26 December 2024, Thursday
KSFE Galaxy Chits Banner 2

അഭിനയത്തിന്റെ കൊടുമുടികയറിയ മഹാപ്രതിഭ

Janayugom Webdesk
October 12, 2021 5:19 am

ലപ്പുഴയിലെ നെടുമുടിയെന്ന ഗ്രാമത്തില്‍ പിറന്ന് നാടക — ചലച്ചിത്രലോകത്ത് അഭിനയത്തിന്റെ അനുപമസിദ്ധി കാഴ്ചവച്ച നെടുമുടി വേണുവെന്ന അത്ഭുത പ്രതിഭാസം തിരശീല വിട്ടുപോയിരിക്കുന്നു. അഭിനേതാവ് എന്ന പേരിലാണ് ചിരപ്രതിഷ്ഠയെങ്കിലും നാടകകാരനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായി അദ്ദേഹം രംഗവേദിയില്‍ വേഷമണിഞ്ഞു. 73-ാം വയസില്‍ ജീവിതത്തിന്റെ വേഷമഴിച്ച് മടങ്ങുമ്പോള്‍ അരനൂറ്റാണ്ടിലധികം നീണ്ട കലാസപര്യ അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഒറ്റവാക്കില്‍ സ്വഭാവനടനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ആ വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ വിപുലവും വിശാലവുമാകുന്നത് നെടുമുടി വേണുവിനെ പോലുള്ളവരുടെ അഭിനയ ജീവിതം അടയാളപ്പെടുത്തുമ്പോഴാണ്. നായകന്‍, പ്രതിനായകന്‍, സ്വഭാവനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ ആ ജീവിതത്തിന്റെ തിരശീലയ്ക്ക് ഉള്‍ക്കൊള്ളുവാനാകാത്ത വേഷങ്ങളില്ലായിരുന്നു.

 


ഇതുകൂടി വായിക്കൂ: മറഞ്ഞത് കുട്ടനാടിനെ ഹൃദയത്തോട് ചേര്‍ത്ത കലാകാരന്‍


 

ആലപ്പുഴ എസ്ഡി കോളജിലെ ‌വിദ്യാഭ്യാസത്തിന് ശേഷം നാടകവും ഹാസ്യപരിപാടികളുമായി കലാരംഗത്തേയ്ക്ക് കടന്ന കേശവന്‍ വേണുഗോപാലന്‍ 1972ലാണ് ആദ്യചലച്ചിത്രത്തില്‍ വേഷമിട്ടത്. ഇതിനിടയില്‍ പത്രപ്രവര്‍ത്തകനായും സമാന്തര കോളജ് അധ്യാപകനായും ജീവിതത്തില്‍ വേഷമിട്ടു. എങ്കിലും 1978 ല്‍ അരവിന്ദന്റെ തമ്പ് എന്ന അഭ്രാവിഷ്കാരത്തിലെ അഭിനയമാണ് നെടുമുടി വേണുവെന്ന ചലചിത്രകാരന്റെ കലാജീവിതത്തിലെ വഴിത്തിരിവാകുന്നത്. കേശവന്‍ വേണുഗോപാലനില്‍ നിന്ന് ജന്മനാടായ നെടുമുടിയെന്ന പേരുകൂടിച്ചേര്‍ത്ത് അദ്ദേഹം നെടുമുടി വേണുവായി മാറി. പിന്നീട് അദ്ദേഹം മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയപ്പെട്ട അഭിനേതാവായി. ഇംഗ്ലീഷ്, സംസ്കൃത സിനിമകളും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് വഴങ്ങി. അച്ഛനായും അധ്യാപകനായും സഹോദരനായും സൂഫിയായും സേട്ടായും തമ്പുരാനായും ആശാരിയായും തകര്‍ത്താടി. ജന്മിയായും കര്‍ഷകനായും തൊഴിലാളിയായും മുതലാളിയായും അധ്യാപകനായും സ്കൂള്‍ മാനേജരായും അഭിനയ ജീവിതത്തില്‍ കൈകാര്യംചെയ്യാത്ത വേഷങ്ങളൊന്നുമില്ലായിരുന്നു എന്നു പറയാം. അരവിന്ദന്‍ എന്ന മഹാപ്രതിഭയുടെ സംവിധാനത്തിലൂടെ തിരശീലയില്‍ ചുവടുറപ്പിച്ച അദ്ദേഹം ലോകോത്തര പ്രതിഭകളും തുടക്കക്കാരുമായ ഒട്ടുമിക്ക സംവിധായകരുടെയും കീഴില്‍ അഭിനയിച്ചു. തേന്മാവിന്‍ കൊമ്പത്തെ തമ്പുരാനും സ്ഫടികത്തിലെ രാമുണ്ണി മാസ്റ്ററും സര്‍വകലാശാലയിലെ സിദ്ദന്‍ ആശാനും ചെപ്പിലെ പ്രൊഫ. വര്‍ക്കിയും ഒരിടത്തിലെ സുന്ദരേശനും തകരയിലെ ചെല്ലപ്പനാശാരിയും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ സെയ്തലവിയും പെരുന്തച്ചനിലെ ഉണ്ണിത്തമ്പുരാനും വിയറ്റ്നാം കോളനിയിലെ മൂസാ സേട്ടും, മാണിക്യക്കല്ലിലെ ഹെഡ്‌മാസ്റ്ററും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദനും ഇന്‍ ഗോസ്റ്റ് ഹൗസിലെ ഫാദര്‍ ഡൊമിനിക്കും.. അങ്ങനെ മലയാളി മറക്കാത്ത എത്രയോ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്.

