29 December 2025, Monday

Related news

December 19, 2025
November 4, 2025
August 24, 2025
March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024

സൗമ്യനും സഹൃദയനുമായ കമ്മ്യൂണിസ്റ്റ്

പന്ന്യന്‍ രവീന്ദ്രന്‍
September 13, 2024 4:35 am

സഖാവ് സീതാറാം യെച്ചൂരി ഓർമ്മത്താളിൽ മറഞ്ഞു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി ജെഎൻയുവിൽ കൂടിയാണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ മുൻനിരയിൽ വന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പല നിർണായക ഘട്ടങ്ങളിലും ഇടതുപക്ഷ നിലപാടുകൾ പരമപ്രധാനമായിരുന്നു. ഇടതുപാർട്ടികൾ പ്രത്യേകിച്ച് സിപിഐ, സിപിഐ(എം) പാര്‍ട്ടികളുടെ യോജിച്ച തീരുമാനം ഏറെ പ്രധാനമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്. സഖാവ് എ ബി ബർധനും സീതാറാം യെച്ചൂരിയും തമ്മിൽ നടന്ന ദീർഘമായ ചർച്ചകൾ ഇപ്പോഴും മനസിലുണ്ട്. പൊതുമിനിമം പരിപാടി അംഗീകരിപ്പിക്കുകയെന്ന വലിയ കടമ ഇടതുപക്ഷത്തിന്റെ മുന്നിലുണ്ട്. സര്‍ക്കാരിൽ ചേരില്ലെന്ന നിലപാടെടുക്കുമ്പോഴും ഇടതുപക്ഷത്തിന്റെ കടമ പാവപ്പെട്ടവരുടെ രക്ഷയ്ക്കുള്ള നിയമനിർമ്മാണങ്ങളായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശനിയമം, വനാവകാശനിയമം, ആദിവാസി ഭൂസംരക്ഷണ നിയമം തുടങ്ങിയവ അംഗീകരിപ്പിക്കുവാൻ ബർധനും യെച്ചൂരിയും കോൺഗ്രസ് നേതാക്കളുമായി നടത്തിയ നിരന്തര ചർച്ചകൾ പ്രധാനമായി. കോൺഗ്രസിന് പ്രധാനപ്രശ്നം അവർ പ്രതിനിധീകരിക്കുന്ന സമ്പന്നരുടെ താല്പര്യങ്ങളായിരുന്നു. അംബാനിയെപ്പോലുള്ള വൻകിട മുതലാളിമാരുടെ താല്പര്യങ്ങൾ കുറച്ചെങ്കിലും മാറ്റിക്കാൻ അവർ തയ്യാറായത് മറ്റുവഴികൾ അടഞ്ഞതുകൊണ്ടാണ്.

സര്‍ക്കാരിനൊപ്പമുള്ള നാലു വർഷക്കാലത്തെ ഇരുപാർട്ടികളുടെയും ഉറ്റബന്ധത്തിലെ മുഖ്യകണ്ണിയായിരുന്നു സീതാറാം യെച്ചൂരി. പാർലമെന്റിന്റെ ലോബിയിൽ വച്ച് ആദ്യമായി പരിചയപ്പെട്ടതിനുശേഷം നിരവധി തവണ ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. കാഴ്ചയിൽ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും സൗമ്യനും സഹൃദയനുമാണെന്ന് അടുത്ത് ഇടപെടുന്നവർക്ക് ബോധ്യമാവും. കേരളത്തിൽ പലപ്പോഴും ഒരുമിച്ച് പ്രസംഗിക്കാനും അവസരമുണ്ടായി. ഒരാളുമായി പരിചയപ്പെട്ടാൽ എപ്പോഴും ഓർത്തുവയ്ക്കുന്ന പ്രകൃതമുണ്ടായിരുന്നു. കോഴിക്കോട്ട് സിപിഐ (എം) ന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ അതേ തീവണ്ടിയില്‍ ഞാനും യാത്രക്കാരനായിരുന്നു. ഞാന്‍ കയറിയതിന് ശേഷമാണ് അദ്ദേഹം എത്തിച്ചേർന്നത്. എനിക്കു മുകളിലെ ബർത്താണ് കിട്ടിയിരുന്നത്. കയറുവാനുള്ള പ്രയാസം ടിടിഇയോട് ഞാൻ പറയുമ്പോൾ അദ്ദേഹം പറഞ്ഞു. ‘കോമ്രേഡ് പന്ന്യൻ എന്റെ ബർത്തിൽ കിടക്കുക. ഞാൻ മുകളിൽ കിടക്കാം.’

അഗാധമായ അറിവും കുഴഞ്ഞുമറിഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്ത ശീലവും അദ്ദേഹത്തിനുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യോജിച്ച പ്രവർത്തനത്തിൽ കൂടുതൽ ഇഴുകിച്ചേരുന്ന മനസും അദ്ദേഹത്തിനുണ്ടായിരുന്നു. ധീരനും വിഷയങ്ങളിൽ കൃത്യമായ നിലപാടുമുള്ള കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. എ ബി ബർധന്റെ പ്രിയ സഖാവുമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഒരു പ്രധാന കൂട്ടുകെട്ടായി സിപിഐ, സിപിഐ(എം) വളർന്നുവരുവാൻ എ ബി ബർധനും യെച്ചൂരിയുമായുള്ള അടുപ്പം സഹായകമായിരുന്നു. ബർധന്റെ വേർപാടിന് ശേഷം ഡി രാജയും യെച്ചൂരിയും കേന്ദ്രനേതൃത്വത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്. സിപിഐ(എം) ന് വലിയ നഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.