2 March 2024, Saturday

യുദ്ധത്തിന് നാലുദിന താല്‍ക്കാലിക വിരാമം

Janayugom Webdesk
November 23, 2023 5:00 am

പലസ്തീൻ ജനതയ്ക്കെതിരെ 47 ദിവസങ്ങളായി ഇസ്രയേലി പ്രതിരോധസേന തുടർന്നുവന്നിരുന്ന പൈശാചിക യുദ്ധത്തിന് നാലുദിവസത്തെ താൽക്കാലിക വിരാമമായി. യുഎസ് പിന്തുണയോടെ ഖത്തർ നടത്തിയ മധ്യസ്ഥ ഇടപെടലാണ് താൽക്കാലിക വെടിനിർത്തലിലേക്ക് നയിച്ചത്. വെടിനിർത്തൽ ധാരണ അനുസരിച്ച് ഒക്ടോബർ ഏഴിന് ഹമാസ് പോരാളികൾ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമടക്കം അമ്പതുപേരെ മോചിപ്പിക്കും. അതിൽ നാലുവയസുള്ള പെൺകുഞ്ഞടക്കം മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. അവരിൽ ആദ്യസംഘത്തിന്റെ മോചനം ഇന്നുതന്നെ ഉണ്ടാവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ഇസ്രയേലിന്റെ തടവിലുള്ള സ്ത്രീകളും കുട്ടികളുമടക്കം 150 പലസ്തീൻകാരെ അവരും വിട്ടയയ്ക്കും. മാനുഷിക സഹായങ്ങളുമായി നൂറുകണക്കിന് ട്രക്കുകൾ ഈജിപ്തിൽ നിന്ന് റഫാ അതിർത്തിവഴി ഗാസയിലേക്ക് കടത്തിവിടാനും ധാരണയായിട്ടുണ്ട്. നാലുദിവസത്തിനുശേഷം ഹമാസിന്റെ ബന്ദികളായി തുടരുന്ന ഇസ്രയേലികളെ പത്തുപേരെവീതം വിട്ടയയ്ക്കുന്നപക്ഷം അതിനനുപാതമായി ഓരോ ദിവസം എന്നതോതിൽ വെടിനിർത്തൽ തുടരാനും സാധ്യത തെളിഞ്ഞിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ; അര്‍ജന്റീനയില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ടത്


