15 January 2026, Thursday

പ്രിയ കഥാകാരി തസ്ലിമ നസ്രീന് സ്വാഗതം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
January 1, 2026 4:40 am

ബംഗ്ലാദേശ്. പ്രമീളാദേവിയെ പ്രണയിച്ച്, സന്തോഷകരമായി ജീവിച്ച്, മരണംവരെ ആ പ്രണയിനിയെ ശുശ്രൂഷിച്ച മഹാകവി ക്വാസി നസ്രുൾ ഇസ്ലാമിന്റെ നാട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കുവഹിച്ച ചിറ്റഗോങ്ങിലെ രക്തസാക്ഷികളായ ധീരവനിതകളുടെ നാട്. ഇന്ത്യയെപ്പോലെ തന്നെ ലോകഫുട്ബാളിൽ എത്തിനോക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സന്തോഷ് ട്രോഫിയെന്ന ശ്രദ്ധേയമായ കാൽപ്പന്ത് മത്സരത്തിന് കാരണമായ നാട്. ഇങ്ങനെ പല വിശേഷണങ്ങൾ ഉള്ള ബംഗ്ലാദേശിൽ നിന്നും ഒരു നോവൽ എഴുതിയതിന്റെ പേരിൽ വധശിക്ഷ നേരിടേണ്ടിവരികയും മറ്റ് രാജ്യങ്ങളിൽ അഭയം തേടേണ്ടി വരികയും ചെയ്ത എഴുത്തുകാരിയാണ് തസ്ലീമാ നസ്രീൻ. അവർ പുതുവർഷാരംഭത്തിൽ കേരളത്തിൽ എത്തുന്നു. കേരള യുക്തിവാദി സംഘത്തിന്റെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം, കൊല്ലത്ത് ജനുവരി ഒമ്പതിന് തസ്ലിമ ഉദ്ഘാടനം ചെയ്യും. ഭൂരിപക്ഷ മതം ന്യൂനപക്ഷ മതങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഹിറ്റ്ലർ ജർമ്മനിയിൽ യഹൂദർക്കെതിരെ നടത്തിയ ഉന്മൂലനശ്രമം ലോകചരിത്രത്തിൽ ചോരയും കണ്ണീരും കൊണ്ട് രേഖപ്പെടുത്തിയതാണ്. അന്ന് ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആ നീചമായ കൊലപാതക പരമ്പരയെ എതിർത്തു. ഹിന്ദുമത തീവ്രവാദികൾക്ക് മേൽക്കയ്യുള്ള ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ബലത്തിൽ ഹിന്ദുമത തീവ്രവാദികൾ ഇസ്ലാം — ക്രൈസ്തവ മത വിശ്വാസികൾക്കെതിരെ നടത്തുന്ന കൊലവിളിക്ക് തുല്യമാണ് ബംഗ്ലാദേശിൽ ഇസ്ലാം മതഭീകരവാദികൾ ആ രാജ്യത്തെ ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ. ആക്രമിക്കപ്പെടുന്ന ഹിന്ദു കുടുംബങ്ങളെ ഫോക്കസ് ചെയ്യുന്ന നോവലാണ് തസ്ലിമ നസ്രീൻ എഴുതിയ ലജ്ജ. ബംഗ്ലാഭാഷയിൽ ഉണ്ടായ ഈ കഥാപുസ്തകം ആ നാട്ടിൽ വലിയരീതിയിൽ വായിക്കപ്പെട്ടു. മലയാളം അടക്കം ലോകത്തിലെ വിവിധ ഭാഷകളിലേക്ക് ആ കൃതി മൊഴിമാറ്റപ്പെട്ടു. 

