍ക്കുമെതിരെ യുഎസ് നടത്തിയ വ്യോമാക്രമണത്തെ മച്ചാഡോ സ്വാഗതം ചെയ്തിരുന്നു. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും മച്ചാഡോയ്ക്ക് ഈ സമ്മാനം നൽകുന്നുവെന്നാണ് നൊബേൽ സമിതി ചൂണ്ടിക്കാട്ടിയത്. 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൊബേൽ സമ്മാനത്തിനായി ആഗ്രഹിച്ചിരുന്നു. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനോ തടയുന്നതിനോ താൻ കാരണമായി, ഇന്ത്യ‑പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചു തുടങ്ങിയവ തന്നെ നൊബേൽ സമ്മാനത്തിന് അർഹനാക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. ട്രംപിന് നൊബേൽ നിഷേധിച്ചാൽ നോർവേയ്ക്ക് ഉയർന്ന താരിഫ് ചുമത്തുകയോ, കനത്ത നാറ്റോ സംഭാവനകൾ ആവശ്യപ്പെടുകയോ, ശത്രുവായി പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. മച്ചാഡോയെ തെരഞ്ഞെടുത്തതിലൂടെ, അത്തരമൊരു സാധ്യതയില്ലാതാക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കഴിഞ്ഞു.
കരീബിയൻ മേഖലയിൽ അമേരിക്ക യുദ്ധക്കപ്പലുകളും 4,000ത്തോളം സായുധ സേനാംഗങ്ങളെയും വിന്യസിക്കുകയും വെനസ്വേലൻ തീരത്തുള്ള കപ്പലുകൾക്ക് നേരെ മയക്കുമരുന്ന് വാഹിനികൾ എന്നാക്ഷേപിച്ച് വ്യോമാക്രമണം നടത്തുകയും ചെയ്യുന്ന സമയത്താണ് ഈ അവാർഡ് ലഭിക്കുന്നത്. ട്രംപിന്റെ ആക്രമണാത്മക സമീപനത്തിന്റെ പിന്തുണക്കാരിയായി മച്ചാഡോയെ അവർ കാണുന്നു.
“2025ൽ ഇതാണ് ‘സമാധാനം’ എന്ന് കണക്കാക്കുന്നതെങ്കിൽ, സമ്മാനത്തിന് തന്നെ വിശ്വാസ്യത നഷ്ടപ്പെട്ടു. വാഷിങ്ടണിന്റെ ഭരണമാറ്റയന്ത്രത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് അവർ” — കോഡ്പിങ്കിന്റെ ലാറ്റിൻ അമേരിക്കന്‍ പ്രചാരണ കോഓർഡിനേറ്റർ മിഷേല എൽനർ വിശദീകരിക്കുന്നു. ഉപരോധങ്ങളുടെയും സ്വകാര്യവൽക്കരണത്തിന്റെയും വിദേശ ഇടപെടലിന്റെയും വേഷം ധരിച്ച ജനാധിപത്യത്തിന്റെ വക്താവ്. മച്ചാഡോയുടെ രാഷ്ട്രീയം അക്രമത്തിൽ മുങ്ങിക്കുളിച്ചതാണ്.
ഗാസയുടെ ഉന്മൂലനത്തിന്റെ ശില്പിയായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബോംബുകൾ ഉപയോഗിച്ചെങ്കിലും വെനസ്വേലയെ സ്വതന്ത്രമാക്കാൻ സഹായിക്കണം എന്ന് മരിയ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിഭജനം പ്രോത്സാഹിപ്പിക്കുന്നതിനും വെനസ്വേലയുടെ പരമാധികാരം ഇല്ലാതാക്കുന്നതിനും അവിടുത്തെ ജനങ്ങൾക്ക് അന്തസോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനുമായി മച്ചാഡോ തന്റെ മുഴുവൻ രാഷ്ട്രീയ ജീവിതവും ചെലവഴിച്ചു. സമാധാനത്തിന്റെയോ പുരോഗതിയുടെയോ പ്രതീകമല്ല ഫാസിസം, സയണിസം, നവലിബറലിസം എന്നിവ തമ്മിലുള്ള ഒരു ആഗോള സഖ്യത്തിന്റെ ഭാഗം മാത്രമാണ്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങളെ അവർ സഹായിച്ചു. ഭരണഘടന മായ്ച്ചുകളയുകയും എല്ലാ പൊതു സ്ഥാപനങ്ങളെയും ഒറ്റരാത്രികൊണ്ട് പിരിച്ചുവിടുകയും ചെയ്ത കാർമോണ ഡിക്രിയിൽ ഒപ്പുവച്ചു. ഭരണകൂട മാറ്റത്തെ ന്യായീകരിക്കാൻ അവർ വാഷിങ്ടണുമായി കൈകോർത്തു. ബലപ്രയോഗത്തിലൂടെ വെനസ്വേലയെ സ്വതന്ത്രമാക്കാൻ വിദേശ സൈനിക ഇടപെടലിനായി ചരടുവലിച്ചു. ഡൊണാൾഡ് ട്രംപിന്റെ അധിനിവേശ ഭീഷണികളും കരീബിയനിലെ അദ്ദേഹത്തിന്റെ നാവിക വിന്യാസങ്ങളും മരിയയ്ക്ക് ആഹ്ലാദമായിരുന്നു.
