1 February 2026, Sunday

അവഗണന മാത്രം

ഇത്തവണയും എയിംസ് ഇല്ല. അ‌തി​വേഗ റെയിലിലും തഴഞ്ഞു
12 പുതിയ ജല പാതകളിലും കേരളമില്ല 
Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2026 3:32 pm

വികസന പദ്ധതികൾക്കും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള വലിയ സഹായങ്ങൾ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ നിരാശ മാത്രം, കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. 12 പുതിയ ജല പാതകളിലും കേരളമില്ല.
പതിവുപോലെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായത്തിലും കേരളത്തിന് നിരാശ നൽകുന്നതായി ഇത്തവണത്തെ കേന്ദ്ര ബജറ്റും മാറി. കൂടാതെ സംസ്ഥാനങ്ങൾക്കുള്ള പദ്ധതിവിഹിതം 50 % ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.
കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി ഏറ്റെടുത്ത് സജ്ജമാക്കിയിട്ടും ബജറ്റിൽ തുക വകയിരുത്താത്തത് കനത്ത നിരാശയായി. അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതിയും റെയിൽവേ വികസനത്തിനായുള്ള പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഏഴു അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലും കേരളമുണ്ടായിരുന്നില്ല. അതേസമയം അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചു.
വിഴിഞ്ഞം തുറമുഖത്തിനായുള്ള പദ്ധതികളിലും യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറിയ സാഹചര്യത്തിലും രണ്ടാംഘട്ട നിര്‍മ്മാണ ആരഭിച്ച ഘട്ടത്തിലും ലോജിസ്റ്റിക് പാർക്കുകൾക്കും ഇൻഡസ്ട്രിയൽ കോറിഡോറുകൾക്കുമായി വലിയ പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിച്ചിരുന്നു. ഉൾനാടൻ ജല ഗതാഗതവുമായി ബന്ധപ്പെട്ട പദ്ധതികളിലും ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകൾ ഉള്ള കേരളം അവഗണിക്കപ്പെട്ടു.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യവും ജിഎസ്ടി നഷ്ടപരിഹാര കുടിശിക തീർപ്പാക്കണമെന്ന നിര്‍ദേശവും കേരളം മുന്നോട്ടു വച്ചിരുന്നു. റബ്ബർ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നതും ശബരി റെയിൽ പാതയ്ക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നതും പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്നുമുള്ള ആവശ്യങ്ങളിലും ഒരു പ്രഖ്യാപനവുമുണ്ടായില്ല. കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിനാവശ്യമായ തുകയും മറ്റ് പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ഗ്രാന്റുകളും ലഭ്യമാകുമെന്നും കരുതിയിരുന്നു. ഇതടക്കം കേരളത്തിന്റെ പ്രധാന ആവശ്യങ്ങളും തഴയപ്പെട്ടു
ബജറ്റില്‍ കേരളം എന്ന പേര് പോലും വിരലില്‍ എണ്ണാവുന്ന തവണ മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. ഇതില്‍ ഒന്ന് നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപൂര്‍വ്വ ധാതു ഇടനാഴി ആണ്. തെങ്ങ് കൃഷിക്കും നാളികേര ഉല്പന്നങ്ങളുടെ വിപണനത്തിനുമായി പ്രത്യേക പദ്ധതികൾ കർഷകർക്ക് ചെറിയ ആശ്വാസമാകും. പരിസ്ഥിതി മേഖലയിൽ കേരളത്തിൽ പുതിയ കടലാമ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ആയുർവേദ ചികിത്സാ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും മാത്രമാണ് കേരളത്തിന് ലഭിച്ചത്. കേരളം, കര്‍ണാടക, ഒഡിഷ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയാണ് കടലാമ സംരക്ഷണപദ്ധതി. കൈത്തറി വസ്ത്രങ്ങളുടെ ഉല്പാദനവും വിപണനവും ലക്ഷ്യമിട്ടുള്ള ചെറിയ സഹായങ്ങളും ബജറ്റിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.