24 December 2024, Tuesday
KSFE Galaxy Chits Banner 2

കടല്‍ക്കൊലക്കേസ്; ഇറ്റാലിയന്‍ നാവികരെ റോമിലെ കോടതിയും കുറ്റവിമുക്തരാക്കി

സ്വന്തം ലേഖകന്‍
കൊല്ലം
February 1, 2022 7:29 pm

കേരള തീരത്ത് കടലില്‍ രണ്ട് മത്സ്യതൊഴിലാളികളെ വെടിവച്ച് കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ റോമിലെ കോടതിയും കുറ്റവിമുക്തരാക്കി. നാവികരായ സാല്‍വത്തോറെ ഗിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരെയാണ് വെറുതെവിട്ടത്. 10 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഇവര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കിയെങ്കിലും നാവികര്‍ക്കെതിരെ ക്രിമിനല്‍ നടപടി തുടരണമെന്ന് വിധിന്യായത്തില്‍ ഇറ്റലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ തെളിവുകള്‍ ഇന്ത്യ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് റോമിലെ കോടതിയില്‍ കേസ് തുടര്‍ന്നത്.

തിങ്കളാഴ്ച റോമിലെ കോടതി ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഇവര്‍ക്കെതിരെയുള്ള കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തുകയും കേസ് റദ്ദാക്കുകയുമായിരുന്നു. നാവികര്‍ക്കെതിരെ തെളിവില്ലെന്നും അതുമൂലം വിചാരണയുടെ ആവശ്യമില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് ശരിവച്ചുകൊണ്ടാണ് കോടതി കേസ് റദ്ദാക്കിയത്. കോടതിയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഇറ്റലിയിലെ പ്രതിരോധ മന്ത്രിയും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

കടല്‍ക്കൊള്ളക്കാരില്‍ നിന്ന് സംരക്ഷണം നല്‍കാനാണ് ഓയില്‍ടാങ്കറായ ‘എന്‍റിക്ക ലെക്സി‘യുടെ സംരക്ഷണത്തിനായി നാവികരെ നിയോഗിച്ചിരുന്നത്. 2012 ഫെബ്രുവരി 15നാണ് സംഭവം. ‘സെന്റ് ആന്റണി’ ബോട്ടിലെ മത്സ്യതൊഴിലാളികളായ കൊല്ലം സ്വദേശി ജലസ്റ്റിനും തമിഴ്‌നാട് സ്വദേശി അജേഷ് ബിങ്കിയും ഇവരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആലപ്പുഴയ്ക്ക് സമീപം കടലിലാണ് സംഭവം നടന്നത്. ലക്ഷദ്വീപില്‍ വച്ച് കോസ്റ്റ‌്ഗാര്‍ഡ് ‘എന്‍റിക്ക ലെക്സി‘യെ തടയുകയും കൊച്ചി പോര്‍ട്ടിലെത്തിച്ച ശേഷം നാവികരെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. 

നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ 2021 ഏപ്രിലിലാണ് നഷ്ടപരിഹാരം നല്‍കിക്കൊണ്ട് കേസ് ഒത്തുതീര്‍പ്പായത്. 10 കോടി രൂപയില്‍ നാല് കോടി രൂപവീതം മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും രണ്ട് കോടി രൂപ സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമയ്ക്കും നല്‍കി. കേസ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വരെ എത്തിയിരുന്നു. ലത്തോറെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലാവുകയും പിന്നീട് ഇറ്റലിയിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. ന്യൂഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കുടുങ്ങിക്കിടന്ന ഗിറോണെ അന്താരാഷ്ട്ര കോടതി ഇടപെട്ട് 2016ല്‍ ഇറ്റലിയിലേയ്ക്ക് മടക്കി അയയ്ക്കുകയായിരുന്നു. 

ENGLISH SUMMARY: A court in Rome also acquit­ted the Ital­ian sailors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.