ദരിദ്രർ, രോഗികൾ, തൊഴിലാളിവർഗം എന്നിങ്ങനെ സാധാരണ ജനമാണ് വില നൽകേണ്ടതെന്ന് കൃത്യമായി അറിയുന്ന മരിയ കൊറീന സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്ന യുഎസ് ഉപരോധങ്ങൾക്കായി കൂടുതൽ സമ്മർദം ചെലുത്തി. കുട്ടികൾ പട്ടിണി കിടക്കുമ്പോൾ വെനസ്വേലയുടെ വിഭവങ്ങൾ കൊള്ളയടിച്ച് വിദേശത്ത് ‘നിയുക്ത പ്രസിഡന്റ്’ വേഷംകെട്ടി. വാഷിങ്ടൺ പിന്തുണയുള്ള പാവ സര്‍ക്കാരിനും സജ്ജയായി. ആശുപത്രികളിൽ ബോംബ് വയ്ക്കുകയും അതിനെ സ്വയംപ്രതിരോധം എന്ന് വിളിക്കുകയും ചെയ്യുന്ന വർണവിവേചന രാഷ്ട്രവുമായി ചേർന്ന് ജെറുസലേമിൽ വെനസ്വേലയുടെ എംബസി വീണ്ടും തുറക്കുമെന്ന് അവർ ഉറപ്പുനൽകി. രാജ്യത്തിന്റെ എണ്ണ, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്വകാര്യ കോർപറേറ്റുകൾക്ക് കൈമാറാൻ തയ്യാറായി നിൽക്കുകയാണ് സമാധാന നോബേൽ ജേതാവ്.
ഗ്വാറിംബ തന്ത്രങ്ങൾ ഉൾപ്പെടെ തീവ്രമായ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത 2014ലെ പ്രതിപക്ഷ പ്രചാരണമായ ലാ സാലിഡയുടെ രാഷ്ട്രീയ ശില്പികളിൽ ഒരാളാണ് മച്ചാഡോ. മാധ്യമങ്ങൾ വ്യക്തമാക്കിയതുപോലെ അവ ‘സമാധാനപരമായ പ്രതിഷേധങ്ങൾ’ ആയിരുന്നില്ല. രാജ്യത്തെ സ്തംഭിപ്പിക്കാനും സർക്കാരിന്റെ പതനത്തിന് വഴിയൊരുക്കാനുമുള്ള പ്രതിരോധനിരയായിരുന്നു. മാലിന്യങ്ങൾ ക­ത്തിച്ചും മുള്ളുവേലികള്‍ ഉപയോഗിച്ചും തെരുവുകൾ തടഞ്ഞു, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ കത്തിച്ചു, സംശയിക്കുന്ന ആളുകളെ മർദിക്കുകയോ കൊല്ലുകയോ ചെയ്തു. ആംബുലൻസുകളും ഡോക്ടർമാരും ആക്രമിക്കപ്പെട്ടു. ക്യൂബൻ മെഡിക്കൽ സംഘങ്ങളെ പച്ചയ്ക്ക് കത്തിച്ചു. പൊതു സ്ഥാപനങ്ങളും ഭക്ഷണ ട്രക്കുകളും സ്കൂളുകളും നശിപ്പിക്കപ്പെട്ടു. മച്ചാഡോയെ പോലുള്ള പ്രതിപക്ഷ നേതാക്കൾ എല്ലാംകണ്ട് ആഹ്ലാദിക്കുകയും അതിനെ ‘പ്രതിരോധം’ എന്ന് വിളിക്കുകയും ചെയ്തു.
ഹെൻറി കിസിംഗറിന് 1973ൽ സമാധാന സമ്മാനം നേടാൻ കഴിയുമെങ്കിൽ, മരിയ കൊറീന മച്ചാഡോയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ. വെനസ്വേലിയൻ ജനതയുടെ ചോദ്യം കണ്ണീരിലും രക്തത്തിലും കുതിർന്നതാണ്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ഭാഷയിൽ സ്വേച്ഛാധിപത്യത്തെ ന്യായീകരിക്കുന്ന ഒരു അച്ചുതണ്ട്. വെനസ്വേലയിൽ, ആ സഖ്യം അട്ടിമറികൾ, ഉപരോധങ്ങൾ, സ്വകാര്യവൽക്കരണം എന്നിവയാണ് ലക്ഷ്യമാക്കുന്നത്. ഗാസയിൽ, അത് വംശഹത്യ, ഒരു ജനതയുടെ ഉന്മൂലനം എന്നിവയാണ്.
നയതന്ത്രത്തിന്റെ വേഷം ധരിച്ച, അക്രമത്തിന്റെ ശില്പിക്ക് അവാര്‍ഡ് നൽകുമ്പോൾ, സമാധാനത്തിനായി പോരാടുന്നവരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ്. അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കുഴിച്ചെടുക്കുന്ന പലസ്തീൻ ഡോക്ടർമാർ, സത്യം രേഖപ്പെടുത്താൻ ഗാസയിൽ ജീവൻ പണയപ്പെടുത്തുന്ന മാധ്യമപ്രവർത്തകർ, ഉപരോധം തകർക്കാനും ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കാനും ധൈര്യവും ബോധ്യവും മാത്രമുള്ള ഫ്ലോട്ടിലയിലെ മാനുഷിക പ്രവർത്തകർ എല്ലാം അവഹേളിക്കപ്പെടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.