27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

പോളിങ് ശതമാനത്തിലെ ഇടിവ്; ബിജെപിക്ക് തിരിച്ചടിയാകും

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2024 9:39 pm

21 സംസ്ഥാനങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനത്തില്‍ രേഖപ്പെടുത്തിയ കുറവ് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. എന്‍ഡ‍ിഎ സഖ്യം 400 സീറ്റ് കരസ്ഥമാക്കുമെന്ന മോഡിയുടെ വീമ്പുപറച്ചില്‍ ഫലവത്താകില്ലെന്ന ആശങ്കയിലാണ് പാര്‍ട്ടി. ഏകദേശം 65.5 ശതമാനം പോളിങ്ങാണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്, 2019ൽ രേഖപ്പെടുത്തിയ 70 ശതമാനത്തില്‍ നിന്ന് നാല് ശതമാനത്തോളം ഇടിവ്. ആദ്യഘട്ട വോട്ടെടുപ്പില്‍ യാതൊരു തരംഗവും എശിയില്ലെന്നത് ബിജെപി വിജയത്തെ പ്രതികൂലമായി ബാധിക്കും. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഏറെക്കുറെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രതിപക്ഷം ആത്മവിശ്വാസത്തിലാണ്. മോഡി തരംഗമോ, രാമക്ഷേത്ര തരംഗമോ വീശിയടിക്കാത്തതാണ് ബിജെപി വിജയത്തെ പ്രതികൂലമായി ബാധിക്കുക. ഏതാനുംമാസം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ രാജസ്ഥാനില്‍ 74.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്ത് ലോക്‌സഭയിലേക്ക് 57.65 ശതമാനമായി കുറഞ്ഞത് ബിജെപിയെ വെള്ളം കുടിപ്പിക്കും. 17 ശതമാനം പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു എന്നത് ബിജെപിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

ബിജെപി ഉയര്‍ത്തിയ മുദ്രാവാക്യവും മോഡി ഗ്യാരന്റിയും ഭൂരിപക്ഷം ജനങ്ങളും ചെവിക്കൊണ്ടില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് നിരീക്ഷകര്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വ്യാജ കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം, കര്‍ഷക സമരം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ ബിജെപി വാരിക്കൂട്ടിയ കോടികള്‍ എല്ലാം നിഷേധ വോട്ടിലേക്ക് നയിച്ചുവെന്നും ഇവര്‍ പറഞ്ഞു. രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം രാമനെ മുന്‍നിര്‍ത്തിയുള്ള വോട്ട് പിടിത്തവും ഏശിയില്ല എന്നത് ബിജെപി ക്യാമ്പിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും ബിജെപി നില പരുങ്ങലിലാണ്. സംസ്ഥാനത്ത് മോഡി വിരുദ്ധ തരംഗമാണ് ദൃശ്യമായതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ദി വയറിനോട് പ്രതികരിച്ചു. മഹാ വികാസ് അഘാഡ‍ി വിജയം നേടിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്ന കാഴ്ചയാണ് നാഗ്പൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ കാണാനായത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ടു. കര്‍ഷക സമരം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, നോട്ട് നിരോധനം, വിലക്കയറ്റം, മറാത്ത സംവരണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ നിലപാടും സീറ്റുകള്‍ ഗണ്യമായി കുറയാന്‍ ഇടവരുത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. 

ഇന്ത്യ സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ബിഹാറിലും എന്‍ഡിഎ പരാജയ ഭീതിയിലാണ്. ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎ പാളയത്തില്‍ എത്തിയ നിതീഷ് കുമാറിനും മോഡിക്കും കടുത്ത വെല്ലുവിളിയാണ് തേജസ്വി യാദവിന്റെ ആര്‍ജെഡി ഉയര്‍ത്തിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ മോഡി ഗ്യാരന്റിയും, രാമക്ഷേത്രവും ജനങ്ങള്‍ ഏറ്റുപിടിക്കാത്തത് ബിജെപിയുടെ പതനത്തിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പല മണ്ഡലങ്ങളിലും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് മോഡി പ്രഭാവം ഏശിയില്ല എന്നാണ് തെളിയിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. എന്‍ഡിഎ വിജയം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും ശരാശരി ആറ് ശതമാനം വോട്ടിങ് കുറഞ്ഞത് ബിജെപിയെ പ്രതിരോധത്തിലാക്കും. അതേസമയം ഇന്ത്യ സഖ്യത്തിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ മൂന്നു ശതമാനം കുറവ് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish Summary:A decline in vot­er turnout; BJP will suf­fer a setback

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.