20 September 2024, Friday
KSFE Galaxy Chits Banner 2

അഭിനയകുലപതിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്.…

Janayugom Webdesk
October 11, 2022 2:30 pm

മുക്കൂറ്റീ… തിരുതാളീ.. കാടും പടലേം പറിച്ചുകെട്ടിത്താ… ഈ പാട്ടിന്റെ ആദ്യ ഈരടികള്‍ കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസില്‍ ഒറ്റമുഖമേയുള്ളൂ.. അത് നെടുമുടി വേണുവിന്റേതാണ്.. സിനിമ എന്ന ഒറ്റ മാധ്യമത്തിലൂടെ മലയാളിയെ കരയിച്ചും ചിരിപ്പിച്ചും വേദികളിലെ ഓരോ പ്രത്യക്ഷപ്പെടലുകളിലൂടെ മലയാളിയെ ചിന്തിപ്പിച്ചും കടന്നുപോയ നെടമുടിയുടെ സ്വന്തം കലാകാരന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. 

നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നാൽപ്പത് വർഷത്തിലേറെക്കാലം മലയാളസിനിമയിൽ തിളങ്ങിനിന്ന ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന, ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നാടകക്കളരികൾ മലയാളസിനിമയ്ക്ക്‌ സമ്മാനിച്ച, തനതു നാടകപ്പാട്ടുകളും മൃദംഗവും നാടൻ ശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായ കേശവൻ നായരുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും 1948 മെയ് 22ന് ജനനം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായി. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി.
അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം സജീവമാക്കിയത്. പിന്നാലെ വന്ന ഭരതന്റെ ‘ആരവ’വും ‘തകര’യും വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും ഏതു തരം കഥാപാത്രങ്ങൾ വേണമെങ്കിലും ചെയ്യാനുള്ള റേഞ്ച് നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി.

അപ്പുണ്ണി, പാളങ്ങൾ, ചാമരം, തകര, കള്ളൻ പവിത്രൻ, മംഗളം നേരുന്നു, കോലങ്ങൾ, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സർഗം, പഞ്ചവടിപ്പാലം, അക്കരെ, ഇരകൾ, അടിവേരുകൾ, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്ത്, പെരുന്തച്ചൻ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിൾ ബൺ, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോൾ, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാഡി, ഹരികൃഷ്ണൻസ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയിൽ, തിളക്കം, ബാലേട്ടൻ, ജലോത്സവം, തന്മാത്ര, പാസഞ്ചർ, ബെസ്റ്റ് ആക്ടർ, ആകാശത്തിന്റെ നിറം, ആലിഫ്, നിർണായകം, ചാർലി, പാവാട, കാർബൺ, താക്കോൽ, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മൊഗാമൽ, ഇന്ത്യൻ, അന്യൻ, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സർവ്വം താളമയം, ഇന്ത്യൻ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിൽ വേഷമിട്ടു. ചോർ രഹേ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ദേശീയ അവാർഡിന് നൂറു ശതമാനം അർഹനായിട്ടും കിട്ടാൻ ഭാഗ്യമില്ലാതെ പോയ നടനാണ് വേണു. പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രൂതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ചത് നെടുമുടി വേണുവാണ്. പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തു. 

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. 2003- ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007‑ൽ സിംബാബ്വേ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. സത്യൻ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂർ പുരസ്കാരം, കാലരത്നം പുരസ്കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2021 ഒക്ടോബർ 11നാണ് മലയാളത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മലയാളത്തിന്റെ കലാകാരന്‍ നമ്മോട് വിടപറയുന്നത്. 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.