തസ്ലിമയുടെ സ്ത്രീസ്വാതന്ത്ര്യം സംബന്ധിച്ച നിലപാടുകളും തീവ്രവാദികളാൽ ചോദ്യം ചെയ്യപ്പെട്ടു. ധാക്ക മെഡിക്കൽ കോളജിലും മറ്റും ഡോക്ടറായി സേവനമനുഷ്ഠിച്ച തസ്ലിമയ്ക്ക് ഇസ്ലാം മത തീവ്രവാദികൾ മരണശിക്ഷ വിധിച്ചു. അതു നടപ്പിലാക്കുന്നവർക്ക് വലിയ സാമ്പത്തിക പാരിതോഷികവും സ്വർഗത്തിലേക്കുള്ള വിസയും പ്രഖ്യാപിച്ചു. മതബോധവും ആയുധബലവും അധികമായുള്ള ബംഗ്ലാദേശ് പട്ടാളത്താൽ വധിക്കപ്പെട്ട വംഗബന്ധു മുജീബ് റഹ്മാന്റെ പ്രിയപുത്രി ഷേഖ് ഹസീനയുടെ ഭരണകൂടം തസ്ലിമയെ നാടുകടത്തി. ഇപ്പോൾ അതേ ഹസീനയും മതതീവ്രവാദികളാൽ നാടുകടത്തപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തുവെന്നത് കാലത്തിന്റെ മറ്റൊരു നീതി നിർവഹണമായി ചിലരെങ്കിലും കരുതുന്നുണ്ടാകാം. എന്നാൽ ഷേഖ് ഹസീനയാൽ പുറത്താക്കപ്പെട്ട തസ്ലിമയെ അനുകൂലിച്ചവർ തന്നെ ഹസീനയെ കൊലയ്ക്ക് കൊടുക്കരുതെന്ന അഭിപ്രായത്തിലാണ്. അതിർത്തികളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പൂനിലാവാണത്.
കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനം മുമ്പ് കൊല്ലത്ത് നടന്നത് 1994ൽ ആയിരുന്നു. ജനയുഗം പത്രാധിപരും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. പത്രപ്രവർത്തകൻ ആർ തുളസിയാണ് സ്വാഗതസംഘം സെക്രട്ടറിയായി പ്രവർത്തിച്ചത്. രാജ്യസഭാംഗം ആയിരുന്ന എൻ ഇ ബാലറാം സമ്മേളനം ഉദ്ഘാടനം ചെയ്തു. പവനൻ, കെ വി സുരേന്ദ്രനാഥ്, ഡോ. എൻ എ കരിം, ഒ മാധവൻ, പെരുമ്പടവം ശ്രീധരൻ, തിരുനല്ലൂർ കരുണാകരൻ, വി സാംബശിവൻ, യു കലാനാഥൻ, കെ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്ത മഹാസമ്മേളനമായിരുന്നു അത്. ശാസ്ത്രബോധമുണ്ടായിരുന്ന ഈ സാംസ്കാരിക നേതൃത്വനിരയിൽ പെരുമ്പടവം ഒഴിച്ചുള്ള എല്ലാ അതിഥികളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. അവരുടെ ജീവിതം നൽകിയ ഊർജമാണ് ഈ സമ്മേളനത്തിന്റെ കൈമുതൽ. വിദ്യാഭ്യാസം മതമുക്തമാക്കുകയെന്നതാണ് ഈ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന മുദ്രിതാശയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പാഠപുസ്തകങ്ങളിലും പ്രാരംഭഗീതത്തിലുമെല്ലാം മതങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് മതവിമുക്ത വിദ്യാഭ്യാസം എന്ന ആശയത്തിന് വളരെ പ്രസക്തിയുണ്ട്. നിയമസഭാംഗം പി എസ് സുപാലും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും രക്ഷാധികാരികളായിട്ടുള്ള സ്വാഗത സംഘമാണ് ഈ സമ്മേളനത്തിനു വേദിയൊരുക്കുന്നത്. തസ്ലിമ നസ്രിനെ കൂടാതെ പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ, ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി എസ് ശ്യാംകുമാർ, പ്രൊഫ. അജയ് ശേഖർ, ഡോ. വൈശാഖൻ തമ്പി, ഡോ. ജോസറ്റിൻ ഫ്രാൻസിസ്, വി പി സുഹറ, അഡ്വ. ഹരീഷ് വാസുദേവൻ, ടി കെ മീരാഭായി, പ്രൊഫ. ടി ജെ ജോസഫ്, ശൈലജ ജല, സ്നേഹ അനിൽ തുടങ്ങിയവരും അതിഥികളായി പങ്കെടുക്കുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം നിലനിർത്താനുള്ള കഠിനപരിശ്രമങ്ങൾ നടത്തുന്ന സാംസ്കാരിക കേരളത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ വക്താവായ തസ്ലിമ നസ്രീന് സ്വാഗതം. — 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.