 


ഇതുകൂടി വായിക്കൂ: പത്രപ്രവര്‍ത്തകനും നാടകക്കാരനുമായ നെടുമുടി വേണു


 

അരനൂറ്റാണ്ടിനിടയില്‍ അഞ്ഞൂറിലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി പ്രേക്ഷകര്‍ കയ്യടിച്ച് സ്വീകരിച്ച ചിത്രങ്ങള്‍ക്ക് കഥയെഴുതി. പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. അര ഡസനിലധികം തമിഴ് സിനിമകളിലൂടെ വേണുവിന്റെ അഭിനയ ചാതുരി തമിഴകവും ഹൃദയത്തിലേറ്റി. വിവിധ ടെലിവിഷനുകളിലായി മുപ്പതിലധികം പരമ്പരകളിലും മറ്റ് പരിപാടികളിലും അദ്ദേഹം വേഷമിട്ടു. പ്രത്യേക രീതിയിലുള്ള ആലാപന സിദ്ധിയുമായി അദ്ദേഹത്തിന്റെ നാടന്‍പാട്ടുകളും മലയാളി ഹൃദയത്തില്‍ ഏറ്റെടുത്തവയായിരുന്നു. സര്‍വകലാശാല പോലുള്ള ചില ചലച്ചിത്രങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നതുതന്നെ അദ്ദേഹത്തിന്റെ നാടന്‍ പാട്ടിന്റെ ആലാപനസാന്നിധ്യംകൊണ്ടാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്, 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം, മൂന്ന് തവണയായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നെടുമുടി വേണുവിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഇതിന് പുറമേ മികച്ച നടന്‍, സഹനടന്‍, സ്വഭാവനടന്‍, വില്ലന്‍, തിരക്കഥാകൃത്ത് എന്നിവയ്ക്ക് വിവിധ സംരംഭങ്ങളും സ്ഥാപനങ്ങളും സംഘടനകളും ഏര്‍പ്പെടുത്തിയ നൂറോളം അംഗീകാരങ്ങളും ആ പ്രതിഭയെ തേടിയെത്തി.

 


ഇതുകൂടി വായിക്കൂ: അതിരുകാക്കും മലയൊന്നു തുടുത്തേ പാട്ടുകളിലൂടെ വേണു.…


 

സിപിഐ കുടുംബത്തില്‍ പിറന്ന് വിദ്യാര്‍ത്ഥിയായിരിക്കേ എഐഎസ്എഫ് പ്രവര്‍ത്തകനായതിന് ശേഷമായിരുന്നു അദ്ദേഹം കലാരംഗത്ത് നിലയുറപ്പിച്ചത്. അപ്പോഴും അടിയുറച്ച കമ്മ്യൂണിസ്റ്റ് ബോധ്യവും പുരോഗമന നിലപാടുകളും അദ്ദേഹം കയ്യൊഴിഞ്ഞില്ല. പുരോഗമന കലാപ്രസ്ഥാനങ്ങളോടു ചേര്‍ന്നുതന്നെ അദ്ദേഹം സഞ്ചരിക്കുകയും ചെയ്തു. അഭിനയചാതുര്യത്തില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ജീവിതത്തിന്റ തമ്പുപേക്ഷിച്ച് പോയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെയുണ്ടായ വലിയ നഷ്ടം നികത്താനാവാത്തതുമാണ്. അഭിനയത്തിന്റെ അപാരതീരങ്ങള്‍ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ച അതുല്യ നടന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.