ഇസ്രയേൽ തെക്കൻ ഗാസയിൽ വ്യോമാക്രമണം നിർത്തുകയും വടക്കൻ ഗാസയ്ക്കുനേരെയുള്ള ആക്രമണം ദിനംപ്രതി ആറുമണിക്കൂറാക്കി പരിമിതപ്പെടുത്തുകയും ചെയ്യും. ഈ ഇടവേളയിൽ ഇസ്രയേലി കവചിതവാഹനങ്ങൾ ഗാസയിൽ പ്രവേശിക്കില്ല. ആറാഴ്ച നീണ്ട ഇസ്രയേലി ആക്രമണത്തിൽ 14,128 പേരാണ് ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്. അവരിൽ നാലായിരത്തോളം കുഞ്ഞുങ്ങളാണ്. കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടും നിരപരാധികളായ സാധാരണ സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് പോരാളികൾ 1200ൽപരം പേരെ വധിച്ചിരുന്നു. എന്നാൽ, യുദ്ധത്തിന് ആത്യന്തിക വിരാമം ഏറെ വിദൂരമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു നൽകുന്ന സൂചന.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ ജീവനോടെ തിരികെ കൊണ്ടുവരുന്നതിന് യുദ്ധകാല മന്ത്രിസഭയുടെമേൽ കടുത്ത ആഭ്യന്തര സമ്മർദം ഉണ്ടായിരുന്നു. ‘അവരെ തിരികെ കൊണ്ടുവരിക’ എന്നപേരിൽ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ശക്തിയാർജിക്കുകയും ചെയ്തു. ഗാസയിലെ ദയനീയമായ മാനുഷിക ദുരന്തത്തോട് അന്താരാഷ്ട്ര ഐക്യദാർഢ്യവും ശക്തിപ്പെട്ടിരുന്നു. താല്‍ക്കാലിക വെടിനിർത്തലിനും മാനുഷിക സഹായങ്ങൾക്കും അനുകൂലമായി യുഎസിലും ബ്രിട്ടനിലുമടക്കം പാശ്ചാത്യലോകത്ത് വൻപ്രകടനങ്ങളും പതിവായി. അവയിൽ വലിയതോതിൽ സമാധാനകാംക്ഷികളായ ജൂതന്മാരും അണിനിരന്നു. ബേണി സാൻഡേഴ്സടക്കം ജൂതവംശജരായ അമേരിക്കൻ രാഷ്ട്രീയനേതാക്കളും യുഎസിന്റെ ഇസ്രയേലി അനുകൂല നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നു. ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിൽത്തന്നെ വിള്ളലുകൾ പ്രത്യക്ഷമായി. കഴിഞ്ഞ ആഴ്ചയിൽ യുഎസിൽ നടന്ന അഭിപ്രായവോട്ടിൽ 68 ശതമാനം അമേരിക്കക്കാരും വെടിനിർത്തലിനെ അനുകൂലിച്ചു. ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ 17 ലക്ഷവും സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ടതും അവിടുത്തെ 36 ആശുപത്രികളിൽ പത്തെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളു എന്നതും ലോകാഭിപ്രായത്തെ ഗണ്യമായി സ്വാധീനിച്ചു. ഹമാസ് പോരാളികളുടെ ശേഷിയും ഇസ്രയേലി ആക്രമണത്തിൽ ദുർബലമായിക്കഴിഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയും വിവിധ യുഎൻ ഏജൻസികളും ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ബ്രിക്സ് കൂട്ടായ്മയും വെടിനിർത്തലിനും പലസ്തീൻ പ്രശ്നപരിഹാരത്തിനും സയണിസ്റ്റുകളുടെ വംശീയവെറിക്കെതിരെ രംഗത്തുവന്നു. ഈ ലോക സാഹചര്യങ്ങളാണ് യുഎസിനെയും ഇസ്രയേലി ഭരണകൂടത്തെയും മാറിചിന്തിക്കാൻ നിർബന്ധിതമാക്കിയത്.


ഇതുകൂടി വായിക്കൂ; അസമത്വത്തിനും വിഭാഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടാവുക


 

ഇപ്പോഴത്തെ വെടിനിർത്തൽ താൽക്കാലിക പരിഹാരം മാത്രമാണ്. ബന്ദികളുടെ മോചനത്തിനും ഗാസയിൽ താൽക്കാലിക മാനുഷിക സഹായങ്ങൾ എത്തിക്കാനുമുള്ള ഇടവേള മാത്രമാണ് അതിന്റെ പരിമിത ലക്ഷ്യം. വെടിനിർത്തലിന്റെ കാലാവധി കഴിഞ്ഞാൽ ഹമാസിനെ പൂർണമായും നശിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുംവരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്നലെയും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഹമാസിനെ പൂർണമായും തുടച്ചുമാറ്റുകയെന്നാൽ ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും മാത്രമല്ല പലസ്തീൻ ജനതയുടെയും രാജ്യത്തിന്റെയും സർവനാശമാണ് നെതന്യാഹു നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ സയണിസ്റ്റുകൾ ലക്ഷ്യംവയ്ക്കുന്നത്. അത് അന്താരാഷ്ട്ര ജനാധിപത്യത്തിന്റെയും സമസ്ത മാനുഷികമൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സമ്പൂർണ നിഷേധമായിരിക്കും. ഐക്യരാഷ്ട്ര സഭ ആവർത്തിച്ച് അംഗീകരിച്ചിട്ടുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏകമാർഗം. അതിനുവേണ്ടിയുള്ള അഭിപ്രായ രൂപീകരണവും ബഹുജന മുന്നേറ്റവുമായിരിക്കണം അന്താരാഷ്ട്ര ജനാധിപത്യ ശക്തികളുടെയും പ്രസ്ഥാനങ്ങളുടെയും മുൻഗണനാവിഷയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.